നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒരു സെക്കന്റ് ക്ലാസ് ജനറൽ കമ്പാർട്ട്മെൻറ് യാത്ര

2830 രൂപയും കൊണ്ട് നിങ്ങൾക്ക് എവിടെയൊക്കെ/എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? ഈ ചോദ്യം ഞങ്ങൾ നാലു പേരോടുമാണെങ്കിൽ എല്ലാ ചിലവുകളുമുൾപ്പെടെ പതിമൂന്നു സംസ്ഥാനങ്ങളിലൂടെ പത്തു ദിവസങ്ങളിലായി ഏകദേശം 7000 കിലോമീറ്റർ എന്നായിരിക്കും ഞങ്ങളുടെ ഉത്തരം.മൂന്നാം സെമസ്റ്റർ എക്സാമിന് ശേഷം ഒരു മാസം ലീവുള്ളതുകൊണ്ട് എവിടെയെങ്കിലും പോകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എല്ലാവരും യാത്ര പോകുന്നതിൽ നിന്നും വിഭിന്നമായി റെയിൽവേ ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി, ഓട്ടോ / കാർ വിളിക്കുന്നതിന്നു പകരം ലോക്കൽ ബസും ഷെയർ വാഹനങ്ങളും ഉപയോഗിച്ചും 2 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തേക്ക് നടന്നും പരമാവധി ചെലവ് കുറച്ച് ഒരു യാത്ര പോയാലോ എന്നായി അടുത്ത ചിന്ത. രാത്രികളിലെ ഉറക്കം മുഴുവൻ ട്രൈനിലാക്കിയാൽ സമയവും അതോടൊപ്പം ചിലവും ചുരുക്കാം, രാവിലെ പുതിയ സ്ഥലങ്ങളിൽ എത്തുകയും ചെയ്യാം. അങ്ങനെ ഹൈദരാബാദിലെ ചാർമിനാറിന്റെ മുറ്റത്ത് നിന്ന് കേവലം അജ്മീർ – ഡൽഹി യാത്രയും പ്ലാൻ ചെയ്തിറങ്ങിയ ഞങ്ങൾ തെലങ്കാന – കർണാടക- മഹാരാഷ്ട്ര – ഗുജറാത്ത്-രാജസ്ഥാൻ – പഞ്ചാബ്- ഹരിയാന – ചണ്ഡീഗഡ് – ഹിമാചൽ പ്രദേശ് – ഉത്തരാഗണ്ഡ് – ഉത്തർപ്രദേശ് – ഡൽഹി – രാജസ്ഥാൻ – ഗുജറാത്ത് – മഹാരാഷ്ട്ര – ഗോവ – കർണാടക വഴി കേരളത്തിലെത്തിയപ്പോഴാണ് പതിനഞ്ച് ട്രൈനുകളിലായി ഇത്രയും ദൂരം സഞ്ചരിച്ചെന്ന സത്യം മനസ്സിലാക്കുന്നത്.

Day 1 : ഹൈദരാബാദ് ഡെക്കാൻ സ്റ്റേഷനിൽ നിന്നും ഉച്ചക്ക് 2.40 ന് പുറപ്പെടുന്ന ഹൈദരാബാദ് – മുംബൈ ഹുസൈൻ സാഗർ എക്സ്പ്രസ് ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ആഥിതേയൻ. പിറ്റേന്ന് ദീപാവലി ആയതിനാൽ സീറ്റെല്ലാം ഒരു മണിക്കൂറു മുമ്പേ നിറഞ്ഞു കവിഞ്ഞിരുന്നു. ട്രൈൻ എടുക്കുന്നതിന്നു പത്തു മിനുട്ട് മുമ്പ് എത്തിയ ഞങ്ങളേയും കാത്ത് അപ്പർ ബെർത്തിലെ ഇരുമ്പ് കമ്പികൾ കാത്തിരിക്കുന്നു, പിന്നൊന്നും നോക്കിയില്ല, നാലുപേരും കൂടി രണ്ടു കമ്പികളിലായി ഇരിപ്പുറപ്പിച്ചു. രാത്രിയായപ്പോൾ രണ്ടു പേർ ഒരു ബർത്തിൽ കിടന്നു. ട്രൈൻ തെലങ്കാനയിലെ വിഖാറാബാദ് – കർണാടകയിലെ ഗുൽബർഗ – മഹാരാഷ്ട്രയിലെ സോളാപൂർ – പൂനെ വഴി രാവിലെ അഞ്ചു മണിക്ക് മുംബെയിലെ പ്രധാനപ്പെട്ട സ്റ്റേഷനായ ദാദറിൽ എത്തി.

Day 2 : തൊട്ടടുത്ത പള്ളിയിൽ പോയി നിസ്കരിച്ചു ഒരു മണിക്കൂർ വിശ്രമിച്ചു. ഏകദേശം ഏഴു മണിയോടെ ഗേറ്റ് വേ ഓഫ് ഇന്ത്യയും മുംബൈ ഭീകരാക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ താജ് ഹോട്ടലും കാണാൻ വേണ്ടി തിരിച്ചു.മുംബൈ സബർബൻ ട്രൈനിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തു വെച്ചതുകൊണ്ട് വഴി ചോദിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല. 465 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, ദിവസവും 75 ലക്ഷം യാത്രക്കാരേയും വഹിച്ചുകൊണ്ട് 2342 ട്രൈൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സബർബർ മുംബൈ നഗരത്തിലെ ട്രാഫിക്ക് ഗണ്യമായി കുറക്കുന്നതിൽ വലിയ പങ്കാണു വഹിക്കുന്നത്. 2.64 ബില്യൺ (264 കോടി) യാത്രക്കാരാണ് ഓരോ വർഷവും സബർബൻ ട്രൈനുകൾ ഉപയോഗിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ തൊട്ടടുത്ത സ്റ്റേഷനായ ചർച്ച് ഗേറ്റിൽ ഇറങ്ങി.

പോകുന്ന വഴിയിൽ സബർബൻ റെയിൽവേയുടെ ആസ്ഥാനം, ബേംബെ മ്യൂസിയം, നേവൽ അക്കാദമി തുടങ്ങിയവ കണ്ടു. 1911 ൽ ജോർജ്ജ് അഞ്ചാമൻ രാജാവും ഭാര്യയും ഇന്ത്യ സന്ദർശിച്ചതിന്റെ ഓർമ്മക്ക് ഇന്തോ – സെറാമ്പെനിക് ശൈലിയിൽ 1913 ൽ പണി തുടങ്ങി 1924 പൂർത്തിയാക്കിയ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നിർമാണത്തിന് ചെലവായത് 21 ലക്ഷം രൂപയായിരുന്നു. തൊട്ടുമുമ്പിൽ തന്നെയാണ് ഹോട്ടൽ താജ് സ്ഥിതി ചെയ്യുന്നത്.നിരവധി നിലകളിലായി 560 റൂമുകളും ആയിരത്തി അഞ്ഞൂറോളം ജീവനക്കാരും താജിന് സ്വന്തം. അവിടെ നിന്നും നേരെ പോയത് ജാതിമത ഭേദമന്യേ എല്ലാവരും സന്ദർശിക്കുന്ന മുംബൈയിലെ പ്രസിദ്ധമായ ദർഗകളിൽ ഒന്നായ ഹാജി അലി ദർഗയിലേക്കാണ്.

1431 ൽ നിർമിച്ച ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഉസ്ബെക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഹസ്റത്ത് ഹാജി അലി ശാഹ് ബുഖാരിയാണ്. കരയിൽ നിന്നും അര കിലോമീറ്റർ മാറി കടലിൽ സ്ഥിതി ചെയ്യുന്ന ദർഗയിലേക്ക് കടലിലൂടെ കോൺക്രീറ്റ് പലമുണ്ടെങ്കിലും വേലിയേറ്റ സമയത്ത് വെള്ളം കയറാറുണ്ട്. ശേഷം മുംബൈയിലെ പ്രസിദ്ധമായ മറ്റൊരു ദർഗയായ മാഹിമിലെ ഹസ്റത്ത് മഖ്ദും അലി മാഹിമിയുടെ ഖബറിടവും സന്ദർശിച്ചു. ദാദറിൽ നിന്നും ഉച്ചക്ക് 2.30 നാണ് അജ്മീറിലേക്കുള്ള ദാദർ – അജ്മീർ എക്സ്പ്രസ് പുറപ്പെടുന്നത്. ജനറൽ ബോഗിയിൽ സൂചി കുത്താനിടമില്ലാത്ത തിരക്കായിരുന്നു. മൂന്നു മണിക്കൂർ നിന്നതിന് ശേഷം വൽസാഡ് എന്ന സ്ഥലത്തു നിന്ന് അപ്പർ ബർത്തിൽ സീറ്റുകിട്ടി.ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ് നഗരങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 8.30 ന് ട്രൈൻ അജ്മീറിലെത്തി.

Day 3 : ദർഗക്കടുത്തുള്ള ക്ലോക്ക് റൂമിൽ 10 രൂപ കൊടുത്ത് ബാഗ് ഏൽപ്പിച്ച് ഭക്ഷണം കഴിച്ചു. തൊട്ടടുത്തു തന്നെ കുളിക്കാനും മറ്റുമുള്ള സൗകര്യവുമുണ്ട്. സാധാരണ തിരക്കില്ലാത്ത ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ രാത്രി 8.30 വരെ 1,25,000 പേരാണ് അജ്മീർ ദർഗ സന്ദർശിക്കുന്നത്. ഉറൂസ് സമയത്ത് അത് ഇരട്ടിയോളമാകും. ഗരീബ് നവാസ് (പാവങ്ങളുടെ അത്താണി) എന്നറിയപ്പെടുന്ന ഖാജാ മുഈനുദ്ദീൻ ചിശ്തി എല്ലാ മതസ്ഥരുടെയും അത്താണിയാണെന്ന് പറയാം. ധാരാളം സിഖുകാരേയും മറ്റു മതസ്ഥരേയും അവിടെ കാണാൻ സാധിച്ചു. ദീപാവലി ദിവസം ആയതിനാൽ പതിവിലേറെ തിരക്കുണ്ടായിരുന്നു ദർഗയിൽ. സിയാറത്തിന് ശേഷം തൊട്ടടുത്തുള്ള പള്ളിയിൽ അൽപ്പം വിശ്രമിച്ചു. അടുത്ത ലക്ഷ്യം തൊട്ടടുത്തുള്ള താരാഖഡ് മലനിരകളായിരുന്നു.

ഏകദേശം മൂന്നു മണിയോടെ പുറത്തിറങ്ങി.പോകുന്ന വഴിയിൽ 40 രൂപക്ക് ഒരു പ്ലേറ്റ് മുറാദാബാദ് ബിരിയാണി കഴിച്ചു. 100 രൂപ കൊടുത്താൽ മലയുടെ മുകളിൽ വരെ എത്തിക്കുന്ന ടാക്സി സർവീസുകൾ ധാരാളം ഉണ്ടവിടെ. പക്ഷേ ഞങ്ങൾ ഊടുവഴിയിലൂടെ നടന്ന് മല കയറാൻ തീരുമാനിച്ചു.4 KM നടന്ന് ഏകദേശം 5.30 ഓടെ മലയുടെ മുകളിലെത്തി. അജ്മീർ നഗരം മുഴുവൻ ഒരൊറ്റ ഷോട്ടിൽ പിടിക്കാൻ തക്ക രീതിയിൽ താഴെ കാണാൻ കഴിയുന്നുണ്ടായിരുന്നു. സുൽത്താൻ ശിഹാബുദ്ദീൻ ഗോറിയുടെ കീഴിൽ അജ്മീർ ഗവർണർ ആയിരുന്ന ശഹീദ് മിറാൻ ഹുസൈന്റെ ഖബറിടം ഈ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.ഏഴു മണിക്ക് മലയിറങ്ങിയ ഞങ്ങൾ 8 മണിക്ക് ദർഗയിൽ എത്തി കുറച്ച് സമയം കൂടി സിയാറത്തും മറ്റുമായി അവിടെ ചിലവഴിച്ചു. 10.45 ന് ഡൽഹിയിലേക്കുള്ള ഉദയ്പൂർ സിറ്റി – ഡൽഹി ചേതക് എക്സ്പ്രസ് പിടിക്കാൻ വേണ്ടി 10 മണിയോടെ ഞങ്ങൾ സ്റ്റേഷനിലെത്തി. കൃത്യസമയത്ത് എത്തിയ വണ്ടിയിൽ പതിവിന് വിപരീതമായി ജനറൽ ബോഗി കാലിയായിരുന്നു. ഞങ്ങൾ നാലുപേരും നാല് സീറ്റുകൾ കയ്യടക്കി നീണ്ടു നിവർന്ന് കിടന്ന് രണ്ടു ദിവസത്തെ ഉറക്കം അങ്ങ് തീർത്തു.

Day 4 : രാവിലെ 5.30 ഓടെ ഡൽഹി സറായ് റോഹില്ല സ്റ്റേഷനിൽ എത്തി.അടുത്ത ലക്ഷ്യം ഗോതമ്പു പാടങ്ങൾക്ക് പേരുകേട്ട പഞ്ചാബിലെ സർഹിന്ദ് ആയിരുന്നു. നേരത്തെ തീരുമാനിച്ച 8 മണിക്കുള്ള ഓൾഡ് ഡെൽഹി – പത്താൻ കോട്ട് എക്സ്പ്രസിൽ പോകാൻ വേണ്ടി ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് സർഹിന്ദിന്റെ തൊട്ടുമുമ്പുള്ള ജംഗ്ഷനായ ഹരിയാനയിലെ അംബാല Cantt. വരെ പോകുന്ന ഡൽഹി – കൽക്ക ഹിമാലയൻ ക്വീൻ എക്സ്പ്രസ് മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. ഉടനെ ഓടിക്കൊണ്ടിരിക്കുന്ന ആ ട്രൈനിൽ ചാടിക്കയറി. നിരനിരയായുള്ള പൈൻ മരങ്ങൾക്കിടയിലൂടെ ട്രൈൻ കുതിച്ചു പാഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തത് ടിക്കറ്റെടുത്തിട്ടില്ല എന്നത്. അടുത്ത സ്റ്റേഷൻ 50 കിലോമീറ്റകലെ പാനിപത്തിലാണ്. 20 മിനിട്ട് സ്റ്റേയുള്ള അവിടെ നിന്ന് ടിക്കറ്റും എടുത്ത് കർണാൽ, കുരുക്ഷേത്ര വഴി 9.45 ന് അംബാല Cantt. ജംഗ്ഷനിൽ എത്തി. പുറത്തിറങ്ങി ഭക്ഷണം കഴിച്ച് 11.20 നുള്ള പത്താൻ കോട്ട് എക്സ്പ്രസിൽ കയറി 12 മണിക്ക് സർഹിന്ദിൽ ഇറങ്ങി. സൈക്കിൾ റിക്ഷയിൽ 20 രൂപ കൊടുത്ത് മൂന്നു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാന്റിലേക്കും തുടർന്ന് ഏഴ് പ്രവാചകൻമാരുടെ ഖബറിടമുള്ള ബറാസിലേക്ക് പഞ്ചാബ് റോഡ് വേഴ്സിന്റെ ബസിൽ.ഗോതമ്പിന്റേയും പരുത്തിയുടേയും പാടങ്ങൾക്കിടയിലൂടെ 20 കിലോമീറ്റർ സഞ്ചരിച്ച് ബറാസിൽ എത്തി.

നാലുഭാഗത്തും കണ്ണെത്ത ദൂരത്തോളം ഗോതമ്പു പാടങ്ങൾ മാത്രമുള്ള,ജനസംഖ്യയുടെ 90 ശതമാനവും കൃഷിക്കാരായ മനോഹരമായ ഗ്രാമം. സിയാറത്തിന് ശേഷം തൊട്ടടുത്തുള്ള ഗോതമ്പ് മില്ലും സന്ദർശിച്ച്‌ തിരിച്ച് വീണ്ടും സർഹിന്ദിലേക്ക് .ഒരു പഞ്ചാബി ദാബയിൽ കയറി ഭക്ഷണം കഴിച്ചു. 50 രൂപക്ക് രണ്ടും തരം സബ്ജിയും കൂടെ എത്ര റൊട്ടി വേണമെങ്കിലും കഴിക്കാം. അഞ്ചു മണിയോടെ ഇസ്ലാമിക ലോകത്ത് രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്കർത്താവ് എന്നറിയപ്പെടുന്ന ഇമാം അഹ്‌മദ്‌ സർഹിന്ദിയുടെ മഖാം സിയാറത്തിന് തിരിച്ചു. ഒരു സിഖുകാരനായിരുന്നു ഞങ്ങളുടെ ഓട്ടോ ഡ്രൈവർ. സംസാരത്തിൽ നിന്നും അവരൊക്കെ വലിയ ബഹുമാനത്തോടെയാണ് ഇവിടെ വരാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് സൗജന്യമായി കുളിക്കാനും താമസിക്കാനുമുള്ള സൗകര്യമുണ്ടവിടെ.

സിയാറത്തിന് ശേഷം രാത്രി ഒമ്പതു മണിയോടെ അവിടെ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്ന പഞ്ചാബി സ്പെഷ്യൽ ചിക്കൻ ബിരിയാണിയും കഴിച്ച് സ്റ്റേഷനിലേക്ക് തിരിച്ചു. 11 മണിക്കുള്ള ജനനായക് എക്സ്പ്രസിൽ വീണ്ടും അംബാല Cantt.ലേക്ക്. ജനറൽ കമ്പാർട്ട്മെന്റിൽ ഒരു വാഗൺ ട്രാജഡിക്കുള്ള ആളുണ്ടായിരുന്നു. സീറ്റുപിടിക്കൽ പോയിട്ട് അകത്തേക്ക് പോലും കറാൻ കഴിയുന്നില്ല.പിന്നൊന്നും നോക്കിയില്ല, ഡോറിൽ പിടിച്ച് ഒരു സാഹസിക യാത്ര ഒരു കാൽ ഡോറിന്റെ സൈഡിലും മറ്റൊന്ന് ഒന്നാമത്തേ സ്റ്റെപ്പിലും, സുഹൈലിന്റെ രണ്ട് കാലും രണ്ടാമത്തെ സ്റ്റെപ്പിലും, പിടി വിട്ടാൽ പൊടിപോലുമുണ്ടാകില്ല കണ്ടു പിടിക്കാൻ കൂട്ടിന് 60-70 കിലോമീറ്റർ സ്പീഡും മരം കോച്ചുന്ന തണുത്ത കാറ്റും. ഒരു മണിക്കൂർ നേരത്തെ സാഹസിക പ്രകടനങ്ങൾക്ക് ശേഷം 12 മണിക്ക് അംബാലയിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.

Day 5 : അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശിലെ ഷിംലയാണ്. ഷിംലക്ക് 96 കിലോമീറ്റർ മുന്നേയുള്ള കൽക്ക വരേയേ ബ്രോഡ് ഗേജ് ലൈനുള്ളൂ. അതു കഴിഞ്ഞാൽ കൽക്കയിൽ നിന്നാണ് ഷിംലയിലേക്കുള്ള ടോയ് ട്രൈനുകൾ എന്നറിയപ്പെടുന്ന നാരോഗേജ് ട്രൈനുകൾ സർവീസ് നടത്തുന്നത്.അംബാലയിൽ നിന്നും പുലർച്ചെ 4:30നുള്ള ബാർമർ – കൽക്ക എക്സ്പ്രസ് എത്താൻ ഇനിയും മണിക്കൂറുകളുണ്ട്. സ്റ്റേഷനിലെ വിശാലമായ വിശ്രമമുറിയിൽ പോയി അൽപ്പം ഉറങ്ങി. 4. 30 നുള്ള ട്രൈൻ കയറി ഏകദേശം ഏഴുമണിയോടെ കൽക്കയിലെത്തി. ഷിംലയിലേക്കുള്ള 96 കിലോമീറ്റർ ദൂരത്തിന് വെറും 25 രൂപക്ക് ടോയ്ട്രൈൻ ടിക്കറ്റെടുത്ത് 8.30 പുറപ്പെടുന്ന 4 ബോഗികളുള്ള കുഞ്ഞു ട്രൈനിൽ കയറിയിരുന്നു. സീറ്റെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നെങ്കിലും അധികം തിരക്കില്ല. ഞങ്ങൾ നാലുപേരും കാഴ്ചകൾ കാണാൻ വാതിലിനടുത്ത് പോയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ വേനൽ കാല തലസ്ഥാനമായിരുന്ന ഷിംലയിലേക്ക് ട്രൈൻ സർവീസ് ആരംഭിക്കുന്നത് ഒരു കോടി 60 ലക്ഷം രൂപ നിർമാണ ചിലവുമായി 1898ലാണ്.2008 ൽUNESCOയുടെ ലോക പൈതൃക മാപ്പിൽ ഇടം നേടിയ ഈ പാതയിൽ ചെറുതും വലുതുമായ 864 പാലങ്ങളും 107 ടണലുകളും ഉണ്ട്. 15 KM/hour സ്പീഡിൽ സഞ്ചരിച്ച ടോയ്‌ട്രൈൻ ഉച്ചക്ക് മൂന്നു മണിക്ക് ഷിംലയിൽ എത്തി. തിരക്ക് പിടിച്ച മാൾ റോഡിലൂടെയും റിങ്ങ് റോഡിലൂടെയും നടന്ന് നഗരം വീക്ഷിച്ചു.സൈനിക അക്കാദമിയും ഗവൺമെന്റ് ഓഫീസുകളും ഇരുവശങ്ങളിലായി കണ്ടു. ബ്രിട്ടീഷ് ശൈലിയിലാണ് അധിക കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രമേണ തണുപ്പ് കലാവസ്ഥ കൂടി വന്നു അഞ്ചരയോടെ ഇരുട്ട് വീഴാൻ തുടങ്ങി. 6.30നാണ് തിരിച്ച് കൽക്കയിലേക്കുള്ള ട്രൈൻ. രാത്രി 11.30 ഓടെ തിരിച്ച് കൽക്കയിലെത്തി. കൽക്ക- ഹൗറ എക്സ്പ്രസിൽ കയറി പുലർച്ചെ രണ്ടു മണിക്ക് അംബാല cantt.എത്തി.

Day 6 : യാത്ര ഇനി ഉത്തരാഖണ്ഡിലേക്കാണ്. 4 മണിയുടെ അമൃത്സർ- ഡെറാഡൂൺ എക്സ്പ്രസിൽ 2 മണിക്കൂർ സഞ്ചരിച്ച് റൂർക്കിയിലെത്തി. മഞ്ഞുപുതച്ച റോഡിൽ കൂടെ ഐ.ഐ.ടി യുടെ മുന്നിലൂടെ ഞങ്ങളുടെ ഗുഡ്സ് ഓട്ടോ കുതിച്ചു പാഞ്ഞു. ലക്ഷ്യം 10 കിലോമീറ്റർ അകലെയുള്ള കാളിയാർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന അലാവുദ്ദീൻ അലി അഹ്മദ് സാബിരിയുടെ ഖബറിടമായിരുന്നു. ജനനിബിഡമായ അവിടെ സിയാറത്ത് ചെയ്ത് 9 മണിയോടെ പുറത്തിറങ്ങി. 20 കിലോമീറ്റർ ദൂരമുള്ള ഹരിദ്വാറിലേക്കാണ് ശേഷം നീങ്ങിയത്. ട്രൈനിൽ പോകാനാണ് ആദ്യം വിചാരിച്ചതെങ്കിലും ദർഗക്ക് മുന്നിൽത്തന്നെ ഹരിദ്വാറിലേക്കുള്ള ഷെയർ ഓട്ടോകൾ 40 രൂപക്ക് സർവീസ് നടത്തുന്നത് കണ്ടപ്പോൾ അതിൽ കയറി. പ്രസിദ്ധമായ ഗംഗ ആരതി നടക്കുന്ന ഹർ കി പൗരിക്ക് മുമ്പിൽ ഇറങ്ങി.

ഒഴുക്ക് കുറഞ്ഞ് വറ്റിക്കൊണ്ടിരിക്കുന്ന ഗംഗയിൽ സ്നാനം നടത്താൻ വരുന്നവർക്ക് സൗകര്യത്തിനായി വെള്ളം തടയിണ കെട്ടി തിരിച്ചിട്ടുണ്ട്. സീസണല്ലാഞ്ഞിട്ട് കൂടി വലിയ തിരക്കാണ് അനുഭവപ്പട്ടത്. ഒരു ഭാഗത്ത് മുടി മുറിക്കാൻ വരുന്നവരേയും കാത്ത് ക്ഷുരകന്മാർ നിരന്ന് നിൽക്കുന്നു തൊട്ടടുത്ത് പൂജക്കും മറ്റുമായ ആയിരങ്ങളും. അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു തിരിച്ച് ഹരിദ്വാർ റെയിൽവേ സ്റ്റേഷനിലേക്ക്. മൂന്നു മണിക്കുള്ള ഹരിദ്വാർ – അഹമ്മദാബാദ് യോഗ എക്സ്പ്രസിൽ ഉത്തർപ്രദേശിലെ മുസാഫർനഗർ, മീററ്റ്, ഗാസിയാബാദ് വഴി രാത്രി 10 മണിക്ക് ഓൾഡ് ഡൽഹി റെയിവേ സ്റ്റേഷനിലെത്തി. ഡൽഹി പട്ടേൽ നഗറിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് തൊട്ടു മുന്നിലുള്ള ചാന്ദ്നി ചൗക്കിൽ നിന്നും മെട്രോ പിടിച്ചു.

Day 7 : കൂട്ടത്തിലുള്ള എല്ലാവരും ഇതിന് മുമ്പ് പല തവണ ഡൽഹിയിൽ വന്നിട്ടുള്ളതിനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കൊന്നും പോയില്ല. രാവിലെ നേരെ മെട്രോയിൽ നിസാമുദ്ദീൻ ദർഗയിലേക്ക്. ഉച്ചയോടെ 50 രൂപയുടെ ഒരു ദിവസത്തെ പാസ്സെടുത്ത് ബസ്സിൽ നേരെ ജെ.എൻ.യുവിലേക്ക്. മൂന്നു ബസ്സുകൾ മാറിക്കയറി ഒന്നര മണിക്കൂറുകൊണ്ട് അവിടെയെത്തി. സുഹൃത്ത് ശമീർ രാമല്ലൂരും ശമീം പുളിക്കലും അവിടെ Phd ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ടേണ്ടിവന്നില്ല. ആറു മണിക്ക് ‘where is Najeeb’ Campaign ന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ശരി തരൂരും മറ്റു പ്രമുഖരും പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ അഡ്മിൻ ബ്ലോക്കിൽ നടക്കുന്നത് കാണാനായി. കുറച്ച് സമയം അവിടെ ചിലവഴിച്ച് രാത്രി എട്ടുമണിയോടെ മെട്രോ ട്രൈനിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സുഹ്യത്ത് ബാസിമിന്റെ ക്ഷണപ്രകാരം അവനെ കാണാൻ പോയി.

Day 8 : നാട്ടിലേക്ക് മടങ്ങുന്ന ഇന്ന് ഡൽഹിയിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ സദർ ബസാറിലേക്കായിരുന്നു ആദ്യം പോയത്. ഡ്രസ് , വീട്ടു സാധനങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, കളിപ്പാട്ടങ്ങൾ തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രതേക സെക്ഷനുകളുള്ള ഒരു വലിയ മാർക്കറ്റാണിത്. പന്ത്രണ്ടു മണിക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി. ഉച്ചക്ക് 1.20നാണ് കോഴിക്കോട്ടേക്കുള്ള ചണ്ഡിഗഡ് – കൊച്ചുവേളി സമ്പർക് ക്രാന്തി എക്സ്‌പ്രസ് .ഒരു മണിക്കൂർ വൈകി 2.30 ന് എത്തിയ ട്രൈനിൽ ജനറൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ കാലിയായിരുന്നു. നിസാമുദ്ദീൻ സ്റ്റേഷനിലെ സ്റ്റോപ്പ് കഴിഞ്ഞാൽ രാജസ്ഥാനിലെ കോട്ടയിൽ രാത്രി 9 മണിക്കാണ് അടുത്ത സ്റ്റോപ്പുള്ളത്.

Day 9,10 :  രാവിലെ പത്തു മണിക്ക് മുംബെയിലെ വസായ് റോഡിലെത്തി. അവിടെത്തെ പ്രധാന വിഭവമായ വടാ പാവ് ആയിരുന്നു ഭക്ഷണം. പത്തു രൂപയുടെ പാവും കഴിച്ചിട്ടാണ് മുംബൈയിലെ ഭൂരിഭാഗം പേരും ജോലിക്ക് പോകുന്നത്. 12 മണിക്ക് പനവേൽ സ്റ്റേഷനിൽ എത്തിയ ട്രൈൻ കൊങ്കൺ പാതയിലൂടെ വൈകീട്ട് 5.30ന് രത്നഗിരിയിൽ എത്തി.മഹാരാഷ്ട്രയിലെ രോഹ മുതൽ കർണ്ണാടകയിലെ തോകൂർ വരെ 736 കിലോമീറ്റർ നീണ്ടു കിടക്കുന്ന കൊങ്കണിൽ 1998ലാണ് സർവീസ് ആരംഭിക്കുന്നത്. രണ്ടായിരത്തിലധികം പാലങ്ങളും 91 ടണലുകളും ഉൾപ്പെട്ട കൊങ്കൺ നിർമാണത്തിന് ചുക്കാൻ പിടിച്ചത് മലയാളിയായ ഇ.ശ്രീധരനാണ്. രാത്രി 9 മണിക്ക് ഗോവയിലെ മഡ്ഗാവിലൂടെ ഉഡുപ്പി വഴി പുലർച്ചെ മംഗലാപുരത്ത് എത്തി. യാത്രയുടെ അവസാന ദിവസമായ പത്താം ദിവസം രാവിലെ ഏഴു മണിക്ക് കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ തിരശ്ശീല വീണത് 7000 കിലോമീറ്റർ നീണ്ട ഒരു ജനറൽ കമ്പാർട്ട്മെന്റ് യാത്രക്കായിരുന്നു.

വിവരണം – മഹ്മൂദ് മുഹമ്മദ്‌

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply