ഇറ്റലിയിലേക്കുള്ള യാത്ര എനിക്കു സമ്മാനിച്ച അനുഭവങ്ങള്‍…

ഇറ്റലിയിലേക്കുള്ള ഒരു യാത്ര മനസ്സിൽ ഉറപ്പിച്ചപ്പോൾ തന്നെ പണ്ട് സ്കൂളിൽ സാമൂഹ്യപാഠം പുസ്തകത്തിൽ കണ്ട കൊളോസിയത്തിന്റെ ചിത്രവും , ഈ ഗ്രാവിറ്റി ഒക്കെ എന്നാ ഉണ്ടായത് എന്ന പുച്ഛഭാവത്തിൽ നിൽക്കുന്ന പിസാ ഗോപുരവും , ദൈവം പ്രകൃതി ഭംഗി ആവോളം നൽകി അനുഗ്രഹിച്ച ടുസ്‌കാനി എന്ന പ്രദേശവും ആണ് മനസ്സിലേക്ക് വന്നത് . ചരിത്രാന്വേഷികളുടെ പറുദീസയാണ് ഇറ്റലി . റോമാക്കാരുടെ സമ്പത്തിന്റെയും , നിർമ്മാണ വൈദഗ്ദ്യത്തിന്റെയും സ്മാരകങ്ങളായി , അനേകങ്ങളായ ആക്രമണങ്ങളെയും , പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച് , തലയെടുപ്പോടെ സഞ്ചാരികൾക്കു കണ്ണിനും ,മനസ്സിനും ആനന്ദം പകർന്ന് നിൽക്കുന്ന അനേകം ചരിത്രശേഷിപ്പുകൾ . കൊളോസിയത്തെ കൂടാതെ പാന്തിയോൺ , റോമൻ ഫോറം , ട്രെവി ഫൗണ്ടൈൻ , സ്പാനിഷ് സ്‌റ്റെപ്സ് , വിക്ടർ ഇമ്മാനുവൽ രണ്ടാമൻ സ്മാരകം , പാലറ്റിൻ ഹിൽ , പിയാസ നവോന , പിന്നെ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ അങ്ങിനെ എണ്ണിയാൽ തീരാത്തത്ര ..

ദോഹയിൽ നിന്ന് ഇസ്താൻബുൾ വഴി ട്രാൻസിറ്റ് അടക്കം ഏകദേശം എട്ട് മണിക്കൂർ യാത്ര ചെയ്താണ് ഞാൻ കൂടി ജോലി ചെയ്യുന്ന ടർക്കിഷ് എയർലൈൻസ് വിമാനം റോമിൽ എത്തുന്നത് . വിമാനം റോമിലെ ഫ്യൂമിച്ചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള പൈലറ്റിന്റെ അനൗൺസ്‌മെന്റ് കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത് . ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ചതു പോലെ റോം നഗരം . വിമാനം ഇറങ്ങി അധികം തടസ്സങ്ങൾ ഒന്നും ഇല്ലാതെ തന്നെ എമിഗ്രേഷനും സെക്യൂരിറ്റി ചെക്കും എല്ലാം കഴിഞ്ഞു പുറത്തിറങ്ങി .

റെയിൽവേ സ്റ്റേഷൻ കണ്ടുപിടിക്കണം . റോമാ ടെർമിനി സ്റ്റേഷന് അടുത്താണ് ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത് . സൈൻബോർഡ് നോക്കി നടന്നു . അവസാനം റോഡിനു മറുവശം ട്രെയിൻ സ്റ്റേഷന്റെ സൈൻ കണ്ടു . നല്ല തിരക്കുള്ള സ്റ്റേഷൻ . പല രാജ്യങ്ങളിൽ നിന്നായി എത്തിയ സഞ്ചാരികൾ . പോക്കറ്റടിയുടെ കേന്ദ്രമാണ് റോം എന്ന് വായിച്ചിരുന്നത് കൊണ്ട് പഴ്‌സും മൊബൈലുമെല്ലാം ജീൻസിന്റെ മുന്നിലെ പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത് .നിങ്ങള്ക്ക് ഒരു സൂചനയും നൽകാതെ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ അടിച്ചുമാറ്റുന്നതിൽ അഗ്രഗണ്യന്മാരാണുപോലും ഇവിടുത്തുകാർ . അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ ഈ യാത്രയിൽ ഉടനീളം വളരെ ശ്രദ്ധിച്ചിരുന്നു . കാശും , ബാങ്ക് കാർഡുകളും മറ്റും നഷ്ടപ്പെട്ട് ഒരു പരിചയവും ഇല്ലാത്ത ഒരു രാജ്യത്ത് പെട്ടുപോയാൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ ..

ഏകദേശം നാൽപ്പതു മിനിറ്റ് എടുത്തു റോം ടെർമിനി സ്റ്റേഷനിൽ എത്താൻ . പുറത്തിറങ്ങി ബുക്ക് ചെയ്ത ഹോട്ടൽ ഗൂഗിൾ മാപ്പിൽ അടിച്ചുനോക്കിയപ്പോൾ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം ഉണ്ട് . ട്രോളി ബാഗും വലിച്ചു നടന്നു . ഗൂഗിൾ മാപ്പ് കൊണ്ട് ചെന്നെത്തിച്ചത് നിരനിരയായി വലിയ വീടുകൾ പോലെ തോന്നിച്ച പഴയ കെട്ടിടങ്ങളിൽ ഒന്നിന്റെ മുന്നിലാണ് . വലിയ ഒരു ഇരുമ്പുഗേറ്റ് , അതിന് അരികിലായി ചെറിയ അക്ഷരങ്ങളിൽ എഴുതി വച്ചിരിക്കുന്നു , ” ക്രിസ്റ്റിന ഹോട്ടൽ ” . അതിന് താഴെ കാളിങ് ബെല്ലിന്റെ ഒരു ചെറിയ സ്വിച്ച് . നാലഞ്ച് പ്രാവശ്യം ബെൽ അടിച്ചിട്ടും ആളനക്കമൊന്നും കേൾക്കുന്നില്ല . മൊബൈലിൽ ഹോട്ടലിന്റെ നമ്പർ എടുത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഒരാൾ വന്ന് ഗേറ്റ് തുറന്നു . ഒരു മധ്യ വയസ്കയായ സ്ത്രീ . താമസിച്ചതിന് കാരണം ഹോട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം മുകളിലത്തെ നിലയിൽ ആയിരുന്നെന്നും , അതിന് ക്ഷമാപണം നടത്തുന്നുവെന്നും അവർ പറഞ്ഞു . അവരുടെ തന്നെ മറ്റൊരു ഹോട്ടൽ രണ്ട് ബ്ലോക്കുകൾക്ക് അപ്പുറത്ത് ഉണ്ടെന്നും നിങ്ങള്ക്ക് അവിടെ താമസിക്കാൻ അവസരം ഒരുക്കാമെന്നും പറഞ്ഞു . എന്റെ എതിർപ്പ് വകവെക്കാതെ എന്റെ കയ്യിൽ നിന്ന് ട്രോളി ബാഗ് വാങ്ങി വലിച്ചു കൊണ്ട് അവർ മുന്നിൽ നടന്നു . അന്ന് റൂമിൽ വിശ്രമിച്ച് പിറ്റേന്ന് മുതൽ കാഴ്ചകൾ കാണാൻ ഇറങ്ങാം എന്നതാണ് പ്ലാൻ .

പിറ്റേന്ന് രാവിലെ തന്നെ ക്യാമറാബാഗും ട്രൈപോഡും എടുത്ത് ഇറങ്ങി . മറ്റു പല രാജ്യങ്ങളിലുമുള്ളതു പോലെ കാഴ്ചകൾ കാണാൻ ഹോപ് ഓൺ – ഹോപ് ഓഫ് ബസ് സർവീസുകൾ ഇവിടെയും ഉണ്ട് . അതിന്റെ സ്റ്റോപ്പുകൾ തലേന്ന് തന്നെ ഓൺലൈനിൽ നോക്കി കണ്ടുപിടിച്ചിരുന്നു . അതിൽ ഹോട്ടലിന് ഏറ്റവും അടുത്തുള്ള ഒരു സ്റ്റോപ്പിനെ ലക്ഷ്യമാക്കി നടന്നു . ഡ്രൈവറിൽ നിന്ന് തന്നെ ടിക്കറ്റ് വാങ്ങി പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു ബസ്സിൽ കയറി ഇരുന്നു . മറ്റ് സ്ഥലങ്ങളിൽ ചെയ്യാറുള്ള പോലെത്തന്നെ ഒന്ന് രണ്ട് പ്രാവശ്യം ബസ്സിൽ ഇരുന്ന് എല്ലാ ടൂറിസ്റ്റ്സ്ഥലങ്ങളും കണ്ടതിനു ശേഷം പിന്നെ കാൽനടയായി നടന്നു വിശദമായി കാണുന്ന ഏർപ്പാടാണ് ഇവിടെയും ചെയ്യാൻ വിചാരിച്ചത് . ഫോട്ടോഗ്രാഫി എന്ന ലക്‌ഷ്യം കൂടി മനസ്സിൽ ഉണ്ടായത് കൊണ്ട് ഫോട്ടോഗ്രാഫി സ്പോട്ടുകൾ കണ്ടു പിടിക്കാനും ഈ ആദ്യമുള്ള ബസ് യാത്ര സഹായിക്കും . ടാക്സിയിലോ , ബസ്സിലോ പോയി ടൂറിസ്റ്റ് സ്പോട്ടിന്റെ മുന്നിലിറങ്ങി അവിടെ നിന്നൊരു സെല്ഫിയുമെടുത്തു തിരിച്ചു പോരുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ റോം നിങ്ങളെ പോലൊരു സഞ്ചാരിക്കുള്ളതല്ല . റോം നടന്നു തന്നെ കാണണം .

രണ്ടര മണിക്കൂർ കൊണ്ടാണ് ബസ് ഒരു പ്രാവശ്യം എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും പോയി യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയത് . അതിൽ നിന്നിറങ്ങി പോകാൻ തയ്യാറെടുത്തു നിൽക്കുന്ന അടുത്ത ബസ്സിൽ കയറി . കൊളോസിയം സ്റ്റോപ്പിൽ ഇറങ്ങി അവിടെനിന്നു നടക്കാനാണ് പ്ലാൻ . ബസ്സിൽ ഉണ്ടായിരുന്ന ഏകദേശം പകുതിയോളം പേരും കൊളോസിയം സ്റ്റോപ്പിൽ ഇറങ്ങി . കാഴ്ചയിൽ തന്നെ ഒരു നിഗൂഢത നിറച്ച് കാലത്തിനും , ആക്രമണങ്ങൾക്കും ,പ്രകൃതി ദുരന്തങ്ങൾക്കും മുന്നിൽ കീഴടങ്ങാതെ , റോമൻ രാജാക്കന്മാരുടെ ക്രൂരവിനോദങ്ങൾക്കും മറ്റും മൂകസാക്ഷിയായി ഈ ആംഫി തിയേറ്റർ തല ഉയർത്തി നിൽക്കുന്നു .

എ ഡി 72 ൽ വെസ്പാസിയാൻ ചക്രവർത്തി ആണ് റോമൻ ഫോറത്തിന് കിഴക്കുവശത്തായി കൊളോസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . അതിന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ടൈറ്റസ് നിർമ്മാണം മുഴുമിപ്പിക്കുകയും , അത് വിനോദങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കുകയും ചെയ്തു . ഡൊമിത്തിയൻ ചക്രവർത്തിയുടെ കാലത്ത് കുറച്ചുകൂടി പരിഷ്‌കാരങ്ങൾ നടത്തി ആംഫി തിയേറ്റർ ഒന്ന് കൂടി വിപുലമാക്കി . വെസ്പാസിയാൻ , ടൈറ്റസ് , ഡൊമിത്തിയൻ എന്നീ ചക്രവർത്തിമാരെയാണ് ഫ്‌ളാവിയൻ രാജവംശം എന്നറിയപ്പെട്ടിരുന്നത് . അതുകൊണ്ട് തന്നെ കൊളോസിയത്തിന് ഫ്‌ളാവിയൻ ആംഫി തിയേറ്റർ എന്നും വിളിക്കാറുണ്ട് . ഫ്‌ളാവിയൻ രാജവംശത്തിന് മുമ്പ് രാജ്യം ഭരിച്ചിരുന്ന നീറോ ചക്രവർത്തി ( അതെ , റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച ആൾ തന്നെ ) സ്ഥാപിച്ച തന്റെ തന്നെ വെങ്കല പ്രതിമയായ കൊളോസസ് ന്റെ പേരിലാണ് ഇന്നും ഈ ലോകാത്ഭുതം അറിയപ്പെടുന്നത് .

എൺപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്ന കൊളോസിയത്തിൽ ആ കാലഘട്ടത്തിൽ അരങ്ങേറിയിരുന്നത് ക്രൂര വിനോദങ്ങളും , പ്രാകൃത ശിക്ഷ നടപ്പാക്കലും മറ്റുമായിരുന്നു . ഗ്ലാഡിയേറ്റർമാർ എന്ന് വിളിച്ചിരുന്ന യോദ്ധാക്കൾക്ക് അവരുടെ ശക്തി തെളിയിക്കാനും അല്ലെങ്കിൽ മരണം വരിക്കാനുമുള്ള ഒരു വേദി . രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഗ്ലാഡിയേറ്റർമാർ പരസ്പരവും , പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി കൊണ്ട് വന്ന കാട്ടുമൃഗങ്ങളോടും അവർ പോരാടി . ട്രയാൻ എന്ന് വിളിച്ചിരുന്ന അവരുടെ ഒരു ആഘോഷത്തിന് 123 ദിവസങ്ങളിലായി പതിനായിരത്തോളം ഗ്ലാഡിയേറ്റർമാരും , അതിൽ കൂടുതൽ മൃഗങ്ങളും പങ്കെടുത്തിരുന്നു എന്നാണു പറയപ്പെടുന്നത് . ഈ മല്സരങ്ങൾക്കിടയിലുള്ള ഇടവേളകളിലാണ് ജാലവിദ്യകളും കൂടാതെ ശിക്ഷ നടപ്പാക്കലും മറ്റും നടന്നിരുന്നത് . പ്രാകൃതമായ ശിക്ഷാനടപടികളിൽ പ്രധാനം കുറ്റവാളിയെ നഗ്നരും നിരായുധരുമാക്കി വന്യ മൃഗങ്ങളുടെ ഇടയിലേക്ക് വലിച്ചെറിയുകയായിരുന്നു . ആ മനുഷ്യരുടെ ദാരുണാന്ത്യം നോക്കി രാജാക്കന്മാരും പ്രഭുകുടുംബങ്ങളും ആസ്വദിച്ചിരുന്നു .ഇന്നും കൊളോസിയത്തിന്റെ ഉള്ളിലൂടെ നടക്കുമ്പോൾ അവിടെ ദാരുണമായി മരണം വരിച്ച പതിനായിരക്കണക്കിന് മനുഷ്യരുടെയും , മൃഗങ്ങങ്ങളുടെയും കരച്ചിൽ തട്ടി പ്രധിധ്വനിച്ച ചുമരുകളും ഇടനാഴികകളും കാണുമ്പോൾ നമ്മുടെ ഉള്ളിലും ഒരു ചെറിയ ഭയം ഉണരും .

ദൈവങ്ങൾക്ക് വേണ്ടിയുള്ള അമ്പലം എന്നാണ് പാന്തിയോൺ അറിയപ്പെടുന്നത് . പല റോമൻ ദൈവങ്ങളുടെയും രൂപങ്ങൾ ഇതിന്റെ ചുവരിൽ കൊത്തിവച്ചിരിക്കുന്നത് കൊണ്ടാവണം ആ പേര് വന്നത് . ഏകദേശം രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള എഞ്ചിനീയറിംഗ് വിസ്മയം ആണ് പാന്തിയോൺ . ഒരു തീപിടിത്തത്തിന് ശേഷം എ ഡി 80 ൽ പുനർനിർമ്മിക്കപ്പെട്ട ഈ നിർമ്മിതി റോമൻ വാസ്തുവിദ്യയുടെ നേട്ടങ്ങളിൽ ഒന്നായി കരുതപ്പെടുന്നു . 43 മീറ്റർ ഉയരമുള്ള ഇതിന്റെ താഴികക്കുടം ഉറപ്പിച്ചിരിക്കുന്നത് ചുമരുകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന തൂണുകളിലാണ് .

റോമൻ ഫോറത്തിന്റെ ശേഷിപ്പുകളിലൂടെയുള്ള നടത്തം റോമൻ സാമ്രാജ്യത്തിന്റെയും , അതോടൊപ്പം പാശ്ചാത്യലോകത്തിന്റെയും പ്രതാപകാലത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുക . ഒരു കാലത്ത് റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാരുടെ കാലടികൾ പതിഞ്ഞ ഇവിടെ ഇന്ന് ഭൂകമ്പങ്ങളിലും മറ്റും തകർന്ന് കുറച്ചു തൂണുകളും ചുമരുകളും മാത്രമായി അവശേഷിച്ചിരിക്കുന്നു . ഇവിടെ നിന്ന് കല്ലുകളും മറ്റും എടുത്തുകൊണ്ടുപോയി മറ്റ് കെട്ടിടങ്ങൾക്കു വേണ്ടി ഉപയോഗിച്ചതും റോമൻ ഫോറത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി .

റോമിലെ മറ്റൊരു ടൂറിസ്റ്റ് ആകർഷണമാണ് സ്പാനിഷ് സ്റ്റെപ്സ് . സ്പെയിനുമായി ബന്ധം ഒന്നും ഇല്ലെങ്കിലും സഞ്ചാരികൾ കൂടുതലായി ഇവിടെ വരുന്നത് ആ ചരിത്രം പേറുന്ന പടികളിൽ ഇരുന്ന് സമയം കൊല്ലാനാണ് . പിയാസ ഡി സ്പാനയിൽ നിന്നും മുകളിലെ ട്രിനിറ്റ ഡി മോന്റി എന്ന ചർച്ചിലേക്കു പോകാൻ വേണ്ടി പണിതതാണ് ഈ 135 പടികൾ . മുകളിൽ പടികൾക്കു അരികിലാണ് പ്രശസ്ത കവി ജോൺ കീറ്റ്സ് ജനിച്ചു വളർന്ന വീട് . ഇന്ന് ഈ കെട്ടിടം കീറ്റ്സ് ഷെല്ലി മെമ്മോറിയൽ ഹൗസ് ആണ് . പടികൾ തുടങ്ങുന്നിടത്ത് ബോട്ടിന്റെ ആകൃതിയിലുള്ള മനോഹരമായ ഒരു ജലധാരയും കാണാം .

റോമിലെ ഏറെക്കുറെ നവീനമായ ഒരു ചരിത്രസ്മാരകമാണ് വിറ്റോറിയാനോ അഥവാ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ സ്മാരകം . 1885 ൽ നിർമാണ പ്രവർത്തികൾ ആരംഭിച്ച് 1911 ൽ ആണ് ഇത് പൂർത്തിയാവുന്നത് . 135 മീറ്റർ നീളത്തിലും , 130 മീറ്റർ ഉയരത്തിലുമാണ് ഈ കൂറ്റൻ സ്മാരകം നിർമ്മിച്ചിരിക്കുന്നത് . ഇറ്റാലിയൻ ജനതയുടെ ഐക്യത്തിന്റെയും വിജയങ്ങളുടെയും സ്മാരകമാണ് ഈ മനോഹര നിർമ്മിതി .

റോമിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പൊതുവെ തെറ്റിദ്ധരിക്കപ്പെട്ടതു പോലെ വത്തിക്കാൻ ഇറ്റലിയുടെ ഭാഗമല്ല . പൂർണ്ണമായും സ്വതന്ത്രമായ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് . അര കിലോമീറ്ററിൽ താഴെ വിസ്തൃതിയുള്ള ഈ രാജ്യത്തിന് പക്ഷെ സ്വന്തമായി തപാൽ സ്റ്റാമ്പുകൾ വരെയുണ്ട് . ഒരു രാജ്യത്തിനകത്ത് തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യം . ലോകത്ത് മൂന്നു രാജ്യങ്ങൾ മാത്രമേ ഇത്തരത്തിൽ ഉള്ളൂ . റോമൻ കത്തോലിക്കരുടെ തലവനായ പോപ്പ് ആണ് രാജ്യത്തലവൻ . സെന്റ് പീറ്റേഴ്സ് ബസിലിക്ക , സെന്റ് പീറ്റേഴ്സ് സ്‌കൊയർ , സിസ്റ്റിൻ ചാപ്പൽ , വത്തിക്കാൻ മ്യൂസിയം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ . യുനെസ്കോയുടെ പൈതൃക നഗരങ്ങളിൽ സ്ഥാനം പിടിച്ച ഒരേയൊരു രാജ്യമാണ് വത്തിക്കാൻ . ഉള്ളിലേക്ക് പ്രവേശിക്കാനുള്ള വരികൾ കണ്ടു ഭയന്നത് കൊണ്ട് അതിന് മിനക്കെടാതെ തിരിച്ചു പോന്നു .

പിറ്റേന്ന് രാവിലെ തന്നെ റോമ ടെർമിനി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിസയിലേക്കു വണ്ടി കയറി . ലോകാത്ഭുതങ്ങളിൽ ഒന്നായ പിസയിലെ ചരിഞ്ഞ ഗോപുരം കാണുകയാണ് ലക്‌ഷ്യം . രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് കണ്ട് തീർക്കാൻ മാത്രമുള്ള ഈ നഗരം കാണാൻ നാല് മണിക്കൂറോളം യാത്ര ചെയ്ത് പോകുന്നതിന്റെ കാരണവും പിസ ഗോപുരം തന്നെ . 1173 ൽ ആയിരുന്നു പിസ ഗോപുരത്തിന്റെ നിർമാണം ആരംഭിക്കുന്നത് . പണി തുടങ്ങി മൂന്നാമത്തെ നില എത്തിയപ്പോഴേക്കും ടവർ ചെറിയാൻ തുടങ്ങി . കളിമണ്ണും ചളിയും കൊണ്ടുള്ള ബേസിൽ പണിതുടയർത്തിയത് കൊണ്ടാണത്രേ ഭാരം വന്നപ്പോൾ ടവർ ചെറിയാൻ തുടങ്ങിയത് .അതോട് കൂടി ടവറിന്റെ നിര്മ്മാണം നിർത്തിവച്ചു . പിന്നെ ഏകദേശം നൂറ് വർഷങ്ങൾക്ക് ശേഷമാണ് ജിയോവാനി ഡി സൈമൺ എന്ന ആർക്കിടെക്ട് ടവറിന്റെ നിർമ്മാണം വീണ്ടും തുടങ്ങുന്നത് . അദ്ദേഹം തറ കൂടുതൽ ബലപ്പെടുത്തി വീണ്ടും നാല് നില കൂടി ഉയർത്തി . പക്ഷെ ടവറിന്റെ ചെരിവ് തുടർന്നുകൊണ്ടിരുന്നു . ഒരു ബെൽ ടവർ കൂടി കെട്ടിയതിന്‌ ശേഷം അദ്ദേഹം പണി നിർത്തിവച്ചു . ഇന്നും ബലപ്പെടുത്താൻ ജോലി തുടർന്നുകൊണ്ടിരിക്കുന്നു . രണ്ടാം ലോകമഹായുദ്ധത്തിൽ സകലകെട്ടിടങ്ങളും , ടവറുകളും തകർത്ത അമേരിക്ക ഈ ടവർ മാത്രം ഒന്നും ചെയ്തില്ല . ടവറിന്റെ ചെരിഞ്ഞ നിർത്തം കണ്ട അമേരിക്കൻ പട്ടാളം നമ്മള് ഒന്നും ചെയ്യാതെ തന്നെ അത് വീണോളും എന്ന് കരുതിയിട്ടുണ്ടാവണം . അത് കൊണ്ട് തന്നെ ഇന്നും ലോകത്തിനു വിസ്മയമായി പിസയിലെ ചരിഞ്ഞ ഗോപുരം അവിടെ നിലകൊള്ളുന്നു . ഇതിനു സമീപം തന്നെയാണ് മനോഹരമായി പണി കഴിപ്പിച്ച സാന്റ് മരിയ കത്തീഡ്രലും , ബാപ്പിസ്റ്റെരിയും . സുന്ദരമായ ഒരു പുൽത്തകിടിയും ഈ കത്തീഡ്രലിനു ചുറ്റും ഒരുക്കിയിട്ടുണ്ട് .

അടുത്ത യാത്ര ഇറ്റലിയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമായ ടുസ്ക്കനിയിലെ സിയന്നയിലേക്കാണ് .ഇന്റർനെറ്റിൽ ഇവിടെ നിന്നുള്ള ചിത്രങ്ങളുടെ മനോഹാരിത കണ്ട് പല പ്രാവശ്യം കൊതിച്ചിട്ടുണ്ട് ഇവിടെ എത്താൻ . ഞാൻ താമസത്തിന് തിരഞ്ഞെടുത്തത് പിയൻസയിലെ ഒരു ഫാം ഹൗസ് ആയിരുന്നു . പിസ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് ട്രെയിനും , രണ്ട് ബസ്സും മാറികയറി വേണം ഇവിടെ എത്താൻ . ഗൂഗിൾ പറഞ്ഞു തന്ന പോലെ അത്ര എളുപ്പം അല്ല അവിടെ എത്തിപ്പെടാൻ എന്ന് യാത്ര തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി . പിസയിൽ നിന്നും രണ്ട് ട്രെയിൻ മാറിക്കയറി ചിയൂസി സ്റ്റേഷനിൽ എത്തി . അവിടെ നിന്ന് മോൺടി പുൽച്ചാനോ എന്ന സ്ഥലത്തേക്ക് ആദ്യം ബസ് കയറണം . ബസ് സ്റ്റേഷനിൽ എത്തി ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ആളോട് ഈ സ്ഥലത്തേക്ക് ടിക്കറ്റ് ചോദിച്ചു . ഇറ്റാലിയൻ സ്ഥലപ്പേര് നമ്മൾ ഉച്ചരിക്കുന്നത് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ പറഞ്ഞതൊന്നും അയാൾക്ക്‌ മനസ്സിലായില്ല . ഇത് കണ്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന കുറച്ചു പെൺകുട്ടികൾ എന്റെ അടുത്തേക്ക് വന്നു സംസാരിച്ചു . അവർക്കു എന്തായാലും കാര്യം പിടി കിട്ടി . കൗണ്ടറിൽ ഇരിക്കുന്ന ആളോട് അവര് തന്നെ സംസാരിച്ച് ടിക്കറ്റും വാങ്ങിത്തന്ന് അവിടെ നിന്ന് കയറാനുള്ള ബസ്സിന്റെ നമ്പറും , മോൺടി പുൽച്ചാനോയിൽ നിന്ന് പിയൻസയിലേക്കുള്ള ബസ്സിന്റെ നമ്പറും പറഞ്ഞു തന്നിട്ടാണ് ആ കുട്ടികൾ പോയത് .

പിയൻസയിൽ വന്ന് ബസ് ഇറങ്ങി . ഒരു ചെറിയ അങ്ങാടി . ടൂറിസ്റ്റ് സീസൺ അല്ലാത്തത് കൊണ്ട് തൊണ്ണൂറ് ശതമാനം കടകളും അടഞ്ഞു കിടക്കുന്നു . നാട്ടില് ഹർത്താലിന് പുറത്തിറങ്ങിയ ഒരു പ്രതീതി . ഗൂഗിൾ മാപ്പിൽ എനിക്ക് താമസിക്കാനുള്ള അഗ്രി ടൂറിസ്‌മോ എന്ന ഫാം ഹൗസ് തിരഞ്ഞു . ഏകദേശം രണ്ടര കിലോമീറ്റര് ദൂരം ഉണ്ട് ബസ്റ്റോപ്പിൽ നിന്ന് . ടാക്സിയോ , മറ്റ് വാഹനങ്ങളോ , എന്തിന് ഒരു സൈക്കിൾ പോലും അവിടെ കാണാനില്ല . ഗൂഗിൾ മാപ്പ് നോക്കി ടാർ പോലും ചെയ്യാത്ത നാട്ടു വഴിയിലൂടെ ട്രോളി ബാഗും വലിച്ചു ഞാൻ നടന്നു . ചില സ്ഥലങ്ങളിൽ ഉരുളൻ കല്ലുകളും , ചരലും ട്രോളിയുടെ നീക്കം തടസ്സപ്പെടുത്തി . ആ നാട്ടുപാത നേരെ പോയത് ഒരു കുന്നിൻ മുകളിലേക്കാണ് . ദൂരെ കുന്നിൻ മുകളിൽ ഒരു ചെറിയ കെട്ടിടം കണ്ട് തുടങ്ങി . എന്റെ താമസസ്ഥലം അത് തന്നെയാവാനാണ് സാധ്യത . കാരണം മറ്റൊരു കെട്ടിടവും ആ ചുറ്റുവട്ടത്തിൽ ഇല്ല . ചുറ്റും മനോഹരങ്ങളായ കൃഷി സ്ഥലങ്ങൾ . വിളവെടുപ്പ് കഴിഞ്ഞ കൃഷി സ്ഥലങ്ങളാണ് മിക്കവാറും . കുറച്ചു സ്ഥലങ്ങളിൽ മാത്രം പച്ചപ്പ്‌ കാണാനുണ്ട് . ഇത്രയും കഷ്ടപ്പെട്ട് ഇവിടെ എത്തിയിട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഫ്രെയിം പോലും ക്യാമെറയിൽ പകർത്താൻ പറ്റാതെ മടങ്ങേണ്ടി വരുമല്ലോയെന്നുള്ള ചിന്ത വിശപ്പിനൊപ്പം എന്നെ നിരാശപ്പെടുത്തി . ഒരു വിധം കഷ്ടപ്പെട്ട് ട്രോളിയും വലിച്ച് ആ ഫാം ഹൗസിലെത്തി . ചുറ്റിലും കിലോമീറ്റര് കണക്കിന് ദൂരത്തിൽ കൃഷി സ്ഥലങ്ങൾ പല വർണത്തിൽ പരന്നു കിടക്കുന്നു . വാതിലിനടുത്തെത്തി നോക്കിയപ്പോൾ പുറത്തു നിന്ന് പൂട്ടിയിരിക്കുന്നു . ചുമരിൽ തൂക്കിയിട്ട നമ്പറിൽ വിളിച്ചപ്പോൾ ഉടമസ്ഥൻ പതിനഞ്ചു മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു . ബാഗെല്ലാം ഉമ്മറത്ത് വച്ച് ഞാൻ ചുറ്റുപാടുമൊന്നു നടന്നു കണ്ടു . വിശപ്പും തളച്ചയും കാരണം പ്രകൃതിയുടെ സൗന്ദര്യം ഒന്നും ആസ്വാദ്യകരമായി തോന്നിയില്ല .

ഉടമസ്ഥൻ താമസിക്കുന്നത് അഞ്ചു കിലോമീറ്റർ അകലെയാണ് . അയാൾ എത്തി വീട് തുറന്നു . ഞാൻ ഡ്രൈവ് ചെയ്ത് വരും എന്നാണ് അയാൾ കരുതിയിരുന്നത് . ഓഫ് സീസൺ ആയതുകൊണ്ട് ടാക്സി ഒന്നും കിട്ടില്ല എന്നും വേണമെങ്കിൽ ഒരു സൈക്കിൾ ഏർപ്പാടാക്കി തരാം എന്നും അയാൾ പറഞ്ഞു . പക്ഷെ സൈക്കിൾ റെന്റിന് കൊടുക്കുന്ന പല ഷോപ്പുകളിലും വിളിച്ചു നോക്കിയെങ്കിലും ആരും തുറന്നിട്ടുണ്ടായിരുന്നില്ല . അവസാനം അയാൾ പറഞ്ഞു , നിങ്ങൾ ഇത്ര ബുദ്ധിമുട്ടി ഇവിടെ വന്നതല്ലേ , രണ്ട് മണിക്കൂർ ഞാൻ ഫ്രീ ആണ് . കുറച്ചു സ്ഥലങ്ങളിൽ ഞാൻ കൊണ്ട് പോകാം എന്ന് . ഒരു ഒന്നൊന്നര മണിക്കൂർ കറങ്ങി തിരിച്ചു പോരുമ്പോൾ എന്റെ ആവശ്യാർത്ഥം അയാൾ എന്നെ പിയൻസ ടൗണിൽ ഇറക്കി . നല്ല വിശപ്പുണ്ട് , കാര്യമായിട്ടെന്തെങ്കിലും കഴിക്കണം എന്നതാണ് ചിന്ത . ഒരുപാട് നടന്നെങ്കിലും റെസ്റ്റോറന്റ്കൾ ഒന്നും തുറന്നിട്ടില്ല . അവസാനം ഒരു ചെറിയ കോഫി ഷോപ് പോലെ ഒരു കട കണ്ടു . നല്ല വേവിച്ച ഇറച്ചി കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു . അന്വേഷണത്തിൽ അത് പോർക്ക് ആണെന്നും , മറ്റൊന്നും ഇപ്പൊ അവിടെ കിട്ടില്ല എന്നും മനസ്സിലായി . വിശപ്പ് കൊണ്ട് ദേഷ്യവും , സങ്കടവും ഒരുമിച്ചു വന്ന നിമിഷം . എന്റെ ജീവിതത്തിലെ ഒരു യാത്രയിലും ഇങ്ങിനെ ഭക്ഷണം കിട്ടാതെ വിഷമിച്ചിട്ടില്ല .

അവിടെ നിന്നിറങ്ങി കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു വീടിന്റെ ഉമ്മറത്ത് ബിസ്ക്കറ്റ് ഉണ്ടാക്കി ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പനക്ക് വച്ചിരിക്കുന്നു .രണ്ട് മൂന്നു പാക്കറ്റുകൾ വാങ്ങി താമസസ്ഥലത്തേക്ക് നടന്നു . അസ്തമയം കഴിഞ്ഞിരുന്നു . റൂമിൽ എത്തി ഒരു ചായയുണ്ടാക്കി കൊറേ ബിസ്‌ക്കറ്റും എടുത്തു കഴിച്ചു കിടന്നു . നല്ല ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരുന്നില്ല . കിലോമീറ്ററുകൾ ചുറ്റളവിൽ ആകെ ഒരു വീടും , അതിൽ മനുഷ്യനായി ഞാനൊരാൾ മാത്രവും എന്ന ചിന്ത എന്നിൽ ഒരു ഭയം വളർത്തി . ചീവീടുകളുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ . ലൈറ്റൊക്കെ ഓഫ് ആക്കിയെങ്കിലും ജനാലയുടെ കാർട്ടണിനിടയിലൂടെ നല്ല വെളിച്ചം റൂമിലേക്ക് വരുന്നു . പുറത്തെ ലൈറ്റ് ഓഫ് ആക്കാൻ മറന്നതാണെന്നു വിചാരിച്ച് മെല്ലെ വാതിൽ തുറന്നു പുറത്തു പോയി നോക്കി . അപ്പോൾ കണ്ടത് ഇറ്റലിയിൽ വന്നതിനുശേഷവും , ഒരു പക്ഷെ എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു കാഴ്ചയായിരുന്നു . തെളിഞ്ഞ ആകാശത്തിൽ കോടാനുകോടി നക്ഷത്രങ്ങൾ മിന്നിക്കളിക്കുന്നു . നക്ഷത്രശോഭയിൽ കുളിച്ചുനിൽക്കുന്ന പ്രകൃതി . ഒരു അഞ്ചുമിനിട്ടിൽ കൂടുതൽ ആ ഭംഗി ആസ്വദിച്ചു നില്ക്കാൻ ഉള്ളിലെ ഭയം എന്നെ അനുവദിച്ചില്ല . കൂടെ ഒരാളും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയൊരു നിമിഷം ആയിരുന്നു അത് . കുറച്ചു നേരം കൂടി ജനലിലൂടെ ആ കാഴ്ച നോക്കി നിന്ന് ഞാൻ ഉറങ്ങാൻ കിടന്നു .

രാവിലെ ഉടമസ്ഥൻ വാതിലിൽ വന്ന് മുട്ടിയപ്പോഴാണ് ഉണർന്നത് . അയാളോട് തന്നെ ഫ്ലോറൻസിലേക്കു പോകാനായി ഒരു ടാക്സി ഏർപ്പാടാക്കാൻ പറഞ്ഞു . അവിടെനിന്നാണ് റോമിലേക്ക് പോകാനുള്ള ട്രെയിൻ കിട്ടുക . കുളിച്ചു വന്നപ്പോഴേക്കും ടാക്സി എത്തി . ഉടമസ്ഥന് നൂറു യൂറോ റൂമിന്റെ വാടകയും , അമ്പതു യൂറോ ഇന്നലെ അയാളുടെ വാഹനത്തിൽ എന്നെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോയതിനും കൊടുത്തു . അതിൽ നൂറു യൂറോ എടുത്ത് ബാക്കി തിരിച്ചു തന്നു . ആ യാത്രക്ക് കൂലി വേണ്ടെന്നും അതിന് പകരമായി ബുക്കിംഗ്.കോം ൽ ഒരു നല്ല റിവ്യൂ എഴുതിയാൽ മതിയെന്നും പറഞ്ഞു . അയാൾക്കും നന്ദിയും പറഞ്ഞു ടാക്സിയിൽ കയറി . ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ആ മനോഹര ഭൂപ്രദേശത്തെ പിന്നിലാക്കി ടാക്സി ഫ്ലോറൻസ് ലക്ഷ്യമാക്കി യാത്ര തുടങ്ങി ….

വിവരണവും ചിത്രങ്ങളും – ഷാജി മന്‍ഷാദ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply