ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം

തുടക്കം മുതൽ ഇന്നു വരെ നഷ്ടക്കണക്കുകളാണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക് പറയുവാനുള്ളത്. എന്നാൽ ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില മാറ്റങ്ങൾ സംഭവിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. ഈ മാറ്റങ്ങൾക്ക് കാരണക്കാരൻ അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അന്നുമിന്നും മികച്ച ഗതാഗത മന്ത്രി ആരെന്നു ചോദിച്ചാൽ പാർട്ടി നോക്കാതെ ഏതൊരാളും പറയുന്ന ഒരു പേര്- കെ.ബി.ഗണേഷ്കുമാർ.

കേരളത്തിലെ മുൻമന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ മകനാണ് ‘കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാർ’ എന്ന കെ.ബി. ഗണേഷ് കുമാർ. സിനിമാതാരമായാണ് ഗണേഷ് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നതെങ്കിലും, മന്ത്രിയായതോടെയാണ് സമൂഹത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്. പത്താനാപുരത്ത് നിന്ന് 2001 ൽ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു കൊണ്ടാണ് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ വന്ന് ചേരുന്നത്. തുടക്കം തന്നെ എ.കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിട്ടായിരുന്നു.

മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തനായിരുന്നു ഗണേഷ് കുമാർ എന്ന ഗതാഗതമന്ത്രി. വന്നു കയറിയപാടെ ഒരു മാറ്റവുമില്ലാതെ നഷ്ടത്തിലോടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ അഴിച്ചുപണികൾ നടത്തുവാനും മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹം മുൻകൈയെടുത്തു. അത്രയും നാൾ സ്വന്തം ബോഡി വർക്ക്ഷോപ്പുകളിൽ പണിത ഒരേ ടൈപ്പ് വണ്ടികളുമായായിരുന്നു കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി പുറത്തെ ബോഡി നിർമ്മാതാക്കളെക്കൊണ്ട് ബസ് നിർമ്മിക്കുകയാണ് ആദ്യം ചെയ്ത പരിപാടി.

ഹൈടെക്, IRIZAR ടിവിഎസ് തുടങ്ങിയ ബോഡി നിർമ്മാണശാലകളിൽ കെഎസ്ആർടിസിയ്ക്കായി ബസ്സുകൾ തയ്യാറായി. ടാറ്റയും ലെയ്‌ലാൻഡും ആയിരുന്നു ഇതിനായി തിരഞ്ഞെടുത്ത ബസ്സുകൾ. ഹൈടെക് ബോഡി നിർമാണശാലയിൽ പണിതതു കൊണ്ടാണോ അതോ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഇറങ്ങിയതു കൊണ്ടാണോയെന്നറിയില്ല, ‘ഹൈടെക് ബസ്സുകൾ’ എന്നായിരുന്നു ഇത്തരത്തിൽ പണിതിറക്കിയ ബസ്സുകളെ വിളിച്ചിരുന്നത്. ഇതേ ഹൈടെക് ബസ്സുകളുടെ കാലഘട്ടത്തിൽത്തന്നെ ഹർഷ ബോഡിയിൽ പുറത്തിറക്കിയ ഐഷർ ബസ്സുകൾ ട്രയൽ ആയി കെഎസ്ആർടിസിയിൽ സർവ്വീസ് നടത്തിയിരുന്നു.

പഴയകാലത്തെ ആനവണ്ടികളിലേതിൽ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി മെച്ചപ്പെട്ട സീറ്റുകൾ, ഷട്ടറിനു പകരം ഗ്ലാസ്സുകൾ, വലിപ്പക്കൂടുതൽ, തലയെടുപ്പ് എന്നിവയായിരുന്നു ഹൈടെക് ബോഡിയിൽ ഇറങ്ങിയ ബസ്സുകളുടെ പ്രത്യേകതകൾ. പണ്ടുമുതൽക്കേ കെഎസ്ആർടിസി എന്നു പറഞ്ഞാൽ ചുവപ്പും മഞ്ഞയും കളറുള്ള ബസ്സുകളായിരുന്നു ആളുകളുടെ മനസ്സിൽ ഓടിയെത്തിയിരുന്നത്. എന്നാൽ ഹൈടെക് ബസ്സുകൾക്ക് പുതിയ ലിവെറി ഡിസൈൻ ആയിരുന്നു നൽകിയിരുന്നത്.

സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസ്സുകൾ ഹൈടെക് ബോഡിയുമായി, പുതിയ കളർകോഡിൽ നിരത്തിലിറങ്ങിയപ്പോൾ കണ്ടുനിന്നവർ അമ്പരന്നു പോയി. ഇത് കെഎസ്ആർടിസി തന്നെയാണോ എന്നായിരുന്നു പലരുടെയും സംശയം. ഹൈടെക് ബസ്സുകൾക്ക് പോരായ്മകളും ഉണ്ടായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഇന്നത്തെ ഈ മാറ്റങ്ങൾക്കെല്ലാം കാരണമായത് അവയുടെ വരവോടെയായിരുന്നു എന്നതാണ് യാഥാർഥ്യം.

അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച ലക്ഷ്വറി സൗകര്യങ്ങളുമായി വോൾവോ എസി എയർബസ് സർവ്വീസ് കൂടി കെഎസ്ആർടിസി ആരംഭിച്ചു. തിരുവനന്തപുരം – പാലക്കാട് റൂട്ടിലായിരുന്നു കെഎസ്ആർടിസിയുടെ ആദ്യത്തെ വോൾവോ ബസ് സർവ്വീസ് നടത്തിയത്. ഗരുഡ എന്ന പേരിലായിരുന്നു കെഎസ്ആർടിസി വോൾവോ സർവ്വീസ് നടത്തിയത്. പിൽക്കാലത്ത് ഈ പേര് ആന്ധ്രപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നേടിയെടുത്തു എന്നത് നമ്മുടെ കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണം മാത്രം. ഇതോടൊപ്പം തന്നെ മിനിബസ്സുകളും കെഎസ്ആർടിസി രംഗത്തിറക്കി. അങ്ങനെ കെഎസ്ആർടിസിയുടെ മാറ്റം അവിടെ നിന്നും തുടങ്ങുകയായിരുന്നു. ഇതോടെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന് ജനപ്രീതി ഇരട്ടിച്ചു.

എന്നാൽ 2003 ൽ പിതാവായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. അന്നുമിന്നും മികച്ച ഗതാഗതമന്ത്രി ആരെന്ന ചോദ്യത്തിന് മലയാളികൾക്ക് ചൂണ്ടിക്കാട്ടുവാൻ ഒരാളേയുള്ളൂ, കെ.ബി. ഗണേഷ് കുമാർ. പിന്നീട് വന്ന മാത്യു ടി.തോമസും കെഎസ്ആർടിസിയിൽ നല്ല രീതിയിലുള്ള കുറെ കാര്യങ്ങൾ നടപ്പിലാക്കുകയുണ്ടായി.

ഗണേഷ് കുമാർ കൊണ്ടുവന്ന ഹൈടെക് ബസ്സുകൾ പിന്നീട് കെഎസ്ആർടിസിയിൽ പുതിയതായി ഇറക്കിയില്ല. അതിനു ശേഷം സ്വന്തം വർക്ക്ഷോപ്പുകളിൽ നിന്നും മികച്ച രീതിയിൽ (പുതിയ രീതിയിൽ) കെഎസ്ആർടിസി ബസ്സുകൾ പുറത്തിറക്കുവാൻ ആരംഭിച്ചു. അങ്ങനെ ഇന്ന് സ്‌കാനിയ മൾട്ടി ആക്സിൽ ബസ്സുകളിൽ വരെ എത്തിനിൽക്കുന്നു കെഎസ്ആർടിസിയുടെ
കാലത്തിനൊത്തുള്ള അവസരോചിതമായ മാറ്റങ്ങൾ. എല്ലാറ്റിനും തുടക്കം കുറിച്ചത് ഗണേഷ് കുമാറും അദ്ദേഹം കൊണ്ടുവന്ന ഹൈടെക് ബസ്സുകളുമായിരുന്നു. ഇന്നും ചില ഓർഡിനറി റൂട്ടുകളിൽ ഹൈടെക് ബസ്സുകൾ തലയെടുപ്പോടെ ശബ്ദഗാംഭീര്യത്തോടെ സർവ്വീസ് നടത്തുന്നത് കാണാം. “കെഎസ്ആർടിസിയെ രക്ഷിക്കുവാൻ ഒരിക്കൽക്കൂടി കെ.ബി. ഗണേഷ് കുമാറിനു അവസരം കൊടുത്തുകൂടെ?” എന്നാണു ഇന്നും പൊതുജനം ചോദിക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply