75 ദിവസത്തെ ബൈക്ക് യാത്രയിൽ മനസ്സിനെ ആകർഷിച്ച ചില മുഖങ്ങൾ..

വിവരണം – Aneesh Ani.

എന്റെ 75 ദിവസത്തെ ബൈക്ക് യാത്രയിൽ സഞ്ചരിച്ച പ്രദേശങ്ങളെക്കാളും മനസ്സിനെ വല്ലാതെ ആകർഷിച്ചത് കണ്ട ചില മുഖങ്ങളാണ്. ഇനിയൊരിക്കൽ കൂടി കാണുമോ എന്നുറപ്പില്ലാത്ത വ്യത്യസ്ഥമായ കഥാപാത്രങ്ങൾ. രൂപം കൊണ്ടും ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ശ്രദ്ധയാകർഷിച്ച കുറെ ജീവനുകൾ. സ്‌മൃതിസഞ്ചയത്തിൽ എന്നും കരുതി വെക്കാൻ എനിക്ക് കിട്ടിയ അമൂല്യമായ ഓർമ്മകളായിരുന്നു അവരോടൊപ്പമുള്ള നിമിഷങ്ങൾ. അതിൽ ചിലരെ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നു.

1) സൈറ: ലഡാക്കിലേക്കുള്ള വഴിയിൽ സോജിലാ പാസ്‌ പിന്നിട്ട് ദ്രാസ്സിൽ എത്തിച്ചേരാൻ 30km ഉള്ള ഒരു പ്രദേശത്തു വെച്ചാണ് സൈറയെ കാണുന്നത്. മഞ്ഞു പാടെ പൊതിഞ്ഞ പ്രദേശത്തു റോഡിൽ മഞ്ഞു കൊണ്ടുണ്ടാക്കിയ സ്റ്റമ്പും വെച്ചു രണ്ടു ആൺകുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നത് കണ്ടാണ് ഞാൻ ബൈക്ക് സൈഡ് ആക്കിയത്. അവരുടെ കളിക്കൊപ്പം പങ്കു ചേർന്ന് നിൽക്കുന്ന എന്നെ കണ്ടിട്ടാണ് സൈറ എന്ന കൊച്ചു കൂട്ടുകാരി വീടിനകത്തു നിന്നും ഓടിപുറത്തു വന്നത്. അവരുടെ നാട്ടിലേക്കു വന്ന എന്നെ കണ്ട കൗതുകത്തിൽ പുറത്തേക്കു ഓടിയെത്തിയെങ്കിലും അധികം അടുത്തേക്ക് വരാതെ ഒരു പരുങ്ങലോടെ മാറി നിൽക്കുകയായിരുന്നു. എന്തോ കഴിക്കുന്ന തിരക്കിനിടയിലാണ് ഓടിവന്നതെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി. വല്ലാതെ മാറിനിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അടുത്തേക്ക് വിളിച്ചു. ചിണുങ്ങി ചിണുങ്ങി അടുത്ത് വന്ന അവളോട്‌ പേര് ചോദിച്ചു. അവളുടെ കൂട്ടുകാർ കളിക്കുന്ന ഫോട്ടോ പകർത്തുകയായിരുന്ന ഞാൻ സൈറയുടെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് തലയാട്ടി. എടുത്ത ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അവളുടെ ചിരി ഒന്നുകൂടി വിടർന്നു. പിന്നെ കുറച്ചു നേരം എനിക്കും ബൈക്കിനും ചുറ്റും നടന്നതിന് ശേഷം അവിടെയൊക്കെ തുള്ളിച്ചാടി നടന്ന സൈറ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്‌ കളിയിൽ ചേർന്നു. അൽപ നേരം കൂടി അവർക്കൊപ്പം ചിലവഴിച്ചു അന്നത്തെ രാത്രി താമസത്തിനായി ഞാൻ കാർഗിലിലേക്കു വെച്ചു പിടിച്ചു.

2) മേഘ് സിങ്: രാജസ്ഥാനിലെ ജൈസാൾമീരിൽ നിന്നും താർ മരുഭൂമി ലക്ഷ്യമാക്കിയായിരുന്നു പന്ത്രണ്ടാം ദിവസത്തെ യാത്ര. കള്ളിമുൾ ചെടികളും, ബാബുൾ മരങ്ങളും ഉയർന്നും താഴ്​ന്നും കിടക്കുന്ന മണൽപ്പരപ്പും വലിയ ചതുരപ്പെട്ടികൾ കൊണ്ടുവെച്ചതുപോലുള്ള വീടുകളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങളും കന്നുകാലികളും കാറ്റാടിപ്പാടങ്ങളും നിറഞ്ഞ ജൈസാൽമീറി​​ന്റെ വഴിയോര കാഴ്​ചകൾ കണ്ട്​ മുന്നോട്ടു നീങ്ങിയ ഞാൻ ബൈക്ക്​ നിർത്തുന്നത്​ റോഡ്​ മുറിച്ചുകടക്കുന്ന ആട്ടിൻപറ്റത്തെ കണ്ടായിരുന്നു. ബൈക്ക്​ കൂടാതെ ഒരു കാറും അവർക്ക്​ കന്നുപോകാനായി വഴിയൊരുക്കിയിരിക്കുകകയാണ്​. റോഡ്​ മുറിച്ചുകടന്ന്​ ഒഴിഞ്ഞുകിടക്കുന്ന മരുപ്രദേശത്തേക്ക്​ നീങ്ങുന്ന ആട്ടിൻപറ്റത്തെയും ആട്ടിടയനായ വൃദ്ധനെയും പിന്തുടർന്ന്​ ഞാൻ ബൈക്ക്​ റോഡിൽനിന്നിറക്കി. അൽപം ബുദ്ധിമുട്ടിയാണെങ്കിലും ആടുകൾക്കൊപ്പം ബൈക്ക്​ ഒാടിച്ച്​ അവർക്കു മുന്നിലെത്തി. മേഘ്​ സിങ്​ എന്നായിരുന്നു ആ കർഷ​​​കന്റെ പേര്​. ആട്ടിൻപറ്റത്തി​​​ന്റെ ഉടയോൻ. തലയിൽ മഞ്ഞക്കെട്ടും കെട്ടി രാജസ്ഥാനി പരമ്പരാഗത വേഷം ധരിച്ചായിരുന്നു അയാൾ. കടുത്ത ചൂടിൽ ദാഹമകറ്റാനുള്ള വെള്ളം കുപ്പിയിലാക്കി പിറകിൽ തൂക്കിയിട്ടിട്ടുണ്ട്. നൂറിലധികം ആടുകൾ തന്നോടൊപ്പം ഉണ്ട് എന്നയാൾ പറഞ്ഞു. അൽപ നേരത്തിനു ശേഷം തനിക്കും എത്രയോ മുന്നിൽ സഞ്ചരിക്കുന്ന ആടുകൾക്കൊപ്പമെത്താൻ അയാൾ നടന്നു തുടങ്ങി. ആ മരുഭൂവിൽ അങ്ങേയറ്റം വരെ അയാൾ ആടുകൾക്കൊപ്പം നടക്കുന്നത് കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ നോക്കി നിന്നു.

3) യാൻകുൽ: ലഡാക്കിലെ യാത്രക്കിടയിൽ നിമ്മു എത്താൻ നേരം ഒരു അരുവിയുടെ അടുത്ത്​ നിർത്തിയ എന്നെ അതിനരികിലെ വീട്ടുമുറ്റത്തുനിന്ന്​ പ്രായമായ ഒരു സ്​ത്രീ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, ‘എങ്ങോട്ടാ…?’’ ലേയിലേക്കാണെന്ന്​ പറഞ്ഞ്​ ഞാൻ അവർക്കരികിൽ എത്തി. യാൻകുൽ എന്നാണ്​ അവരുടെ പേര്​. അവരുടെ മകൻ ഒരാൾ ലേയിൽ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ടെന്ന്​ അവർ പറഞ്ഞു. മുറ്റത്ത്​ വിരിച്ചിട്ട ഉണങ്ങിയ ചാണകം കുട്ടയിലാക്കുകയായിരുന്നു അവർ. വരുന്ന വഴിയിൽ നിന്ന് വാങ്ങിയ ഉണക്കിയ ആപ്പിൾ കഷ്ണങ്ങൾ അവർക്കു കഴിക്കാൻ ഞാൻ നൽകി. അവിടെ നിന്നുകൊണ്ട് ഞങ്ങൾ രണ്ടു പേരും ആപ്പിൾ ഡ്രൈ ഫ്രൂട്ട് കഴിച്ചായിരുന്നു ബാക്കി സംസാരം. ലഡാക്കിലെ ജനവാസം കുറഞ്ഞ പ്രദേശത്തുള്ള താമസം അവരെ മുഷിപ്പിക്കുന്നുവോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് സംസാരിക്കാൻ ആളെ കിട്ടിയ പോലെ വാ തോരാതെയുള്ള യാൻകുലിന്റെ സംസാരം.

4) പ്രതീഷ്: അഹമ്മദാബാദിൽ നിന്നും ഉദയ്‌പൂരിലേക്കുള്ള വഴിയിൽ ഗാന്ധിനഗറിനടുത്ത് കരിമ്പു ജ്യൂസ്‌ കുടിച്ച് ക്ഷീണം മാറ്റാൻ സൈഡ് ആക്കിയപ്പോഴാണ് കൂടാരം പോലത്തെ വീടിന്റെ മുറ്റത്തു കളിക്കുന്ന കുട്ടികളെ കാണാനിടയായത്. അവർക്കിടയിലേക്ക് നടന്നു നീങ്ങി അതിൽ അൽപം മാറി ഒരു സിമന്റ്‌ ഭിത്തിയിൽ ഒറ്റക്കിരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കാനിടയായി. അടുത്തുള്ള തന്റെ കൂട്ടുകാർ പല കളികളിലും മുഴുകിയിരിക്കുമ്പോൾ അവൻ മാത്രം മാറിയിരുന്നു ഇടക്കെപ്പോഴോ തന്റെ അരികിലെത്തുന്ന ആടിനെയും തലോടി ഇരിക്കുന്നു. കഴുത്തിലൊരു ചരടും മൊട്ടത്തലയുമായി ചിരി തെളിയാത്ത മുഖവുമായി നിന്ന അവൻ ഞാൻ ക്യാമറ എടുത്തപ്പോൾ മാത്രം എപ്പോഴോ ഒന്ന്‌ ചിരിച്ചു. അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഒന്നര വർഷം മുമ്പ് അവന്റെ അമ്മ മരണപെട്ടതാണ് എന്നും അച്ഛൻ ട്രക്ക് ഡ്രൈവർ ആയതിനാൽ വല്ലപ്പോഴും വരാറുള്ളൂ എന്നും അറിയാൻ കഴിഞ്ഞത്. വിധി അവനു നഷ്ടപെടുത്തിയ അമൂല്യ സമ്പത്തും നിമിഷങ്ങളും ഒരു നിമിഷം ഞാൻ ഓർത്തു. കുട്ടികൾക്ക് എന്തേലും വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു ഒരു തുക മുറ്റത്തെ കയർ കട്ടിലിൽ കാലിനു പരിക്ക് പറ്റി കിടക്കുന്ന ഗൃഹനാഥന് കൊടുത്തു തിരിച്ചു പോരുമ്പോഴും അവൻ അലക്ഷ്യമായ നോട്ടത്തിൽ അവിടെ തന്നെ ഇരിക്കയായിരുന്നു.

5) ഷഹീൽ: അമൃത്സറിൽ നിന്നും ജമ്മുവിലേക്കുള്ള യാത്രാ മധ്യേയാണ്​ അറവുമാടുകളെ വിൽക്കുന്ന ഒരിടം കണ്ടത്​. ബൈക്ക്​ അങ്ങോട്ട്​ അടുപ്പിച്ചു നിർത്തി. അതിനടുത്തായി ചെറിയ വീടിന്​ സമീപം പ്രായമായ ഒരാൾ വടിയും പിടിച്ച്​ നിൽക്കുന്നുണ്ടയിരുന്നു. വടി അയാളുടെ വാർധക്യത്തെ താങ്ങിനിർത്താനുള്ളതായിരുന്നില്ല. മെരുങ്ങാതെ നിൽക്കുന്ന കന്നുകാലി​കളെ അടക്കി നിർത്താനുള്ളതായിരുന്നു അത്. വീടി​​​​​​​ന്റെ ചുറ്റിലുമായി അറവുമാടുകളും വൈക്കോൽ കൂനകളും പുല്ലും ചാണകവുമെല്ലാം കാണാം. ആ വൃദ്ധ​​​​​ന്റെ മകനായ അലി എന്നയാളാണ്​ എല്ലാത്തി​​​​​​​ന്റെയും മേൽനോട്ടം വഹിച്ചിരുന്നത്. അലിയുടെ മകൻ 13കാരനായ ഷഹീൽ കന്നുകാലികൾക്കുള്ള പുല്ല്​ ട്രാക്​ടറിൽ ചുറ്റിനും ഒാടിച്ച്​ വേണ്ട സ്ഥലങ്ങളിലൊക്കെ ഇട്ടുകൊടുക്കുന്നത് അതിനിടയിൽ തന്റെ അനുജനെക്കൂടി ട്രാക്ടർ ഒാടിക്കാൻ പഠിപ്പിക്കുന്ന പണിയും ഷഹീൽ നടത്തുന്നുണ്ട്​. സ്​കൂളും വിദ്യാഭ്യാസവുമൊന്നുമില്ലെങ്കിലും ഇൗ പ്രായത്തിൽ നമ്മളാരും കൈവെക്കാത്ത മേഖലയിലാണ്​ പിള്ളേരുടെ കളി.

6) പുരുഷോത്തമൻ സംഗീത്: നേപ്പാളിലെ കാത്മണ്ഡുവിൽ ദർബാർ സ്‌ക്വയർ പരിസരത്ത് അലഞ്ഞു ഹനുമാൻ ധ്വകയിൽ കടന്നപ്പോൾ ക്ഷേത്ര പരിസരത്ത് പ്രസാദമായി ഭക്ഷണം വിളമ്പുന്നത് കണ്ടു. അതിനരികിലൂടെ പോയപ്പോൾ ഒരാൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അയാൾ രാജസ്​ഥാനിൽനിന്നും നേപ്പാളിലേക്ക്​ കുടിയേറിയ മാർവാഡി കുടുംബത്തിലെ അംഗമായിരുന്നു. നിങ്ങൾ ഞങ്ങളുടെ അതിഥിയാണെന്നും ഇതു കഴിക്കണമെന്നും പറഞ്ഞു എന്നോട് ഒരിടത്തു ഇരിക്കാൻ പറഞ്ഞു. അൽപ സമയത്തിന് ശേഷം എനിക്കു മുന്നിലേക്ക്‌ ഭക്ഷണം എത്തി. ഭക്ഷണം കഴിക്കാൻ ഞാൻ ഇരുന്ന കൽ ഭിത്തിയിൽ എനിക്കു മുന്നിൽ ദേഹം മുഴുവൻ ചുവപ്പു ഭസ്​മം പൂ​ശി ജഡപിടിച്ച താടിയും മുടിയുമുള്ള പുരുഷോത്തമൻ സംഗീത് എന്ന ഒരാളും ഇരുന്ന്​ ഭക്ഷണം കഴിക്കുന്നുണായിരുന്നു. ഒരു മുണ്ടു മാത്രം ധരിച്ച്​ കഴുത്തിലും കൈയിലും രു​ദ്രാക്ഷം അണിഞ്ഞ അദ്ദേഹത്തെ എല്ലാവരും ഗുരു എന്നാണ്​ ​വിളിച്ചിരുന്നത്. അയാൾ കടലക്കറി മസാലയിൽ വെള്ളം ചേർത്ത്​ പാത്രം മുഴുവൻ നിറച്ചിരിക്കുന്നു. അതിൽ അപ്പം മുറിച്ചിട്ട്​ സ്​പൂൺ കൊണ്ടാണ്​ കഴിക്കുന്നത്​. ഇടയ്​ക്ക്​ പച്ചമുളക്​ കടിച്ച്​ ചവയ്​ക്കുന്നുമുണ്ട്. ആർക്കും പെട്ടെന്ന് ആകർഷണം തോന്നുന്ന വേഷവും രൂപവുമായി അയാൾ ആ പ്രദേശത്തെ സംസ്കൃതിയുമായി ചേർന്നങ്ങിനെ നില്കുന്നു.

7) ഉപീന്ദർ: ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്കുള്ള വഴിയിൽ ഹൈവേയിലെ വെയിലിൽ നിന്നും വിശ്രമിക്കാൻ ചെന്ന കുന്നിൻചെരുവിൽ നിന്ന് തിരിച്ചു ഹൈവേയിലേക്കു​ കയറുന്ന ഭാഗത്ത്​ ചെളി കൊണ്ട്​ തേച്ച്​ മനോഹരമാക്കിയ ഒരു ചെറിയ വീട് കണ്ടു. അതി​​​​ന്റെ ഭംഗി നോക്കി നിൽക്കുമ്പോഴാണ് കൈയിൽ ഗോതമ്പു​ കതിരും പിടിച്ചുകൊണ്ട്​ ഒരു കൊച്ചുകുട്ടി എന്റെ അടുത്തേക്ക് ഓടി വന്നത്​. എന്നെ കണ്ടയുടൻ അവനൊന്നു പരുങ്ങി. കൃഷിക്കാരു​ടെ വംശപരമ്പരയിലേക്ക്​ വിരിയുന്ന കതിരുപോലെ അവനപ്പോൾ എന്റെ മുന്നിൽ പൂത്തുനിന്നു. ഉപേന്ദർ എന്നാണ്​ അവ​​​ന്റെ പേര്​. കളിക്കോപ്പുകൾക്കു പകരം അവനു ആ ഗോതമ്പിൻ കതിരുകൾ മതിയായേക്കാം. ഇന്ത്യ എന്ന കാർഷിക രാജ്യത്തെ ഭാവി തുടിപ്പാണ് എനിക്ക് അവനിൽ കാണാൻ കഴിഞ്ഞത്. അവനെ പിന്തുടർന്ന്​ ദീപക്​, നിമ എന്നീ രണ്ടു കുട്ടികളും കൂടി വന്നു.

8) നാടോടി കുടുംബം: രാജസ്ഥാനിലെ സിറോഹി പട്ടണത്തിൽ എത്തുന്നതിനു മുമ്പായിരുന്നു ആ കാഴ്​ച കണ്ടത്​. റോഡ്​ വക്കിലിരുന്ന്​ ശിൽപങ്ങളുണ്ടാക്കി വിൽക്കുന്ന ഒരു നാടോടി കുടുംബം. അവരിലെ ആണുങ്ങൾ മുൻകൂട്ടി തയാറാക്കിയ അച്ചിലേക്ക്​ വൈറ്റ്​ സിമൻറ്​ നിറച്ച്​ ഉണങ്ങാൻ വെയ്​ക്കുന്നു. ഉണങ്ങിക്കഴിഞ്ഞ അച്ചിൽ നിന്നും ശിൽപങ്ങൾ പുറത്തെടുത്തു കഴിഞ്ഞാൽ അതിൽ ചായം പു​ശി മിനുക്കുന്ന പണിയാണ്​ സ്​ത്രീകൾക്ക്. അവർക്ക്​ ചുറ്റിലുമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ അവരുടെ ലോകം ഞാൻ ക്യാമറയിൽ പകർത്തി. കുട്ടികളുടെ ഫോ​ട്ടോ അവരെ കാണിച്ചു. ഫോ​ട്ടോ അവർക്ക്​ നന്നേ ബോധിച്ചു. ഏത്​ ദൃശ്യത്തിലേക്ക്​ ക്യാമറ തിരിച്ചാലും ഫ്രെയിമിലേക്ക്​ ചിരിച്ച മുഖവുമായി അവർ തള്ളിക്കയറി വന്നു. അവരുടെ മുത്തശ്ശി ശിൽപങ്ങൾക്ക്​ പെയിൻറ്​ അടിക്കു​ന്നുണ്ടായിരുന്നു. അവരുടെ ചിത്രം എടുക്കാൻ തുനിഞ്ഞപ്പോഴും കുട്ടികൾ അവർക്കു ചുറ്റും ഒാടിയെത്തി. എന്തൊക്കെയോ കൊണ്ടുണ്ടാക്കിയ കൂടാരമാണ്​ അവരുടെ വീട്​. കിടക്കാൻ നല്ല വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലെങ്കിലും നമ്മളെക്കാൾ സന്തോഷത്തിലാണ്​ അവരെന്നു തോന്നി. കുട്ടികൾ അപ്പോഴും വിട്ടുപോവാതെ നിൽക്കുകയാണ്​. ഞാൻ ബൈക്കെടു​ത്ത്​ അൽപം ദൂരെയുള്ള ഒരു കടയിൽനിന്നും കുറച്ച്​ മിഠായി വാങ്ങി വീണ്ടും അവരുടെ അടുത്തു ചെന്ന്​. അവർക്ക്​ എന്റെ സന്തോഷം മിഠായികളായി നൽകി കൈവീശി അവരോട്​ യാത്ര പറഞ്ഞ്​ പോന്നു.

9) അമർസിംഗ്: മഹാരാഷ്ട്രയിലെ നനദുർബറിൽ നിന്നും വഡോദര റൂട്ട്​ ചോദിച്ചാണ്​ അഹമ്മദാബാദിലേക്ക്​ യാത്ര ചെയ്യുന്നത്​. ഗ്രാമപ്രദേശങ്ങളിൽ എന്തെല്ലാം കാഴ്​ചകൾ എന്നറിയാൻ സാവധാനമാണ്​ യാത്ര. അങ്ങനെയാണ്​ റോഡിൽനിന്ന്​ കുറച്ച്​ ദൂരെയായി കാളകളെ കൊണ്ട്​ ഒരാൾ നിലം ഉഴുതു മറിക്കുന്നത്​ കണ്ടത്​. ബൈക്ക്​ റോഡിൽനിന്ന്​ വരണ്ട പാടത്തേക്കിറക്കി സൈഡ്​ ആക്കിയ ശേഷം ക്യാമറയും എടുത്ത്​ ഞാൻ അയാളുടെ അടുത്തേക്ക്​ നടന്നു. ‘നമസ്​തേ’ പറഞ്ഞപ്പോൾ അയാൾ കാളയെ ബന്ധിച്ചിരുന്ന കലപ്പയിൽനിന്ന്​ പിടിവിട്ട്​ പുഞ്ചിരിച്ചുകൊണ്ട്​ എ​​​​ന്റെ അടുത്തേക്ക്​ വന്നു.  എവിടെ നിന്നാണ്​ വരുന്നതെന്ന്​ അയാൾ ചോദിച്ചു. എനിക്കറിയാവുന്ന ഹിന്ദിയിൽ കൃഷിയെക്കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കി. ഉഴുന്ന്​ പരിപ്പി​​​ന്റെ നിലമായിരുന്നു അത്​. ഉഴുതു മറിക്കുന്ന പാടങ്ങൾക്കു ചുറ്റും മണ്ണിൽനിന്ന്​ കിളിർത്തുപൊന്തിയ ഉഴുന്നുചെടികൾ കാണാമായിരുന്നു. ഏകാന്താമായ ഒരു ധ്യാനം കണക്കെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആ മനുഷ്യ​​​ന്റെ പേര്​ അമർസിങ്​ എന്നാണ്​. ഒരു കുടത്തിൽ കുടിക്കാനുള്ള വെള്ളവും കരുതി കൊക്കുകൾ ചാടി പറന്നു നടക്കുന്ന ആ നിലത്തിൽ കാളകളോടൊപ്പം അയാൾ കഠിനാധ്വാനത്തിൽ തന്നെയാണ്.

10) ഉള്ളിപ്പാടത്തെ കർഷക കൂട്ട്: രാജസ്ഥാനിലെ ജയ്‌പ്പൂരിൽ നിന്നും പഞ്ചാബിലേക്കുള്ള യാത്രയിൽ കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിൽ അടുത്ത് സവാള കൃഷി ചെയ്യുന്നു ഒരു സ്ഥലം കാണുകയുണ്ടായി. അതിനകത്തേക്കുള്ള വഴി ചങ്ങലയിട്ട്​ പൂട്ടിയിരുന്നു. പിന്നെയുള്ളത് മുള്ളുകൾ കൊണ്ട്​ കവചം തീർത്ത ഒരു ഇടുങ്ങിയ വഴിയാണ്​. എനിക്കും മുള്ളിനും കേടില്ലാത്ത രൂപത്തിൽ അതിനിടയിലൂടെ ഞാൻ അകത്തു കടന്നു. കുട്ടികളടക്കം നിരവധിപേർ ഉള്ളി പറിക്കുന്നതിന്റെയും ചാക്കിൽ നിറയ്ക്കുന്നതി​​​​​​ന്റെയും തിരക്കിൽ ആയിരുന്നു. അവരുടെ കൂടെ നിന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞു. ഞായറാഴ്ച ആയതിനാൽ ആയിരുന്നു അത്രയും കുട്ടികൾ അവിടെ ഉണ്ടായിരുന്നത്. ഉള്ളി കൃഷിക്ക്​ വെള്ളം നനയ്​ക്കാൻ വേണ്ടി പ്രത്യേകം സംവിധാനം അവിടെ സജ്ജമാക്കിയിരുന്നു. കൃഷിയിടത്തിലെങ്ങും സവാളയുടെ മണം പടർന്നിരുന്നു. ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ പിന്നെ ആകെ ബഹളമായി. എല്ലാവർക്കും പല കോലത്തിലും ഉള്ള ഫോട്ടോസ് വേണം. ചിലർക്ക്​ തലയിൽ കുടം വച്ചും മറ്റ്​ ചിലർക്ക്​ മരത്തിൽ കയറി തൂങ്ങിയാടിയും… അങ്ങനെ പലതരത്തിൽ. എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. മുകേഷ്, നരസിംഹ്​ എന്നീ രണ്ട് യുവാക്കളാണ്​ ആ കർഷക സംഘത്തെ നയിച്ചിരുന്നത്.

11) അജ്മീറിലെ സുഹൃത്തുക്കൾ: അജ്മീറിലെത്തി ദർഗയിലെ പരിസരത്തെ തെരുവിലൂടെ ക്യാമറയും തൂക്കി അലയുമ്പോഴാണ് പിറകിൽ നിന്നൊരു വിളി വന്നത്, ‘ഹലോ..ഭയ്യാ… ഞങ്ങളുടെ ഒരു പടമെടുക്കാമോ…? ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്​..’ രണ്ടുപേർ. വെളുത്ത ഷർട്ടും കഴുത്തിൽ കാവി ​ഷാളും പുതച്ചൊരാൾ. മറ്റേയാൾ കറുത്ത ഷർട്ടും തലയിൽ തൊപ്പിയും വെച്ചിരിക്കുന്നു. ഹിന്ദുവി​​​​​​ന്റെയും മുസ്​ലിമി​​​​​​ന്റെയും പേരിൽ രാജ്യത്തി​​​​​​ന്റെ പല കോണുകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കലഹങ്ങൾ നമ്മുടെ രാജ്യത്തിന് ചേർന്നതല്ല എന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവരുടെ കൂട്ടുകെട്ട്. ​ഒറ്റ ഫ്രെയിമിൽ അവരുടെ സൗഹൃദത്തെ ഞാൻ ഒപ്പിയെടുത്തു. അതവരെ കാണിച്ചപ്പോൾ നിറയെ സന്തോഷം. അല്പസമയത്തിനു ശേഷം ആൾക്കൂട്ടത്തിനിടയിൽ അവർ തോളോട് തോളുരുമ്മി മറഞ്ഞു.

12)ഷക്കീൽ: ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുന്ന വഴിയിൽ മരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ ഹോട്ടലിൽ കയറി ഉച്ചഭക്ഷണത്തിനായി കയറി. ടാപ്പ്​ തുറന്ന്​ കൈകഴുകാൻ കൈനീട്ടിയതും പിൻവലിച്ചതും ഒപ്പമായിരുന്നു. അത്ര തണുപ്പായിരുന്നു വെള്ളത്തിന്​. അവിടെയിരുന്ന്​ ഭക്ഷണം കഴിക്കു​മ്പോൾ തൊട്ടപ്പുറത്തെ ചായക്കടയിലേക്ക്​ രണ്ട് ഉദ്യോഗസ്​ഥന്മാരും അവരെ അനുഗമിച്ച്​ നാല്​ ​പോലീസുകാരും കയറിപ്പോയി. പോലീസുകാരുടെ കൈയിൽ തോക്കുമുണ്ടായിരുന്നു. സംഗതി പേടിക്കാനൊന്നുമില്ലെന്നും സ്​ഥലം തഹസിൽദാരും സംഘവുമാണതെന്ന്​ ഹോട്ടലുകാരൻ പറഞ്ഞു. സ്ഥാപനങ്ങളുടെ നടത്തിപ്പിലെ വൃത്തിയും സുരക്ഷയും പരിശോധിക്കാൻ വന്നതാണ്​. അവർ അടുത്തെത്തി എന്ന്​ മനസ്സിലാക്കിയപ്പോൾ ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലിന്റെ ഉടമ ഷക്കീൽ മുഹമ്മദ്​ എന്ന ചെറുപ്പക്കാരനാണ്​. അയാൾ ഗ്യാസ്​ സിലിണ്ടർ നീക്കി ഒരു മൂലയിൽ ഒളിപ്പിച്ചുവെച്ചു. അതിനടുത്ത്​ ശ്രദ്ധയാകർഷിക്കാതിരിക്കാൻ ഒരു വൃദ്ധനെയും ഇരുത്തി. ഇൗ സിലിണ്ടർ ഉപയോഗിക്കാൻ അവർക്ക്​ പെർമിഷൻ ഉണ്ടായിരുന്നില്ല. തഹസിൽദാരും സംഘവും ഞങ്ങളുടെ ഹോട്ടലിൽ എത്തി. ഭക്ഷണം എങ്ങനെയുണ്ടെന്ന്​ എന്നോട് തഹസിൽദാർ ചോദിച്ചു. നല്ലതാണെന്ന്​ പറഞ്ഞ്​ ഞാൻ തലയാട്ടി. പോലീസുകാരും എല്ലാവരും കൂടി കയറിയപ്പോൾ ഹോട്ടൽ ആകെ നിറഞ്ഞു. ഭക്ഷണം കഴിക്കുകയായിരുന്നുവെങ്കിലും എ​​​​​ന്റെ ശ്രദ്ധ മുഴുവൻ പോലീസുകാരുടെ വേഷത്തിലും തോക്കിലുമായിരുന്നു. അവർ ഷക്കീലിനോട്​ എന്തൊക്കെയോ പറഞ്ഞു അടുത്ത കടയിലേക്ക് കയറി. ഷക്കീൽ കടയിൽ വന്ന​വരോടെല്ലാം ഞാൻ കേരളത്തിൽ നിന്നാണെന്നും ഒറ്റയ്​ക്ക്​ ​ബൈക്കിൽ വരികയാണെന്നും പറഞ്ഞ്​ പരിചയപ്പെടുത്തി. പോകാൻ നേരം ഒരു സ്​പെഷ്യൽ ചായയും ഉണ്ടാക്കിത്തന്നാണ്​ അവർ എന്നെ യാത്രയാക്കിയത്​. വീട്ടിലേക്ക് വിരുന്നുവന്നയാൾ യാത്ര പറഞ്ഞുപോകുന്ന പോലെയായിരുന്നു അവരുടെ നിഷ്കളങ്കമായ യാത്രയയപ്പ്. മഞ്ഞുപോലെ മനസ്സുള്ള മനുഷ്യരാണ്​ കശ്മീരികൾ എന്ന്​ കേട്ടിട്ടുണ്ട്​. അത്​ നേരിൽ അനുഭവിക്കുന്ന നിമിഷങ്ങളായിരുന്നു അത്.

13) റാണ ബഹദൂർ: നേപ്പാളിലെ ചിത്വാനിൽ നിന്ന് രാവിലെ ഏഴ്​ മണിക്ക്​ മുമ്പേ കാമറയും തൂക്കി ബൈക്കുമെടുത്ത്​ കുഗ്രാമങ്ങൾ അന്വേഷിച്ചു നീങ്ങി. ഒരു നീണ്ട ചരൽ റോഡിൽ കുലുങ്ങി പോകുന്നതിനിടെ അരികിലൂടെ സൈക്കിൾ ചവിട്ടിപ്പോകുന്ന ആളെ കണ്ടു. തലേദിവസത്തെ സഫാരി ഗൈഡ്​ റാണ ആയിരുന്നു അത്. “എങ്ങോട്ട്​ പോകുന്നു രാവിലെത്തന്നെ” എന്നദ്ദേഹം ‘ഗുഡ്​മോണിങ്​’ എന്നതിന്​ അകമ്പടിയായി ചോദിച്ചു. ചിത്​വനിലെ സുന്ദരമായ ഗ്രാമങ്ങൾ കാണണമെന്ന്​ ഞാൻ പറഞ്ഞു. പോകേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന്​ റാണ പറഞ്ഞു തന്നു. ത​ന്‍റെ വീട്​ വരെ കൂടെ ചെല്ലാനും പറഞ്ഞു. ‘റാണ ബഹദൂർ താപ’ എന്നായിരുന്നു അ​ദ്ദേഹത്തി​ന്‍റെ മുഴുവൻ പേര്​. ​ഛെത്രി എന്ന കുടുംബ വംശത്തിലെ അംഗമാണ്​ ഞാൻ എന്ന്​ അദ്ദേഹം എന്നോട്​ പറഞ്ഞു. പാതയോരത്തിന്​ സമീപമായിരുന്നു ഛെത്രിയുടെ വീട്​. ചിത്​വനിലെ മ​റ്റനേകം വീടുകളെ പോലെ​ത്തന്നെ പരിസരം വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരിക്കുന്നു. അലുമിനിയം ഷീറ്റ്​ കൊണ്ടുള്ള പ്രധാന മേൽക്കൂരയും കൂടാതെ മുറ്റത്തേക്കുള്ള ഭാഗം പുല്ലു കൊണ്ട്​ മേഞ്ഞിരിക്കുന്നു. കാടി​ന്‍റെ വശങ്ങളിൽ പോയി വീട്​ മേയാൻ ആവശ്യമായ പുല്ല്​ ശേഖരിക്കുകയാണ്​ പതിവ് എന്ന്​ റാണ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമം മുഴുവൻ മുങ്ങിപ്പോയ കഥയും റാണ എ​ന്നോട്​ പങ്കുവെച്ചു. ഒരാളുടെ ഉയരത്തിൽ വരെ വെള്ളമായിരുന്നുവെന്നും ത​ന്‍റെ രണ്ട്​ ലക്ഷം രൂപ വിലമതിക്കുന്ന കോഴിഫാമിലെ കോഴികളെല്ലാം ചത്തു പോയെന്നും അദ്ദേഹം പറഞ്ഞു. സംസാരത്തിനിടക്ക്​ റാണയുടെ ഭാര്യ കൊണ്ടുവന്ന ചായ ഉൗതി കുടിച്ചു. റാണക്ക്​ നാലു​ ആൺകുട്ടികളാണ്​ വനത്തിലെ ഗൈഡ്​ ജോലി​ കൊണ്ടാണ്​ ആ കുടുംബം പുലരുന്നത്. റാണയോടു യാത്ര പറഞ്ഞു അവിടെനിന്നു പോരുമ്പോൾ നിഷ്കളങ്കനായ ഒരു പുതിയ സുഹൃത്തിനെ പരിചയപ്പെട്ട നിർവൃതിയായിരുന്നു മനസ്സ് നിറയെ. സംസാരിക്കുന്നതിനിടയിൽ കവിളുകളെ ചുളിച്ചു മുഖത്തേക്ക് പടരുന്ന അദ്ദേഹത്തിന്റെ വശ്യമായ പുഞ്ചിരി എന്നും മനസ്സിൽ മായാതെ നിൽക്കും.

14) ഉത്തർപ്രദേശിലെ സൗഹൃദം: ലക്‌നൗവിൽ നിന്നും ഗോരഖ്‌പൂരിലേക്കുള്ള യാത്രയിൽ റോഡിൽനിന്നും അൽപം മാറി പാടത്തിനു മുകളിലായി കെട്ടിയുണ്ടാക്കിയ ഏറുമാടം ശ്രദ്ധയിൽ പെട്ട​പ്പോഴാണ്​ ഞാൻ അങ്ങോട്ട്​ ചെന്നത്​. അവിടെ ആടു​ മേയ്​ക്കുന്ന കുറേ പേരുണ്ടായിരുന്നു. പാടങ്ങളിൽ കരിമ്പ്​, മുളക്​, ചോളം എന്നിവ കാണാം. അതിനുമപ്പുറം വിജനമായ ഒരു സ്​ഥലത്ത്​ പടുകൂറ്റനൊരു ആൽമരം കണ്ടു. തറകെട്ടി ആൽമരത്തിനും താഴെ ഗ്രാമവാസികൾ ദേവസ്​ഥാനമായി കണക്കാക്കിയിരിക്കുന്നു. ഞാൻ അവിടെനിന്നും ഫോ​​ട്ടോ എടുക്കുന്നത്​ കണ്ടിട്ടാണ്​ ബി​ന്ദ്രാ പ്രസാദ്​ എന്ന യുവാവ്​ അങ്ങോട്ടു കടന്നുവന്നത്​. വഴിനീളെ കൊടുംവെയിലായതിനാൽ തണൽതേടി ഇങ്ങോട്ടുവന്നതാണെന്ന്​ ഞാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഹുസൈൻ ഖാൻ എന്ന മധ്യവയസ്​ക്കൻ ത​​​​ന്റെ കൊച്ചുമകനോടൊപ്പം എത്തി. എന്നോട്​ മതിവരുവോളം ഇൗ ആൽത്തറയിൽ വിശ്രമിക്കാൻ രണ്ടുപേരും പറഞ്ഞു. അധിക നേരം അവിടെ തങ്ങിയാൽ പിന്നെ ഒരുറക്കമൊക്കെ കഴിഞ്ഞ്​ വൈകുന്നേരമേ പുറപ്പെടാനാകൂ. അത്രയ്​ക്ക്​ നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നു 300 വർഷം പഴ​ക്കമുള്ള ആ ആൽമരത്തിനു ചുവട്ടിൽ.

വളരെ വാചാലനായ ചോട്ടുമി​ശ്ര വന്നതോടെയാണ് ആൽമരച്ചുവട്​ സജീവമായി. ഞാൻ പറയുന്നതിനു മുമ്പായി എല്ലാവരുടെയും ഫോ​ട്ടോ എടുക്കാൻ ചോട്ടു തന്നെ ഇങ്ങോട്ട്​ ആവശ്യപ്പെട്ടു. ഗ്ലൗസ്​ കൈയിൽ അണിഞ്ഞ്​ ഹെൽമെറ്റും കൈയിൽ പിടിച്ച്​ സിംഗിൾ ​ഫോട്ടോയ്ക്ക്​ കൂടി ചോട്ടു പോസ്​ ചെയ്​തു. എനിക്ക്​ എന്താണ്​ കഴിക്കാൻ വേണ്ടതെന്ന്​ ചോദിച്ച്​ ഗ്രാമത്തിലെ കടയിലേക്ക്​ ഒരു പയ്യനെ അയച്ച്​ ബിസ്​ക്കറ്റും പലഹാരങ്ങളും വാങ്ങിച്ചു. പണം ഞാൻ കൊടുക്കാം എന്നു പറഞ്ഞപ്പോൾ ‘എ​​​​ന്റെ ഗ്രാമത്തിലേക്ക്​ വന്ന അതിഥിയെ ഞാനാണ്​ സൽക്കരിക്കുക’ എന്നു പറഞ്ഞ് കാർക്കശ്യത്തോടെ ചോട്ടു അത്​ നിരസിച്ചു. ആൽത്തറയിലിരുന്ന്​ ബിസ്​കറ്റും കഴിച്ച്​ കുറച്ചു കഴിഞ്ഞപ്പോൾ അവരോട്​ യാത്ര പറഞ്ഞ്​ ഞാൻ നീങ്ങി. ഗവേലി എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര്​.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply