ലോഫ്‌ളോര്‍ ബസുകളെ KURTC ഇഞ്ചിഞ്ചായി കൊല്ലുന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…

സംസ്ഥാനത്ത് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസ്സുകളില്‍ 50 ശതമാനത്തിലേറെയും കട്ടപ്പുറത്തെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ കെ.യു.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. കെ.യു.ആര്‍.ടി.സി.യുടെ തേവര യാർഡിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ കാഴ്‌ച.

തേവര യാർഡിൽ കോടികൾ വിലയുള്ള വോൾവോ ബസ്സുകൾ മുതൽ ടാറ്റാ മാർക്കോപോളോ ബസ്സുകൾ വരെ പുല്ലും മണ്ണും പറ്റി കിടക്കുകയാണ്. അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഏരിയ ആയതിനാൽ ഇതൊന്നും ആരും അറിയുന്നുമില്ല. ആരോ എടുത്ത വീഡിയോ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് വൈറൽ ആയതോടെയാണ് പുറംലോകം ഈ സംഭവങ്ങളുടെ കിടപ്പ് മനസ്സിലാക്കിയത്.

അറ്റകുറ്റപണി എന്ന പേരിൽ കയറ്റിയിരിക്കുന്ന ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ ഈ കെടുകാര്യസ്ഥതയും സ്വയം നശീകരണവും. പൊട്ടിയ ചില്ല് മാറ്റുന്നത് മുതല്‍ എന്‍ജിന്‍ പണിവരെ ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണിതെല്ലാം.ആസ്ഥാനത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകള്‍ പലതും കാടുകള്‍ കയറി തുടങ്ങിയിട്ടും അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല.

ജന്റം പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ബസ്സുകളായതിനാല്‍ അറ്റകുറ്റപ്പണിയുടെ ചെലവ് മാത്രമേ കോര്‍പറേഷനു വഹിക്കേണ്ടതുള്ളൂ. എന്നാല്‍, ഇതിനു തയ്യാറാവാത്തതും ബസ്സുകള്‍ നശിക്കുന്നതിന് കാരണമാവുന്നു. നിസ്സാരമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഭൂരിഭാഗം വാഹനങ്ങള്‍ക്കുമുള്ളത്. എന്നാല്‍, സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാത്തതിനാല്‍ ഇവ മുടങ്ങുകയാണ് പതിവ്. കെയുആര്‍ടിസിയുടെ പേരില്‍ കുടിശ്ശികയുള്ളതിനാല്‍ വിസ്റ്റ കമ്പനി സ്‌പെയര്‍പാര്‍ട്‌സ് നിലവില്‍ നല്‍കുന്നില്ല. ബസ്സുകളുടെ ക്ഷാമം മൂലം ഒരേ ബസ്സുകള്‍ തന്നെ അധിക സര്‍വീസ് നടത്തുന്നതും അറ്റകുറ്റപ്പണികള്‍ കൂടാന്‍ കാരണമാവുമെന്ന് ജീവനക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിക്ക് സ്‌പെയര്‍ പാട്‌സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ,യു.ആര്‍.ടി.സിയ്ക്ക് പണം നീക്കിവയ്ക്കാനില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അറ്റകുറ്റപണിക്കായി ആസ്ഥാനത്ത് എത്തിച്ചിരിക്കുന്ന എല്ലാ ബസുകളും ലാഭത്തില്‍ ഓടിയിരുന്നതാണ്.

തകരാറുമുലം സിറ്റി സര്‍വീസുകള്‍ ഭൂരിഭാഗവും വെട്ടിക്കുറയ്ക്കുകയും ചിലത് നീട്ടുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളിലാണ് നിലവില്‍ കോര്‍പറേഷന്റെ ശ്രദ്ധ. ഒരു ലക്ഷം രൂപ വരെയാണ് ഒരു ലോഫ്‌ളോര്‍ ബസിന് അറ്റകുറ്റപ്പണിക്ക് വേണ്ടത്. മൈലേജ് ആകെ മൂന്നോ നാലോ കിലോമീറ്ററേ ലഭിക്കുന്നുള്ളൂ. മഴക്കാലമെത്തിയതോടെ എ സി ബസ്സുകളില്‍ യാത്രക്കാര്‍ കുറയുമെന്നും അതുകൊണ്ടുതന്നെ വലിയ തുക ചെലവഴിച്ച് ബസ് നിരത്തിലിറക്കിയിട്ടും കാര്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ വായ്പയെടുത്ത് അറ്റകുറ്റപ്പണി നടത്തേണ്ടെന്നാണ് തീരുമാനം.

2018 മെയ് ഇരുപത്തി ഒന്നാം തീയതി പകർത്തി എന്നു പറയുന്ന ഈ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതോടെ കെഎസ്ആർടിസി എംഡിയായ ടോമിൻ തച്ചങ്കരിയ്ക്ക് എന്ന പേരിൽ ജനങ്ങൾ കത്തു വരെ എഴുതിയുണ്ടാക്കി പോസ്റ്റ് ചെയ്യുകയാണ്. ആ കത്തിന്റെ വിശദംശങ്ങൾ ഇങ്ങനെ –

“ടോമിൻ ജെ.തച്ചങ്കരിക്ക്, സർ, അങ്ങ് ഒരു ബില്ലിംഗ് മിഷിയനും തൂക്കി ബസ്സിൽ കയറി ടിക്കറ്റ് കൊടുക്കുന്ന പടം കണ്ടിരുന്നു. ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ താങ്കൾ ഒന്നു കാണണം KURTC തേവരയിലെ ബസ് സ്റ്റാന്റ് – കം – വർക്ക്ഷോപ്പിൽ നിന്നും 21-5-18-ന് എടുത്ത ചിത്രമാണ് ‘ ഇവിടെ ഒന്നും രണ്ടു മല്ല45 volvo – A/C ബസ്സുകളാണ് മാസങ്ങളായി സർവ്വീസിനയക്കാതെ മാറ്റിയിട്ടിരിക്കുന്നത്, ഇതിൽ പലതും കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. തീം സോങ്ങും ഡോർ കീപ്പറുമല്ല KSRC ക്ക് വേണ്ടത് . നിസ്സാര കാരണങ്ങളാൽ ഡിപ്പോയിൽ മുടങ്ങി കിടക്കുന്ന ബസ്സുകൾ ഓടിക്കാനും ആവശ്യത്തിന് ജീവനക്കാരെ പുനർവിന്യസിക്കുവാനും അങ്ങയുടെ വിലപ്പെട്ട സമയം വിനിയോഗിച്ചാൽ അത് സംസ്ഥാനത്തോടു് ചെയ്യുന്ന നീതിയായിരിക്കും.”

ധാരാളം വോൾവോ ബസുകൾ വിവിധ ഡിപ്പോകളിലായി ഇതുപോലെ കട്ടപ്പുറത്തുണ്ടാവും. ഇനിയിറക്കാൻ കൂട്ടാക്കാത്തവ തിരഞ്ഞെടുത്ത ശേഷം മികച്ച ബസ് സ്റ്റോപ്പുകളാക്കി alter ചെയ്യാമായിരുന്നു എന്നൊക്കെയുള്ള ഐഡിയകൾ വരെ ആളുകൾ സജസ്റ്റ് ചെയ്യുകയാണ്. ഈ വാർത്തകളും ജനങ്ങളുടെ കമന്റുകളും കണ്ടിട്ടെങ്കിലും ഈ കാര്യത്തിൽ അധികാരികൾ പോസിറ്റിവായ ഒരു നടപടി എടുക്കണം എന്നാഗ്രഹിച്ചുപോകുകയാണ്. കെ എസ് ആർ ടി സി എംഡി തച്ചങ്കരിയുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply