കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ അവസാനശ്രമം; ഗതാഗതമന്ത്രിയായി കെ.ബി ഗണേഷ് കുമാര്‍ വരുന്നു ?

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഒടുവില്‍ കെ.ബി ഗണേശ്കുമാര്‍ വീണ്ടുമെത്തുന്നു. ഗണേശ്കുമാറിനെ മന്ത്രി സഭയില്‍ കൊണ്ടുവന്ന് കെ.എസ്.ആര്‍.ടി.സിയുടെ ചുമതല നല്‍കി കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള അവസാനശ്രമം കൂടി പരീക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. പ്രതിസന്ധിയിലായ കോര്‍പ്പറേഷനെ കൈവിട്ടെന്ന പഴി ഒഴിവാക്കാനാണ് പത്തനാപുരം എം.എല്‍.എ കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി ഗണേശ്കുമാറിനെ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഗണേശ്കുമാര്‍ വീണ്ടും മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന.

ഗണേശ്കുമാറും മാത്യൂ ടി.തോമസും മന്ത്രിമാരായിരുന്ന കാലത്താണ് കെ.എസ്.ആര്‍.സി ഏറെ പരുക്കേല്‍ക്കാതെ ഓടിയതെന്ന പ്ലസ്‌പോയിന്റാണ് ഗണേശിന് വീണ്ടും മന്ത്രിസഭയിലേക്കുള്ള പാത തുറക്കുന്നത്. എന്‍.സി.പി കൈയ്യാളിയിരുന്ന കോര്‍പ്പറേഷന്‍ എ.കെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും രാജിയേ തുടര്‍ന്ന് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യിലാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സുപ്രധാനമായ 20 ഓളം വകുപ്പുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കുണ്ട്‌. അതുകൊണ്ടുതന്നെ ആവശ്യമായ ശ്രദ്ധ പ്രതിസന്ധിയിലായ കോര്‍പ്പറേഷനില്‍ പതിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ആകില്ല. മാത്രവുമല്ല സി.പി.എം സമ്മേളനങ്ങളുടെ തിരക്കും പിണറായിക്കുണ്ട്. അതുകൊണ്ടു തന്നെ കെ.എസ്.ആര്‍.ടി.സിയുടെ സ്വതന്ത്ര ചുമതല ഒരാളെ ഏല്‍പ്പിക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.

അടുത്തകാലത്ത് കെ്എസ്.ആര്‍.ടി.സിക്ക് അല്പമെങ്കിലും ആശ്വസിക്കാനായത് ഗണേശ് മന്ത്രിയായിരുന്ന കാലത്താണ്. കോര്‍പ്പറേഷനെ ലാഭത്തിലാക്കാരും വരുമാനം കൂട്ടാനുമായി നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. നഷ്ടത്തിന്റെ ട്രാക്കില്‍ നിന്ന് ലാഭത്തിന്റെ ട്രാക്കിലേക്ക് മാറ്റി ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കായി മന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ബജറ്റില്‍ മോഹന സുന്ദര വാഗ്ദാനങ്ങള്‍ വാഴിക്കോരി നല്‍കിരുന്നു. ഒട്ടേറെ ബൃഹ്ത് പദ്ധതികള്‍ വിഭാവനം ചെയ്ത് ഇപ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന് 3000 കോടിയുടെ പാക്കേജായിരുന്നു ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. പ്രവര്‍ത്തന ലാഭം ലക്ഷ്യമിട്ട് ഇതിന്റെ ഭാഗമായി 2017-18 കെ.എസ്.ആര്‍.ടി. സിയുടെ പുനരുദ്ധാരണവര്‍ഷമായി കൊണ്ടാടുനും തീരുമാനിച്ചിരുന്നു.

കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചിട്ടും യൂണിന്റെ അതിപ്രസരമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും കോര്‍പ്പറേഷനെ കൈവിടുകയായിരുന്നു.യൂണിയന്റെ അതിപ്രസരത്തെ നിയന്ത്രിക്കാനായതും കെ.ബി ഗണേശ്കുമാറിന് അനുകൂലമാകുകയാണ്.

Source – http://www.mangalam.com/news/detail/180839-latest-news-kb-ganesh-kumar-ksrtc.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply