സ്വകാര്യ ബസുകളുടെ കുത്തകയായ വടക്കന്‍ മലബാറില്‍ കൂടുതല്‍ ബസുകളിറക്കി നേട്ടം കൊയ്യാനൊരുങ്ങുകയാണു കെഎസ്ആര്‍ടിസി. ഇതിനായി കെയുആര്‍ടിസിയുടെ ബസുകളാണു കോര്‍പ്പറേഷന്‍ നിരത്തിലിറക്കുന്നത്.
കഴിഞ്ഞവര്‍ഷം ആരംഭിച്ച കെയുആര്‍ടിസി ജന്‍റം ബസുകളുടെ സര്‍വീസുകള്‍ക്കു മലബാറിലും ഉത്തരമലബാറിലും വന്‍ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും മലയാളികള്‍ക്കുള്ള ഓണസമ്മാനമായാണു പദ്ധതിയെത്തുന്നതെന്നും അധികൃതര്‍. ഗ്രാമപ്രദേശങ്ങളില്‍ നോണ്‍ എസി ലോ ഫ്ളോര്‍ ബസുകളും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ലോഫ്ളോര്‍ എസി ബസുകളുമാണു സര്‍വീസ് നടത്തുന്നത്.
പുഷ്ബാക്ക് സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍, ബട്ടന്‍ കണ്‍ട്രോള്‍ഡ് ഗിയറുകള്‍, ബസിനകവും പുറവും ക്യാമറാ നിരീക്ഷണം, യാത്രക്കാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഡ്രൈവിങ് സീറ്റിനോടനു ചേര്‍ന്നു മൈക്ക്, എല്ലാ സീറ്റിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യം തുടങ്ങി ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കെയുആര്‍ടിസി ബസുകള്‍ മലബാര്‍ പിടിച്ചടക്കാനൊരുങ്ങുന്നത്. കൂടാതെ എറണാകുളം- മംഗലാപുരം, കോഴിക്കോട്-ബംഗളൂരു, പയ്യന്നൂര്‍-ബംഗളുരു എന്നീ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഉടന്‍ തന്നെ എക്സ്പ്രസ് ആയി ഓടിത്തുടങ്ങും.
പെര്‍മിറ്റ് ലഭിച്ച ബസുകള്‍ ജൂലൈ 15 ഓടെ സര്‍വീസ് ആരംഭിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു മൂന്നു കോടി രൂപയുടെ അധിക വരുമാനമാണു കെഎസ്ആര്‍ടിസിക്കു മലബാറിലുണ്ടായിരിക്കുന്നത്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണു ലാഭം കൊയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റു സര്‍വീസുകളെക്കാള്‍ ലാഭം ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ക്കായിരുന്നു.
കണ്ണൂര്‍ -കാസര്‍ഗോഡ്, കണ്ണൂര്‍ -കോഴിക്കോട് സര്‍വീസുകളില്‍ നിന്നാണ് വരുമാനത്തിന്‍ന്‍റെ ഭൂരിഭാഗവും ലഭിച്ചത്. ഈ റൂട്ടുകളില്‍ ജന്‍റം ബസുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ വീണ്ടും വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. അധിക വരുമാനത്തിന്‍റ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ കലക്ഷന്‍ നേടിക്കൊണ്ടിരിക്കുന്ന തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലയിലെ പ്രധാനറൂട്ടുകള്‍ളില്‍ കൂടുതല്‍ ടൗണ്‍ ടു ടൗണ്‍ , ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റ ഭാഗമായി സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലേക്ക് അഞ്ചു പുതിയ റൂട്ടുകള്‍ ഇതിനോടകം ആനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി- പാലക്കാട്, സുല്‍ത്താന്‍ബത്തേരി- തൃശൂര്‍ എന്നീ റൂട്ടുകള്‍ നിലമ്പൂര്‍ വഴിയും, കോഴിക്കോട് വഴിയും സര്‍വീസ് നടത്തും. ഇപ്പോള്‍ മികച്ച കലക്ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കോഴിക്കോട്- സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ്, മാനന്തവാടി, തൊട്ടില്‍പാലം, മഞ്ചേരി, നിലമ്പൂര്‍, വഴിക്കടവ്, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജന്‍റം ബസുകള്‍ എത്തുന്നത്. ലോ ഫ്ളോര്‍ എസി, ലോ ഫ്ളോര്‍ നോണ്‍എസി ബസുകളാണ് ഈ റൂട്ടുകളില്‍ പരിഗണിക്കുന്നത്. മാത്രമല്ല എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചു കോട്ടയം, പാല, ഡിപ്പോകളില്‍ നിന്നു പുതിയ ലോ ഫ്ളോര്‍ എസി , സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യബസുകള്‍ വര്‍ഷങ്ങളായി കൈയ്യടക്കി വച്ചിരിക്കുന്ന റൂട്ടുകളാണിത്. ദീര്‍ഘദൂര യാത്രകള്‍ക്കും ലോഫ്ളോര്‍ എസി ബസുകള്‍ തെരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിയിട്ടുള്ളതായി ജീവനക്കാര്‍ പറയുന്നു.
കടപ്പാട് : മെട്രോ വാര്‍ത്ത