സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാന്‍ സംവിധാനം വരുന്നൂ…

മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ബസ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. സര്‍വീസ് സുതാര്യമാക്കാനും യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാനുമാണിത്. ജനുവരി ഒന്ന് മുതല്‍ സ്വകാര്യ ബസ്സുകളുടെ പൂര്‍ണ വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാനാണ് ശ്രമം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിന് പുറമേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനാണ് തയ്യാറാക്കുന്നത്.

ഡിജിൈറ്റസ് ചെയ്യുന്നതിലൂടെ ബസ്സുകളുടെ മത്സര ഓട്ടം തടയാം. ബസുകള്‍ റൂട്ട് പെര്‍മിറ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. സ്വകാര്യബസുകള്‍ സമയക്രമം പാലിക്കാത്തതിനാല്‍ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും സ്ഥിരം കാഴ്ചയാണ്. അമിത വേഗം, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക, ട്രിപ്പ് മുടക്കുക തുടങ്ങി നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. നേരത്തെ കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ ആയിരത്തിനടുത്ത് ബസുകളെ ഉള്‍പ്പെടുത്തി ഏഴു സൊസൈറ്റികള്‍ രൂപീകരിച്ചെകിലും മത്സരയോട്ടത്തിനോ മറ്റ് നിയമ ലംഘനങ്ങള്‍ക്കോ കുറവുണ്ടായില്ല.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. ആര്‍ടി ഓഫീസുകള്‍ വഴിയാണ് പദ്ധതി നിരീക്ഷിക്കുന്നത്. ഇതിനായുള്ള പ്രത്യേക മോണിറ്ററുകള്‍ മിക്ക ഓഫീസുകളിലും സ്ഥാപിച്ചു കഴിഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.

ബസുകളുടെ പേര്, റൂട്ടിലോടുന്ന സമയം, ഓരോ സ്ഥലത്തും എത്തേണ്ട സമയക്രമം, ഉടമയുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാകും. ഡിജിറ്റൈസേഷനൊപ്പം ജിപിഎസ് സംവിധാനം കൂടി നടപ്പാക്കുന്നതോടെ നിയമലംഘനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്. ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചു ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കും.

എന്നാല്‍ ഇതിനിടയിലും ജിപിഎസ് ആര് ഘടിപ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമുണ്ടാകാത്തത് തര്‍ക്കത്തിന് കാരണമായേക്കുമെന്ന സൂചനയുണ്ട്. കെഎസ്ആര്‍ടിസിയെ ഡിജിറ്റലാക്കി കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി ബ്ലോഗ് എന്ന അനൗദ്യോഗിക ഇന്റര്‍നെറ്റ് കൂട്ടായ്മ തയ്യാറാക്കിയ വെബ്സൈറ്റും ആപ്പുകളും ഇതിനോടകം ഏറെ ശ്രദ്ധേയമാണ്.

Source – http://www.janmabhumidaily.com/news724744

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply