കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനായി നല്ല രീതിയില്‍ ബുദ്ധിമുട്ടേണ്ടി വരുന്നു എന്നായിരുന്നു ഇക്കാലമത്രയും യാത്രക്കാരുടെ പരാതികള്‍. എന്നാല്‍ ഇപ്പോള്‍ ആ പരാതികള്‍ക്ക് മാനേജ്മെന്റ് ചെവി കൊടുത്തിരിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിംഗ് സേവന ദാതാക്കളായ റെഡ് ബസുമായി കരാർ ഒപ്പിട്ടു. മെയ് 21 മുതൽ കെഎസ്ആർടിസി ടിക്കറ്റുകൾ റെഡ് ബസിൽ ലഭ്യമായി തുടങ്ങി. ഇതോടെ യാത്രകാർക്ക് റെഡ് ബസ് ആപ്പിലൂടേയും വെബ് സൈറ്റിലൂടേയും കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
നിലവില്‍ കര്‍ണാടക അടക്കം ഏകദേശം 20 സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷനുകള്‍ റെഡ്ബസുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്. റെഡ്ബസിന് പുറമേ കെഎസ്ആർടിസിയുടെ നിലവിലെ വെബ്സൈറ്റ് (www.ksrtconline.com) വഴിയും ബുക്കു ചെയ്യാനുള്ള അവസരം ലഭ്യമാകുന്നതാണ്. റെഡ്ബസുമായി കരാറിൽ ഏർപ്പെടുന്നത് വഴി ‘makemy trip’, ‘goibibo’ സൈറ്റുകൾ വഴിയും ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ കഴിയുന്നതാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് ടിക്കറ്റുകളില്‍ ക്യാഷ്ബാക്ക് അടക്കമുള്ള വന്‍ ഓഫറുകളും ലഭ്യമാകും.
നിലവിൽ കെഎസ്ആർടിസി ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. റെഡ്ബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ആയിരിക്കും ഈടാക്കുന്നത്. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഓൺലൈൻ റിസർവേഷൻ ചുമതല നൽകിയത്. എന്നാല്‍ ഓണ്‍ലൈന്‍ റിസര്വ്വെഷന് ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ആനവണ്ടി ബ്ലോഗ് കൂട്ടായ്മയിലെ ഐടി വിദഗ്ദ്ധരായ അംഗങ്ങള്‍ കെഎസ്ആര്‍ടിസിയ്ക്ക് സൌജന്യമായി ഒരു ബുക്കിംഗ് സൈറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നു വരെ വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊക്കെ അന്നത്തെ മാനേജ്മെന്റ് നിഷ്ക്കരുണം തള്ളിക്കളയുകയാണ് ഉണ്ടായത്.
റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയിൽ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റെഡ്ബസ് വഴി കല്ലട, കേരള ലൈന്‍സ് മുതലായ സ്വകാര്യ ബസുകളുടെ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിൽ സീറ്റുകൾ കാലിയായി ഓടാതിരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കെൽട്രോണുമായുള്ള കരാർ അവസാനിക്കുന്ന പക്ഷം സ്വന്തമായ വെബ്സൈറ്റ് ഡെവലപ്പ് ചെയ്യാനുള്ള ആലോചനയും കോർപ്പറേഷനുണ്ട്.
ടോമിന് തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചാര്‍ജ്ജ് എടുത്തതോടെ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് കെഎസ്ആര്‍ടിസി. പോലീസ് മേധാവി എന്ന പദവി കൂടിയുള്ളതിനാല്‍ തച്ചങ്കരിയെ തൊടാന്‍ യൂണിയനുകള്‍ക്ക് അടക്കം പേടിയാണ്. ഇത് ഒരു തരത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഗുണം ചെയ്യും.