എന്തിനോ വേണ്ടി ഓടിക്കുന്ന മണിപ്പാൽ സ്കാനിയ !!!
തിരുവനന്തപുരം ഡിപ്പോയുടെ കുത്തകയാണല്ലോ സ്കാനിയാ/വോൾവോ ബസ്സുകൾ. തിരോന്തോരത്തെ ഏമാന്മാർക്ക് തോന്നിയ വഴിയിലൂടെ തോന്നിയ സ്ഥലത്ത് നിർത്തി തോന്നിയ പോലെ റിസര്വേഷനും കൊടുത്തതാണ് വണ്ടികൾ ഓടിക്കുന്നത്. കൊല്ലം ആലപ്പുഴ വഴി ചെയിൻ സർവ്വീസായി കണ്ണൂർ, മംഗലാപുരം, മൂകാംബിക എന്നിങ്ങനെ വണ്ടികൾ തുടങ്ങിയപ്പോൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് MC റോഡ് വഴി ഒരു സ്കാനിയ ഇടാൻ അധികൃതർ തയ്യാറായത്.
പക്ഷെ ഈ വണ്ടിയിൽ കയറണമെങ്കിൽ കുറച്ച് കഷ്ടപ്പാടാണ്. തിരുവനന്തപുരത്ത് നിന്നും വിട്ടു കഴിഞ്ഞാൽ കൊട്ടാരക്കര ഡിപ്പോയിൽ കയറും. പിന്നെ കയറുന്നത് കോട്ടയം ഡിപ്പോയിൽ. MC റോഡിലെ മിക്ക ഡിപ്പോകളും റോഡ് സൈഡിൽ തന്നെയാണ്. എന്നിരുന്നാലും കിളിമാനൂർ, വെഞ്ഞാറമ്മൂട്, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ ഒരു ഡിപ്പോകളിലും സ്കാനിയ കയറില്ല. അല്ലെങ്കിൽ കയറ്റില്ല. (ആലപ്പുഴ ഡിപ്പോയിൽ കയറാൻ വയ്യാത്ത ആളുകളാണ് തിരോന്തോരം റീംസ് എന്ന് ഓർമ്മയിരിക്കണം) സ്റ്റാൻഡിൽ കയറുന്നത് പോട്ടെ, ഈ വണ്ടിക്ക് ഓൺലൈൻ റിസർവേഷൻ സംവിധാനം ഉണ്ട്. പക്ഷെ തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം എന്നീ സ്ഥലങ്ങളിൽ മാത്രമേ ഈ ഭാഗത്ത് ബോർഡിംഗ് പോയിന്റ് കൊടുത്തിട്ടുള്ളു. അതായത് ചെങ്ങന്നൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട, ചങ്ങനാശേരി ഭാഗത്ത് നിന്നും ആരെങ്കിലും ഈ വണ്ടി സെർച്ച് ചെയ്താൽ വെബ്സൈറ്റിൽ കാണിക്കുക പോലുമില്ല. ടിക്കറ്റു ബുക്ക് ചെയ്ത കയറണമെങ്കിൽ കൊട്ടാരക്കരയിലോ കോട്ടയത്തോ പോകണം.
അതെന്താ ഈ സ്ഥലങ്ങളിൽ ഉള്ളവർ മാത്രം യാത്ര ചെയ്താ മതിയോ? അതോ തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര നിന്നും ഒക്കെ വണ്ടി ഫുൾ ആകുമോ? എന്റെ പൊന്നു സാറന്മാരെ നിങ്ങൾ ഈ പ്രൈവറ് ബസ്സുകൾ എങ്ങനെയാണ് ഓടുന്നതെന്ന് ഒന്ന് കണ്ടു പഠിക്കാമോ?
കേരളത്തിലെ ഓരോ മുക്കിലും മൂലയിലും വരെ പ്രൈവറ് ബസ്സുകൾക്ക് ബോർഡിംഗ് പോയിന്റ് ഉണ്ട്. പത്തനംതിട്ടയിൽ നിന്നും വിടുന്ന ഒരു വണ്ടിക്ക് വാര്യാപുരം, ഇലന്തൂർ, കോഴഞ്ചേരി, മാരാമൺ, പുല്ലാട്, കുമ്പനാട്, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങി ആലുവാ, അങ്കമാലി നിന്ന് വരെ ആളെ എടുക്കും. നമ്മുടെ വണ്ടികൾ കാലി ഓടിയാലും സ്റ്റാൻഡിൽ പോലും കയറ്റരുത് എന്നാണ് ഏമാന്മാരുടെ ഉത്തരവ്. സ്റ്റോപ്പുകൾ സംബന്ധിച്ച് സർക്കുലർ വരെ ഇറക്കിയിട്ടുണ്ട്.
അതുപോലെ തന്നെയാണ് തിരികെയുള്ള യാത്രയിലും. മംഗലാപുരത്ത് നിന്നോ മണിപ്പാൽ നിന്നോ ടിക്കറ്റു ബുക്ക് ചെയ്യണമെങ്കിൽ കോട്ടയത്തിനോ കൊട്ടാരക്കരക്കോ ബുക്ക് ചെയ്യണം. ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന് അറിയാത്ത ഒരാൾ മണിപ്പാൽ നിന്നും തിരുവല്ലയോ ചങ്ങനാശ്ശേരിയോ ഒക്കെ സെർച്ച് ചെയ്താൽ വണ്ടി ഉണ്ടെന്ന് പോലും കാണിക്കില്ല. അല്ല, അങ്ങനെ ചെയ്താൽ ആല്ലേ ആളുകൾ പ്രൈവറ് ബസ്സുകളെ ആശ്രയിക്കൂ.
കോടികൾ മുടക്കി ബസ്സുകൾ വാങ്ങി ഇങ്ങനെ യാത്രക്കാർക്ക് ഉപയോഗമില്ലാത്ത തരത്തിൽ ഓടിക്കുന്നത് കാണുമ്പോൾ നിങ്ങളോടൊക്കെ പറഞ്ഞാൽ തീരാത്ത ദേഷ്യവും അമർഷവും ഉണ്ട്. പട്ടീടെ വാൽ നിവരില്ല എന്ന് പറയുന്ന പോലെ എന്തിനോ വേണ്ടി എന്തിനാ ഇങ്ങനെ വണ്ടികൾ ഓടിക്കുന്നത്? ഒന്നുകിൽ MC റോഡിലെ എല്ലാ ഡിപ്പോകളിലും സ്റ്റോപ്പും ബോർഡിഗും റിസർവേഷനും കൊടുക്കുക. അല്ലെങ്കിൽ ഈ വണ്ടി നിർത്തുക.