മുഴുവൻ കെഎസ്ആര്‍ടിസി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച ഒരു സംഭവം

മുഴുവൻ കെഎസ്ആര്‍ടിസി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച രണ്ട് ജീവനക്കാർ… 

രാവിലെ കോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവിൽ ബസ് കാത്ത് നിൽക്കുമ്പോൾ ആദ്യം മുന്നിൽ വന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാൻ സീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകിൽ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ എസ് ആർ ടി സി (RSC 840 പാലാ – കോഴിക്കോട് ) വന്നത്. തിരക്കും ഇല്ല.

ഉടനെ അങ്ങോട്ടോടാൻ ഒരുങ്ങിയ എന്നോട് സ്വകാര്യ ബസിലെ കണ്ടക്റ്റർ: ‘അതില് കാശ് കൂടുതലാണ് ചേട്ടാ… എന്തിനാണ് വെറുതെ കാശ് കളയുന്നത്…‘ ഇതു കേട്ടയുടനെ അയാളുടെ മുഖത്തു നോക്കി രണ്ടു വർത്താനം പറയണമെന്നാഗ്രഹിച്ചതാണ്. സമയമില്ലായ്മയും, ബസ് അധിക സമയം നിർത്തുകയില്ലെന്നുള്ളതു കൊണ്ടും ഒന്നും പറയാൻ സാധിച്ചില്ല. എങ്കിലും മനസ്സിൽ പറഞ്ഞു: “എന്റെ കാശ് ഞങ്ങടെ കെ എസ് ആർ ടി സിക്കല്ലെ, കുഴപ്പമില്ല.” അങ്ങനെ കയറിയിരുന്ന്, ടിക്കറ്റും എടുത്ത് മൊബൈൽ ഓണാക്കി ഫെയ്സ്ബുക് തുറന്ന് പോസ്റ്റുകൾ നോക്കി കൊണ്ടിരുന്നു….

ബസ്സ് എടപ്പാൾ ടൗൺ കഴിഞ്ഞ് കണ്ടനകം സ്റ്റാന്‍ഡില്‍ പഞ്ചിംഗിനായി നിർത്തി. കടല വില്പനക്കാരുടെയും  വെള്ളക്കച്ചവടക്കാരുടെയും ബഹളം… കണ്ടക്ടർ വന്ന്, ബസ്സ് സ്റ്റാർട്ട് ചെയ്തയുടനെ ഒരു നിലവിളി…

“അയ്യോ… എനിക്കു വയ്യായേ…. ഗുരൂവായൂരപ്പാ…. ഞാനിപ്പൊ മരിക്കുമേ…. ഏട്ടാ എന്നെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകൂ… എന്റെ ബിപി കൂടുന്നേ… ശ്വാസം മുട്ടുന്നേ… ഗുരുവായൂരപ്പാ എന്നെ രക്ഷിക്കണേ….“

പെട്ടെന്ന് ശബ്ദം എവിടുന്നാണെന്ന് മനസിലായില്ല… അല്പം പ്രായമുള്ളൊരാളുടെ കരച്ചിലാണ്… എണീറ്റ് നോക്കിയപ്പോൾ മൂന്നുനാലു സീറ്റുകൾ മുന്നിൽ രണ്ട് വൃദ്ധർ ഇരിക്കുന്നു. അതിലൊരാളാണ്… ഒപ്പമിരിക്കുന്നയാളെ ഏട്ടാ എന്നാണ് വിളിക്കുന്നത്. അയാളുടെ കൈകളിൽ ബലമായി പിടിച്ചിട്ടുണ്ട്… അടുത്ത് ചെന്ന്, എന്താണെന്ന് ചോദിച്ചു… പെട്ടെന്ന് സുഖമില്ലാതായി… നാവ് വറ്റി വരളുന്നു… ശ്വാസം കിട്ടുന്നില്ല… ബിപി കൂടുന്ന പോലെയുണ്ട്, തല കറങ്ങുന്നു…. വീണ്ടും നിലവിളി… മൂന്നോ നാലോ സീറ്റുകൾ ഒഴിച്ച് ബാക്കിയെല്ലാം ഫുൾ ആണ്.

കണ്ടക്ടർ വന്നു, ആശുപത്രിയിൽ കൊണ്ടു പോകണം. ഇവിടെ അടുത്ത് എവിടെയാ ആശുപത്രിയുള്ളത് എന്ന് അന്വേഷിച്ചു. എടപ്പാളിലാണ് ആശുപത്രി അടുത്തുള്ളത്. അവിടുന്ന് നാലഞ്ച് കിലോമീറ്റർ ഏകദേശം മുന്നോട്ട് പോന്നിരിക്കുന്നു. അടുത്തൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല… എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടും ഒന്ന് നോക്കിയിട്ട് പറഞ്ഞു: ‘നമുക്ക് തിരിച്ച് പോകാം, ആർക്കെങ്കിലും പ്രയാസമാകുമോ…?‘ യാത്രക്കാർ ഒന്നടങ്കം പറഞ്ഞു: ‘ഇല്ല, ഒരു പ്രയാസവും ഇല്ല… അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാൽ മതി.‘ ഡ്രൈവർ ബസ് തിരിച്ചു.

കോഴിക്കോട് ബോർഡും വെച്ച് തൃശൂർക്ക് പോകുന്ന കെ എസ് ആർ ടി സിയെ അത്ഭുതത്തോടെ പുറത്തുള്ളവർ നോക്കുന്നത് കണ്ടു! എടപ്പാൾ ടൗണിലെ സിഗ്നലിൽ ചുവപ്പ് ലൈറ്റ്… ഒരു ആമ്പുലൻസ് ഓടിക്കുന്ന പോലെ, ഹെഡ് ലൈറ്റ് ഇട്ട് കെ എസ് ആർ ടി സിയുടെ ആനവണ്ടി ഹോണടിച്ച് വരുന്നത് കണ്ട് എല്ലാവരും അവരവരുടെ വാഹനങ്ങൾ ഒതുക്കിത്തന്നു…

ബസ്സ് എടപ്പാളിലെ ‘ശുകപുരം ആശുപത്രി‘യുടെ മുന്നിൽ വലതുവശം ചേർത്തു നിർത്തി. കണ്ടക്ടർ ഇറങ്ങിയോടി സ്ട്രെക്ചറുമായി ആശുപത്രി ജീവനക്കാർ… ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും ഓടിക്കൂടി… രോഗി അപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളയാളിന്റെ കൈയിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ മുറുകെ പിടിച്ചുകൊണ്ട് സ്ട്രെക്ചറിൽ കിടന്നും കരയുന്നു… ആശുപത്രിയിലാക്കി, കൂടെയുള്ള ആളോട് കയ്യിൽ കാശുണ്ടോ? അത്യാവശ്യ ചിലവിന് ഇത് വെച്ചോളൂ എന്നു പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും അവരുടെ പേഴ്സിൽ നിന്ന് കുറച്ച് കാശെടുത്ത് കൊടുക്കാൻ ശ്രമിച്ചു. അദ്ദേഹമത് സ്നേഹപൂർവം നിരസിച്ചു…

മനുഷ്യത്വം മരവിക്കാത്ത രണ്ട് ജീവനക്കാർ, മുഴുവൻ കെ എസ് ആർ ടി സി ജീവനക്കാരുടെയും യശസ്സ് ഉയർത്തി. ഇങ്ങനൊരു നല്ല കാര്യത്തിന് തടസ്സം നിൽക്കാത്ത യാത്രക്കാർ മുഴുവൻ യാത്രികർക്കും മാതൃകയായി…

കടപ്പാട് – Malayali Peringode

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

2 comments

  1. It was good we you could their names, driver and conductor’s names……

  2. Ingane onnum allathavarumund

Leave a Reply