മൗണ്ടൻ ഗോറില്ലകളെ തേടി ആഫ്രിക്കൻ മഴക്കാടുകളിലൂടെ ഒരു യാത്ര !!

വിവരണം – Ignatious Enas‎.

മനുഷ്യനുമായി ജനിതകഘടനയിൽ വളരെയധികം സാമ്യമുള്ള മൗണ്ടൻ ഗൊറില്ലകൾ ഉഗാണ്ടയിലുള്ള ബിവിണ്ടി, മഹാഗിങ്ങാ (Bwindi Impenetrable & Mgahinga) നാഷണൽ പാർക്കുകൾ, റുവാണ്ടയിലുള്ള വോൾകാനോസ് നാഷണൽ പാർക്ക് (Volcanoes National Park) കോംഗോയിലുള്ള വിരുന്ക്ഗ നാഷണൽ പാർക്ക് (Virunga National Park) എന്നിവിടങ്ങളിലെ ഉയരം കൂടിയ നിത്യ ഹരിത വനങ്ങളിൽ മാത്രം ആണ് കാണപ്പെടുന്നത്.ഇന്ന് ഏകദേശം 900 മൗണ്ടൻ ഗോറില്ലകളാണ് ഭൂമുഖത്തുള്ളത്. വേറൊരു പരിത സ്ഥിതിയിലും ഇവക്കു നിലനില്പില്ല എന്നതിനാൽ മൃഗശാലകളിലൊന്നും വളർത്തുവാൻ സാധിക്കില്ല.മൗണ്ടൻ ഗൊറില്ലകൾ ചെറിയ ഗ്രൂപ്പുകൾ ആയാണ് താമസം. സിൽവർ ബാക് എന്നറിയപ്പെടുന്ന ആൺ ഗൊറില്ലകളാണ് ഗ്രൂപ്പിനെ നയിക്കുന്നത്.മിക്ക ഗ്രൂപ്പുകളിലും ഒന്നോ രണ്ടോ ആൺ ഗൊറില്ലകളാണ് ഉണ്ടാവാറുള്ളത് . എന്നാൽ ചില ഗ്രൂപ്പുകളിൽ നാലോ അതിൽ കൂടുതലോ സിൽവർ ബാക്കുകൾ കാണാറുണ്ട്. ഗ്രൂപ്പുകൾ തമ്മിൽ കണ്ടുമുട്ടിയായാൽ, സിൽവർ ബാക്കുകൾ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. പൊതുവെ വെജിറ്റേറിയന്മാരായ ഗൊറില്ലകൾ ചിലപ്പോൾ ഉറുമ്പുകളെയും ചെറിയ പ്രാണികളെയും ഭക്ഷിക്കാറുണ്ട്.ദിവസവും ആറുമണിക്കൂറോളം ഭക്ഷണം കഴിക്കലാണ് പരിപാടി. ഗൊറില്ലകൾ പൊതുവെ നിരുപദ്രവകാരികളും നാണം കുണുങ്ങികളും ആണ്.

മൗണ്ടൻ ഗൊറില്ലയെ കാണുവാനുള്ള ആദ്യപടി ഒരു ഗൊറില്ല പെര്മിറ്റു സംഘടിപ്പിക്കുകയാണ്‌. കോംഗോയിൽ സെക്യൂരിറ്റി പ്രശനങ്ങൾ ഉള്ളതിനാൽ ഉഗാണ്ടയിലും റുവാണ്ടയിലും ആണ് ഗൊറില്ല ട്രക്കിങ് നടത്താൻ സാധിക്കുന്നത്. എട്ടു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരു മണിക്കൂറാണ് ഗൊറില്ലകളുടെ കൂടെ ചിലവഴിക്കാൻ അനുവദിച്ചിരിക്കുന്നത് . ഉഗാണ്ടയിൽ 600 ഡോളറും റുവാണ്ടയിൽ 1500 ഡോളറുമാണ് പെർമിറ്റ് ഫീസ്. നമുക്ക് നേരിട്ട് അപേക്ഷിക്കാമെങ്കിലും ടൂർ ഏജന്റുകൾ വഴി തരപ്പെടുത്തുന്നതാണു എളുപ്പം. ആവശ്യക്കാർ കൂടുതൽ ആയതിനാൽ തന്നെ മിക്കപ്പോഴും പെർമിറ്റുകൾ കിട്ടാൻ വിഷമമാണ്. ഈ ഫീസിന്റെ ഒരു ഭാഗം ഗൊറില്ലകളുടെ ഉന്നമനത്തിനും കുറച്ചു ചുറ്റും താമസിക്കുന്ന ആൾക്കാരുടെ പുരോഗതിക്കുമായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഗൊറില്ലകളുടെ സംരക്ഷണത്തിൽ വനത്തിനു ചുറ്റുമുള്ള താമസക്കാർ ബദ്ധശ്രദ്ധരാണ്. മൂന്ന് പാർക്കിലും കൂടി ഏകദേശം നാനൂറോളം ഗൊറില്ലകളെ ആണ് ടൂറിസ്റ്റുകൾക്ക് കാണുവാൻ സാധിക്കുന്നത്.

ഉഗാണ്ടയിലുള്ള ബിവിണ്ടി നാഷണൽ പാർക്കാണ് ഗൊറില്ല ട്രെക്കിങ്ങ് നടത്താൻ ഞാൻ തിരഞ്ഞെടുത്തത്. കമ്പാലയിൽ നിന്നും പത്തുമണിക്കൂർ അധികം റോഡുയാത്രയുണ്ട് ഇവിടേക്ക്. എന്നാൽ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ എത്താനായാൽ , അവിടെ നിന്നും മൂന്നു മണിക്കൂർ യാത്രകൊണ്ട് പാർക്കിലെത്താം. ഞാനും ആ വഴി തന്നെയാണ് സ്വീകരിച്ചത്. റുവാണ്ടയിലെ ഉയർന്ന ഗൊറില്ല ട്രെക്കിങ്ങ് ഫീസുകാരണം പലരും ഈ ഓപ്ഷൻ ആണ് സ്വീകരിക്കുന്നത്. “Lets Go Tours Rwanda” എന്ന കമ്പനി ആണ് എനിക്കുവേണ്ടി പെര്മിറ്റു, താമസം, യാത്ര സൗകര്യങ്ങൾ എല്ലാം ചെയ്തിരിക്കുന്നത്. 13-01-18 നു രാവിലെ ഏഴിന് പുറപ്പെട്ടു ഏഴിന് തന്നെ അവിടെ എത്തിച്ചേർന്നു (റുവാണ്ട, ഉഗാണ്ടയെക്കാളും ഒരു മണിക്കൂർ പുറകിലാണ്). രണ്ടു ദിവസത്തേക്ക് എന്റെ സാരഥിയും ഗൈഡും ഒക്കെയായ ജോൺ എയർപോർട്ടിൽ തന്നെ ഉണ്ടായിരുന്നു.

റുവാണ്ടയെക്കുറിച്ചു പറയുകയാണെങ്കിൽ , വളരെ വേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന , കുറ്റകൃത്യങ്ങൾ വളരെ കുറവുള്ള , കൈക്കൂലി പോലുള്ള ദുഷിപ്പുകൾ ഒന്നും ഇല്ലാത്ത മനോഹര രാജ്യം. പണ്ടൊരു വോൾക്കാനിക്‌ പ്രദേശം ആയിരുന്നതിനാൽ മലകൾ ധാരാളമാണ്. അതിനാൽ തന്നെ “Land of thousand hills” എന്ന പേരിലും റുവാണ്ട അറിയപ്പെടുന്നു.കൃഷിയും ടൂറിസവുമാണ് പ്രധാന വരുമാനം. ബമ്പുകൾ വളരെ കുറവുള്ള വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. എന്നാൽ അനുവദിച്ചിരിക്കുന്ന വേഗം തെറ്റിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത വളരെ വലിയ പിഴ. ഫ്രഞ്ചും, ഇംഗ്ലീഷും, സ്വാഹിലിയും ഒക്കെ സംസാരിക്കുന്ന സമാധാന പ്രിയരായ ജനങ്ങൾ. ഇന്ന് ഇതൊക്കെയാണെങ്കിലും അവർക്കും പറയാനുണ്ട് വേദനാജനകമായ ഒരു പൂർവകാല ചരിത്രം. 1994 ൽ നടന്ന , നൂറു ദിവസം നീണ്ടുനിന്ന ഒരു കൂട്ടക്കുരുതിയുടെ കഥ. ഏകദേശം രണ്ടര ലക്ഷം ടുട്സി (tutsi) വംശജരെയാണ് ഹുട്ടു (Hutu) എന്ന മറ്റൊരു വർഗം കൊന്നൊടുക്കിയത്. അതും ഭൂരിഭാഗം കൊലപാതകങ്ങളും കത്തി (machete) ഉപയോഗിച്ച്. “ഹോട്ടൽ റുവാണ്ട” എന്ന സിനിമ ഈ വംശഹത്യയെ ആധാരമാക്കിയുള്ളതാണ് . ഇന്ന് പുതിയ ഭരണകൂടം അതിന്റെ ഓർമക്കായി ഒരു സ്മാരകം ഉണ്ടാക്കുകയും ഐഡിന്റി കാർഡിൽ പോലും വംശമോ അതുപോലുള്ള വിവരങ്ങളോ പാടില്ലെന്നുള്ള നിയമവും കൊണ്ടുവന്നു.

എയർപോർട്ടിൽ നിന്നും, നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നത് പ്രകാരം ഞങ്ങൾ “genocide memorial” കാണാൻ ആണ് പോയത്. ഇവിടെ എൻട്രി ഫ്രീ ആണ്, എങ്കിലും ഡോനെഷൻ ആയി എന്തെങ്കിലും നൽകാം. സ്മാരക മ്യൂസിയം, കൂട്ടത്തോടെ മറവുചെയ്ത കല്ലറകൾ, ഓര്മക്കായുള്ള പൂന്തോട്ടങ്ങൾ, ചെറിയ വീഡിയോ പ്രദർശനങ്ങൾ എല്ലാം കഴിയുമ്പോൾ ഏതു കഠിന ഹൃദയനും കരഞ്ഞുപോവും. എനിക്ക് വളരെ ഹൃദയ ഭേദകമായി തോന്നിയത് കൊല്ലപ്പെട്ട കുട്ടികളുടെ സെക്ഷൻ ആണ്. എന്റെ ഡ്രൈവർ ഗൈഡ് ജോണിന്റെ ബന്ധുക്കളെല്ലാം തന്നെ ഈ കൂട്ടക്കുരുതിയിൽ മരണപ്പെട്ടത്രെ. ജോണും മാതാപിതാക്കളും ഉഗാണ്ടയിൽ ആയിരുന്നതിനാൽ രക്ഷപ്പെട്ടു.

പത്തുമണിയോടെ അവിടുന്ന് ഇറങ്ങിയ ഞങ്ങൾ രാത്രി താമസിക്കാൻ പോകുന്ന ബകിഗ ലോഡ്ജ് (Bakiga Lodge) ലക്ഷ്യമാക്കി യാത്രയായി. കാട്ടുണ (Katuna) എന്ന അതിർത്തി വഴി വീണ്ടും ഉഗാണ്ടയിൽ പ്രവേശിച്ചു. വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണവും കഴിഞ്ഞു മൂന്ന് മണിയോട് കൂടി ലോഡ്ജിൽ എത്തിച്ചേർന്നു. ഈ ലോഡ്ജ് ബിവിണ്ടി വനത്തിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലങ്ങൾ എല്ലാം തന്നെ ഒരു കാലത്തു വോൾക്കാനിക്‌ ആയിരുന്നു. അതിനാൽ തന്നെ എവിടെ നോക്കിയാലും മലകളും ഗർത്തങ്ങളും ആണുള്ളത്. തട്ടുതട്ടായി തിരിച്ചു ഇവിടങ്ങളിലെല്ലാം വാഴ, ഉരുളക്കിഴങ്ങു, ബീൻസുകൾ, എല്ലാം ധാരാളമായി കൃഷി ചെയ്യുന്നു. ഒരു മലയുടെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. വൈകുന്നേരം ചെറുതായി മഴ പെയ്യുകയും നല്ല തണുപ്പ് ആരംഭിക്കുകയും ചെയ്തു. ഗൊറില്ല ട്രക്കിങ്ങിനുവേണ്ടി വന്നിരിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള പലരെയും പരിചയപ്പെടുകയുണ്ടായി. ഏഴരക്ക് അത്താഴവും കഴിച്ചു കിടന്നു. രാവിലെ ചെയ്യാൻ പോകുന്ന ഗൊറില്ല ട്രെക്കിങ്ങിനെക്കുറിച്ചു ഓർത്തിട്ടു ഉറക്കം ഒട്ടും തന്നെ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗൊറില്ലസ് ഇൻ ദി മിസ്ഡ് (Gorillas In The Mist) സിനിമയിലെ പല സീനുകളും മനസ്സിൽ കൂടെ കടന്നുപോയി. എപ്പോഴോ ഉറങ്ങി.

രാവിലെ ആറുമണിക്കുണർന്നു റെഡിയായി (ട്രെക്കിങ് ഷൂസ്, റൈൻ കോട്ട് , ഒന്നര ലിറ്റർ വെള്ളം ഇവയെല്ലാം നിർബന്ധം ആണ്) ഭക്ഷണവും കഴിച്ചു, ഉച്ചക്കുള്ളത് പായ്ക്കും ചെയ്തു , UWA ഓഫീസിലെത്തി. റൂഹിജ (Ruhija) എന്ന സ്ഥലത്തുള്ള ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റിയുടെ ഓഫീസിൽ നിന്നും നാലു ഗൊറില്ല ഗ്രൂപ്പുകളെ കാണാനാണ് സാധിക്കുന്നത്. എട്ടുപേർ വീതമുള്ള നാലു ഗ്രൂപ്പുകൾക്കാണ് ഒരു ദിവസം ട്രെക്കിങ്ങ് നടത്താൻ സാധിക്കുന്നത്. രാവിലെ 8 മുതൽ രാത്രി 7 മണി വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ എല്ലാവരും അതിനും വളരെ നേരത്തെ തിരിച്ചു എത്താറാണ് പതിവ്. ട്രെക്കിങ്ങ് എളുപ്പമാക്കാൻ വേണ്ടി ആദ്യമേ തന്നെ രണ്ടു മൂന്ന് ട്രാക്കറുമാരെ ഓരോ ഗൊറില്ല ഗ്രൂപ്പിനെയും പിറ്റേ ദിവസം അവസാനമായി എവിടെ കണ്ടോ , അങ്ങോട്ട് അയക്കുന്നു. അവിടുന്ന് അവർ തേടാൻ തുടങ്ങുന്നു. നമ്മൾ ട്രെക്കിങ്ങ് തുടങ്ങിക്കഴിയുമ്പോഴേക്കും അവർ മിക്കവാറും ഗൊറില്ലകളുടെ സ്ഥലം കണ്ടുപിടിച്ചിട്ടുണ്ടാവും.

ഒരു ചെറിയ വിവരണവും, എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല ഇതൊക്കെ പറഞ്ഞ ശേഷം ഞങ്ങളെ നാലു ഗ്രൂപ്പാക്കി തിരിച്ചു. എനിക്ക് കിട്ടിയത് മുകിസാ (Mukiza) എന്ന ഗൊറില്ല ഗ്രൂപ്പ് ആണ്. മുകിസാ എന്ന സിൽവർ ബാക്കുൾപ്പെടെ പതിമൂന്നോളം ഗൊറില്ലകളാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. മുകിസാ എന്നാൽ “lucky” എന്നാണത്രെ അർഥം. ആദ്യമേതന്നെ എല്ലാവരും തമ്മിൽ പരിചയപ്പെട്ടു. എന്റെ കൂടെയുള്ളത് അയര്ലണ്ടില് നിന്നുള്ള ഒരു ഫാമിലി, അമേരിക്കയിൽ നിന്നുള്ള ഒരു ഫാമിലി, ജർമനിയിൽ നിന്നുള്ള രണ്ടുപേർ പിന്നെ UK യിൽ നിന്നും ഒരാൾ ആയിരുന്നു. എല്ലാവരും ആദ്യമായി ആണ് ഗൊറില്ല ട്രെക്കിങ്ങ് നടത്തുന്നത്. ഗൈഡിനെ കൂടാതെ രണ്ടു തോക്കു ധാരികളും പോർട്ടർമാരുമാണ് കൂടെ ഉള്ളത്. വനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ആനകൾ ഉള്ളതിനാല്‌ ആണ് തോക്കുധാരികൾ കൂടെ വരുന്നത്. മുകളിലേക്ക് വെടിവച്ചാൽ അവ ഓടി പൊയ്ക്കൊള്ളുമത്രെ.
ധാരാളം വനകളിലൂടെ ഒക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊടും വനത്തിൽ കൂടിയുള്ള ഈ ട്രെക്കിങ്ങ് വളരെ വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അമേരിക്കൻ ഫാമിലി കുറച്ചു പ്രായം ആയവരായതിനാൽ നന്നായി കഷ്ടപ്പെട്ടു. തെന്നിയും, നിരങ്ങിയും, നടന്നും ഇടക്കൊക്കെ വീണും മെല്ലെ മെല്ലെ ഞങ്ങൾ ലക്ഷ്യത്തിലേക്കു നീങ്ങി.

ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അതിരാവിലെ തന്നെ വനത്തിനുള്ളിൽ പോയ ട്രാക്കറുമാരുടെ മെസ്സേജ് കിട്ടി. അവർ മുകിസ ഗ്രൂപ്പിനെ കണ്ടെത്തിയിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ കൂടി നടക്കണം. എല്ലാവരും ശരിക്കും മടുത്തു. എങ്കിലും ഗൊറില്ലയെ കാണാനുള്ള ആവേശത്തിൽ വീണ്ടും മുന്നോട്ടു. ആദ്യം കണ്ടത് രണ്ടു ചെറിയ ഗൊറില്ലകൾ ഒരു മരത്തിൽ ഇരുന്നു കായ്കനികൾ ഭക്ഷിക്കുന്നതായിരുന്നു. തുടർന്ന് മറ്റു അനേകം ഗൊറില്ലകളെയും. കുറച്ചു വിഷമം പിടിച്ചവ ആയതിനാൽ പേരുകളൊന്നും മനസ്സിൽ നിന്നില്ല. സിൽവർ ബാക്കിനെ ഒന്ന് കാണേണ്ടത് തന്നെ ആണ്. 200 കിലോയോളം ഭാരം ഉണ്ടാവുമത്രെ. ഞങ്ങൾക്ക് രണ്ടു കുട്ടി ഗൊറില്ലകളെയും ഏഴുമാസം പ്രായമുള്ള വളരെ ചെറിയ ഒന്നിനെയും കാണാൻ സാധിച്ചു. ഒരു കുട്ടി ഗൊറില്ല മെല്ലെ മെല്ലെ വന്നു എന്റെ അടുത്ത് കളിയായി. കൗതുകം തോന്നി ആശാൻ എന്നെ തൊട്ടൊക്കെ നോക്കാൻ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം ഗൈഡ് നിർദേശിച്ചത് അനുസരിച്ചു ഞാൻ പുറകോട്ടു മാറി. ഒരു മണിക്കൂർ കടന്നു പോയതേ അറിഞ്ഞില്ല. തിരിച്ചുള്ള കയറ്റമായിരുന്നു ഇറക്കത്തെക്കാൾ വിഷമം. തിരിച്ചു വൈൽഡ് ലൈഫ് ഓഫീസിൽ എത്തിയ ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് തരുകയുണ്ടായി. ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഒരിക്കലും മറക്കാൻ പറ്റാത്തത ഓർമയും നെഞ്ചിലേറ്റി ഞാനും തിരിച്ചു റുവാണ്ടയിലേക്കു തിരിച്ചു.

റുവാണ്ടയുടെ അതിർത്തിയിൽ എത്തിയപ്പോൾ മൂന്നുമണി ആയതേ ഉള്ളു. എന്റെ ഉഗാണ്ടക്കുള്ള വിമാനം രാത്രി 12 നാണു. ജോണിന്റെ നിർദേശ പ്രകാരം, ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് കോംഗോ (DRC) യോട് ചേർന്ന് കിടക്കുന്ന കീവ് തടാകം (lake kivu) കാണാൻ പോകാൻ തീരുമാനിച്ചു (അതിനു ചെറിയൊരു കാശു പുള്ളിക്ക് കൊടുക്കണം). ക്യാനിക (Kyanica) എന്ന ഉഗാണ്ടൻ അതിർത്തിയിൽ നിന്നും ഏകദേശം മൂന്നു മണിക്കൂറോളം യാത്ര ചെയ്തു അവിടെ എത്തിച്ചേർന്നു. വളരെ മനോഹരമായ സ്ഥലം. ചെറുതെങ്കിലും സുന്ദരമായ ബീച്ച്. എങ്ങും കോംഗോളീസ്‌ തരുണീമണികൾ.കിവു തടാകം പകുതി കോംഗോയിലും ബാക്കി റുവാണ്ടയിലും ആയിട്ടാണ് കിടക്കുന്നതു.

ഞാനും ജോണും കൂടി ചെറിയൊരു ബോട്ടിങ് ഓക്കെ നടത്തി. വെള്ളത്തിൽ കൂടി ഞങ്ങൾ കോംഗോയിൽ കടന്നു. അതിനു വിസ വേണ്ടല്ലോ . ഇവിടുത്തെ ഹോട്ടലുകളിൽ ഈ തടാകത്തിൽ വളരുന്ന, അതീവ രുചികരമായ ഒരു ചെറിയ മീൻ കിട്ടുമത്രേ. എന്നാ പിന്നെ മീൻ തിന്നിട്ടു തന്നെ കാര്യമെന്ന് വച്ച് ടം ടം (tam-tam) എന്നൊരു ബീച്ച് ബാറിൽ കയറി. ബീച്ചിൽ എല്ലാവരും ആഘോഷത്തിലാണ്. കോംഗോലീസ് സംഗീതം നല്ല ഉച്ചത്തിൽ വച്ചിട്ടുണ്ട്. ചിലർ ബീച്ചിലും മറ്റുചിലർ വെള്ളത്തിലും നിന്ന് ഡാൻസ് കളിക്കുന്നുണ്ട്. ജോണുച്ചേട്ടൻ രണ്ടു പ്ലേറ്റ് മീൻ ഫ്രൈ ഓർഡർ ചെയ്തു, കൂടെ ഉരുളക്കിഴങ്ങു വറുത്തതും. കുറച്ചു നേരത്തിനു ശേഷം ദാ വന്നിരിക്കുന്നു രണ്ടു പ്ലേറ്റ് നത്തോലി ഫ്രൈ (Nethili Fish). ഇതാണത്രേ ഈ തടാകത്തിൽ മാത്രമുള്ള സ്പെഷ്യൽ മീൻ. എന്തായാലും മീൻ ഫ്രൈ അടിപൊളി ആയിരുന്നു.

ഏഴുമണിയോടെ ഞങ്ങൾ തിരിച്ചു കിഗാലി ലക്ഷ്യമാക്കി യാത്ര തിരിച്ചു. പത്തരയോടെ എയർപോർട്ടിൽ എത്തിച്ചേർന്നു. ജോണിനോട് നന്ദിയും പറഞ്ഞു രാത്രി പന്ത്രണ്ടു മണിയോടുകൂടി ഞാൻ ഉഗാണ്ടയിലേക്കു തിരിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകളുമായി.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply