ഇടുക്കിയെന്ന മിടുമിടുക്കിയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഒരു യാത്ര..

വിവരണം – Vaheedas Vaheeda.

“മലമേലെ തിരി വച്ച് പെരിയാറിൻ തളയിട്ട് ചിരി തൂകും പെണ്ണല്ലേ ഇടുക്കി …..എന്ന മിടുക്കി..” ഈ പാട്ടൊക്കെ വരുന്നതിന് എത്രയോ മുമ്പ് കണ്ടു തുടങ്ങിയതാണ് ഇടുക്കി എന്ന മിടു മിടുക്കിയെ. പണ്ട് വെക്കേഷൻ ആയാൽ മൂല മറ്റത്ത് കെ എസ് ഇ ബി യിൽ ജോലി ചെയ്തിരുന്ന ചെറിയ മാമ യുടെ വീട്ടിൽ പോകുക എന്നതായിരുന്നു ഏറ്റവും വലിയ ഹരം ..രാവിലെ കൺ തുറക്കുമ്പോൾ ചുറ്റും അതിരിട്ടു നിൽക്കുന്ന വമ്പൻ മലനിരകളും പിന്നെ അവയിൽ ഞാന്ന് കിടക്കുന്ന വെള്ളി നൂലുകൾ പോലെയുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ..അത്രയും കണ്ടാൽ തന്നെ സമതലപ്രദേശത്തു നിന്ന് വരുന്ന എന്നെപോലെയുള്ളവർക്ക് സ്വർഗ്ഗമായിരുന്നു.

അന്ന് മൂലമറ്റം പവർ ഹൌസ്സിൽ കയറി അതൊക്കെ കാണാൻ പറ്റിയത് .. അതൊക്കെ പിന്നെ കൂട്ടുകാരോട് പൊങ്ങച്ചം പറഞ്ഞതിന് കയ്യും കണക്കും ഇല്ല . ഓരോ തവണ കാണുമ്പോഴും അഴക് കാട്ടി യാത്രികനെ മോഹിപ്പിച്ചു കൊണ്ട് ഇടുക്കി …..കനകപ്പൂങ്കൊളുന്തു പോലെ ചേലുള്ള മലനാടൻ പെണ്ണ് .

കാക്കനാട് നിന്ന് പുലർച്ചെ പുറപ്പെടുമ്പോൾ മുഖത്ത് പതിച്ച ചെറിയ ചാറ്റൽ മഴ തുള്ളികൾ ബൈക്ക് യാത്രയെ തെല്ലൊരു ആശങ്കയിൽനിർത്തിയെങ്കിലും പിന്നീട് അന്തരീ ക്ഷം പ്രസന്നമായി .. തണുത്ത കാറ്റും കൊണ്ടുള്ള യാത്ര ശരീരത്തിനും മനസിനും ഒരു പോലെ കുളിരു പകർന്നു .

മൂവാറ്റുപുഴ എത്തുന്നതിനു മുമ്പേ ബുള്ളറ്റ് കുമാർ ചെറിയ ഒരു പണി മുടക്ക് .. ബാറ്ററി ഔട്ട് എന്ന സത്യം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. നേരം പുലർന്നു വരുന്നതേ ഉള്ളു .വഴിയിൽ ഒന്നും ആരുമില്ല. ഒരു അഞ്ചു മിനിറ്റൊക്കെ അന്തം വിട്ടു നിന്നെങ്കിലും രണ്ടു പേരും ബൈക്കിനെ ആഞ്ഞു തള്ളി ..എന്തിനും ഒരു മറു ഹിന്ദി ഉണ്ടാവുമെന്നാണല്ലോ നമ്മളുടെ ഒരിത്..ഒരു കിലോമീറ്റർ പോകു ന്നതിനു മുമ്പ് വഴിയരികിലെ ഒരു വീടിന്റെ പോർച്ചിൽ ഇരുന്ന ഒരു വിൻറ്റെജ് ബുള്ളറ്റിന്റെ രൂപത്തിൽ ആ മറു ഹിന്ദി ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടു.

നേരെ കയറി ചെന്നു . വീട്ടുകാർ ഉണർന്നിരിക്കുന്നു. അവിടത്തെ അമ്മ പുറത്തു തൊഴുത്തിൽ പശുവിനെ കറക്കുന്നു . ഉമ്മറവാതിൽ തുറന്നു തന്നെ. മനസൊന്നു കുളിർന്നു. നമ്മൾ കാര്യം പറഞ്ഞു .അമ്മ വേഗം പോയി ആ വീട്ടിലെ കൊച്ചു യാത്രികനെ വിളിച്ചു കൊണ്ട് വന്നു. ഇടുക്കിക്ക് പോകയാണെന്നു പറഞ്ഞപ്പോൾ ഉറക്ക മത്തിൽ പാതി അടഞ്ഞിരുന്ന അവന്റെ കണ്ണുകൾ തെളിഞ്ഞു കത്തി. മുഖം പോലും കഴുകാതെ അവൻ ഒരു സ്കൂട്ടറിൽ പറന്നു. അമ്മ ഞങ്ങളെ ഉള്ളിൽ ഇരുത്തി, മൂത്ത മകൻ അടുത്തിടെ കല്യാണം കഴിച്ചു കൊണ്ട് വന്ന തലശ്ശേരിക്കാരി പുതു പെണ്ണിനെ പരിചയപ്പെടുത്തി. ഞങ്ങൾക്ക് ചായ തന്നു. ആകെ ഏതോ ബന്ധു വീട്ടിൽ പോയ പ്രതീതി.

നമ്മുടെ പയ്യൻ പെട്ടെന്ന് ഒരു മെക്കാനിക് നെ കൂട്ടി ബാറ്ററി ചാർജ് ചെയ്യാനുള്ള സെറ്റപ്പ് ഒക്കെയായി വന്നു പണി തുടങ്ങി. ഒരു മണിക്കൂറോളം സമയം ഞങ്ങളുടെ യാത്ര വൈകിയതിന് പകരം നല്ല ഒരു കുടുംബത്തെ പരിചയപ്പെട്ടു.. പിന്നെ എപ്പോൾ ആ വഴി പോയാലും ചെന്നു കേറാൻ പറ്റുന്ന മാതിരി അടുപ്പക്കാരായി ഞങ്ങൾ.

മൂവാറ്റുപുഴയിൽ നിന്നും നല്ല ഒരു പ്രാതലും കഴിച്ചു മുന്നോട്ട്. തൊടുപുഴയും മുട്ടവും കുടയത്തൂരും കാഞ്ഞാറും ഒക്കെ കഴിഞ്ഞു പോകുമ്പോൾ മലയോര ഹൈവേയുടെ സുഖം അറിയിച്ചു തന്നു ബുള്ളറ്റ് കുമാർ. വഴിയിൽ ഒപ്പം ചിരിച്ചും കളി പറ ഞ്ഞും തൊടുപുഴ യിലെ “പുഴ ”

മൂലമറ്റം എത്തുമ്പോൾ ചെറുപ്പത്തിലേ കുറെ ഓർമ്മകളെയും മനസിന്റെ ഇടവഴികളിൽ കൂടെ കൂട്ടി കയറ്റം കയറാൻ തുടങ്ങി . മുടിപ്പിൻ വളവുകളുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റുക ബൈക്ക് യാത്രയിൽ ആണെന്ന് ഞാൻ പിന്നെയും എണ്ണി പറഞ്ഞു കൊള്ളട്ടെ. തണുപ്പും കാറ്റും വഴി നീളെ പൂത്തുലഞ്ഞു നിൽക്കുന്ന നിറങ്ങളും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന സൗരഭ്യങ്ങളും എല്ലാം ആവോളം ആസ്വദിച്ചു ഒരു റൈഡ്..

ഉള്ളിലെ വിഷമങ്ങളും വേവലാതികളും കഴുകി കളഞ്ഞു കൊണ്ടുള്ള യാത്ര. ഇടക്ക് കയറ്റത്തിൽ നിറുത്തി ചെറിയ ഫോട്ടോ സെഷനും ചായ കുടിയും ഒക്കെ കഴിഞ്ഞു കുളമാവിൽ എത്തി.
കുളമാവ് ഡാമിന്റെ പരിസരത്തു കൂടി പോരുമ്പോൾ വൈശാലി സിനിമ ഓർമ വരാതെ തരമില്ലല്ലോ…

വണ്ടി പിന്നെ നിറുത്തിയത് കാൽവരി മൗണ്ടിലാണ്.റോഡിൽ നിന്നും കുറച്ചു ഉയരത്തിലേക്ക് പോകുമ്പോൾ ആണ് കാൽവരി മൗണ്ട് എന്ന ബോർഡ് കാണാനാവുക . ഇരുപത് രൂപ പ്രവേശന ഫീസ് നൽകി നിങ്ങൾ കയറിയെത്തുന്നത് പ്രകൃതി വിരിച്ചിട്ട വിസ്മയിപ്പിക്കുന്ന ഒരു രംഗപടത്തിലേക്കാണ് . വെണ്മേഘങ്ങൾ പാറി നടക്കുന്ന നീലകാശം… മേലെയും താഴെയും . സൂക്ഷിച്ചു നോക്കിയാൽ കാണാം മേലെയും താഴെയും ഉള്ള ആകാശങ്ങൾ തമ്മിൽ പച്ചപ്പിന്റെ ചെറിയ ഒരു വിടവുണ്ട്. ആകാശത്തിന്റെ പ്രതിഫലനം വീണു കിടക്കുന്ന ഇടുക്കി ഡാമിന്റെ ജലാശയം വെയിലിൽ വെള്ളി പോലെ തിളങ്ങുന്ന കാഴ്ച കണ്ടാൽ മതിയാവില്ല സൂർത്തുക്കളെ മതിയാവില്ല.

കാഴ്ച കണ്ടു സ്വയം മറന്ന് സ്വപ്നം കണ്ടിരിക്കാൻ ചെറിയ പുൽ കുടിലുകൾ.കൂടുതൽ സമയം സ്വപ്നം കാണേണ്ടവർക്ക് രാത്രി നില്ക്കാൻ ചെറിയ കോട്ടേജുകൾ ഒക്കെയുണ്ട് .നേരത്തെ ബുക്ക് ചെയ്യണം കോട്ടജുകൾ . ആ വിശാലമായ പുൽ പരപ്പിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശത്തിന് താഴെ പൂനിലാവൊഴുകുന്ന ഒരു രാത്രി അവിടെ കഴിയാനുള്ള ആഗ്രഹം ബക്കറ്റ് ലിസ്റ്റിൽ ആക്കിയാണ് ഞങ്ങൾ അവിടം വിട്ടത് …

പിന്നെ ഇടുക്കി ആർച് ഡാമിലേക്ക് ഒരു മിന്നൽ സന്ദർശനം. സന്ദർശകരെ കയറ്റി വിടാത്ത സമയമായിരുന്നു അത്. എങ്കിലും മുൻപ് കണ്ടിട്ടുള്ളത് കൊണ്ടും ഇന്ന് അത് കണ്ടില്ലെങ്കിൽ വലിയ വിഷമം ഉണ്ടാവില്ല എന്നത് കൊണ്ടും കുറവൻ കുറത്തി മലകൾക്ക് ഇടയിൽ വലിച്ചു കെട്ടിയ ഞാൺ പോലെയുള്ള ആർച് ഡാമിന്റെ സർപ്പാകൃതി കണ്ട് ചെറുപ്പ കാലത്തെന്ന പോലെ തന്നെ വിസ്മയം പൂണ്ടു കൊണ്ട് ഞങ്ങൾ അവിടന്നും തിരിച്ചു.

ഇനിയാണ് ഇന്നത്തെ ലക്ഷ്യത്തിലേക്ക് നമ്മൾ എത്തുന്നത്. മറ്റെങ്ങുമല്ല കേരളത്തിനെ യും തമിഴ് നാടിനെയും വേർ തിരിക്കുന്ന രാമക്കൽ മേട് . പണ്ട് പാലാ അൽഫോൻസാ കോളജിൽ രാമക്കൽ മേട്ടിൽ നിന്നുള്ള കൂട്ടുകാരി സിന്ധു എന്നും പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചിരുന്ന രാമക്കൽ മേട് ..അവിടെ ഭയങ്കര കാറ്റാണ്, അവിടെ നിന്നാൽ തമിഴ് നാട് കാണാം , രാവണൻ തട്ടി കൊണ്ട് പോയ സീതയെ തിരഞ്ഞു വന്ന രാമൻ കാൽ വെച്ച ഇടം എന്നൊക്കെ സിന്ധു എത്ര പറഞ്ഞു വെറുപ്പിച്ചിട്ടുണ്ട്.അവിടെ ഇരുന്നാണത്രെ ശ്രീലങ്കയിലേക്ക് രാമസേതു നിർമ്മിക്കുന്നതിനെപ്പറ്റി യൊക്കെ രാമഭഗവാൻ തീരുമാനം എടുത്തതെന്നൊക്കെ പറയുമ്പോൾ അവളെ ഞങ്ങൾ കൊറേ കളിയാക്കിയിട്ടുണ്ട്.എന്നിട്ടും ഇത്ര വൈകിയാണ് എനിക്കിവിടെ എത്താൻ സാധിച്ചതെന്നു മനസ് കുശുമ്പ് കുത്തി …

നോക്കെത്താ ദൂരത്തെല്ലാം ഉയരമുള്ള മല നിരകൾ.അവിടവിടെ ചെറിയ നീരൊഴുക്കുകൾ. വീശി അടിക്കുന്ന കാറ്റ് . അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന കാപ്പിയുടെ കൊതിപ്പിക്കുന്ന ഗന്ധം . ..ചെന്ന പാടെ ചെറിയ ഒരു തട്ടു കടയിൽ കയറി ഒന്നാന്തരം ഒരു കട്ടൻ കാപ്പിയും അകത്താക്കി കടക്കാരൻ ചേട്ടനോട് കുറെ നാട്ടു വിശേഷങ്ങളും ചോദിച്ചു ഞങ്ങൾ വരവറിയിച്ചു.

അടുത്ത് തന്നെ ഒരു റൂം തരപ്പെടുത്തി തോളത്തെ ഭാരം ഒന്നിറക്കി. (ബുള്ളറ്റിന് കാരിയറൊന്നും പിടിപ്പിച്ചിട്ടില്ലേ ..അതിനി ലഡാക്ക് യാത്ര പോകുമ്പോൾ പിടിപ്പിക്കും ങ് ഹാ…. ). സമയം നാലു മണി കഴിഞ്ഞു. ഒന്നു മുഖം കഴുകി ആത്മാവിന് ശാന്തി വരുത്തി നേരെ തന്നെ കുറവൻ കുറത്തി പ്രതിമയ്ക്ക് അടുത്തേക്ക്…അടുത്തുള്ള വലിയ മലയു ടെ മുകളിലാണ് കുറവൻ കുറത്തി പ്രതിമ .
വാഹനം താഴെ നിർത്തി പ്രവേശന ടിക്കറ്റ് എടുത്തു വേണം മുകളിലേക്ക് കയറാൻ .

കുത്തനെയുള്ള ചവിട്ടു പടികളും പിന്നെ കുന്നും ഒക്കെ കയറി ഉയരത്തിൽ എത്തുമ്പോൾ ആകെ മൊത്തം രുചിയൊക്കെ കൂടും. ചായയുടെ അല്ല കാഴ്ചകളുടെ . രാമനെയും സീതയെയും ഗോത്ര സങ്കല്പത്തിൽ സൃഷ്ടിച്ച ആ പ്രതിമകൾ ആഞ്ഞു വീശുന്ന കാറ്റിൽ ആ മലയുടെ തുഞ്ചത്ത് വല്ലാത്തൊരു നിശ്ചയ ദാർഢ്യ ത്തോടെ നില കൊള്ളുന്നു. മേലെ കേറുമ്പോൾ നമ്മളെ പറപ്പിച്ചു കളയുന്ന പോലത്തെ കാറ്റ് .. വെറുതെയല്ല കവി പാടിയത്”ഇവിടു ത്തെ കാറ്റാണ് കാറ്റ് ….മല മൂടും മഞ്ഞാണ് മഞ്ഞ് ….”

ആ തുഞ്ചത്ത് നിന്നുള്ള തമിഴ് നാട്ടിലെ അഴകോലുന്ന ഗ്രാമ കാഴ്ചകൾ കണ്ടു ആ കാറ്റും കൊണ്ട് എത്ര നിന്നാലും മതിയാവില്ലെന്നു തോന്നി പോയി. അപ്പോൾ അതാ അപ്പുറത്തൊരു മലമുകളിലെ പാറയിടുക്കുകളിൽ നിന്നും ഉറുമ്പു കളെ പോലെ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. അത് നമ്മൾ കണ്ടില്ലല്ലോ എന്ന് കുണ്ഠിതപ്പെട്ട് നിൽക്കുമ്പോൾ അടുത്ത് നിന്ന ചേട്ടൻ പറഞ്ഞു അതാണ് ശരിക്കും രാമക്കൽ മേട് അതിന്റെ മേലേക്ക് നമുക്ക് കയറാം എന്നൊക്ക . നമ്മൾ ഇനി ഇറങ്ങി അവിടെ ചെന്നാൽ കയറാനുള്ള സമയം ഇല്ല. നേരം വൈകി തുടങ്ങി. അപ്പോൾ അയാൾ പറഞ്ഞു ഇനി അവിടെ കോട മൂടും. നിങ്ങൾ നാളെ രാവിലെ പോയാൽ നന്നായി കാഴ്ച കാണാൻ പറ്റും എന്ന് ..

ശരി ഇപ്പോൾ ഇറങ്ങി നിങ്ങൾ പോയാൽ കാറ്റാടി പാടവും കണ്ടു അവിടത്തെ അസ്തമയവും കണ്ടു പോരാമെന്നും ചേട്ടൻ സജെസ്റ്റ് ചെയ്തു. ഞങ്ങൾ കുന്നും പുറത്തെ കാറ്റു ശ്വാസ കോശങ്ങളിൽ നിറച്ചെടുത്തു താഴേക്ക് പാഞ്ഞു .. അസ്തമയത്തിനു മുമ്പേ ചോദിച്ചും പറഞ്ഞും ഞങ്ങൾ കാറ്റാടി പാടത്തെത്തി .. ചുറ്റും ശുദ്ധ നാട്ടിൻ പുറം . വിജനമായി കിടക്കുന്ന തുറസുകൾ. പുറമ്പോക്കുകളിൽ മേയുന്ന പശുക്കളെ കൊണ്ട് പോകുന്നവർ . അന്തി മയങ്ങും മുമ്പേ വീടെത്താൻ ആഞ്ഞു നടക്കുന്നവർ.അങ്ങനെ ഒറ്റക്കും തെറ്റക്കും ഓരോ മനുഷ്യർ
കണ്ണിനും മനസിനും വല്ലാത്ത ആഹ്ലാദം . തന്നെയല്ല അവിടെ അധികം റിസോർട് ഹോട്ടൽ നിർ മ്മിതികളൊന്നും കണ്ടില്ല. അതും വലിയ ഒരാശ്വാസമായി തോന്നി .

ദൂരെ നിന്ന് നോക്കുമ്പോൾ ചെറിയ സൂചിമുനകൾ പോലെ വാനിലേക്ക് ഉയർന്നു നിൽക്കുന്ന കാറ്റാടികൾ അടുത്തെത്തുമ്പോൾ ഭീമാകാരം പൂണ്ട് കാഴ്ച യുടെ ഇത്തിരി വട്ടത്തിന് പുറത്തു പോകുന്നു.. വെറുതെ വീശി പോകുന്ന കാറ്റിനെ കറന്റ് ആക്കി മാറ്റുന്ന വിദ്യ രസകരമായി തോന്നും. പക്ഷെ അതിനു വരുന്ന ഭീമൻ ചിലവ് കാറ്റാടി യോളം വലുതായിരിക്കും എന്ന് മാത്രം..
ഒറ്റപ്പെട്ട ആ ഗ്രാമ്യ ഭംഗിയിൽ അലി ഞ്ഞു വിശാലമായ പച്ച ചേല വിരിച്ചിട്ട് വിലസവതിയായി മയങ്ങുന്ന ഒരു തമിഴ് പെണ്ണിനെ പോലെ ആ ഗ്രാമം നമ്മുടെ കണ്ണിലും മനസിലും മിഴിവാർന്നു നിൽക്കും എന്നും…..

ഇരുട്ട് വീഴുമ്പോഴേക്കും ഞങ്ങൾ തിരിച്ചു. വരുന്ന വഴിക്കാണ് ബാലൻ പിള്ള സിറ്റി. ഇടുക്കിയിലെ പലയിടത്തും സിറ്റി കൂട്ടി സ്ഥലങ്ങൾക്ക് പേരിടും എൻ ആർ സിറ്റി , ബാലൻ പിള്ള സിറ്റി അങ്ങനെയങ്ങനെ. സിറ്റി എന്ന് പറയുന്നത്കൊണ്ട് ഒരു ജംഗ്ഷൻ അല്ലെങ്കിൽ കവല എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. ബാലൻ പിള്ള സിറ്റിയിലെ ഒരു ചായക്കടയിൽ നിന്നും കപ്പയും കാപ്പിയും കഴിച്ചു പോന്നു.

രാവിലെ നേരത്തെ ഉണർന്നു . അതാണ് പതിവ് ഏതു പുതിയ സ്ഥലത്തും . പരിചയം ഇല്ലാത്ത സ്ഥലമായതു കൊണ്ട് ഒന്ന് വെളിച്ചം വെക്കാൻ കാത്തിരുന്നു ..കിഴക്ക് വെള്ളയുടെ ആദ്യത്തെ നൂൽ കീ റുമ്പോൾ ഞങ്ങൾ പുറത്തിറങ്ങി. അടുത്ത പെട്ടിക്കടയിൽ നിന്നും ആദ്യത്തെ ചായയും കുടിച്ചു നടക്കുമ്പോൾ ഒരു ലോക്കൽ ഗൈഡ് നെ കണ്ടു മുട്ടി .. കോളജിൽ പഠിക്കുകയാണ് കക്ഷി . കൂടെ അവന്റെ കൂട്ടു കാരി യും. അടുത്തുള്ള അമ്പലത്തിൽ നിന്നും വരുന്ന വഴിയാണ് .. ഞങ്ങൾക്ക് മലയുടെ മുകളിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അവൻ ഞങ്ങൾക്ക് വഴി കാണിക്കുക തുടങ്ങിയ ലൊടുക്ക് സഹായങ്ങൾ അർപ്പിച്ചു കാമുകിയിലേക്ക് ശ്രദ്ധ തിരിച്ചും കൊണ്ട് നടന്നു നീങ്ങി .

അവൻ കാണിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു .. അവിടവിടെ ചിതറി കിടക്കുന്ന മുളങ്കാടുകൾക്കിടയിലൂടെ യാണ് വഴി. മുള കൾക്കിടയിൽ തൂങ്ങിയാടുന്ന വാനര സംഘങ്ങൾ .. ചിതറി ഒഴുകുന്ന അരുവി ..കിളികളുടെ ഉണർത്തു പാട്ട്. മേമ്പൊടിയായി നല്ല മലനാടൻ കുളിരും. ആ കാലാവസ്ഥയിൽ നടത്തം നല്ല എളുപ്പമായിരുന്നു. ആസ്വദിച്ചു നടന്നു ഒട്ടും തിരക്കില്ലാതെ .. കുറച്ചു കഴിഞ്ഞപ്പോൾ കയറ്റം തുടങ്ങി അതും കുത്തനെ അല്ല ചരിഞ്ഞ പ്രതലത്തിലൂടെ രസകരമായ കയറ്റം. പിന്നീട് മുകളിലേക്ക് ശരിക്കും ഒരു മല കയറ്റം തന്നെയായിരുന്നു . നമ്മൾ വളരെ കൂൾ ആയി വള്ളിച്ചെരുപ്പും ഇട്ടാണ് യാത്ര. പാറക്കെട്ടുകൾക്കിടയിലൂടെ ഓരോ കാലടിയും സൂക്ഷിച്ചു വച്ച് ചിലപ്പോൾ വള്ളിപ്പടർപ്പുകളിൽ ഞാന്നും കൊണ്ട് ഞങ്ങൾ പതിയെ കയറി.

അപ്പോൾ അവിടെ ഞങ്ങളെ കൂടാതെ രണ്ടു മൂന്ന് കോളജ് കുട്ടികൾ മാത്രമേ ഉള്ളു അവർ കയറിയ വഴിയൊക്കെ ഞങ്ങൾക്കും കാണിച്ചു തന്നു. നടത്തവും ഫോട്ടം പിടുത്തവും ഒക്കെയായി മേലെ എത്തി. . താഴേക്ക് നോക്കിയപ്പോഴാണ്കയറി വന്ന കയറ്റ ത്തിന്റെ ദൂരവും കടുപ്പവും ഒക്കെ മനസിലായത്. അടുത്ത മലയിലേക്ക് നോക്കിയപ്പോൾ കുറവനും കുറത്തിയും മൂടൽ മഞ്ഞിന്റെ പുതപ്പിനുള്ളിലാണ് . ഇന്നലെ ഇങ്ങോട്ടു നോക്കിയപ്പോൾ കണ്ട ആളുകളുടെ ഉറുമ്പു വലിപ്പത്തിന്റെ ഗുട്ടൻസ് ഇന്നാണ് ശരിക്കും പിടി കിട്ടിയത്. ഇനി കയറാൻ ചെങ്കുത്തായ ഒരു കല്ല് മാത്രമേ ഉളളൂ ..വഴി കാണിച്ച മക്കൾ അതിന്റെ തുഞ്ചാം തുഞ്ചിയിൽ ചാഞ്ചാടി.. ഞങ്ങൾ അഹങ്കാരം ഒന്ന് കുറച്ചു പിടിച്ചു അവരുടെ പടം പിടിച്ചു സംതൃപ്തരായി …

എന്നാലും അതിന്റെ മേലെ നിന്നും കോട മൂടിയ മല നിരകളുടെ കാഴ്ച്ച ഒരു സംഭവം തന്നെ .. ഇടക്ക് കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും എന്ന് പറഞ്ഞ മാതിരി കോട സഞ്ചരിക്കുന്നതിന് അനുസരിച്ചു മലനിരകൾ ഒളിഞ്ഞും തെളിഞ്ഞും കാണായി .അപ്പുറത്തേക്ക് നോക്കിയാൽ തമിഴ് നാടിൻറെ ഗ്രാമങ്ങൾ ഒരു വിമാന കാഴ്ച ..കുറെ ഏറെ നേരം ആ പാറ ഇടുക്കുകളിൽ ഇരുന്നു കാറ്റു കൊണ്ടു വായ്ക്ക് രുചിയായി കുറെ വർത്തമാനവും പറഞ്ഞു തിരിച്ചിറങ്ങി .. താഴെ എത്തിയ പ്പോൾ ആ മലമുകളിലെ കാറ്റിൽ എവിടെയോ എന്തോ കളഞ്ഞു പോയി എന്നൊരു തോന്നൽ… കാഴ്ചകൾ കണ്ടു, പ്രകൃതിഭംഗി കണ്ടു ,മനസു നിറഞ്ഞു തുള്ളിച്ചാടുന്ന നമ്മുടെയൊക്കെ ഉള്ളിലെ കുട്ടികളെ ആനന്ദിപ്പിക്കാൻ ഒരിക്കലെങ്കിലും അവിടെ പോവണം.. ആ കാറ്റ്, ആ കോട, ആ പച്ചപ്പ്… ഒക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിയണം….

ഹോട്ടലിൽ വന്നു കുളിച്ചു പ്രാതലും കഴിച്ചു പുറപ്പെട്ടു . ഇനി മടക്ക യാത്രയാണ് . മടക്കം വണ്ടിപ്പെരിയാർ മുണ്ടക്കയം വഴിയാണ്. കുട്ടിക്കാനത്തെത്തുമ്പോൾ തേയില തോട്ടങ്ങളുടെ പച്ച കുപ്പായത്തിന്മേൽ നിന്ന് ഊർന്നു വീഴുന്ന വെളുത്ത ദുപ്പട്ട പോലെ കോട ഒഴുകിയിറങ്ങുന്ന കാഴ്‌ച മനോഹരമാണ് . പിന്നെയും ഏലക്ക കരയാമ്പൂ കുരുമുളക് തുടങ്ങിയ മസാല മണങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലൂടെ .. വഴികൾക്കിരുപുറവും പൂത്തു നിൽക്കുന്ന പേരറിയാത്ത ഒത്തിരി മരങ്ങൾക്കും ചെടികൾക്കും ഇടയിലൂടെ തണുപ്പും വെയിലിന്റെ സുഖകരമായ ചൂടും ചേർന്ന കാലാവസ്ഥയിലൂടെയുള്ള ബൈക്ക് യാത്ര ഓർക്കുമ്പോൾ ഇപ്പോഴും മനസിലൊരു ചെറു കുളിരല വിടരുന്നു.

വണ്ടിപ്പെരിയാർ ടൗൺ കഴിഞ്ഞു ഒരു ഫ്രണ്ടിന്റെ രോഗിയായ അച്ഛനെ സന്ദർശിക്കാൻ അൽപ സമയം . മഴയുടെ ചെറിയ ലക്ഷണം ഉണ്ട്. ശനിയും ഞായറും മാത്രം എടുത്ത് വന്ന യാത്രയാണ്. ഇന്ന് രാത്രീക്ക് രാത്രി കാക്കനാട് തിരിച്ചെത്തണം . വണ്ടി ദ്രുതം പാഞ്ഞു. പാലാ കടന്നു പോരുമ്പോൾ മഴക്കാർ തിടം വച്ചു വീണ്ടും വീണ്ടും ദാ …മഴ വീണു.ഞങ്ങൾക്ക് റെയിൻ കോട്ട് ഒന്നുമില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ . ഇടയ്ക്കിടെ നിർത്തിയും പിന്നെയും ഓടിച്ചും ഒരു വിധം ഉഴവൂർ എത്തി. റോഡിൽ മുട്ടററം വെള്ളം. വണ്ടി നിർത്തി ഒരു റേഷൻ കടയുടെ വരാന്തയിലാണ് കയറി നിന്നത്.

അവസാന നിമിഷം റേഷൻ വാങ്ങാൻ വന്നവരെ ഒരു വിധം പറഞ്ഞയച്ചു കടക്കാരൻ പൂട്ടി. ഇനി അവിടെ ഒരു ചെറിയ മുറിയിൽ പ്രവർത്തിക്കുന്ന ഒരു തട്ട് കടയാണ്. ആ മഴയിലും തണുപ്പിലും ഒരു ചൂട് ചായ ആഗ്രഹിച്ച ഞങ്ങളെ കുററം പറയാനൊക്കുമോ .ചായ തീർന്നു.എന്നൊരു ഒഴുക്കൻ മറുപടിയിൽ കടക്കാരൻ ഞങ്ങളെ നിഷ്കരുണം കയ്യൊഴിഞ്ഞു. അവിടെ കണ്ട ചായ പാത്രവും സ്ററൗവും ഒക്കെ എന്നെ അല്പമൊന്നു വിഷമിപ്പിച്ചു. ഒന്ന് മനസ് വച്ചാൽ അയാൾക്ക് ഞങ്ങൾക്കൊരു കട്ടൻ എങ്കിലും ഉണ്ടാക്കി തരാമായിരുന്നു. അതും അജ്‌ജാതി മഴയത്തു നനഞ്ഞു വിറച്ചു നിൽക്കുന്ന മറു നാട്ടുകാർക്ക്.. ബഹുജനം പലവിധം (അയാൾ വേറെ ചിലർക്ക് ഓംലെറ്റ് ഉണ്ടാക്കി കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം ഏറി എന്ന് പറയേണ്ടല്ലോ). കൊതി തോന്നി എങ്കിലും വാശി ക്ക് മറുവാശി..Y നമ്മൾ ഓംലെറ്റ് കഴിച്ചില്ല.

ഒരു മണിക്കൂറോളം സമയം നിന്ന ശേഷമാണ് ഞങ്ങൾക്ക് അവിടന്ന് പോരാൻ സാധിച്ചത് . കാക്കനാട് എത്തുക എന്നത് നടക്കില്ല. അടുത്ത ഓപ്ഷൻ കൂത്താട്ടു കുളത്തിനടുത്തു മീങ്കുന്നത്ത് താമസിക്കുന്ന അപ്പച്ചൻ എന്ന നമ്മുടെ ഉറ്റ ചങ്ങാതിയാണ് ..അപ്പച്ചനെ വിളിച്ചു പറഞ്ഞു.ഞങ്ങൾ നനഞ്ഞു കൊണ്ട് മീങ്കുന്നം വരെ എത്തി. നനഞ്ഞു കുതിർന്ന രണ്ടാത്മാക്കൾ അപ്പച്ചനും അമ്മായിയും തന്ന ഉണങ്ങിയ വസ്ത്രങ്ങളും വയറിനും ആത്മാവിനും അവർ വിളമ്പിയ സത്കാരങ്ങളും ഏറ്റു വാങ്ങി സുഖമായി ഉറങ്ങി. അതി രാവിലെ കാക്കനാടിന് . കൃത്യം പത്തു മണിക്ക് പ്രകൃതി യിൽ നിന്നും ആവാഹിച്ച പുതിയ ഊർജ്ജവുമായി ഓഫീസിൽ ഹാജർ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply