പഴയ കോട്ടയം : സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച ഒരു ദേശത്തിന്റെ കഥ

ലേഖകൻ – Rajeev Pallikkonam.

ചരിത്രപരവും സാംസ്‌കാരികവുമായ ഒരു പ്രദേശത്തിന്റെ പൈതൃകം ഉയര്‍ത്തിക്കാട്ടുമ്പോള്‍ വര്‍ത്തമാനകാലത്ത് അതിനെന്തു പ്രസക്തി എന്നൊരു വാദം ഉയര്‍ന്നുവരാറുണ്ട്. കേരളത്തിലെ സമകാലീന സാമൂഹ്യാന്തരീക്ഷം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുവാന്‍ കഴിഞ്ഞകാലഘട്ടങ്ങളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം വലിയൊരളവില്‍ സഹായകരമാണെന്നത് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ചരിത്രത്തിന്റെ പ്രയോഗത്തിലുള്ള വിജയമാണത്. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയായ കേരളത്തില്‍, പഴയ കോട്ടയത്തിന്റെ ആസ്ഥാനമായി വിരാജിച്ച തളിയിൽ കോട്ടയുടെയും അനുബന്ധപ്രദേശങ്ങളേയുംപറ്റി കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ച് കേട്ടറിഞ്ഞ കാര്യങ്ങളുടെ മാറ്റുരച്ചുമുള്ള ഒരു വിവരണമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

തിരുനക്കര കേന്ദ്രീകരിച്ചുള്ള പുതിയ കോട്ടയം നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ പഴയ കോട്ടയം സന്ദര്‍ശിക്കേണ്ടിവരുന്ന ഏതൊരാളെയും ഈ പ്രദേശം പ്രത്യേകമായി ആകര്‍ഷിക്കും. ഈ പ്രദേശം പഴയകാലത്ത് എന്തൊക്കെയോ ആയിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് പ്രദേശവാസികളോട് ചരിത്രം ആരായുന്നവര്‍ കുറവല്ല. കേരളത്തിലെ അറിയപ്പെടാത്ത എടുകളില്‍ അവ്യക്തമായി കിടക്കുന്ന ഈ പ്രദേശത്തിന്റെ ചരിത്രം ലിഖിതരൂപത്തിലാക്കുന്.നതിന് ഗൗരവമായ യാതൊരു ശ്രമങ്ങളും നടന്നിട്ടില്ല എന്നോര്‍മ്മിപ്പിക്കട്ടെ.

പന്ത്രണ്ടാംനൂറ്റാണ്ടുമുതല്‍ കേരളത്തിലെ ശക്തിയായിരുന്ന തെക്കുംകൂര്‍ രാജവംശത്തിന്റെ ഭരണതലസ്ഥാനമായി ശോഭിച്ചിരുന്ന പഴയ കോട്ടയം താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും ഗോവിന്ദപുരവും കുമ്മനവും വേളൂരും ഉൾപ്പെട്ടതായിരുന്നു. അറിയപ്പെടുന്ന ഒരു വാണിജ്യകേന്ദ്രമെന്ന നിലയില്‍ താഴത്തങ്ങാടി ഉയര്‍ന്നതും ഈ ഭരണകാലത്താണ്. അതുകൊണ്ടുതന്നെ തെക്കുംകൂര്‍ ഭരണകാലത്തെ കോട്ടയത്തിന്റെ സുവര്‍ണകാലഘട്ടം എന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു.

ഈ പ്രദേശം രാജഭരണത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലായിരുന്നതിനാലാകാം ബ്രാഹ്മണമേധാവിത്വത്തിന്റേതായ അടയാളങ്ങള്‍ കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറവായി ഇവിടെ കാണപ്പെടുന്നതിന്റെ കാരണം. അയിത്തവും മറ്റു ദുരാചാരങ്ങളും കേരളത്തില്‍ അരങ്ങു നിറഞ്ഞാടിയ കാലഘട്ടത്തിലെല്ലാം അവയെല്ലാം ഈ പ്രദേശത്ത് തീണ്ടാപ്പാടകലെയായിരുന്നു എന്നതുതന്നെ ഈ പ്രദേശത്തിന്റെ സാംസ്‌കാരികമായ മഹത്വം എത്ര ഉയര്‍ന്നതായിരുന്നു എന്നതിനു തെളിവായി ശേഷിക്കുന്നു.

വിവിധ മതങ്ങളിലായി വിവിധ ജാതി-ഉപജാതി വിഭാഗങ്ങള്‍ തങ്ങളുടേതായ സാംസ്‌കാരികത്തനിമയോടെതന്നെ, പൈതൃകമായി ലഭിച്ച ആചാരാനുഷ്ഠാനങ്ങളെ പരസ്പരം മാനിച്ച് ഒരുമിച്ചു കഴിഞ്ഞുകൂടുന്ന പ്രത്യേക സാഹചര്യമാണിവിടെയുള്ളത്. ഒരു പക്ഷേ കേരളത്തില്‍ വിവിധ മതങ്ങളുടേതായി ഇത്രയധികം ദേവാലയങ്ങള്‍ അടുത്തടുത്തായി കാണപ്പെടുന്ന സ്ഥലവും വേറെ ഒന്നുണ്ടാവില്ല. വിഭാഗീയവും മൗലികവാദപരവും പ്രതിലോമകരവുമായ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ക്ക് വേരോട്ടം ഇവിടെ പ്രായേണ കുറവായതിനാല്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന ‘സെക്യുലര്‍’ കാഴ്ചപ്പാടിന് പൊതുസമൂഹത്തില്‍ വലിയ തോതില്‍ ഉലച്ചിലൊന്നുമുണ്ടായിട്ടില്ല. ആധുനികകാലത്ത് കേരളസമൂഹത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ മതേതര കാഴ്ചപ്പാടിനെ പുനരുജ്ജീവിപ്പിക്കാന്‍ പഴയ കോട്ടയത്തിന്റെ പ്രാദേശികചരിത്രത്തേയും സാമൂഹ്യവ്യസ്ഥിതിയെയും ഗൗരവമായി പഠിക്കേണ്ടതുമാണ്.

പുരാതനകാലത്ത് ഗൗണ അഥവാ കൗണ എന്നറിയപ്പെട്ടിരുന്ന മീനച്ചിലാര്‍ വേമ്പനാട്ടുകായലിലേയ്ക്കുള്ള പതനത്തോടടുക്കുമ്പോള്‍ അനേകം വളവുതിരുവുകളോടെ ശാന്തയായി ഒഴുകുന്നു. മീനച്ചിലാറിന്റെ നീര്‍ത്തടപ്രദേശമാണ് ഇവിടം. പെരിയാറിന് മുസിറിസ്‌പോലെ, മൂവാറ്റുപുഴയാറിന് സെമ്‌നെ (ചെമ്പ്) പോലെ, പമ്പയാറിന് നെല്‍ക്കിണ്ട (നീര്‍ക്കുന്നം) പോലെ മീനച്ചിലാറിന്റെ തീരത്തുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ പ്രദേശം. ലോകത്തില്‍ മിക്കവാറും നാഗരികതകള്‍ വളര്‍ച്ച പ്രാപിച്ചത് നദീതടങ്ങളിലായിരുന്നുവല്ലോ. അതുപോലെതന്നെ ഗൗണാനദീതടസംസ്‌കാരം വളര്‍ച്ച പ്രാപിച്ചത് പഴയ കോട്ടയത്തായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല.

ക്രിസ്തുവിനുശേഷം ആദ്യശതകങ്ങളില്‍ തന്നെ കീര്‍ത്തികേട്ട വാണിജ്യകേന്ദ്രമായിരുന്നു ഈ പ്രദേശം എന്നതിന് സ്വദേശത്തിലെങ്കിലും വിദേശത്തെങ്കിലും തെളിവുകളുണ്ട്. ചേരസാമ്രാജ്യകാലത്ത് മുഞ്ഞുനാട്ടിലുള്‍പ്പെട്ടിരുന്ന ഇവിടെ കിഴക്കന്‍ മലഞ്ചരക്കുകളുടെ കൈമാറ്റക്കച്ചവടം നടന്നിരുന്നു. ബക്കരെ (പുറക്കാട്)യിലും, സെമ്‌നെ (ചെമ്മനാകരി)യിലും കൊരൈരൂരിലും നടന്നിരുന്ന വിദേശവാണിജ്യത്തില്‍ ഇവിടെ ഇടക്കച്ചവടം നടത്തിയിരുന്ന ചരക്കുകളായിരുന്നു കൂടുതല്‍. കേരളത്തില്‍ ഏറ്റവും മികച്ച കുരുമുളകും ചുക്കും മറ്റു സുഗന്ധവസ്തുക്കളും വിളഞ്ഞിരുന്നത് വൊമ്പൊലിനാട്ടിലായിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ സംഭരിച്ചിരുന്ന അവ മീനച്ചിലാറിലൂടെയും മൂവാറ്റുപുഴയാറിലൂടെയും ചെമ്പിലും താഴത്തങ്ങാടിയിലും അതിരമ്പുഴയിലും എത്തിച്ച് ആദ്യവിപണനം നടത്തിയിരുന്നു. വെമ്പൊലിനാടിന്റെ തലസ്ഥാനം എ.ഡി. 1103 വരെ കടുത്തുരുത്തിയിലായിരുന്നല്ലോ. ഇന്നത്തെ കുട്ടനാടും കുമരകവുമെല്ലാം അന്ന് ഉള്‍ക്കടലിലെ ദ്വീപുകളായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചേര്‍ത്തല ഉള്‍പ്പെട്ട കരപ്പുറം പത്താംനൂറ്റാണ്ടിനുമുമ്പുള്ള ഒരു ചരിത്രരേഖയിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ആ പ്രദേശം പിന്നീട് ഭൂഭ്രംശം മൂലം ഉയര്‍ന്നുവന്നതാണെന്ന് കരുതാം. താഴത്തങ്ങാടിയുടെ പടിഞ്ഞാറേ അതിര്‍ത്തായ ചെങ്ങളം വരെ വേമ്പനാട്ടുകായല്‍ പരന്നുകിടന്നിരുന്നു എന്നു പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം പട്ടണത്തിന്റെ തെക്കന്‍ കവാടമായ കോടിമത വരെ വേമ്പനാട്ടുകായലില്‍ കപ്പല്‍ചാലുണ്ടായിരുന്നു എന്നും പഴമക്കാര്‍ പറയുന്നു. മീനച്ചിലാര്‍, നാട്ടകത്തിന്റെ പടിഞ്ഞാറുള്ള ‘പഴുക്കാനില’യില്‍ വച്ച് വേമ്പനാട്ടുകായലില്‍ പതിച്ചിരുന്നു. പില്‍ക്കാലത്ത് കായല്‍ കൃഷിഭൂമിയായി രൂപാന്തരപ്പെട്ടപ്പോഴാണ് നദിയുടെ പതനം വീണ്ടും പടിഞ്ഞാറോട്ടു നീണ്ട് ആര്‍-ബ്ലോക്കിനോടു ചേര്‍ന്നുള്ള വെട്ടിക്കാട് ആയി മാറിയത്.

ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളില്‍ ഈ പ്രദേശത്ത് ജനവാസം താരതമ്യേന കുറവായിരുന്നു. കുമാരനല്ലൂരും കിടങ്ങൂരും കാടമുറിയും തിരുവല്ലായുമൊക്കെ ബ്രാഹ്മണഗ്രാമങ്ങളെന്ന നിലയില്‍ വികാസം പ്രാപിച്ചിരുന്നു. കിളിരൂര്‍, തിരുവാര്‍പ്പ്, നീലംപേരൂര്‍, പരിപ്പ് എന്നീ പ്രദേശങ്ങള്‍ കാര്‍ഷികമേഖലയുടേതായ ചില പ്രത്യേക സവിശേഷതകളോടെ ജനവാസമേഖലയായി വളര്‍ന്നിരുന്നു.

കാര്‍ഷികവൃത്തി ഉപജീവനമായി സ്വീകരിച്ച പ്രാചീനജനത അടിസ്ഥാനവര്‍ഗ്ഗമെന്ന നിലയില്‍ കഴിഞ്ഞുകൂടിയിരുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ വിജനമായ ഒരു പ്രദേശമായിരുന്നു താഴത്തങ്ങാടിക്കു ചുറ്റുമുണ്ടായിരുന്നത്. എന്നാല്‍ വാണിജ്യത്തിനുതകുന്ന സവിശേഷ സാഹചര്യം പണ്ടുതന്നേ ഈ പ്രദേശത്തെ ശ്രദ്ധേയമാക്കിയിരുന്നു. ഈ വാണിജ്യം അനുദിനം വികസിക്കുകയും അതു വഴി ജനവാസമേഖലയായി വികസിക്കുന്നതിനുള്ള സാധ്യത തനിയെ സംജാതമാകുകയുമാണുണ്ടായത്. അക്കാലത്തെ അധീശവര്‍ഗ്ഗം അത്തരം സാധ്യതകളെ ഗുണകരമാക്കി മാറ്റാന്‍ ശ്രമിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. മുഞ്ഞുനാട്ട് നാടുവാഴികള്‍ തങ്ങളുടെ പ്രധാന ആദായമാര്‍ഗ്ഗമായ കാര്‍ഷികമേഖലയുടെ ഉണര്‍വിനായി അടിമകളെന്ന നിലയില്‍ വിലയ്ക്കുവാങ്ങിയവരെങ്കിലും തങ്ങളുടെ അടിയാളരെ സംരക്ഷിക്കുകയും പരമ്പരാഗതമായ കൃഷിസമ്പ്രദായത്തെ വികസിപ്പിക്കുകയും ചെയ്തു.

ആദിമ ക്രൈസ്തവ ജനസമൂഹം കിഴക്കന്‍ വനമേഖല വെട്ടിത്തെളിച്ച് സുഗന്ധവിളകള്‍ കൃഷി ചെയ്യാനാരംഭിച്ചത് വിദേശികളുമായുണ്ടായിരുന്ന തീരദേശ തുറമുഖങ്ങളിലെ കച്ചവടരംഗത്ത് വന്‍കുതിച്ചുകയറ്റമുണ്ടാക്കി. താഴത്തങ്ങാടി വികസിച്ചപ്പോള്‍ വേണ്ടുംവണ്ണം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഭരണവര്‍ഗ്ഗത്തിനു സാധിച്ചില്ല എന്നൊരു ന്യൂനത ആദ്യകാലങ്ങളില്‍ നേരിട്ടിട്ടുണ്ടാവാം. ചേരസാമ്രാജ്യത്തിലെ പെരുമാള്‍വാഴ്ചയുടെ അന്ത്യത്തോടെ ബ്രാഹ്മണധീശത്വം പൂര്‍ണാകാരം പൂണ്ടപ്പോള്‍ ഇവിടം കേന്ദ്രമാക്കി ഒരു തളി സ്ഥാപിക്കപ്പെട്ടു. ചേരചക്രവര്‍ത്തിമാരെ തെരഞ്ഞെടുക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി കൊടുങ്ങല്ലൂരിനു സമീപമായി ആദ്യകാലത്ത് നാലു തളികള്‍ ഉണ്ടായിരുന്നു. ‘സ്ഥലി’ എന്ന സംസ്‌കൃതവാക്കിന്റെ തത്ഭവമാണ് തളി. വിവിധ ശാസ്ത്രങ്ങളിലും ഭരണതന്ത്രങ്ങളിലും വേദാന്തത്തിലുമെല്ലാം നിപുരണരായിരുന്ന ബ്രാഹ്മണപണ്ഡിതന്മാരുടെ സഭകളായിരുന്നു തളികള്‍. അവരുടെ വാസവും പ്രവര്‍ത്തനരംഗവുമെല്ലാം അവിടെത്തന്നെ. അനുബന്ധമായി ഒരു ശിവക്ഷേത്രം എല്ലാ തളികളുടേയും പ്രത്യേകതയാണ്. പെരുമാള്‍വാഴ്ച അവസാനിച്ച മുറയ്ക്ക് തളികള്‍ കൂടുതല്‍ ഉണ്ടാവുകയും ബ്രാഹ്മണവാഴ്ച ചെറുകിട നാടുവാഴികളുടെ മേല്‍ നേരിട്ടുണ്ടാവുകയുമാണ് ചെയ്തത്. അങ്ങനെ സ്ഥാപിച്ച പതിനെട്ടര തളികളില്‍ ഒന്ന് കോട്ടയത്തായിരുന്നു. പഴയ കോട്ടയത്തിന്റെ ഭൗതികമായ ഉയര്‍ച്ചയായിരിക്കാം ഇവിടം തെരഞ്ഞെടുക്കപ്പെടുവാനുണ്ടായ കാരണം. ഉയര്‍ന്ന കുന്നിനു മുകളില്‍ പടിഞ്ഞാറു ദര്‍ശനമായി ഇന്നു കാണുന്ന തളിയില്‍ ശിവക്ഷേത്രം ഇന്നും കൈലാസതുല്യമായി പരിലസിക്കുന്നതിനാല്‍ ഈ തെരഞ്ഞെടുക്കല്‍ പഴയ കോട്ടയത്തിന്റെ നിയോഗമായി കരുതാനേ കഴിയൂ. കൂട്ടത്തില്‍ ഒന്നു പറയട്ടെ, താഴത്തങ്ങാടി, കോട്ടയം തുടങ്ങിയ സ്ഥലനാമങ്ങള്‍ ഏതാണ്ട് അഞ്ചോ ആറോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രചാരത്തിലുണ്ടായിരുന്നില്ല. രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ സ്ഥലത്തിന്റെ പേരെന്തായിരുന്നു എന്ന് വ്യക്തമല്ല.

തളിയുടെ സ്ഥാപനശേഷം ഈ പ്രദേശം തളിയന്താനപുരം എന്നായി മാറി. പഴയകാല രേഖകളിലെല്ലാം ഈ പേരാണ് കാണപ്പെടുന്നത്. തളിയന്താനപുരത്തെ വിവിധ കമ്പോളങ്ങളില്‍ ഒന്നുമാത്രമായിരുന്നു താഴത്തങ്ങാടി. ആധുനികകാലത്ത് താഴത്തങ്ങാടി എന്ന പേരിന് പ്രസക്തിയേറുകയും അങ്ങനെ പ്രദേശത്തിന്റെയാകെ പേരായി മാറുകയുമാണുണ്ടായത്. 15-ാം നൂറ്റാണ്ടിനുശേഷം തെക്കുംകൂർ രാജാക്കന്മാരുടെ രാജധാനിയായിരുന്നല്ലോ ഈ സ്ഥലം. അക്കാലത്ത് രാജധാനി നിലനിന്നിരുന്ന തളിയില്‍കുന്നിനു ചുറ്റുമായി ഉയര്‍ന്ന ഒരു കോട്ട തെക്കുംകൂര്‍ രാജാവ് നിര്‍മ്മിച്ചിരുന്നു. ആറു കൊത്തളങ്ങളോടുകൂടിയ ഈ കോട്ടയ്ക്ക് കിഴക്കുവശത്തും പടിഞ്ഞാറുവശത്തുമായി പ്രധാന കവാടങ്ങളുണ്ടായിരുന്നു. തെക്കുംകൂറിലെ ഇതര പ്രദേശത്തുകാര്‍ കോട്ടയ്ക്കുള്ളിലെ രാജധാനിയായിരുന്നതിനാല്‍ സ്ഥലത്തെ കോട്ടയകം എന്നു പറഞ്ഞുവന്നു.. കാലക്രമേണ താഴത്തങ്ങാടി ഉള്‍പ്പെടുന്ന പ്രദേശം കോട്ടയമായി മാറി. പതിനെട്ടാം നൂറ്റാണ്ടില്‍ തെക്കുംകൂറിന്റെ പതനത്തോടെ താഴത്തങ്ങാടിയുടെ പ്രാമുഖ്യം നഷ്ടമായപ്പോള്‍ പുതുതായി ഉയര്‍ന്നുവന്ന തിരുനക്കര ജനവാസമേഖലയായും കമ്പോളമായും വികസിച്ചു. അതോടെ കോട്ടയം എന്ന പേര് കിഴക്കോട്ടു നീങ്ങി തിരുനക്കരയില്‍ നിലയുറപ്പിച്ചു. ഇന്നത് വികസിച്ച് ജില്ലയുടെതന്നെ പേരായി മാറി.

ഭൂമിശാസ്ത്രപരമായി ഇടനാടിനെയും തീരപ്രദേശത്തെയും വേര്‍തിരിച്ചുകൊണ്ട് ഈ പ്രദേശം നിലകൊള്ളുന്നു. എക്കല്‍ മണ്ണടിഞ്ഞ് നൂറ്റാണ്ടുകള്‍കൊണ്ട് ഉയര്‍ന്നുവന്ന കാര്‍ഷികമേഖല. എന്നാല്‍ നരിക്കുന്ന്, തളിയില്‍ക്കുന്ന്, വെറ്റാര്‍കുന്ന് എന്നീ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍ ഈ നദീതീരപ്രദേശത്തിന് കാവല്‍ക്കൊത്തളങ്ങളെന്നപോലെ സ്ഥിതിചെയ്യുന്നു.

ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടുമുതല്‍ ഇസ്ലാമതം ഇവിടെ പ്രചരിക്കപ്പെട്ടിരുന്നു എന്നു പൊതുവെ കരുതപ്പെടുന്നു. കേരളത്തിലെ ആദ്യകാല മുസ്ലീം സങ്കേതങ്ങളിലൊന്നാണിവിടം. അന്ത്യപ്രവാചകനായ മുഹമ്മദുനബിയുടെ കാലത്തിനുമുമ്പുതന്നെ അറബികള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. അവര്‍ ഗോത്രപരമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നവരായിരുന്നു. കടല്‍ കടന്നുള്ള കച്ചവടത്തിലൂടെ സമ്പന്നരായ അവര്‍ ഈ പ്രദേശത്ത് താല്‍ക്കാലികമായി താമസമുറപ്പിച്ചിരുന്നു. അറബിക്കച്ചവടക്കാര്‍ക്ക് നാട്ടുകാരുമായുള്ള വൈവാഹികബന്ധം ആദ്യകാലം മുതലേ ഉണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് ഭാരതത്തിലെത്തിയ മാലിക്-ബിന്‍-ദിനാര്‍ എന്ന മതപ്രചാരകനാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പതിനൊന്നോളം മുസ്ലീം പള്ളികള്‍ സ്ഥാപിച്ചതും ‘ ഇസ്ലാംമതത്തെ പ്രചരിപ്പിച്ചതും. അതോടെ താഴത്തങ്ങാടിയിലെ അറബിസംസ്‌കാരം ഉള്‍ക്കൊണ്ട ഒരുവിഭാഗം ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരായിത്തീര്‍ന്നു എന്നും കരുതപ്പെടുന്നു. മാലിക്-ബിന്‍-ഹബീബ് എന്ന മാലിക്ബിന്‍ ദിനാറിന്റെ സഹോദരപുത്രനാണ് കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള നിരവധി മുസ്ലീം പള്ളികളുടെ സ്ഥാപനത്തിനു കാരണക്കാരനായത്. അദ്ദേഹത്തിനൊപ്പം കേരളത്തിലെത്തിയ സഹാബാക്കള്‍ (മതപ്രചാരകര്‍) വിവിധ പള്ളികളിലെ ആദ്യകാല ആരാധനകള്‍ക്കും നേതൃത്വം നല്‍കി. ശൈഖ് അഹ്മദ് (റ) എന്ന സഹാബായാണ് വാസ്തുശൈലിയിലെ അനന്യതകൊണ്ട് ലോകപ്രസിദ്ധമായ താഴത്തങ്ങാടിയിലെ ജൂമാമസ്ജിദിന്റെ ആദ്യത്തെ ഖാസിയായിരുന്നത്. ഏതാണ്ട് 1200 വര്‍ഷത്തോളം പഴക്കം ഈ ആരാധനാലയത്തിനുള്ളതായി പ്രദേശത്തെ മുസ്ലിങ്ങൾ കരുതുന്നു.

തികച്ചും കേരളീയമായി വാസ്തുശില്പശൈലിയെ അറബിക് ശില്പശൈലിയുമായി സമന്വയിപ്പിച്ച് പണിതീര്‍ത്തിരിക്കുന്ന ഈ ഗംഭീരസൗധം താഴത്തങ്ങാടിയിലെ മുസ്ലീം പൈതൃകത്തിന്റെ അഭിമാനസ്തംഭമാണ്. പണ്ടുകാലത്ത് വീതിയേറിയ മീനച്ചിലാര്‍ പള്ളിയുടെ മുറ്റം തഴുകിയാണ് ഒഴുകിയിരുന്നത് എന്നു പറയപ്പെടുന്നു. ഇപ്പോള്‍ നദി പിന്‍വാങ്ങി വിളിപ്പാടകലെയായിക്കഴിഞ്ഞു. തളിയിലെ ശിവക്ഷേത്രവും ഈ പള്ളിയും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണിതീര്‍ത്തത് എന്ന് പഴമക്കാര്‍ പറയുന്നു. കൊടുങ്ങല്ലൂരുനിന്ന് കൊണ്ടുവന്നു പാര്‍പ്പിച്ച വിശ്വകര്‍മ്മജരാണ് ഈ ദേവാലയങ്ങള്‍ പണിതീര്‍ത്തത്. അവരുടെ പിന്‍ഗാമികള്‍ ഇന്നും വേളൂര്‍പ്രദേശത്ത് പാര്‍ത്തുവരുന്നു. ഈ പ്രദേശത്തെ ദേവാലയങ്ങളുടെയും ഇന്നും നിലനില്‍ക്കുന്ന പല പുരാതനഗൃഹങ്ങളുടെയും ശില്പികള്‍ ഈ കുടുംബക്കാര്‍തന്നെ. താഴത്തങ്ങാടിപള്ളിയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ട മൂത്താശാരി പണി തീരുന്ന മുറയ്ക്ക് ഇസ്ലാമികദര്‍ശനങ്ങളില്‍ ആകൃഷ്ടനായി മുസ്ലീമായി മാറിയെന്നൊരു കഥ പറഞ്ഞുകേട്ടുവരുന്നു. അദ്ദേഹം പള്ളിയുടെ മേല്‍ക്കൂട്ട് കയറ്റി ഉറപ്പിച്ചശേഷം ബോധരഹിതനായി നിലംപതിച്ചു മരണപ്പെട്ടെന്നും അദ്ദേഹത്തെ ഈ പള്ളിയില്‍ കബറടക്കിയെന്നും ഐതിഹ്യം. പള്ളിയുടെ കിഴക്കേമുറ്റത്തു കാണപ്പെടുന്ന മഖ്ബറയില്‍ രണ്ട് കബറുകള്‍ ഉണ്ട്. ഈ കബറുകള്‍ ഉന്നതസ്ഥാനീയരായിരുന്ന രണ്ടുപേരുടേതാണെന്ന് ഗ്രഹിക്കാമെങ്കിലും അതാരുടേതാണ് എന്നതിന് ഒരു തെളിവുമില്ല.

പള്ളിയുടെ മുഖവാരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിസ്തൃതമായ കരിങ്കല്‍ത്തൊട്ടി വിസ്മയകരമാണ്. പള്ളിയോടു ചേര്‍ന്നുള്ള കിണറ്റില്‍നിന്ന് കോരിയെടുക്കുന്ന വെള്ളം കല്‍പ്പാത്തിവഴി ഒഴുക്കിവിട്ട് നിറയ്ക്കുന്ന ഈ ചെറിയ ജലസംഭരണയില്‍നിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി ശുദ്ധമാക്കിയതിനു ശേഷമേ പള്ളിയില്‍ പ്രവേശിക്കാനാവൂ.

പള്ളിയുടെ കിഴക്കേ വരാന്തയുടെ ഭിത്തിയില്‍ തടിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഖുര്‍-ആന്‍ വചനങ്ങള്‍ ശില്പകലയുടെ ഉദാത്തമാതൃകകളാണ്. പള്ളിയുടെ അകത്തളത്തിന്റെ മുകള്‍ത്തട്ടിലെ ശില്പവേലകള്‍ സൗന്ദര്യശാസ്ത്രപരമായ മാനങ്ങള്‍ തേടുന്നു. ഇമാമിന്റെ പ്രസംഗപീഠവും അതിനോടുചേര്‍ന്നു സൂക്ഷിച്ചിരിക്കുന്ന ചരിത്രമുറങ്ങുന്ന വാളും ഇവിടെകാണാം. തെക്കുംകൂര്‍രാജാവ് പള്ളിക്ക് സംഭാവന ചെയ്ത വാള്‍ നിക്കല്‍പൂശി അഭിമാനത്തോടെ സൂക്ഷിച്ചിരിക്കുന്ന ഇന്നത്തെ മുസ്ലീം തലമുറയെ അഭിനന്ദിക്കാതെ വയ്യ. പള്ളിയുടെ മുകള്‍ത്തട്ടാണ് വാസ്തുപരമായ സവിശേഷതകള്‍ ഏറെ ഉള്‍ക്കൊള്ളുന്നത്. മേല്‍ക്കൂട്ടിന്റെ നിര്‍മ്മാണത്തിലുള്ള വൈദഗ്ദ്ധ്യം എത്രത്തോളമാകാമെന്നതിന് ഇത് സാക്ഷ്യമാകുന്നു.

പള്ളിയുടെ മുറ്റത്ത് ഒരു നിഴല്‍ ഘടികാരമുണ്ട്. സമചതുരത്തില്‍ ശിലാനിര്‍മ്മിതമായി ഈ ഫലകം തെക്കുവടക്കായി നെടുകേ ഉറപ്പിച്ചിരിക്കുന്നു. നടുഭാഗത്തായി വൃത്താകാരമായ ഒരു ദ്വാരമുണ്ട്. ഈ ശിലയില്‍ സൂര്യപ്രകാശം തട്ടി നിഴലുണ്ടാകുന്നത് കണക്കാക്കിയാണ് ഘടികാരങ്ങളില്ലാതിരുന്ന പഴയകാലത്ത് പകലുള്ള നമസ്‌ക്കാരസമയങ്ങള്‍ ഗണിച്ചിരുന്നത്. ഇന്നും ഈ ഘടികാരം ഇവിടെ കാണാം. പ്രധാന ഹാളിന്റെ വടക്കു കിഴക്കേ ഭാഗത്തേയ്ക്ക് തുറക്കുന്ന വാതിലില്‍ അത്യപൂര്‍വ്വമായ ഒരു മുക്കുറ്റിസാക്ഷ ഉണ്ട്. ഇതുപയോഗിച്ച് മുറി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിന് നല്ല പരിശീലനം വേണം. ആധുനികസാങ്കേതികവിദ്യകളെ വെല്ലുന്ന ഒരു സൂത്രപ്പണിയാണ് ഈ ലഘുവായ ഉപകരണത്തിനുള്ളത്. സന്ദര്‍ശകര്‍ക്ക് വിസ്മയകരമായ കൗതുകം ഈ സാക്ഷ പകര്‍ന്നു നല്‍കുന്നു. പള്ളിയുടെ ചുറ്റുമായി നിരവധി കബറുകള്‍ കാണാം. പഴയ കാലത്ത് വളരെ വിസ്തൃതമായ ഒരു പ്രദേശത്തിന്റെ മഹല്ല് ഈ പള്ളിയുടെ കീഴിലായിരുന്നു. അതിനാല്‍തന്നെ ഈ പള്ളിയോട് ചേര്‍ന്ന് എത്രപേര്‍ അന്ത്യനിദ്ര കൊള്ളുന്നു എന്നത് ഊഹിക്കാന്‍ പോലുമാവില്ല. പള്ളിയുടെ വലതുചേര്‍ന്ന് ചെറിയ ഒരു കുളമുണ്ട്. ഇവിടെ അംഗശുദ്ധി വരുത്തിയാണ് പണ്ടുകാലത്ത് വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തിരുന്നത്. ഈ പള്ളിയും ഇവിടുത്തെ വിശ്വാസികളും പ്രദേശത്തിന്റെ മതേതരസമഭാവനയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. പഠനഗവേഷണത്തിനായി ഇവിടെയെത്തുന്ന ചരിത്രകുതുകികളായവരെ സ്വീകരിച്ച് എല്ലാം വിശദീകരിച്ചു തരുന്നതില്‍ പള്ളിയിലെ ഇമാമും വിശ്വാസികളും ഒരുപോലെ തത്പരരുമാണ്.

ക്രിസ്തുവര്‍ഷം പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ചേരസാമ്രാജ്യവും പെരുമാള്‍ വാഴ്ചയും അവസാനിച്ചതായി കരുതപ്പെടുന്നു. തളിയിലെ ബ്രാഹ്മണസഭ അതോടുകൂടി പ്രബലമാകുകയായിരുന്നു. ശിവക്ഷേത്രത്തിന്റെ സ്ഥാനം അതിനുമുമ്പ് ഉണ്ടായിരുന്നുവോ എന്നതിനു തെളിവുകളില്ല. എന്നാല്‍ തളിയില്‍ സ്ഥാനങ്ങളുടെ പ്രത്യേകതയാണ് പശ്ചിമദര്‍ശന ക്ഷേത്രസങ്കല്പം എന്നതിനാല്‍ ക്ഷേത്രോത്ഭവം തളിയുടെ ആരംഭത്തോടെയാണ് എന്നു വേണം കരുതാന്‍. കൈലാസത്തില്‍ ഭാരതഖണ്ഡം ദര്‍ശനമാക്കി പരമശിവന്‍ ഇരുന്നുരുളുന്നതുപോലെ ഉയര്‍ന്ന തളിയില്‍കുന്നിന്റെ നെറുകയില്‍ പടിഞ്ഞാറോട്ടു തന്നെ നോക്കി ക്ഷേത്രം നിലകൊള്ളുന്നു.

വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ ക്ഷേത്രസന്നിധിയില്‍ പതിവില്ല. ഈ ക്ഷേത്രം ഇന്നു കാണുന്ന നിലയില്‍ പുതുക്കിപ്പണിതത് തെക്കുംകൂര്‍ വാഴ്ചക്കാലത്താണ് എന്നു കരുതാം. വിശാലമായ ക്ഷേത്രമുറ്റത്തോടുകൂടി വാസ്തുശില്പരമായ മികവോടെ ഈക്ഷേത്രം നിലകൊള്ളുന്നു. ഉപദേവതയായി ചെറുവള്ളിക്കാവ് ഭഗവതി (ഭദ്രകാളി) തെക്കുകിഴക്കേ കോണില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഉപപ്രതിഷ്ഠകളില്‍ നാഗദേവതകളെ അടുത്ത കാലത്തായി പുറത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷുവിന് കൊടികയറി പത്താമുദയം ആറാട്ടാണ് നടന്നുവരുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷിപ്രപ്രസാദിയല്ലാത്തതിനാല്‍ കേവലമായ ഭൗതികനേട്ടം ഉന്നമാക്കി ആരാധിച്ചാല്‍ ഫലമില്ലെന്നും എന്നാല്‍ അപായഭീതിയും മരണഭീതിയും ഒഴിവായിക്കിട്ടാന്‍ തളിയില്‍ത്തേവരെ അറിഞ്ഞ് അഭയം പ്രാപിച്ചാല്‍ മതിയെന്നും ഭക്തരുടെ വിശ്വാസം. വേണ്ടുംവണ്ണം ഉപാസിച്ചാല്‍ എന്തും സാധ്യമാകും. അതിന് കഠിനമായ നിഷ്ഠ വേണമത്രെ. അതിനാലൊക്കെയാവാം തളിയില്‍ ശിവനേക്കാള്‍ ശാന്തപ്രകൃതനും ക്ഷിപ്രപ്രസാദിയുമായ തിരുനക്കരത്തേവര്‍ ചഞ്ചലചിത്തരായ സാധാരണക്കാര്‍ക്ക് പ്രിയങ്കരനായത്.

ക്ഷേത്രത്തിന്റെ പടിഞ്ഞാറോട്ടുള്ള വീഥി കുത്തനെ ഇറക്കമാണ്. അതുതീരുന്നത് നദീതീരത്തും. നദി വലതുഭാഗത്തുനിന്നും ഇടത്തോട്ട് ഒഴുകുന്നു. ക്ഷേത്രത്തിലെ അഭിഷേകജലം വടക്കുവശത്തെ ഓവിലൂടെ ഒഴുകി വടക്കുവശത്തുള്ള കുന്നിന്‍ചെരുവിന് താഴെയുള്ള ഭൂതത്താന്‍കുളത്തിലെത്തി അവിടെനിന്നും ചെറിയ തോട്ടിലൂടെ കൗണാനദിയിലെത്തി ദര്‍ശനവശേ ഒഴുകിപ്പോകുന്നു എന്നു സങ്കല്പം. കൈലാസത്തിന് ഗംഗ എങ്ങനെയാണോ അങ്ങനെതന്നെയാണ് ഇവിടെയും. ദിക്കുവച്ചു നോക്കിയാലും എല്ലാം. ഭൂതത്താന്‍കുളം ഇന്നു നികത്തപ്പെട്ടിരിക്കുന്നു. ഗംഗോത്രിക്കു തുല്യമായ ഇവിടെവരെ ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥപ്രവാഹം സങ്കല്പം മാത്രം.

താഴത്തങ്ങാടി-കുളപ്പുരക്കടവിലാണ് തളിയിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ആറാട്ട് കുളിക്കുന്നത്. താഴമണ്‍ മഠത്തിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം. തളിയില്‍ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം കലാപരമായ ചില സവിശേഷതകളുണ്ട്. ഉജ്ജ്വലമായ ചുവര്‍ച്ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനെ അലങ്കരിക്കുന്നു. 16-ാം നൂറ്റാണ്ടിലെ പ്രശസ്തരായ ചില ചിത്രകാരന്മാരാണ് കേരളീയ ചുവര്‍ച്ചിത്രരീതിയിലുള്ള ഈ സൃഷ്ടികള്‍ നടത്തിയത്. ശ്രീകോവിലിന്റെ കല്‍പ്പണി ബഹുവിശേഷമാണ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ നിര്‍മ്മിതിയുമായി സാമ്യം കാണാം.

ഇതിന്റെ ഓരോ തലങ്ങളിലും ദേവീദേവന്മാരുടേയും പുരാണരംഗങ്ങളുടെയും മിഴിവാര്‍ന്ന ചിത്രീകരണം കാണാം. വേട്ടയ്ക്കു പോകുന്ന ശാസ്താവ്, നരസിംഹം, ശിവതാണ്ഡവം, കൃഷ്ണലീല ഇവയെല്ലാം ചിലതുമാത്രം. മുകള്‍ത്തട്ടിനോടുചേര്‍ന്നുള്ള ഭൂതാവലി ശ്രദ്ധേയമാണ്. വടക്കേ ചുമരില്‍ ഒട്ടകത്തിന്റെ പുറത്തു സഞ്ചരിക്കുന്ന മുസ്ലീം പ്രമാണിയുടെ ചിത്രമുണ്ട്. ആനപ്പുറത്തു സഞ്ചരിക്കുന്ന ബുദ്ധമതക്കാരന്റെയും ! ഗ്രാമീണദൃശ്യങ്ങളുടെ മിഴിവാര്‍ന്ന ചിത്രീകരണം അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ജനജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പകര്‍ന്നുതരുന്നു. ഈ ചിത്രങ്ങളെല്ലാം ചരിത്രപഠിതാക്കളുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്. ക്ഷേത്രം വളരെക്കാലത്തോളം വേണ്ടുംവണ്ണം സംരക്ഷിക്കാതെയിരുന്നതിനാലാവാം ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും മങ്ങിയും മറഞ്ഞും കാണപ്പെടുന്നു.

തളിയിൽ ക്ഷേത്രമുറ്റത്തിന്റെ വടക്കു കിഴക്കേ ഭാഗത്തായി ആഴത്തിലൊരു കുളമുണ്ട്. ഉയര്‍ന്ന കുന്നായതിനാല്‍ ജലനിരപ്പ് വളരെ താഴെയാണ്. അതിനാല്‍ വലിയ ഒരു ചതുരക്കിണര്‍ എന്നു പറയേണ്ടിവരും. കൊക്കരണി എന്നറിയപ്പെടുന്ന ഈ ജലാശയത്തില്‍ എത്തിപ്പെടണമെങ്കില്‍ അനേകം പടികള്‍ ഇറങ്ങണം. തെക്കുംകൂര്‍ വാഴ്ചക്കാലത്ത് രാജകുടുംബാംഗങ്ങള്‍ അപായക്കാലത്ത് രക്ഷപ്പെടുവാന്‍ തുരങ്കപ്പാതകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ തുരങ്കപ്പാതകളുടെ പ്രവേശനദ്വാരം ഈ കൊക്കരണിയുടെ വശത്തുള്ള ഒരു രഹസ്യ അറയില്‍ തുടങ്ങുന്നു. വര്‍ഷങ്ങള്‍ മുമ്പുവരെ ഈ അറ അദൃശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നും പടിഞ്ഞാറേയ്ക്ക് താഴത്തങ്ങാടിയിലെ കടവിലേയ്ക്കും, പഴയചന്തയ്ക്കു കിഴക്കുവശത്തുള്ള പാറാണ്ടന്‍കുഴിയിലേയ്ക്കും, തെക്കേച്ചെരുവില്‍ പള്ളിക്കോണം തോട്ടിലേയ്ക്കും വടക്കേ ചെരുവിൽ ഭൂതത്താന്‍കുളത്തിലേയ്ക്കുമൊക്കെ ഈ തുരങ്കപാതയ്ക്ക് ശാഖകളുണ്ട് എന്ന് പഴമക്കാര്‍ പറയുന്നു. ശ്വാസവായുവിനുള്ള നിര്‍ഗ്ഗമനനാളികള്‍ പലയിടത്തും പ്രദേശവാസികള്‍ കണ്ടിട്ടുണ്ട്. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളിക്കോണത്തേയ്ക്കുള്ള ഗുഹയുടെ മുഖദ്വാരം കണ്ടെത്തുകയുണ്ടായി. അതും ഇപ്പോള്‍ അടയ്ക്കപ്പെട്ട നിലയിലാണ്.

കേരളത്തില്‍ വിവിധസഭകളിലായി ക്രിസ്തീയസമൂഹം തിങ്ങിപ്പാര്‍ക്കുന്നത് മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയത്താണല്ലോ. ചരിത്രപരമായി രണ്ടാം ചേരസാമ്രാജ്യകാലത്ത് കൊല്ലത്താണ് ക്രിസ്ത്യാനി സമൂഹം അധികാരശ്രേണികളില്‍ പങ്കാളികളാകുന്നത്. സ്ഥാണുരവിവര്‍മ്മയുടെ പെരുമാള്‍വാഴ്ചക്കാലത്ത് മാര്‍ സപോര്‍ ഈശോ എന്ന വണികപ്രമുഖന് കൊല്ലം പട്ടണത്തിലെ വ്യാപാരകുത്തക എഴുതിക്കൊടുത്ത ‘തരിസാപ്പള്ളി ശാസനം’ പ്രസിദ്ധമാണല്ലോ. സിറിയന്‍ പേര്‍ഷ്യന്‍ വ്യാപാരികളുടെ സ്വാധീനം കേരളതീരങ്ങളില്‍ സജീവമായിരുന്നല്ലോ. കേരളസഭയുടെ സിറിയന്‍ സ്വാധീനവും പാരമ്പര്യവും അതിനു ഹേതുവായി.

വാണിജ്യരംഗത്ത് ഏറ്റവും ശക്തമായി സ്വാധീനം തെളിയിച്ച കേരളക്രൈസ്തവര്‍ കാര്‍ഷികരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. കൃഷിയും കച്ചവടവും ഉപജീവനമാക്കി മാറ്റിയ അവര്‍ തെക്കന്‍ പ്രദേശങ്ങളിലെ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, നിരണം എന്നിവിടങ്ങളില്‍നിന്ന് വികസനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരുന്ന പഴയ കോട്ടയം പട്ടണത്തിൽ വന്ന് വാസമുറപ്പിച്ചു. കൊടുങ്ങല്ലൂര്‍ പട്ടണത്തിന്റെ തകര്‍ച്ചയോടെ കടുത്തുരുത്തിയിലും കുറവിലങ്ങാട്ടുമൊക്കെ എത്തിച്ചേര്‍ന്ന ക്രൈസ്തവരില്‍ ചിലരും കാലക്രമേണ പഴയ കോട്ടയത്ത് എത്തിച്ചേര്‍ന്നു.

തെക്കുംകൂര്‍ വാണിരുന്ന രാജാക്കന്മാര്‍ എല്ലാവരും തന്നെ ഉല്പതിഷ്ണുക്കളും വികസനത്തില്‍ ശ്രദ്ധാലുക്കളും ആയിരുന്നു. ഓരോ ജനവിഭാഗങ്ങള്‍ക്കും വാസസ്ഥലവും ആരാധനാസൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് അവരവരുടെ സേവനങ്ങള്‍ രാജ്യപുരോഗതിക്ക് അനുഗുണമാക്കി മാറ്റുന്നതില്‍ രാജാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പഴയ കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവസ്വാധീനത്തിന് കാരണമായി ഭവിച്ചത്. സുറിയാനിഭാഷ വഴങ്ങിയിരുന്നതിനാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന വണിക്കുകളുമായുള്ള സംവേദനം ക്രിസ്ത്യന്‍ വിഭാഗത്തിലെ കച്ചവടക്കാര്‍ക്ക് എളുപ്പവുമായിരുന്നു.

വാണിജ്യരംഗത്തും കാര്‍ഷികരംഗത്തും പൊതുജീവിതത്തിലും ഈ വിഭാഗം ആര്‍ജ്ജിച്ച മേല്‍ക്കൈ രാജാധികാരത്തിന്റെ ഉപശ്രേണികളില്‍ ഭാഗഭാക്കാകുവാന്‍ അവരെ സഹായിച്ചു. ഭരണരംഗത്ത് വേണ്ടുംവണ്ണമുള്ള സ്ഥാനമാനങ്ങള്‍ ക്രൈസ്തവപ്രമാണിമാര്‍ അന്നുതന്നെ നേടിയെടുത്തിരുന്നു. ഇന്നു പഴയ കോട്ടയത്തും ചുറ്റുമുള്ള ചില പുരാതന ക്രൈസ്തവകുടുംബക്കാര്‍ തെക്കുംകൂര്‍കാലത്ത് ഉന്നതമായ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നു. പന്ത്രണ്ടു-പതിമൂന്ന് നൂറ്റാണ്ടുകളിലാവാം ആദിമക്രൈസ്തവര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കടുത്തുരുത്തിയില്‍നിന്ന് ക്‌നാനായ സമൂഹം ഇവിടെ കച്ചവടത്തിനായി എത്തിച്ചേര്‍ന്നു. സമസ്ത ക്രൈസ്തവര്‍ക്കും ആരാധനയ്ക്കായി ഒരു ദേവാലയം ഇവിടെ ആവശ്യമായി വന്നു.

തെക്കുംകൂര്‍ രാജാവായിരുന്ന ആദിത്യവര്‍മ്മയുടെ അകമഴിഞ്ഞ സഹായത്തോടെ തളിയില്‍ കുന്നിനോട് ചേര്‍ന്നുകിടക്കുന്ന വെറ്റാര്‍കുന്നില്‍ കോട്ടയത്തെ ആദ്യത്തെ കൃസ്ത്യന്‍ പള്ളിയായ വലിയപള്ളി ഉയര്‍ന്നുവന്നു. ക്‌നാനായ സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവച്ചിരുന്ന രണ്ടു പേര്‍ഷ്യന്‍ കല്‍ക്കുരിശുകള്‍ ഈ പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പഹ്‌ലവി എന്ന ലിപിയില്‍ ഇതിലുള്ള ലിഖിതങ്ങള്‍ ഇതിന്റെ അപൂര്‍വ്വത വിളിച്ചോതുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കല്‍ക്കുരിശുകളാണ് വലിയപള്ളിക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത്. ഉജ്ജ്വലമായ സിറിയന്‍-കേരള വാസ്തുമാതൃകയില്‍ 1550-ല്‍ പണിതുയര്‍ത്തിയ ഈ പള്ളിയുടെ ആകാരസൗഷ്ടവം അനന്യമാണ്. പള്ളിയുടെ മുന്‍വശത്തുള്ള കല്‍ക്കുരിശ് പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. പള്ളിയോടു ചേര്‍ന്ന് മീനച്ചിലാറിന്റെ തീരത്താണ് വലിയങ്ങാടി സ്ഥിതി ചെയ്തിരുന്നത്. കിഴക്കന്‍ മലഞ്ചരക്കുകളുടെ പ്രധാന കച്ചവടം ഇവിടെയായിരുന്നു നടന്നിരുന്നത്. ശര്‍ക്കര, എണ്ണ തുടങ്ങിയവ വ്യാപാരം നടത്തിയിരുന്ന വിവിധ ക്‌നാനായ കുടുംബക്കാര്‍ ഇവിടെ താമസിച്ചിരുന്നു.

വലിയപള്ളി എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പൊതുവായ ആരാധനയ്ക്കാണ് സ്ഥാപിച്ചതെങ്കിലും കാലക്രമേണ ക്‌നാനായക്കാര്‍ മേല്‍ക്കൈ നേടുകയും അതേതുടര്‍ന്ന് മാര്‍തോമാ ക്രൈസ്തവര്‍ക്ക് മറ്റൊരു ആരാധനാലയം ആവശ്യമായി വരികയുമാണുണ്ടായത്. ഇതു തിരിച്ചറിഞ്ഞ തെക്കുകൂറിലെ കോതവർമ്മ രാജാവ് AD1579-ല്‍ കേരളീയ ദേവാലയസങ്കല്പങ്ങള്‍ക്ക് അനുഗുണമായി കോട്ടയം ചെറിയപള്ളി നിര്‍മ്മിച്ചു നല്കി. ഇതിന്റെ വാസ്തുപരമായ പ്രത്യേകതകള്‍ കേരളത്തിലെ മറ്റേതൊരു ക്രൈസ്തവ ദേവാലയത്തേക്കാളും മുന്നിലാണെന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാകും.

കേരള പൈതൃകത്തെക്കുറിച്ചുള്ള വിദേശഗ്രന്ഥങ്ങളില്‍പോലും ചെറിയപള്ളിയും അവിടുത്തെ മദ്ബഹയില്‍ വരച്ചുചേര്‍ത്തിട്ടുള്ള ചുവര്‍ച്ചിത്രങ്ങളും പരാമര്‍ശവിഷയമായിട്ടുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലെ സന്ദര്‍ഭങ്ങള്‍ പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് ചാരുതയോടെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയില്‍ ആശയപരമായി ഉണ്ടായ ഭിന്നതകള്‍ക്കും പുത്തന്‍കാഴ്ചപ്പാടുകളുടെ ഉദയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം നെസ്‌തോറിയന്‍, യാക്കോബായ, മാര്‍ത്തോമാ തുടങ്ങിയ വിശ്വാസധാരകളുടെ കേരളത്തിലെ വിളനിലമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

മാര്‍ ഗബ്രിയേല്‍ എന്ന ഒരു നെസ്‌തോറിയന്‍ പുരോഹിതന്‍ ചെറിയപള്ളിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം മരിച്ചപ്പോള്‍ അവിടെ കബറടക്കിയതായും അറിയാന്‍ കഴിയുന്നുണ്ട്. ഡച്ച് പുരോഹിതനും സഞ്ചാര സാഹിത്യകാരനമായ ജേ കോബസ് കാൻറർ വിഷർ കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ ഈ പുരോഹിതനെ കണ്ടതായി അദ്ദേഹത്തിന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply