കേട്ടുമാത്രം പരിചയമുള്ള ആഫ്രിക്കയുടെ വന്യസൗന്ദര്യത്തിലേയ്ക്ക് ….

ഞാനൊരു വല്ല്യ സഞ്ചാരിയല്ല കേട്ടോ! എന്നാലും കിട്ടുന്ന അവസരങ്ങള്‍ വിടാറില്ല.ഇത്തവണ ഒരു ചെറിയ പ്രോഗ്രാമിന്റെ രൂപത്തിലാണ് അവസരം വന്നത്….അതും ഇത് വരെ കാണാത്ത ഒരിടത്തേയ്ക്ക്!…കറുത്ത ഭൂഖണ്ഡം എന്ന് പല കാരണങ്ങള്‍ കൊണ്ടും മാലോകര്‍ വിശേഷിപ്പിക്കുന്ന ആഫ്രിക്കയിലേയ്ക്ക് …കൃത്യമായി പറഞ്ഞാല്‍ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലേയ്ക്ക്!!!!

പോകുന്നു എന്നു കേട്ടപ്പഴേ, വീടിനടുത്തുള്ള ശശി മാഷ്‌ പുരികം വളച്ച് ചോദിച്ചു …’വേറെ സ്ഥലമൊന്നും കിട്ടിയില്ലേ?’ പിന്നീടങ്ങോട്ട് പലരും …”കെനിയയോ?!!!” , “കലിപ്പ് സ്ഥലമാ കേട്ടോ”, “ഒരു തോക്ക് കൂടെ കയ്യില്‍ വെച്ചോ “ എന്നിങ്ങനെയുള്ള ഡയലോഗുകള്‍ ആയിരുന്നു. അവിടെ പോകണമെങ്കില്‍ യെല്ലോ ഫീവറിനുള്ള വാക്സിനേഷന്‍ നിര്ബന്ധമാണ്‌. വില്ലിംഗ്ടന്‍ ഐലന്റില്‍ ഉള്ള പോര്‍ട്ട്‌ ആശുപത്രിയിലേ അത് നടക്കൂ..അവിടെയുള്ള ക്യൂവില്‍ നില്ക്കു മ്പോള്‍ മുന്നിലും പിന്നിലും ഉള്ള ആളുകളും ഇതേ ചോദ്യങ്ങള്‍ ചോദിച്ചതോടെ ഉണ്ടായിരുന്ന ആത്മവിശ്വാസം മുഴുവന്‍ കണ്ടം വഴി ഇറങ്ങിയോടി!!!

കുത്ത് മേടിച്ച് തിരിച്ച് വരുന്ന വഴി ,സംഭവം കാന്‍സല്‍ ചെയ്യണോ എന്നു വരെ ഞാനും ഭാര്യയും ചേര്ന്ന്ച കൂലങ്കഷമായി ആലോചിച്ചു! പക്ഷെ ശക്തരില്‍ ശക്തനായ ഡിങ്കനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം സംഭരിച്ച്, ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനമെടുത്തു!!! നാലഞ്ച് ദിവസം മാത്രമുള്ള യാത്രയാണ്. രണ്ടു ജീന്സും ടീഷര്ട്ടും പൊതിഞ്ഞു പിടിച്ച് ഞങ്ങളിറങ്ങി. അറേബ്യന്‍ എയര്‍ലൈന്‍സ്‌ ഷാര്‍ജ വഴി നമ്മളെ നെയ്‌റോബിയില്‍ എത്തിക്കും.കെനിയയിലെ ഞങ്ങളുടെ ഹോസ്റ്റ് പ്രതാപേട്ടന്‍ ഫുഡ് എല്ലാം ബുക്ക് ചെയ്തിരുന്നതുകൊണ്ട് വല്ല്യ പ്രശ്നമുണ്ടായില്ല.രുചിയെ കുറിച്ച് പറഞ്ഞ് ഈ യാത്രയുടെ സുഖം ഞാന്‍ കളയുന്നില്ല!!!

ഇനി ഫുഡ് ബുക്ക് ചെയ്തിട്ടില്ലെങ്കില്‍, പച്ച വെള്ളത്തിനു വരെ ലവന്മാര്‍ നമ്മുടെ പേഴ്സിനു ബ്ലേഡ് വെയ്ക്കും!!! അറേബ്യന്‍ എയര്‍ലൈന്‍സ്‌ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ്..അതിനാല്‍ അവര്‍ വിമാനത്തിനകത്ത് ടി.വി ഘടിപ്പിച്ചിട്ടില്ല..!!!! അതുകൊണ്ടു തന്നെ ഷാര്‍ജ വരെയുള്ള നാലു മണിക്കൂറും,അതിനു ശേഷമുള്ള അഞ്ചു മണിക്കൂറും മൊബൈലിലോ,ടാബിലോ ടെമ്പിള്‍ റണ്‍,ലൂഡോ, സ്നേക്ക് ആന്ഡ്്‌ ലാഡര്‍ പോലുള്ള വിജ്ഞാനപ്രദമായ ഗെയിമുകള്‍ കളിക്കുകയോ കൂര്‍ക്കം വലിച്ച് ഉറങ്ങുകയോ മാത്രമേ രക്ഷയുള്ളൂ!!!

എന്തൊക്കെപ്പറഞ്ഞാലും പുതിയൊരു രാജ്യം നമുക്കു വേണ്ടി കാത്തിരിക്കുന്നു എന്ന തോന്നല്‍ ഞങ്ങളെ ആവേശഭരിതരാക്കി! അതാ, നെയ്റോബി …ഏകദേശം ഉച്ചയ്ക്ക് 1.30 ആയിക്കാണും. ഉണക്കപ്പുല്ലുകള്‍ നിറഞ്ഞ ,ഇടയ്ക്കിടെ പച്ചത്തുരുത്തുകള്‍ ഉള്ള നാട് …സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നഗരമാണിത്‌…

എയര്‍പോര്‍ട്ടില്‍ ഇറങ്ങി…മലയാള സിനിമകളില്‍ മാത്രം കാണുന്ന വില്ലന്മാരുടെ സങ്കേതമായ ഒരു ഗോഡൌണ്‍ പോലെയുള്ള സ്ഥലം!!! (മെയിന്റനന്സ് നടക്കുകയാണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു!)..പറഞ്ഞിരുന്ന പോലെ ക്രിസ്ടഫര്‍ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു…കറുത്ത വര്ഗക്കാരനെങ്കിലും പ്രസന്നമായ മുഖമുള്ളവനായിരുന്നു ക്രിസ്ടഫര്‍. ഞങ്ങളുടെ വിസ, ഇമിഗ്രേഷന്‍ എല്ലാം ക്രിസ്ടഫര്‍ ഉള്ളതിനാല്‍ എളുപ്പത്തില്‍ നടന്നു. ബാഗ് ചെക്ക് ചെയ്ത, ഏകദേശം ആറര അടി ഉയരമുള്ള ഒരു ചേച്ചി ഇംഗ്ലീഷില്‍ പറഞ്ഞ തമാശ മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ നന്നായി ചിരിച്ചു! പുറത്ത് പ്രതാപേട്ടന്‍ കാത്തു നില്പുണ്ടായിരുന്നു! കെനിയയില്‍ വളരെ വര്ഷ്ങ്ങളായി ഉള്ള പ്രസന്ന വദനനായ ഒരു മനുഷ്യന്‍.ഒരു വലിയ ഗ്രൂപിന്റെ ജനറല്‍ മാനേജരും, ഒപ്പം അവിടുത്തെ മലയാളികളെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന ആളാണ്‌…

അദ്ദേഹത്തിന്റെ കാറില്‍ മുറിയിലേയ്ക്ക് പോകുന്ന നേരം മുതല്‍,നാട്ടില്‍ നിന്ന് കെനിയയെ കുറിച്ചു കേട്ടതെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഏകദേശം ബാംഗ്ലൂര്‍ പോലെ തോന്നിക്കുന്ന നഗരം(അത്രയും ഗ്ലാമര്‍ കാണില്ല…പക്ഷെ ചെടികളും മരങ്ങളുമെല്ലാം ഏകദേശം അതുപോലെ തന്നെ)…നല്ല കാലാവസ്ഥ.ഈ സമയത്ത് അവിടുത്തെ സമ്മര്‍ ആണ്..എങ്കിലും ചൂട് ഒരു 22 ഡിഗ്രിയേ കാണൂ!! വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥയാണ്…എന്നാല്‍ കൊടും തണുപ്പ് ഉണ്ടാകാറുമില്ല…വീടുകളിലോ ഹോട്ടലുകളിലോ മിക്കവാറും എ.സിയോ ഫാനോ ഇല്ല.

പോകുന്ന വഴിയില്‍ നല്ല ബ്ലോക്കുണ്ട്!…റോഡുകള്‍ ഇന്ത്യയിലേതിനു സമാനം…ഉള്ളിലോട്ടു പോയാല്‍ പക്ഷെ വളരെ പരിതാപകരമാണ് അവസ്ഥ.പോകുന്ന വഴിയിലെല്ലാം വഴിയോര കച്ചവടക്കാരും ഭിക്ഷക്കാരും…അവരുടെ മുഖം ദയനീയമാണ്..ക്രൂരന്മാരെന്ന് നാം മുദ്ര കുത്തുന്നതിനു മുന്പ് ഒരു തവണയെങ്കിലും കാണണം ആ കാഴ്ച! കൊച്ചു കുട്ടികളടക്കം പഴമോ,പമ്പരമോ ഒക്കെ വില്ക്കാനായി ട്രാഫിക് ബ്ലോക്കിലെ കാറുകളുടെ ചില്ലുകളില്‍ മുട്ടുകയാണ്..ഇന്ത്യക്കാരെ അവര്‍ കാശുകാരായാണ് കാണുന്നത്..അല്പം ബഹുമാനവും ഉണ്ട്!യു.കേയിലോ , യു എസ്സിലോ, എന്തിന് ഗള്‍ഫില്‍ പോലും നമുക്ക് കിട്ടാത്ത സാധനമാണ് ഈ ബഹുമാനം. അതിവിടെ…ഈ നെയ്റോബിയില്‍ കിട്ടും!

അവിടെയുള്ള തൊണ്ണൂറു ശതമാനം പൈസക്കാരും ഗുജറാത്തികളാണ്. പണ്ട് റെയില്‍വേ ലൈന്‍ ഉണ്ടാക്കാന്‍ വന്ന് അവിടെ കൂടിയവരാണ്‌ ഭൂരിഭാഗവും.അതിനാല്‍ ഇന്ത്യന്‍ ഹോട്ടലുകളും, രീതികളും എല്ലാം അവിടെ സുലഭമാണ്…ഏകദേശം മുന്നൂറിലധികം മലയാളി കുടുംബങ്ങളും നെയ്റോബിയില്‍ മാത്രം ഉണ്ടത്രേ! …അതുകൊണ്ട് തന്നെ മലയാളി ഹോട്ടലുമുണ്ട്…!!!എണ്ണമറ്റ ഹിന്ദു അമ്പലങ്ങളും നെയ്റോബിയില്‍ ഉണ്ടെന്നത് അവിശ്വസനീയമായിരുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്ള ഈ രാജ്യം മത സൌഹാര്ദ്ദമത്തിന്റെ പ്രതീകവുമാണ്!

ഒരു മ്യൂസിക് ഷോവിനു വേണ്ടിയാണ് പോയത്.ഞങ്ങളുടെ പ്രോഗ്രാമുകളെല്ലാം കഴിഞ്ഞതിനു ശേഷം ഒരു കൊച്ചു കറക്കം! ഞാനും, ഫാര്യയും പിന്നെ തുഷാറും! നെയ്റോബി നാഷണല്‍ പാര്‍ക്ക്‌ , ക്രോക്കോഡൈല്‍ പാര്‍ക്ക്‌ എന്നിവിടങ്ങില്‍….

ലോകത്തിന്റെ തന്നെ സഫാരി ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നഗരമാണിത്‌! ചെന്നിറങ്ങിയത് മുതല്‍ ആളുകള്‍ ചോദിക്കുന്നത് മസൈ മാര കാണാന്‍ വന്നതാണോ എന്നാണ്…അതെ, ഏകദേശം 1500 സ്ക്വയര്‍ കിലോ മീറ്റര്‍ പരന്നു കിടക്കുന്ന ലോകത്തിലെ അപൂര്വ്വം റിസര്‍വുകളില്‍ ഒന്നാണത്. നമ്മള്‍ നാഷണല്‍ ജോഗ്രഫിക്കിലും, അനിമല്‍ പ്ലാനറ്റിലും കൂടുതല്‍ കാണാരുള്ളതും ഈ മസൈ മാറ തന്നെയാണ്! പക്ഷെ അവിടെ പോകാനുള്ള സമയം ഇല്ലായിരുന്നു.ഏകദേശം മുന്നൂറു കിലോമീട്ടറിനപ്പുറം കിടക്കുന്ന ആ ലോകാത്ഭുതം(പുതിയ ഏഴു അത്ഭുതങ്ങളില്‍ ഒന്നാണത്) കാണാന്‍ തന്നെ രണ്ടു മൂന്നു ദിവസമെടുക്കും…അത് അടുത്ത സന്ദര്ശനനത്തിലെയ്ക്ക് മാറ്റി വെച്ച്, അതിന്റെ തന്നെ ഒരു ചെറിയ രൂപമായ നാഷണല്‍ പാര്ക്ക് കാണാന്‍ ഇറങ്ങി.

നാഷണല്‍ പാര്ക്ക് ഒട്ടും മോശമല്ല ഏകദേശം അഞ്ചു-ആറു മണിക്കൂര്‍ വേണം ഒന്നു ചുമ്മാ കറങ്ങി വരാന്‍! സിംഹവും,റൈനോ,ജിറാഫ് അടക്കമുള്ള എല്ലാ ഐറ്റംസും ഉണ്ട് താനും! മുകള്‍ ഭാഗം തുറന്ന വാഹനത്തിലാണ് സഫാരി. മൃഗങ്ങള്ക്ക് വേലിക്കെട്ടുകള്‍ ഒന്നുമില്ല…നമ്മളാണ് കൂട്ടിനുള്ളില്‍..അതിനാല്‍ അവരുടെ ശരിയായ ആവാസ വ്യവസ്ഥ അനുഭവിച്ചറിയാം!
ആദ്യം കണ്ടത് ഒരു കാട്ടു പന്നിയെ ആണ്….ഞങ്ങളെ കണ്ട മാത്രയില്‍ പാവം ഓടി മറഞ്ഞു!…പിന്നെ കുറേ നേരം കുറ്റിച്ചെടികളും, ഉണക്കപ്പുല്ലും, പുറ്റുകളും നിറഞ്ഞ കാട്ടിലൂടെ പതിയെ സഞ്ചരിച്ചു…ഒരാളെയും കാണാനില്ല..നമ്മള്‍ മാത്രം! ചുറ്റും നിസ്സീമമായ കാട്…കടല് പോലെ…!നിത്യ ഹരിത വനമല്ല എന്നതിനാല്‍ ഇതിന്റെ വ്യാപ്തി നമുക്ക് കാണാന്‍ കഴിയും!

ചുറ്റും കണ്ണോടിച്ച് നില്ക്കവേയാണ്, ഞങ്ങളുടെ സാരഥി ജോണ്‍ ഒരു സീബ്രയെ കാണിച്ചു തന്നത്…ഞങ്ങളെ കണ്ട മാത്രയില്‍ വാനിന്റെ അടുത്തു കൂടെ ഒരൊറ്റ ഓട്ടമായിരുന്നു! കറുപ്പും വെളുപ്പും ഇത്ര മനോഹരമായി ഒരു ചിത്രകാരനും ഉപയോഗിച്ചു കാണില്ല!…ആ സൌന്ദര്യം ഇത്ര അടുത്ത് കാണുന്നത് ആദ്യമായി ആയിരുന്നു!…രണ്ടു മിനിറ്റ് കഴിഞ്ഞില്ല..ദാ വരുന്നു അന്പതോളം സീബ്രകളുടെ ഒരു കൂട്ടം! വാന്‍ വീണ്ടും നീങ്ങി..കാട്ടു കാള, ഹാർട്ട് ബീസ്റ്റ്, ചെന്നായ, ഒട്ടകപ്പക്ഷി ..ഓരോന്നായി വരവറിയിച്ചു. മാനുകള്‍ പലതരമുണ്ടായിരുന്നു!!പേട മാനുകളും,സീബ്രകളും, കാട്ടുകാളകളും വെള്ളം കുടിയ്ക്കുന്ന ഒരു അരുവിക്കരികിലേയ്ക്ക് ഞങ്ങളെത്തി….അവിടെ ഒരരികില്‍ അവന്‍ നില്പുണ്ടായിരുന്നു!..ഘനമുള്ള വളഞ്ഞ കൊമ്പുകളും, ശക്തമായ ദേഹവും, മുഖത്ത് ആരെയും കൂസാത്ത ഭാവവുമായി ഒരൊത്ത കാട്ടുപോത്ത്!!

പോകുന്ന വഴിയില്‍ രണ്ടു ജിറാഫുകള്‍ കിന്നാരം പറയുന്നത് കണ്ടു! ഇതു വരെ കണ്ടിട്ടില്ലാത്ത പേരറിയാത്ത ചില പക്ഷികള്‍, അഗസ്ത്യ പർവ്വതം പോലെ റൈനോസെറോസ്,കലാരൂപങ്ങള്‍ പോലെ ഇമ്പാലകള്‍ …ഒരല്പ നേരം വാന്‍ നിറുത്തിയപ്പോള്‍ ഭക്ഷണം അടിച്ചു കൊണ്ടു പോയ കുരങ്ങന്മാര്‍ …അങ്ങനെ വര്‍ണിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഓരോ നിമിഷവും അനുഭവ വേദ്യമായി….

വാന്‍ തിരിക്കുകയാണെന്ന് ജോണ്‍ പറഞ്ഞപ്പോള്‍, അയാളുടെ കണ്ണുകളില്‍ ഒരു വിഷമം തങ്ങി നില്പ്പുണ്ടായിരുന്നു.’I couldn’t show you the lion. It is the most attractive sight here!”കാരണം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു…കെനിയക്കാര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്‌.ആ ഭാഷയില്‍ അയാളുടെ ആത്മാർഥത മുഴുവന്‍ ഉണ്ടായിരുന്നു! ശരിയാണ്…ഈ കിടിലം സഫാരി പാർക്കിലെ രാജാവ് നമ്മളെ കാണാതെ ഒളിച്ചു നിന്നു…ഏകദേശം ഇരുപത്തി അഞ്ചോളം സിംഹങ്ങള്‍ അവിടെയുണ്ടത്രേ…അടുത്ത തവണത്തെയ്ക്ക് സർപ്രൈസുമൊരുക്കി കാത്തിരിക്കുകയാവും!!! കാടിന്റെ മുഴുവന്‍ വികാരങ്ങളും ഒളിപ്പിച്ചു വെച്ച ആ ഭൂമികയില്‍ നിന്ന്‍ ഞങ്ങള്‍ തിരിച്ചു…ഗേറ്റ് കടക്കുന്ന വരെയും ഓരോ നോട്ടത്തിലും ഞങ്ങള്‍ ആ ആഫ്രിക്കന്‍ വന്യത തിരഞ്ഞു കൊണ്ടേയിരുന്നു..

പിന്നെ പോയത് മുതലകളേയും,ആമകളെയും,ഒട്ടകപ്പക്ഷികളെയും പാര്പ്പിച്ചിരുന്ന ഒരു പാര്ക്കികലേയ്ക്ക് ആയിരുന്നു. 150 വയസ്സോളം പ്രായമുള്ള മുതലകള്‍ വരെയുള്ള സ്ഥലമാണത്.പല പ്രായത്തിലുള്ള മുതലകളെ പല സ്ഥലങ്ങളില്‍ ആണ് പാര്പ്പി ച്ചിരിക്കുന്നത്… അല്ലെങ്കില്‍ വലിയവ, ചെറുതുകളെ തിന്നുമത്രേ!!…മനുഷ്യനെപ്പോലെ തന്നെ!!ഹ ഹ ..ഒരു അഞ്ചു വയസ്സുകാരന്‍ മുതലയെ ഞാനും ഒന്നു തൊട്ടു നോക്കി…ആമകളും ഒരു പുതിയ അനുഭവമായിരുന്നു.

അവിടുത്തെ ഗൈഡ് ഫാന്വെുല്‍, ആധികാരികമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന, പൊതു കാര്യങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ഒരു യുവാവ് ആയിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ നടക്കുന്ന വര്ഗീയയതകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. നമ്മളെക്കാള്‍ ഉയരവും ശക്തിയുമുള്ള ഒട്ടകപ്പക്ഷികളും, ഒരു മാര്ബി്ള്‍ പാറക്കഷണത്തോട് ഉപമിക്കാവുന്ന അവയുടെ മുട്ടകളും ഞങ്ങളെ അത്ഭുതപ്പെടുത്തി.

കെനിയ …ഒരു കാന്തമാണ്…ഒരിക്കല്‍ അടുത്തു ചെന്നാല്‍, വീണ്ടും വീണ്ടും ആകര്ഷി ക്കുന്ന കാന്തം!മണ്ണിന്റെയും മനുഷ്യന്റെയും പച്ചയായ മുഖമാണ് അവിടെ…അവിടുത്തെ മലയാളികള്‍ക്ക് പോലും അതേ സ്നേഹമുണ്ട്..!! പ്രതാപേട്ടനും,രാധാകൃഷ്ണന്‍ ചേട്ടനും,ബാലുചേട്ടനും, തോമസും, നെല്‍സന്‍ ചേട്ടനും ,അങ്ങനെ കുറേ പേരും തെളിവുകളാണ്!!!ഇംഗ്ലീഷുകാര്‍ പോയതിനു ശേഷം നടന്ന നിരുത്തരവാദപരമായ ഭരണവും, ദാരിദ്ര്യവും, അഴിമതിയും ഇല്ലെങ്കില്‍ ഇനിയും ഒരു വലിയ കുതിപ്പിന് ശേഷിയുണ്ട് ഈ നാടിന്….

ഇനിയും ചെല്ലുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് മടങ്ങിയത്…മസൈ മാറയിലെ തണുപ്പില്‍ ആകാശം നോക്കി മലര്‍ന്നു കിടക്കണം…ആടുന്ന പാമ്പുകൾക്കും , ഓടുന്ന മാനുകൾക്കും ചീറുന്ന സിംഹങ്ങള്‍ക്കുമിടയിലൂടെ വന്യതയുടെ മേളം കൊട്ടിക്കയറണം!

വിവരണം – രഞ്ജിത്ത് എ.ആര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply