കാടിനെ അറിഞ്ഞുകൊണ്ട് ഒരു യാത്ര റോസ്മലയിലേക്ക്..

കാടിന്റെ സൗന്ദര്യത്തിൽ അലിഞ്ഞു ഓഫ്‌റോഡിന്റെ പറുദീസ ആയ റോസ്മലക്ക്‌ ഒരു യാത്ര അത് മനസ്സിൽ തോന്നിയിട്ടു കാലം കുറെ ആയെങ്കിലും പോകാൻ പറ്റിയത് ഇപ്പോൾ ആയിരുന്നു. ജോലിയുടെ തിരക്ക്‌ ഒഴിഞ്ഞു കിട്ടിയ ഒരു സൺ‌ഡേ അനിയനെയും അവന്റെ ബുള്ളുമോനെയും പറഞ്ഞു പ്രലോഭിപ്പിച്ചു കൂടെ കൂട്ടി. അതി രാവിലെ എണീറ്റ് കുളിച്ചു റെഡ്ഢി ആവുന്നത് കണ്ടു പോകുമ്പോൾ എവിടേലും പറഞ്ഞിട്ട് പൊക്കൂടെ എന്ന ഉമ്മയുടെ ചോദ്യത്തിന് മറുപടി ഒന്നും നൽകാതെ ചിരിച്ചു കൊണ്ടു കട്ടനും അടിച്ചു 6മണിക്ക് വീട്ടിൽ നിന്നും ബ്രോയുടെ ക്ലാസ്സിക്ക് 350ടോപ് ഗിയറിൽ ആക്കി.

തൃക്കുന്നപ്പുഴ to റോസ്മല. കാലത്തെ ഇളം മഞ്ഞിന്റെ തണുപ്പിൽ തണുപ്പിൽ വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. സൂര്യൻ തെളിയും മുംബ് ആയതിനാൽ പോകും വഴി ഉള്ള മിക്കയിടത്തും മുഴുവനും മഞ്ഞു പെയ്ത് നിൽക്കുന്നത് കാണാമായിരുന്നു. കായംകുളം വഴി പത്തനാപുരം എത്തി അവിടെ നിന്നും ഒരു ചായയും കുടിച്ചു അല്പം റെസ്റ്റ് എടുത്തു വീണ്ടും മുന്നോട്ടു. പിന്നെ നിർത്തിയത് പുനലൂർ കഴിഞ്ഞു തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന ഒറ്റക്കൽ ലൂക്ക് ഔട്ടിൽ . ദേശീയ പാത 744ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

തെന്മല പരപ്പാർ ഡാമിൽ നിന്നും വെള്ളം തുറന്നു വിടുമ്പോൾ കാണാൻ അതിഭംഗി ആണ്. അല്പം നേരം അവിടെ ചിലവഴിച്ചു ഞങ്ങൾ മുന്നോട്ടു പോയി മനസ്സിൽ മുഴുവൻ റോസ്മല മാത്രമാണ്. തെന്മല കഴിഞ്ഞു പാലരുവി കഴിഞ്ഞു 1കിലോമീറ്റർ മാറി ആര്യങ്കാവിൽ നിന്നും റൈറ്റ് എടുത്തു റോസ്മലയിലേക്ക് ഉള്ള റോഡിൽ ഞങ്ങൾ കേറി തുടങ്ങി ആര്യങ്കാവിൽ നിന്നും 12കിലോമീറ്റർ ആണ് റോസ്മലക്ക് ഉള്ളത്. ടാർ ചെയ്ത ചെറിയ റോഡ്‌ ചെറിയ കേറ്റം. ഇരു സൈഡിലും തണൽ വിരിച്ചു ആകാശം മുട്ടെ തേക്ക് മരങ്ങൾ ഇടതൂർന്നു നിക്കുന്ന മനോഹര കാഴ്ച. മുന്നോട്ടു പോകുംതോറും റോഡിന്റെ സ്വഭാവം മാറി കൊണ്ടിരിക്കുന്നു. ടാർ അവസാനിച്ചു കല്ലുകൾ നിറഞ്ഞ കാട്ടു പാത ആയി. ഇരു സൈഡിലും ആകാശം മുട്ടെ വെളിച്ചം കടത്തി വിടാതെ നിൽക്കുന്ന വന്മരങ്ങൾ. മല വെട്ടി ഉണ്ടാക്കിയ കാട്ടു പാത . ഓഫ്‌ റോഡ്‌ റൈഡ് ആഗ്രഹിക്കുന്ന ഏവർക്കും റോസ്മല റൈഡ് വല്ലാത്ത ഫീൽ തരും.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡാണ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം തേയിലത്തോട്ടമായിരുന്നു. തുടർന്ന് പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു. 1976ൽ കൃഷിക്കാർക്കു വിതരണം ചെയ്യാനായി 619 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഒരേക്കർവീതം 472പേർക്കു അന്നു ഭൂമി വിതരണം ചെയ്തു.പക്ഷെ പലരും കിട്ടിയ ഭൂമി ഉപേക്ഷിച്ചും വിറ്റും മലയിറങ്ങി മറ്റു സ്ഥലങ്ങിലേക്ക് പോയി. മക്കളുടെ വിദ്യാഭ്യാസം ജോലിയുടെ ബുദ്ധിമുട്ട് ഒക്കെ ആണ് അതിനു പ്രധാന കാരണം.

1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ 15കിലോമീറ്റർ ദൂരെ ആര്യങ്കാവിൽ വന്നോ കൊല്ലത്തു വന്നോ പഠിക്കണ്ട ഗതികേട് ആയിരുന്നു റോസ്മലയിൽ ജീവിക്കുന്നവർക്ക്. ഇപ്പോൾ വളരെ ചുരുങ്ങിയ കുടുംബങ്ങൾ മാത്രമേ റോസ്മലയിൽ ഉള്ളത്. മക്കളുടെ വിവാഹം വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു വീണ്ടും തിരിച്ചു കാട് കയറി റോസ്മലയിൽ താമസിക്കുന്നവരും ഉണ്ടു. വർഷങ്ങൾക്കു മുംബ് വണ്ടി ഒക്കെ എത്തും മുംബ് 15കിലോമീറ്റർ ഓളം കാട്ടിലൂടെ നടന്നു സ്കൂളിൽ പോയി പഠിച്ചിട്ടുണ്ട് എന്ന് അവിടെ കണ്ട ഒരമ്മ പറഞ്ഞത് നടുക്കത്തോടെ ആണ് കേട്ടത്.

കൊടും വളവും വെളിച്ചം കുറവുള്ള പാറക്കല്ലുകൾ നിറഞ്ഞ കുത്തനെ ഉള്ള റോഡിൽ വളരെ കഷ്ടപ്പെട്ട് തന്നെ ആണ് വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. നാല് അഞ്ചു കിലോമീറ്റർ കഴിയുമ്പോൾ വഴി രണ്ടായി പിരിയും ഒന്ന് രാജകുപ്പിലേക്കും ഒന്ന് റോസ്മലക്കും. റോസ്മലക്ക് ഉള്ള റോഡിൽ കുറച്ചു കൂടി മുന്നോട്ടു ചെല്ലുമ്പോൾ റോഡിനു കുറുകെ ഒരു കാട്ടു ചോല കാണാൻ സാധിക്കും. വേനൽ കാലമായതിനാൽ വെള്ളം ഒഴുക്ക് കുറവാണു നിറയെ പാറക്കല്ലുകൾ ഉള്ള ഇവിടേം ക്രോസ്സ് ചെയ്യുമ്പോൾ വളരെ അതികം ശ്രദ്ധിക്കണം. അല്ലേൽ പാറയുടെ മേലേ കേറി വീഴാൻ സാധ്യത ഉണ്ടു. ഈ വെള്ളം ആണ് റോസ്മല കാടിലൂടെയും ശെന്തുരുണി കാടിലൂടെയും ഒഴുകി പാലരുവി വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത് എന്ന് പറയപ്പെടുന്നു…..

റോസ്മലയിൽ മുംബ് പാസിനോ പോലെയുള്ള വിത്തൌട്ട് ഗിയർ സ്കൂട്ടർ ഒക്കെ ഇവിടെ കയറ്റിയവരെ ഒക്കെ നമിക്കണം.. കൂടാതെ ഇവിടേക്ക് ദിവസവും ആനവണ്ടി ഓടിച്ചു കയറ്റുന്ന ഡ്രൈവർ മാരെയും. അത്പോലെ ആയിരുന്നു ഓരോ കേറ്റവും ഇറക്കവും. മലകയറി ആദ്യം കണ്ട വീടിനോടു ചേർന്ന ഒരു കടയിൽ കേറി കുടിക്കാൻ ഒരു കുപ്പി വെള്ളവും ഒരു കവർ ബിസ്ക്കറ്റും മേടിച്ചു അവിടെ ഉണ്ടായിരുന്ന ചേച്ചിയോട് പരിചയപെട്ടു.റോസ്മല എങ്ങനെ ഉണ്ടു കാണാൻ നല്ലതാണോ എന്ന ചോദ്യത്തിന് അവർ പറഞ്ഞത് നിങ്ങളെ പോലെ ബൈക്കിൽ വരുന്ന തല തെറിച്ച പിള്ളേർ ആണ്കൂടുതലും ഇവിടെ വരുന്നത്. അവർ പറഞ്ഞു ഇന്നു ആദ്യം കയറി വന്നവർ നിങ്ങൾ ആണ് എന്ന് സൺ‌ഡേ ആയതു കൊണ്ടു പിള്ളേർ ഒരുപാട് വരും എന്ന്.

അവിടുന്ന് കുറച്ചു മുന്നോട്ടു പോയി ഫോറസ്ററ് ഓഫീസിനു മുമ്പിൽ നിർത്തി അവിടെ വരെ റോഡ്‌ ഉള്ളൂ.. തൊട്ടു അടുത്തു ഉള്ള ഫോറസ്റ്റിന്റെ ഓഫീസിൽ നിന്നു ഒരാൾക്ക് 20rs ടികെറ്റ് എടുത്തു റോസ്മല വ്യൂ പോയിന്റിലേക്ക് കേറി. ഒരു ചെറിയ അമ്പലവും വാച്ച് ടവർ ആണ് മേലേ ഉള്ളത്. അവിടെ നിന്ന് തെന്മല പരപ്പാർ ഡാം റിസെർവോയറിന്റെ നല്ല വ്യൂ ആണ് കാണാൻ സാധിക്കുന്നത്. ഡാമിൽ നിന്നും 16കിലോമീറ്റർ മാറിയുള്ള ഭാഗം ആണ് നമുക്ക് അവിടെ നിന്ന് കാണാൻ സാധിക്കുന്നത്. 5കിലോമീറ്റർ ഇനിയും പിന്നിലേക്ക് ഉണ്ടു എന്നും അവിടെ ഉള്ള സെക്യൂരിറ്റി ചേട്ടായി പറഞ്ഞു. വേനൽ കനക്കുന്നതോടു കൂടി ഡാമിലെ വെള്ളം കുടിക്കാനായി ആനകളും, കാട്ടു പോത്തുകളും കൂട്ടമായി വ്യൂ പോയിന്റിന് താഴെ വരുമെന്നും പുള്ളിക്കാരൻ പറഞ്ഞു തന്നു. ചൂട് കൂടുതൽ ആയതു കൊണ്ടു പെട്ടെന്നു തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കാടിറങ്ങി വരുമ്പോൾ റോസ്മലക്ക് 8ഓളം ബൈക്കുകൾ ഞങ്ങളെ ക്രോസ്സ് ചെയ്തു പോകുന്നുണ്ടായിരുന്നു.

തിരിച്ചു തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ അഡ്വെഞ്ചർ സോണിൽ കയറി കുറച്ചു സമയം ചിലവഴിച്ചു. (ഫാമിലി ആയി വന്നു പോകാൻ പറ്റിയ ഒരിടം ആണ് തെന്മല ഇക്കോ ടൂറിസം). പുനലൂരിന്റെ അഭിമാനായി നില കൊള്ളുന്ന പുനലൂർ തൂക്കു പാലത്തിലേക്ക് ആണ് അടുത്തതായി പോയത്‌. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം.തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.

ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി”’ തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ. ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. ഇപ്പോൾ പാലം നടപ്പാലം ആയി മാത്രമേ ഉപയോഗിക്കുന്നുളൂ. കുറച്ചു ഫോട്ടോസ് എടുത്തു പാലത്തിൽ കുറെ നേരം നടന്നു. സൂര്യൻ പടിഞ്ഞാറേക്ക് പതിയെ മറയുംതോറും ഞങ്ങളും കാഴ്ചകളെ ഒക്കെ പിന്നിലേക്ക് മറച്ചു മനസിലുള്ള ഒരു യാത്ര കൂടി സാക്ഷാൽകരിച്ചു കൊണ്ടു തിരികെ നാട്ടിലേക്ക്.

വിവരണം – ഹാഷിം എ. മജീദ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply