വന്യമൃഗങ്ങള്‍ക്കിടയിലൂടെ ഒരു മുത്തങ്ങ ,ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര…

സെപ്റ്റംബർ 13 പെരുന്നാൾ പിറ്റേന്ന് ആയിരുന്നു ഈ യാത്ര……. പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്,രാഷ്ട്രീയ നേതാവായ മുഹമ്മദ് പാക്യാര,എഞ്ചിനീയർ ആയ ഹാരിസ്,എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയ അർഷദ് എന്നിവരായിരുന്നു സഹ യാത്രികർ. മധ്യാഹ്ന സൂര്യൻ ഒന്ന് മങ്ങിയതോടെ ഞങ്ങൾ യാത്ര തിരിച്ചു. കാറിൽ ആയിരുന്നു യാത്ര.

ഇരുട്ടിൻകീറി മുറിച്ചു കൊണ്ട് രാത്രി മഞ്ഞു പെയ്യുന്ന പാൽ ചുരവും കയറി ബോയ്സ് ടൗണും മാനന്തവാടിയും പിന്നിട്ട ഞങ്ങൾ രാത്രി 10 മണിയോട് കൂടി രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ആയ സുൽത്താൻ ബത്തേരിയിലെത്തി….പെരുന്നാൾ പിറ്റേന്ന് ആയത് കൊണ്ട് തന്നെ റൂമിനു കുറച്ചു അലയേണ്ടി വന്നു….അധികം വൈകാതെ 1300 രൂപയ്ക്ക് 5 പേർക്ക് താമസിക്കാൻ ഒരു റൂം കിട്ടി. ഭക്ഷണവും കഴിച്ചു പ്രഭാതത്തിലെ കാനന കാഴ്ച മനസ്സിൽ കണ്ടു കൊണ്ട് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു.

അതി രാവിലെ തന്നെ എണീറ്റു….. പ്രഭാത കൃത്യങ്ങളും പ്രാര്ഥനയും ഒക്കെ കഴിഞ്ഞു മുത്തങ്ങ ചെക്ക് പോസ്റ്റ് ലക്ഷൃമാകി നീങ്ങി. 6 മണിക്ക് തന്നെ ചെക്ക് പോസ്റ്റ് തുറന്നു. അതി രാവിലെ പാതി സൂര്യ പ്രകാശത്തിൽ വെളിച്ചം കടന്നു വരാൻ മടിക്കുന്ന കൊടും കാട്ടിലെ കാനന പാതയിലൂടെ അതി രാവിലെയുള്ള സഞ്ചാരം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.

മാനുകളും വാനാരന്മാരും യഥേഷ്ടം വിഹരിക്കുന്ന കാഴ്ച. ചീവീടിന്റെ ശബ്ദവും പക്ഷികളുടെ കള കളാരവും സംഗീത ധാരയായി പെയ്തിറങ്ങുന്ന ആ പുലർകാല കാനന യാത്രയിൽ ആദ്യ ലക്ഷൃം,കാർണ്ണടയിലെ കാർഷിക ഗ്രാമമായ ഗുണ്ടൽപേട്ട് ആണ്. കാവേരി നദീ ജല തർക്കം കത്തി നിൽക്കുന്ന സമയം ആയതിനാൽ അത് വഴി പോകാൻ ചെറിയ ഭയമുണ്ടായിരുന്നു. ആ പ്രദേശത്ത് പ്രശ്നങ്ങളൊന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയാണ് ഈ യാത്ര..
മുത്തങ്ങ വന യാത്ര ചെന്നവസാനിക്കുന്നത് പൂ പാടങ്ങൾ കഥ പറയുന്ന മദൂർ എന്നാ ഗ്രാമത്തിലേക്കാണ്. പാതയ്ക്കിരു വശവും നിറയെ പൂ പാടങ്ങൾ.. പക്ഷെ ഓണം ആയതിനാൽ വിളവെടുപ്പൊക്കെ കഴിഞ്ഞിരിക്കുന്നു.

അവിടെ നിന്നും ഒരു ചൂട് സുലൈമാനിയും കുടിച്ചു മണ്ണിന്റെ മക്കൾ പൊന്നു വിളയിക്കുന്ന ഗുണ്ടൽ പെട്ടിലേക്ക് പ്രവേശിച്ചു. പാതയ്ക്ക് അരികിലായി ജോലിക്ക് പോകാൻ നിൽക്കുന്ന ഗ്രാമീണരും പശു കൂട്ടങ്ങളും ആട്ടിൻ കൂട്ടങ്ങളും കാള വണ്ടികളും കൃഷി ഭൂമികളും നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിക്കുന്നു. പഴമയും ഗ്രാമീണതയും ആസ്വദിക്കുന്ന ഒരാൾക്ക് കണ്ണിനും മനസ്സിനും കുളിരേകുമെന്നതിൽ യാതൊരു സംശയവുമില്ല. വഴിയരികിൽ കൃഷി ചെയ്ത തണ്ണി മത്തൻ വിൽപ്പനക്ക് വച്ചിട്ടുണ്ട്. 30 ചെറു തണ്ണി മത്തൻ ഉള്ള ഒരു ചാക്കിനു 220 രൂപ മാത്രം. ഒരു ചാക്ക് ഞങ്ങളും വാങ്ങി…ഗ്രാമീണതയുടെ സൗന്ദര്യം കൂടി വന്നപ്പോൾപഴമയെയും ഗ്രാമീണതയെയും ഒക്കെ അതിരറ്റു സ്നേഹിക്കുന്ന ഹിദായത് വാചാലനായി. ഞങ്ങൾക്കൊക്കെ ഒരു ക്ലാസ് തന്നെ എടുത്തു തന്നു.

ഗുണ്ടപ്പെട്ടിന്റെ ഗ്രാമീണത ആവോളം നുകർന്ന് കൊണ്ട് ഞങ്ങൾ വീണ്ടും മറ്റൊരു കാനന പാതയായ ബന്ദിപൂർ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചു. കാനന ഭംഗി ആസ്വദിച്ചു കൊണ്ട് മുമ്പോട്ട് നീങ്ങിയപ്പോൾ പാതയ്ക്ക് ഓരം ചേർന്ന് ഒരു ആന നിൽപ്പുണ്ടായിരുന്നു. പിടിയാന ആയിരുന്നു. ശാന്തയാണവൾ.. കുറചു നേരം നോക്കി നിന്നു.. അവൾ മാറുന്ന ലക്ഷണമില്ല…..അപ്പുറത്തും ഇപ്പുറത്തും നിർത്തിയിട്ട വണ്ടികൾ ഓരോന്നായി അവൾക്ക് മുമ്പിലൂടെ കടന്നു പോയി..കൂട്ടത്തിൽ ഞങ്ങളും…

മാൻ കൂട്ടങ്ങളും മയിലും കുഞ്ഞുങ്ങളും വാനര വികൃതികളും ഒക്കെ ആയി ആ കാനന യാത്ര ഞങ്ങളുടെ നയനങ്ങൾക്ക് മിഴിവേകി……കുറച്ചു ദൂരം പോയതേ ഉള്ളു….ഒരു തള്ളയാനയും കുഞ്ഞും മേഞ്ഞു നടക്കുന്നു…..വണ്ടി നിർത്തി മതി വരുവോളം കണ്ടു നിന്നു….. മനസ്സിലും ക്യാമെറയിലും ഫോട്ടോകൾ പകർത്തി ……കാനന കാഴ്ചകൾ കണ്ടാസ്വദിച്ചു കൊണ്ട് തമിഴ് അതിർത്തി പ്രദേശമായ ഗൂഡല്ലൂർ ലക്ഷൃമാക്കി നീങ്ങി…..

വിവരണം – സുബൈര്‍ ഉദുമ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply