സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന കഞ്ഞിപ്പാടത്തേക്ക് ആനവണ്ടി വീണ്ടും ഹോണടിച്ചെത്തി. തങ്ങളുടെ ദീർഘകാലത്തെ ആവശ്യം നിറവേറ്റപ്പെട്ടതിന്റെ ആഹ്ളാദത്തിൽ നാട്ടുകാർ കെ.എസ്.ആർ.ടി.സി സർവീസിനെ വരവേറ്റു.
മൂന്നു വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ആലപ്പുഴ – കഞ്ഞിപ്പാടം റൂട്ടിൽ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിറുത്തലാക്കി. അഞ്ച് സ്വകാര്യ ബസുകൾ നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. എങ്കിലും യാത്രാക്ളേശത്തിന് പരിഹാരമാകാത്തതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി സർവീസിനായി നാട്ടുകാർ മുറവിളി കൂട്ടിയത്. സ്വകാര്യ ബസ് പണിമുടക്കുള്ള അവസരങ്ങളിലാണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയത്. കഴിഞ്ഞ സ്വകാര്യബസ് പണിമുടക്ക് വേളയിൽ കെ.എസ്.ആർ.ടി.സി ഇവിടേക്ക് സർവീസ് നടത്തിയിരുന്നു.
വൈശ്യംഭാഗം, കഞ്ഞിപ്പാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പേരാണ് ആലപ്പുഴക്കും, വണ്ടാനം ആശുപത്രിയിലേക്കും ദിവസേന യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിൽ നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്ന് നാട്ടുകാർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ലെങ്കിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ തടയുമെന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർവീസ് ആരംഭിച്ചത്.
ആലപ്പുഴ- കഞ്ഞിപ്പാടം സർവീസ് : രാവിലെ 7 – 20 മുതൽ രാത്രി 8 – 20 വരെ 7 ട്രിപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ആലപ്പുഴയിൽ നിന്ന് രാവിലെ 7. 20, 9.30, 11.30, ഉച്ചയ്ക്ക് 1.50, വൈകിട്ട് 3.35, 5.30, 7. 25 എന്നിങ്ങനെയാണ് ബസ് പുറപ്പെടുന്ന സമയം.
Source – Kerala Kaumudi.