കെഎസ്ആര്‍ടിസി സ്കാനിയയില്‍ യാത്ര ചെയ്ത ഒരു ചെറുപ്പക്കാരന് സംഭവിച്ച ദുരനുഭവം…

പ്രിയ സുഹൃത്തുക്കളേ… ഇന്നലെ (30/11/2017, വ്യാഴം) എനിക്ക് ഉണ്ടായ ഒരു യാത്രാനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്… എന്റെ ജോലി സ്ഥലമായ തിരുവനന്തപുരത്ത് നിന്ന്, വളരെ പ്രതികൂലമായ കാലവസ്ഥയായതിനാൽ എനിക്ക് എന്റെ നാടായ തലശ്ശേരിയിലേക്ക് യാത്ര തിരിക്കേണ്ടി വന്നു. മുൻകൂട്ടി തീരുമാനിക്കാത്ത യാത്ര ആയതിനാൽ സ്ഥിരമായി ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്ന എനിക്ക് ടിക്കറ്റ് ലഭിക്കാത്തതിനാലും, ട്രെയിനുകൾ വൈകി ഓടുന്നതിനാലും, ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നു.

6.00 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന KSRTC SCANIA -യിൽ കണ്ടക്ടറുടെ കാരുണ്യം മൂലം ഏറ്റവും പുറകിലെ സീററ് ലഭിച്ചു… അന്തരീക്ഷത്തിലെ തണുപ്പും ബസ്സിനുള്ളിലെ തണുപ്പും കൂടി ഒന്നിച്ചപ്പോൾ, ബസ്സ് പുറപ്പെട്ട് ഏകദേശം 2 മണിക്കൂർ പിന്നിട്ടപ്പോഴേക്കും, എനിക്ക് വല്ലാത്ത മൂത്രശങ്ക.. മാക്സിമം പിടിച്ച് നിൽക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ ബസ്സിന്റെ മെല്ലെപ്പോക്കും (തിരുവനന്തപുരം മുതൽ കൊല്ലം വരെ മഴ മൂലം വഴിയിൽ പല തടസ്സങ്ങളും ഉണ്ടായിരുന്നു.

സാധാരണയായി 1.20 hrs മാത്രമാണ് കൊല്ലം വരെ എത്താനുള്ള സമയം പക്ഷേ ഇന്നലെ ഏകദേശം 3 മണിക്കൂറിന് മുകളിൽ സമയം എടുത്തു) അടുത്ത സ്റ്റോപ്പ് ആയ കൊല്ലം എത്താൻ ഏകദേശം 15 km കൂടി ഉള്ളതുകൊണ്ട് ഞാൻ ഡ്രൈവറോട് പറയാൻ തീരുമാനിച്ചു.. പക്ഷേ ഡ്രൈവറിൽ നിന്നുള്ള മറുപടി അനുകൂലമായിരുന്നില്ല. “നിറുത്താൻ ഒന്നും പറ്റില്ല കൊല്ലം ആകുമ്പോൾ പോയാൽ മതി” എന്നായിരുന്നു മറുപടി. ഞാൻ സഹിച്ചു പിടിച്ചു കൊല്ലം വരെ കഴിച്ചുകൂട്ടി . അങ്ങനെ ബസ്സ് കൊല്ലത്ത് എത്തി.

ഞാൻ ഡ്രൈവറോട് പറഞ്ഞതിന് ശേഷം പുറത്തിറങ്ങി.. പരിചിതമല്ലാത്ത സ്ഥലമായതിനാലും നമ്മുടെ കേരളത്തിലെ സാഹചര്യങ്ങൾ വെച്ച് മൂത്രപ്പുരകളുടെ അസൗകര്യം മൂലവും ബസ്സിന് അധികം ദൂരമല്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു പിടിച്ചു, കാര്യസാധ്യത്തിന് ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കാണുന്നത് ഞാൻ വന്ന ബസ്സ് എന്നെ കയറ്റാതെ പുറത്തേക്ക് പോകുന്നതാണ്. എന്റെ ഓഫീസ് ലാപ്ടോപ്പ് അടങ്ങുന്ന ബാഗ് ബസ്സിനുള്ളിൽ ആയിരുന്നു.. ഞാൻ ബസ്സിന് പുറകേ ഓടി പക്ഷേ കിട്ടിയില്ല.

 

പുറകേ വന്ന വണ്ടികൾക്ക് കൈ കാണിച്ചു. ഒന്ന് രണ്ട് വാഹനങ്ങൾ നിറുത്തിയില്ല. പിന്നീട് മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരൻ തന്റെ കാർ നിറുത്തി കാര്യമന്വേഷിച്ചു, എന്നെ കാറിൽ കയറ്റി ബസ്സിന്റെ പുറകേ വിട്ടു. കൊടും വളവുകളും, ശക്തമായ മഴയും, ബസ്സ് നല്ല സ്പീഡിലും,(കൊല്ലത്ത്നിന്ന് പുറപ്പെട്ട ശേഷം ഇതുവരെയുള്ള യാത്രയേ അപേക്ഷിച്ച് , റോഡിലെ തടസ്സങ്ങൾ നീങ്ങിയിരുന്നു) ആയതിനാൽ കുറച്ചധികം ദൂരം ബസ്സിനെ പിൻതുടരേണ്ടി വന്നു.

Image – Manunath Puthur

അവസാനം അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം മൂലം ബസ്സിനെ മറികടന്നു മുമ്പിൽ എത്തി ബസ്സ് തടഞ്ഞ് നിറുത്തിച്ച് ഞാൻ ബസ്സിൽ കയറി. എന്റെ ടെൻഷൻ മൂലം ആ നല്ലവനായ ചെറുപ്പക്കാരന്റ പേരു ചോദിക്കുവാനോ, ഒരു നന്ദി വാക്ക് പോലും പറയുവാനോ എനിയ്ക്ക് സാധിച്ചില്ല. അദ്ദേഹം ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നതെന്ന് മാത്രം എപ്പഴോ ചോദിച്ചറിഞ്ഞു.. ഇപ്പോഴത്തേ തലമുറകളേ അടച്ചാക്ഷേപിക്കുന്നവരോട് ഒരു വാക്ക്. ഇപ്പോഴും മനുഷ്യത്വം ഉള്ള, സംസ്കാര സമ്പന്നരായ മാതാപിതാക്കളാൽ വളർത്തപ്പെട്ട യുവജനങ്ങളും ധാരാളം ഉണ്ട് …. എന്നെ സഹായിച്ച അദ്ദേഹത്തോട് എങ്ങനെയെങ്കിലും ഒരു നന്ദി പറയണമെന്നുണ്ട്… വേറെ നിവൃത്തിയില്ലാത്തതിനാൽ ഇതിലൂടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു… പേരറിയാത്ത നല്ലവനായ സുഹൃത്തേ.. ഒരായിരം നന്ദി… ഈശ്വരൻ താങ്കളേ അനുഗ്രഹിക്കട്ടേ…. അദ്ദേഹം ഈ പോസ്റ്റ് എങ്ങനെങ്കിലും കാണുവാൻ ഇടയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..

KSRTC ജോലിക്കാരുടെ അഹങ്കാരത്തേക്കുറിച്ച് കേട്ടറിവുണ്ടായിരുന്നു … അത്അനുഭവിച്ചറിഞ്ഞു… എന്റെ അറിവിൽ ദീർഘദൂര യാത്രയിൽ ഇങ്ങനൊരു ആവശ്യം വന്നാൽ ഇടയ്ക്ക് നിറുത്തി തരേണ്ടതാണ്.. മാത്രമല്ല ബസ്സ് നിറുത്തിയിട്ട് വീണ്ടും എടുക്കുമ്പോൾ യാത്രക്കാർ എല്ലാവരുമുണ്ടോ എന്ന് ഉറപ്പ് വരുത്താറുണ്ട്. ഇത് ഞാൻ പ്രത്യേകം പറഞ്ഞ് ഇറങ്ങിയിട്ട് പോലും അവർ അതിനുള്ള മര്യാദ കാണിച്ചില്ല .. ബസ്സിൽ തിരികെ കയറിയ ശേഷം അത് ചോദിച്ചപ്പോൾ ഒരു പരിഹാസചിരി ആയിരുന്നു മറുപടി…. വെറുതെയല്ല KSRTC നഷ്ടത്തിൽ ഓടുന്നത്.. എല്ലാ ജോലിക്കാരും അങ്ങനാണെന്ന് ഞാൻ പറയില്ല… നല്ലവരും ഒരുപാടുണ്ട്. എങ്കിലും യാത്രക്കാരോട് മാന്യമായി ഇടപെടാൻ ജോലിക്ക് എടുക്കുന്നതിന് മുമ്പ് ഇവർക്ക് ഒരു പരിശീലനം നൽകിയാൽ നന്നായിരിക്കും…. ഒരിക്കൽ കൂടി ആ നല്ലവനായ യുവാവിന് നന്ദി പറഞ്ഞു കൊണ്ട് നിറുത്തുന്നു…

എന്ന് സ്നേഹത്തോടെ
ശ്രീശാന്ത് കുന്നുമ്മല്‍

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply