കെഎസ്ആര്‍ടിസി ഡ്രൈവറുടെ നേര്‍ക്ക് കാറുകാരന്‍റെ തെറിവിളി; വീഡിയോ..

കൊച്ചി – മൂന്നാര്‍ റൂട്ടിലെ ഒരു ബസും കാറും സുഗമമായി കടന്നു പോകുന്ന നേര്യമംഗലം പാലത്തിൽ വച്ചു കെഎസ്ആര്‍ടിസിയുടെ പഴനി -കൊട്ടാരക്കര ഫാസ്റ്റ് പാസഞ്ചറിനു നേര്‍ക്ക് കാര്‍ യാത്രികരുടെ അസഭ്യവര്‍ഷം. കാര്‍ യാത്രികര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നു ബസ്സിലെ യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പാലത്തിലൂടെ ഒരേസമയം കാറും ബസ്സും എതിരെ വന്ന സമയത്ത് ബസ് പിന്നോട്ട് എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു കാറുകാര്‍ പ്രശ്നം ആരംഭിച്ചത്. എന്നാല്‍ ബസ് ഡ്രൈവര്‍ പരമാവധി ബസ് ഒതുക്കിക്കൊടുത്തിരുന്നു. അതുവഴി കാറിനു യാതൊരു ബുദ്ധിമുട്ടും കൂടാതെ കടന്നുപോകാവുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ തങ്ങളുടെ വാശി ജയിക്കണം എന്ന ചിന്തയായിരുന്നു കാര്‍ യാത്രികര്‍ക്ക്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാര്‍ ബസ്സിലുള്ളപ്പോഴാണ് കാറുകാരന്റെ കേട്ടാലറയ്ക്കുന്ന തെറിവിളി ആരംഭിച്ചത്. ഇതിനിടെ മുന്‍ സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ബസ് ഡ്രൈവറാകട്ടെ വളരെ മാന്യതയോടുകൂടിയായിരുന്നു സംസാരിച്ചത്. ഇത് നമുക്ക് വീഡിയോയില്‍ നിന്നും വളരെ വ്യക്തമാണ്. ഇങ്ങനെയുള്ള ആഭാസന്മാരെ ഒരു പാഠം പഠിപ്പിക്കണ്ടേ? യാതൊരു കാരണവുമില്ലാതെ ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് ഇങ്ങനെ ഷോ കാണിക്കുവാന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?

നേര്യമംഗലം പാലത്തെക്കുറിച്ച് : ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമാണ് കേരളത്തിലെ എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതു ലക്ഷ്മി ഭായിയുടെ കാലത്ത് 1924-ലാണ് പാലം നിർമ്മാണം ആരംഭിച്ചത്. 1935 മാർച്ച് 2-നാണ് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. സുർഖി മിശ്രിതം ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

കൊച്ചിയിൽ നിന്നും തട്ടേക്കാട് – പൂയംകുട്ടി – മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു.

സമീപവാസികളുടെ സഹകരണത്തോടെ പത്തു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. ഹൈറേഞ്ചിന്റെ വ്യാപാര – വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് 1935 മാർച്ച് 2-നു ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 1935-നു ശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും നേര്യമംഗലം പാലത്തിനു മുഖ്യപങ്കുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്.

5 സ്പാനുകളിലായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 4.9 മീറ്ററാണ് പാലത്തിലെ പാതയുടെ വീതി. 214 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply