ഞങ്ങളുടെ സഹനവും കരുതലും നിങ്ങളുടെ സുരക്ഷയെക്കരുതി – ബസ് കണ്ടക്ടറുടെ കുറിപ്പ്

കുറിപ്പ് – ഷൈനി സുജിത്ത്, കെഎസ്ആർടിസി കണ്ടക്ടർ.

കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകുമ്പോൾ അവനെ കണ്ടിരുന്നു. കോവിഡ് കാലം നഷ്ടപ്പെടുത്തിയ കണ്ടക്ടർ പണി.. വെൽഡിംഗ് ജോലിക്ക് പോകുന്നു. 11 മണിക്ക് മെസ്സേജ് വന്നു. പരിചയമില്ലാത്ത ജോലിക്കിടെ ഷോക്ക് ഏറ്റ് അവൻ പോയി എന്ന്. ഒന്ന് പോയി കാണണം എന്നുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നതല്ലേ വേണ്ട. അവിടെ ഉള്ളവരെ കൂടി എന്റെ സമ്പർക്ക പട്ടിക… പോകുന്നില്ല, കാണുന്നില്ല..

ഇന്ന് അവളുടെ വിവാഹമായിരുന്നു. ആരും കാണുന്നില്ലെങ്കിലും അവള് ഒരുങ്ങിയിട്ടുണ്ടാവും. ഏറ്റവും അടുത്ത വീട് ആണ്. ഒന്ന് പോയി കണ്ട് ആശംസ പറഞ്ഞു വരാം. അല്ലെങ്കിൽ വേണ്ട.. പോകുന്നില്ല. കാണുന്നില്ല. എന്റെ സമ്പർക്ക പട്ടിക ഒരു 50 പേരുടെ സന്തോഷത്തെ ഇല്ലാതെ ആക്കരുത്.

ഓരോ നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. ഒരിക്കൽ തിരിഞ്ഞു നോക്കാതെ ഇറങ്ങേണ്ടി വരും. തയ്യാറാവുന്നുണ്ട്. ഒരു ബാഗ് റെഡി ആക്കി വെച്ചിട്ടുണ്ട്. പോവേണ്ടി വന്നാൽ. ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു തൊണ്ട വേദന തോന്നും. രാവിലെ മോന്റെ നെറ്റിയിൽ പനി ഉണ്ടോ എന്ന് നോക്കി എഴുന്നേൽക്കും. ഒരായിരം വട്ടം മോനു പനി പോലെ ഉണ്ടോ എന്ന് ചോദിക്കും. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ബസ് ജീവനക്കാർ ഇപ്പൊ ആരെന്നോ എന്തെന്നോ ഏതെന്നോ ഇല്ലാതെ പോസിറ്റീവ് കേസുകൾ.

ആകെ ഒരു ആശ്വാസം നെഗറ്റീവ് ആവുന്ന കേസുകൾ ആണ്. ഇനി ഒരു തിരിച്ചുവരവ് ഇല്ലെങ്കിലോ എന്ന ഒരു ആധി ഒഴിയാതെ ഉണ്ട്. ബസിൽ നിന്നും നേരെ ആംബുലൻസിൽ കയറി പോകുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ കണ്ണ് നനയിക്കുന്നുണ്ട്. പൊതുഗതാഗതം കുറച്ചു കാലത്തേക്ക് എങ്കിലും നിർത്തിവചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്..

നമുക്ക് വന്നാൽ സഹിക്കാം. മോന് വന്നാൽ എന്ത് ചെയ്യുമെന്ന അച്ഛന്റെ ആധിയിൽ കണ്ണുകൾ നിറയുന്നുണ്ട്. ഇതുവരെ കുഴപ്പമില്ലാതെ പോയി. ദയവുചെയ്ത് പനിയോ മറ്റസുഖമോ തോന്നുന്നവർ പൊതുഗതാഗതം ഒഴിവാക്കണം. എത്ര പറഞ്ഞാലും മനസ്സിലാകാത്തവർ ഇനിയുമുണ്ട്. മാസ്ക് എടുക്കാൻ മറക്കുന്നവർ വരെ ഉണ്ട്.

ശ്രദ്ധിക്കണം കേട്ടോ. റെഡി ആക്കി വച്ചിരിക്കുന്ന ബാഗുമായി ഇറങ്ങേണ്ടി വന്നാൽ തിരിച്ചു കയറിവരാൻ കഴിയുമോ? കൊണ്ട് പോയി കുഴിയിലേക്ക് തട്ടുമോ? എന്ന് പോലും അറിയാതെ ഞങ്ങൾ കുറച്ചുപേർ നിങ്ങളുടെ ഇടയിലേക്ക്. കണ്ണ് നിറഞ്ഞു പോകുന്ന ത്യാഗവും ആയി പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകർ.. കൈ കൂപ്പി തൊഴേണ്ടവർ പോലീസുകാർ, ബസ് തൊഴിലാളികൾ… ആരെയും വിസ്മരിക്കുന്നില്ല. ജാഗ്രത പാലിക്കൂ.. ഏറ്റവും ഒടുവിലായി… എവിടെയും ഇറങ്ങാതെ വീട്ടിൽ ഇരിക്കുന്ന നിങൾ തന്നെ ആണ് യഥാർത്ഥ ഹീറോസ്…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply