ശകുന്തള റെയില്‍വേ.. ഇന്ത്യയില്‍ ഇങ്ങനെയും ഒരു റെയില്‍വേയോ!

ശകുന്തള റെയിൽവേ. ഇങ്ങനെയും ഒരു റെയിൽവേയോ! എന്നു പറയാൻ വരട്ടെ ഇതൊരു സ്വകാര്യ റെയിൽവേ ആണ് അതും ഒരു ബ്രിട്ടീഷ് കമ്പനിയുടെ. മറ്റൊരിടത്തും അല്ല. നമ്മുടെ ഭാരതത്തിൽ. ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഒന്നേകാൽ കോടിയോളം രൂപ ഈ പാതക്കായി വർഷം തോറും നീക്കി വയ്ക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഏക റെയിൽവേ പാതയാണ് ശകുന്തള റെയിൽവേ. മഹാരാഷ്ട്രയിലെ യവത്മാൽ മുതൽ അച്ചൽപൂർ വരെ പോകുന്ന ഈ തീവണ്ടിപാതയുടെ നീളം 190 കി.മി ആണ്. 1910ലാണ് റെയിൽവേ പാത നിലവിൽ വന്നത്.  കില്ലിക്-നിക്സൻ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥത്തിയിലാണ് ശകുന്തള റെയിൽവേ.

ഇങ്ങനെയൊരു പാത വന്നത് യവത്മാലിൽ നിന്നും ബോംബെയിലേക്ക് പരുത്തി കടത്താൻ വേണ്ടി ആയിരുന്നു. ബോംബെയിൽ  എത്തിയതിന് ശേഷം കപ്പൽ മാർഗ്ഗമാണ് ഇംഗ്ലണ്ടിലേക്ക് പരുത്തി കൊണ്ടുപോയിരുന്നത്.

1910 ൽ പണി തുടങ്ങിയ റെയിൽവേ പാത 1916 ൽ പണി പൂർത്തിയാക്കുകയും പിന്നീട് യവത്മാലിൽ നിന്നുള്ള യാത്രക്കാരെയും ചരക്കുകളും അച്ചൽപൂരിൽ എത്തിക്കുകയും ചെയ്തു. പിന്നീട് 1951 ൽ ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ചപ്പോൾ  ശകുന്തള റെയിൽവേ എങ്ങനെയോ അവഗണിക്കപ്പെട്ടു. അതുകൊണ്ട് തന്നെ റെയിൽവേ പാത നിർമ്മിച്ച കില്ലിക് – നിക്സൻ കമ്പനിയുടെ ഉടമസ്ഥത്തിയിലാണ് ഇന്നും ഈ റെയിൽവേ പാത.

അമരാവതി ജില്ലയിലെ അച്ചൽപൂരിലേക്കുള്ള ആളുകൾ ഇന്നും ഈ തീവണ്ടി പാതയാണ് ആശ്രയിക്കുന്നത്. വിദേശ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ റെയിൽവേ പാത ഉപയോഗിക്കാനായി ഇന്ത്യൻ സർക്കാരിൽ നിന്നും കമ്പനി ഒരു കോടി രൂപയോളമാണ് പ്രതിവർഷം ഈടാക്കുന്നത്. വിദർഭ റാണിയായിരുന്ന ശകുന്തളയുടെ പേരിൽ നിന്നുമാണ് ഈ റെയിൽപ്പാതയ്ക്ക് ശകുന്തള റെയിൽവേ എന്ന പേര് വന്നത്.

അറ്റകുറ്റപ്പണികളും പരിപാലനവുമാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ സ്വകാര്യസ്ഥാപനത്തിന് പ്രതിഫലമെന്ന നിലയിൽ നൽകുന്നത്. ഇന്നും ഈ പാത ഒട്ടനവധി സാധാരണക്കാരുടെ ജീവ സന്ധാരണത്തിന് ഉതകുന്നു. ട്രെയിൻ യാത്രയുടെ ആറിരട്ടിയോളം മറ്റു ഗതാഗത ചെലവുകൾക്കാകും എന്നതിനാൽ ഗ്രാമവാസികൾക്ക് ഈ പാതയില്ലാത്ത അവസ്ഥ ആലോചിക്കാൻ പോലും സാധിക്കില്ല.

ഇംഗ്ലണ്ടിൽ 1921 ൽ നിർമ്മിച്ച AD ആവി എൻജിൻ നീണ്ട 70 വർഷങ്ങളോളം സർവ്വീസ് നടത്തിയ ശേഷം 1994 ൽ പിൻവലിച്ചു പകരം ഡീസൽ എൻജിൻ ഉപയോഗിച്ചു തുടങ്ങി. ബ്രിട്ടീഷ് രാജ് കാലത്തെ സിഗ്നൽ സംവിധാനങ്ങൾ തന്നെ ഇപ്പോഴും തുടരുന്നു. മിക്ക ഉപകരണങ്ങളിലും ‘MADE IN LIVER POOL’ പതിച്ചിട്ടുണ്ട്.

മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ 194 കിലോമീറ്റർ ദൂരം നാലു മണിക്കൂറിൽ താണ്ടുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പരുത്തിപ്പാടങ്ങളും ആധുനികത എത്തി നോക്കിയിട്ടില്ലാത്ത തനിമയാർന്ന ഉൾനാടൻഗ്രാമങ്ങളും ഈ പാതയെ അളവറ്റ് സ്നേഹിക്കുന്ന ഗ്രാമീണരും തന്നെയാണ്.

വിവരണം – സതീഷ്‌ സുന്ദര്‍ രാജ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply