കാക്കിക്കുള്ളിലെ മനുഷ്യസ്നേഹിയും, മനസ്സു നിറച്ച വിഷു ആഘോഷവും…

എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല വിഷുകാഴ്ച ഏതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ തന്നെ ഞാന്‍ മറുപടി പറയും അതീ കാഴ്ച തന്നെ ആണെന്ന്….

ആലുവയില്‍ അധികമാരും അറിയാത്തൊരു കുടുംബമുണ്ട് . ഒരു പാവം അമ്മുമ്മയും പേരക്കുട്ടികളായ മൂന്ന് പെണ്‍കുട്ടികളും മാത്രമുളള ഒരു കൊച്ചുകുടുംബം . ഒരു സിനിമ കഥ പോലെ അവിശ്വസനീയം ആണ് ആ പെണ്‍കുട്ടികളുടെ കഥ . മൂന്ന് വര്‍ഷം മുമ്പ് അവരുടെ അച്ചന്‍ മരിച്ചു പോയി . അച്ചന്‍ മരിച്ച് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സ്വന്തം പെറ്റമ്മ അവരെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി . പിന്നീട് ആ പ്രായമായ അമ്മുമ്മയുടെ (അച്ചന്‍റെ അമ്മ ) സംരക്ഷണ ചുമതലയിലാണ് ആ മൂന്ന് കൊച്ചു പെണ്‍കുട്ടികളുടെ ജീവിതം . അടുത്തുളള രണ്ട് മൂന്ന് വീടുകളില്‍ ജോലി ചെയ്യാന്‍ പോയാണ് അമ്മുമ്മ ആ കുടുംബം പുലര്‍ത്തുന്നത് .

അധികം ബന്ധുക്കളൊന്നുമില്ലാത്തതിനാല്‍ മറ്റുളളവരുമായി അധികം സമ്പര്‍ക്കം ഒന്നൂമില്ലാത്ത ആ പാവപ്പെട്ട കുടുംബത്തെ പറ്റി ഒരിക്കല്‍ ഒരാള്‍ പറഞ്ഞ് ആലുവ ട്രാഫിക്ക് SI കബീര്‍ സാര്‍ അറിഞ്ഞു . അന്നു മുതല്‍ സ്ക്കൂള്‍ തുറക്കുന്ന സമയങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ആരുമറിയാതെ പറ്റുന്ന സഹായങ്ങള്‍ അദ്ദേഹം ആ കുടുംബത്തിന് വേണ്ടി ചെയ്ത് കൊടുക്കാറുണ്ടായിരുന്നു.

വിഷുവിന്‍റെ തലേ ദിവസമായ ഇന്നും ആ മൂന്ന് മക്കള്‍ക്കും നല്ലൊരു വിഷുസമ്മാനം ആരുമറിയാതെ അവരുടെ ചോര്‍ന്നൊലിക്കുന്ന ആ കൊച്ചു കൂരയില്‍ അദ്ദേഹം എത്തിച്ചു കൊടുത്തിരുന്നു . സന്ധ്യയായപ്പോ അദ്ദേഹം കൊടുത്ത ആ സമ്മാനമായ ഒരേ നിറത്തിലുളള ആ പട്ടു പാവടയും ബ്ലൗസ്സും ധരിച്ച് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കബീര്‍സാറിനെ അത് കാണിച്ച് സന്തോഷം പങ്കിടാന്‍ അവരെത്തി . സ്വന്തം മക്കളെ പോലെ അവരെ ചേര്‍ത്ത്നിര്‍ത്തി വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് ഈ കഥകളൊക്കെ ഞങ്ങള്‍ അറിയുന്നത് . ഒടുവില്‍ അവര്‍ പോകാന്‍ നേരത്ത് മൂന്ന് പേര്‍ക്കും നല്ലൊരു വിഷു കൈനീട്ടവും നല്കിയാണ് അദ്ദേഹം അവരെ യാത്രയാക്കിയത് . ആ കൈനീട്ടം കിട്ടിയപ്പോള്‍ വാങ്ങിയ അവരുടെ കണ്ണുകളും കണ്ടു നിന്ന ഞങ്ങളുടെ കണ്ണുകളും ചെറുതായൊന്നു ഈറനണിഞ്ഞിരുന്നു . ആ കാഴ്ചകളൊക്കെ തന്നെ ആയിരിക്കും ഒരുപക്ഷേ എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല വിഷുകാഴ്ചയും…

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്നും , നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നൊക്കെയാണ് എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നത് . മതത്തെ പറ്റി പറയാന്‍ ഒത്തിരി പേരുണ്ടാകുമെങ്കിലും അത് പാലിക്കപ്പെടുന്നവര്‍ എത്ര പേരുണ്ടാകുമെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ത്ഥ്യം .

അകലങ്ങളിലിരുന്ന് പോലീസിന്‍റെ കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ഒത്തിരി പേരുണ്ടാകും…. പക്ഷേ പോലീസിനെ അടുത്തറിയുന്ന ഒത്തിരി പേര്‍ക്ക് ഇത്തരം വാര്‍ത്തകളും , കാഴ്ചകള്‍ കണ്ടാല്‍ ഒരത്ഭുതവും തോന്നില്ല . കാരണം അധികമാരും അറിയാതെ പോകുന്ന ഇത്തരം ഒത്തിരി കാഴ്ചകള്‍ അവര്‍ പലവട്ടം കാണുകയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ടാകും.

***ജെനീഷ് ചേരാമ്പിളളി****

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply