ബെര്‍ജയ ടൈം സ്ക്വയറിലെ ഷോപ്പിംഗും കറക്കവും ഒക്കെ കഴിഞ്ഞശേഷം ഞങ്ങള്‍ പോയത് ക്വലാലംപൂരിലെ പ്രശസ്തമായ ചൈനീസ് മാര്‍ക്കറ്റിലേക്ക് ആയിരുന്നു. ടൈം സ്ക്വയറിനു മുന്നില്‍ നിന്നും ഞങ്ങള്‍ ഒരു ടാക്സി വിളിച്ച് ചൈന മാര്‍ക്കറ്റിലേക്ക് യാത്രയായി. സെല്വന് എന്നു പേരുള്ള തമിഴ് വംശജനായ ഒരു മലേഷ്യക്കാരന്റെ വണ്ടിയിലായിരുന്നു ഞങ്ങള്‍ പോയത്. പുള്ളിയുടെ അച്ഛന് തമിഴ്നാട്ടുകാരന് ആയിരുന്നു. പിന്നീട് മലേഷ്യയിലേക്ക് കുടിയേറിയതാണ്. അങ്ങനെ ഞങ്ങള്‍ ചൈനാ മാര്‍ക്കറ്റിനു മുന്നില്‍ ഇറങ്ങി.
‘ജലാംഗ് പടാലിംഗ് സ്ട്രീറ്റ്’ എന്നാണ് ഈ ചൈനാ മാര്‍ക്കറ്റിന്റെ ശരിക്കുള്ള പേര്. ഈ പേര് ഞാന്‍ മൂക്കുകൊണ്ട് ചൈനക്കാരെപ്പോലെ ഉച്ചരിച്ചപ്പോള്‍ അതുകണ്ടു നിന്ന ഒരു ചൈനക്കാരന് ചിരിച്ചതും നല്ലൊരു അനുഭവമായി. അങ്ങനെ ഞങ്ങള്‍ ചൈനാ മാര്‍ക്കറ്റിലേക്ക് കയറി.
തുണിത്തരങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങി എല്ലാവിധ സാധനങ്ങളും ലഭ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റുകളുടെ ഒരു മായാലോകം തന്നെയാണ് അവിടം. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ളവയാണ് ഇവിടെ ലഭിക്കുന്ന ഐറ്റങ്ങള്‍. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു സ്ട്രീറ്റ് ആണിത്. ഡ്യൂപ്ലി ആണെങ്കിലും അത്യാവശ്യം നല്ല ക്വാളിറ്റി കൂടിയുള്ളതാണ് ഇവിടത്തെ സാധനങ്ങള്‍. സാധാരണക്കാരായ ടൂറിസ്റ്റുകള്‍ക്ക് ഷോപ്പിംഗ് നടത്താന്‍ പറ്റിയ ഒരു ഒന്നൊന്നര സ്പോട്ട് കൂടിയാണ് ഈ ചൈനാ മാര്‍ക്കറ്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഇവിടെ നമുക്ക് കാണാം. പുറത്ത് നല്ല വിലയുള്ള സാധനങ്ങളുടെ അതെപോലത്തെ വ്യാജന് വിലക്കുറവില്‍ ഇവിടെ കിട്ടും എന്നതാണ് ഇവിടെ ആളുകൂടാന്‍ കാരണം. ഞാന്‍ അനിയനുവേണ്ടി രണ്ട് ടീ ഷര്‍ട്ടുകള്‍ ഇവിടുന്നു വാങ്ങി. ഹാരിസ് ഇക്കയാണെങ്കില്‍ ഭയങ്കര ഷോപ്പിംഗ്. ഹാരിസ് ഇക്ക ഏകദേശം രണ്ടായിരം രൂപയ്ക്ക് തന്നെ പേനകള്‍ മാത്രം വാങ്ങി. പേനകള്‍ പുള്ളിയുടെ വീക്ക്നസ് ആണെന്ന് അപ്പോളാണ് എനിക്ക് മനസ്സിലായത്.
കൊച്ചിയിലെ ലുലു മാളില്‍ 1300 രൂപയോളം വില വരുന്ന ‘adidas’ ന്റെ ചെരിപ്പിന് വളരെ വിലക്കുറവ് ഇവിടെ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ വണ്ടറടിച്ചുപോയി. ഡ്യൂപ്പ് ആണെന്ന് ഒരാളും പറയില്ല. പിന്നെ എടുത്തു പറയേണ്ട മറ്റൊന്ന് സ്പ്രേകള്‍ ആണ്. വിലകൂടിയ ലോകപ്രശസ്തമായ മോഡലുകള്‍ ഇവിടെ അതേ രൂപത്തോടും സുഗന്ധത്തോടും കൂടി വില കുറവില്‍ ഇവിടെ വില്‍ക്കുന്നുണ്ട്. പിന്നൊരു കാര്യം… കടക്കാര് ആദ്യം നമ്മളോട് വലിയ വിലയായിരിക്കും പറയുക. നമ്മള് വിലപേശി പേശി കുറച്ചെടുക്കണം. വില പേശുമെന്നു അവര്‍ക്ക് അറിയാവുന്നതു കൊണ്ടുതന്നെയാണ് ആദ്യം വില കൂട്ടി പറയുന്നത്.
കുറെ സമയത്തെ ചൈനാ മാര്‍ക്കറ്റ് കറക്കത്തിനും ഷോപ്പിംഗിനും ശേഷം ഞങ്ങള്‍ മാര്‍ക്കറ്റിനു സമീപത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാനായി കയറി. പ്ലെയിന്‍ റൈസും ചില്ലി ചിക്കനും. പക്കാ ചൈനീസ്… ഞങ്ങള്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും സഞ്ജീവ് ഭായ് അവിടെയെത്തിച്ചേര്‍ന്നു. ഇനി ഹോട്ടല്‍ റൂമിലേക്ക് മടക്കമാണ്. കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് അവിടെയടുത്തുള്ള ഒരു ചൈനീസ് ക്ഷേത്രത്തിന്റെ മുന്നിലായിരുന്നു. ക്ഷേത്രമാകെ ഫുള്‍ ചുവപ്പു നിറം. രാത്രിയായതിനാല്‍ ക്ഷേത്രം അടച്ചിരുന്നു. പുറത്തു നിന്നും ക്ഷേത്രത്തിന്റെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ കാറില്‍ക്കയറി റൂമിലേക്ക് യാത്രയായി.