ഐലൻഡ് എക്സ്പ്രസ്സ് – പേര് വന്ന വഴിയും പേരു കേട്ട സംഭവങ്ങളും

ഐലൻഡ് എക്സ്പ്രസ്സ് – കന്യാകുമാരിയിൽ നിന്നും കോട്ടയം – എറണാകുളം വഴി ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി സർവ്വീസ് ആണ് ഐലൻഡ് എക്സ്പ്രസ്സ്. എങ്ങനെയാണ് ഈ ട്രെയിനിന് ഐലൻഡ് എക്സ്പ്രസ്സ് എന്ന പേര് വന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ആരംഭിച്ച ആദ്യകാല തീവണ്ടി സർവീസുകളിൽ ഒന്നാണ് ഐലൻഡ് എക്സ്പ്രസ്സ്. തുടക്കത്തിൽ ബെംഗളൂരുവിൽ നിന്നും എറണാകുളം ജില്ലയിലെ വില്ലിംങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക് ആയിരുന്നു ഈ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. അങ്ങനെയാണ് ഇതിനു ഐലൻഡ് എക്സ്പ്രസ്സ് എന്ന പേര് വന്നത്. പിന്നീട് തീവണ്ടിപ്പാത തെക്കൻ കേരളത്തിലേക്ക് സജീവമായപ്പോൾ കൊച്ചിൻ ഹാർബർ ടെര്മിനസിന്റെ പ്രാധാന്യം കുറയുകയും ഐലൻഡ് എക്സ്പ്രസ്സ് കന്യാകുമാരിയിലേക്ക് നീട്ടുകയുമാണ് ഉണ്ടായത്.

എന്നാൽ ഐലൻഡ് എക്സ്പ്രസ്സ് പേരുകേട്ടത് ഒരു വൻ ദുരന്തത്തിന്റെ പേരിലാണെന്നത് മറ്റൊരു വിരോധാഭാസം. അതെ, കേരളത്തിലെ ഏറ്റവും വലിയ ട്രെയിനപകടമായ പെരുമൺ ദുരന്തം തന്നെയാണത്. 1988 ജൂലൈ 8ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്.

ഐലൻഡ് എക്സ്പ്രസ്സ് ദിവസേന സർവ്വീസ് നടത്തുന്ന ഒരു ട്രെയിനാണ്. ബെംഗളൂരുവിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ദിവസേന രാത്രി സർവ്വീസ് നടത്തുന്ന ഒരേയൊരു ട്രെയിനും ഐലൻഡ് എക്സ്പ്രസ്സാണ്. കന്യാകുമാരി മുതൽ ബെംഗളൂരു വരെയുള്ള 944 കിലോമീറ്റർ ദൂരം താണ്ടുവാൻ ഈ ട്രെയിൻ എടുക്കുന്നത് 21 മണിക്കൂറോളമാണ്. മണിക്കൂറിൽ ശരാശരി 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഐലൻഡ് എക്സ്പ്രസിന് മൊത്തം 47 സ്റ്റോപ്പുകളുണ്ട്. ദിവസേന ധാരാളം യാത്രക്കാർ ഐലൻഡ് എക്സ്പ്രസ്സിന്റെ ആശ്രയിക്കുന്നുണ്ട്.

കാര്യം വലിയ പേരൊക്കെയുണ്ടെങ്കിലും ഇന്ത്യൻ റെയിൽവേയിലെ മറ്റു ട്രെയിനുകളുടെ മുന്നിൽ ഇന്ന് ഐലൻഡ് എക്സ്പ്രസിന് സ്ഥാനമൊന്നുമില്ല. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഏറ്റവും പതിയെ നീങ്ങുന്ന രണ്ടാമത്തെ തീവണ്ടിയാണ് ഐലൻഡ് എക്സ്പ്രസ്സ്. മറ്റു ട്രെയിനുകൾ പോകുവാനായി അവിടവിടായി പിടിച്ചിടുന്നതും സ്ഥിരം കാഴ്ചയാണ്. ഇന്ന് ഈ ട്രെയിനിന്റെ ശരിക്കുള്ള പേര് കന്യാകുമാരി – ബാംഗ്ലൂർ സിറ്റി എക്സ്പ്രസ്സ് എന്നാണെങ്കിലും എല്ലാവർക്കും ഇന്നും ഈ ട്രെയിൻ ഐലൻഡ് എക്സ്പ്രസ്സ് തന്നെയാണ്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply