‘നരന്‍’ സിനിമയിലെ മുള്ളംകൊല്ലി – തമിഴ്‌നാട്ടിലെ ഹൊഗനക്കൽ..

എല്ലാ സഞ്ചാരികൾക്കും ഉപകാരപ്പെടുന്ന വിവരങ്ങൾ ചേർത്ത് ഈ ലേഖനം തയ്യാറാക്കിയത് – Shaan YallaGo.

‘നരൻ’ സിനിമയിലെ മുള്ളംകൊല്ലി വേലായുധനെ മറന്നിട്ടില്ലല്ലോ..? മുള്ളന്‍കൊല്ലിയെന്ന മലയോര നാട്ടിന്‍പുറത്തിന്റെ നീതിനിര്‍വഹണകേന്ദ്രമായ ചട്ടമ്പി. മദംപൊട്ടിയ പുഴയിലൂടെ ഒഴുകിവരുന്ന കൂറ്റന്‍മരങ്ങള്‍ പിടിച്ചെടുക്കുന്ന സാഹസികനായ താന്തോന്നിയെ…  ‘അഥര്‍വം’ സിനിമയില്‍ മലയാളത്തിന്റെ മാദകനടി സില്‍ക്ക് സ്മിത ‘പുഴയോരത്തില്‍ പൂന്തോണിയെത്തീലാ…’ എന്ന പാട്ടുപാടി അഭിനയിച്ച അതേ പുഴയിലേക്കാണ് നമ്മള്‍ പോകുന്നത്. സില്‍ക്ക് സ്മിത പുഴയില്‍ സഞ്ചരിച്ച തരത്തിലുള്ള കൊട്ടത്തോണികളില്‍ നമുക്കും സഞ്ചരിക്കാം. ഇതുതന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സിനിമാക്കാരുടെ പ്രിയ ലോക്കെഷൻ.’റോജ’ സിനിമയിലെ ‘ചിന്ന ചിന്ന ആശൈ’, ‘ദൗത്യ’ത്തിലെ മോഹന്‍ലാല്‍ ബാബു ആന്റണി സംഘട്ടനം, ‘അശോക’ സിനിമയിലെ ഷാറൂഖാന്റെ രംഗങ്ങള്‍…അങ്ങനെ നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് സുന്ദര പശ്ചാത്തലമൊരുക്കിയിട്ടുണ്ട് ഈ മനോഹര മലയോരം.

ഹൊഗനക്കല്‍ – സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം. സേലത്തുനിന്ന് മൂന്നുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഹൊഗനക്കലിലെത്താം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണീ സ്ഥലമെങ്കിലും മൈസൂരുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം എന്നാണ്. പുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളച്ചാട്ടത്തിലെ ജലപാതത്തില്‍ നിന്നുയരുന്ന നീരാവിയെയാണ്.

തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയിലുള്ള ഈ ഗ്രാമം മെട്രോപോളിറ്റന്‍ നഗരമായ ബാംഗ്ലൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. തദ്ദേശീയരും, വിദേശികളുമായ അനേകം പേര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. ആളുകള്‍ ആഴ്ചാവസാനത്തെ അവധികള്‍ ചെലവഴിക്കാനായി ധാരാളമായി ഇവിടെ എത്തിച്ചേരാറുണ്ട്. കാവേരി നദിയുടെ ഒഴുക്കിന്‍റെ സ്വരവും, ഫ്രഷായി ലഭിക്കുന്ന മീനുകള്‍ പൊരിച്ച് നല്കുന്ന അനേകം ഭക്ഷണശാലകളും, ശരീരത്തിന് നവോന്മേഷം നല്കുന്ന ഓയില്‍ മസാജ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. പരമ്പരാഗതമായി കൈമാറി വരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണ ഉപയോഗിച്ച് ഇവിടെ മസാജിങ്ങ് നടത്താം.(NB:ഒരു പണിയും എടുക്കാണ്ട് ആളെ പറ്റിക്കുവാൻ നട‌ക്കുന്നവന്മാർ ഒരുപാടുണ്ട് സുക്ഷിക്കുക). അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന് സമീപം നീന്താനും സാധിക്കും. എന്നാല്‍ വളരെ നീന്തല്‍ പരിചയമുള്ളവര്‍ക്കേ ഇത് സാധ്യമാകൂ. മേലാഗിരി കുന്നുകളിലേക്ക് ട്രെക്കിങ്ങിനും അവസരമുണ്ട്. ചേതോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള സാഹസികമായ ഈ യാത്ര ഒരു നല്ല അനുഭവമാകും.

ശക്തമായ മഴയില്ലാത്ത സമയത്ത് വെള്ളച്ചാട്ടത്തിനുതാഴെവരെ കൊട്ടത്തോണിയില്‍ പോയി നനയാം. പാറകള്‍ക്കു മുകളില്‍നിന്ന് പരന്നൊഴുകി താഴെ പുഴയിലേക്ക് പതിച്ച് പതയ്ക്കുന്ന കൊച്ചരുവികള്‍.. നീളെ നിരത്തിവെച്ച നൂറുകണക്കിന് കൊട്ടത്തോണികള്‍ തീരത്ത് കാണാം. പുഴയ്ക്ക് അക്കരെ മൈസൂരും ഇക്കരെ തമിഴ്‌നാടുമാണ്. അത്യാവശ്യം താമസസൗകര്യങ്ങളുമുള്ളതിനാല്‍ കുടുംബമായി പോയി ആസ്വദിച്ചുവരാവുന്നിടമാണ് ഹൊഗെനക്കല്‍. സ്ഥലം തമിഴ്‌നാട്ടിലാണെങ്കിലും പേര് കന്നടയാണ്.

പൊന്നഗ്രാം (മുള്ളംകൊല്ലി) : നരൻ എന്ന സിനിമയിലെ അതേ മുള്ളംകൊല്ലി. ഈ സിനിമയ്ക്കുവേണ്ടി മുള്ളന്‍കൊല്ലിയും പുഴയും മലയോരവുമെല്ലാം ചിത്രീകരിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്തത് ഹൊഗനക്കലാണ്. വനത്തിനുള്ളിലുള്ള ഒരു ഗ്രാമമാണ് പെന്നഗ്രാം.ഹൊഗെനക്കലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയാണിത്. വനത്തിലൂടെയുള്ള പെന്നഗ്രാമിലേക്കുള്ള വഴി പ്രകൃതി സൗന്ദര്യത്താല്‍ വളരെ ആകര്‍ഷകമാണ്.പെന്നഗ്രാമില്‍ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തുന്ന മള്‍ബറി തോട്ടങ്ങളും, ടെറാക്കോട്ടയില്‍ നിര്‍മ്മിച്ച, അയ്യനാര്‍ എന്ന് തദ്ദേശവാസികള്‍ വിളിക്കുന്ന പ്രതിമകളും കാണാനാവും. ഈ പ്രതിമകള്‍ ഗ്രാമത്തിന്‍റെ കാവല്‍ദേവന്‍മാരാണ്. വര്‍ണ്ണാഭമായ ആഴ്ച്ചചന്തയും സഞ്ചാരികള്‍ക്ക് അനുഭവമാകും.

കുട്ടവഞ്ചിയിൽ യാത്ര ചെയ്യാം(Safety First) : ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ കുട്ടവഞ്ചി (വട്ടത്തോണി)യിലുള്ള (കൊറാക്കിൾ) യാത്രയാണ്. ഒരാള്‍ക്ക്‌ 200 രൂപ (മാറ്റങ്ങൾ വരാം)കൊടുത്താൽ ഒരുമണിക്കൂര്‍ കൊട്ടത്തോണിയില്‍ കറങ്ങാം.. പ്രകൃതി വെട്ടിയൊരുക്കിയ പാറയിടുക്കുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയിലൂടെ തുഴഞ്ഞുതുഴഞ്ഞ് പോകണം. നമുക്കും തുഴയാം ഈ തോണി. എന്നാല്‍ ഒരു പ്രത്യേകരീതിയില്‍ തുഴഞ്ഞില്ലെങ്കില്‍ നിന്നിടത്ത് കറങ്ങുകമാത്രമാവും ഫലം. വട്ടത്തോണിയിൽ വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്ത് നിങ്ങൾക്ക് പോകാം. ഇവിടത്തുകാര്‍ ഈ കൊട്ടത്തോണിയെ പെരിസല്‍ എന്നുപറയും. കൂടുതൽ കാശുകൊടുക്കുകയാണെങ്കിൽ കാവേരി നദിയിലൂടെ കുറേദൂരം നിങ്ങൾക്ക് യാത്ര ചെയ്യാം. എന്നാൽ ആളുകളുടെ കാഴ്ചകളിൽ നിന്നും നിങ്ങൾ മറഞ്ഞു കുറെ ദൂരം പോകാതിരിക്കുവാൻ ശ്രദ്ധിക്കണം. ഹൊഗെനക്കിലെ പ്രകൃതിക്കാഴ്ചകള്‍ അനുഭവിക്കാം. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. ഹൊഗെനക്കലിലെ കുട്ടികള്‍ മുപ്പതടിയോളം ഉയരത്തില്‍ നിന്ന് നദിയിലേക്ക് നടത്തുന്ന ഡൈവിങ്ങും ഇവിടുത്തെ ഒരു കാഴ്ചയാണ്. മികച്ച യാത്രാ സൗകര്യവും, വര്‍ഷം മുഴുവനും തെളിഞ്ഞ കാലാവസ്ഥയും ഹൊഗനക്കിലെ ഒരു സഞ്ചാരികളുടെ കേന്ദ്രമാക്കുന്നു.

ഒരു നാടൻ മസ്സാജ്‌.. കുട്ടവഞ്ചി യാത്ര കഴിഞ്ഞ് കരയ്ക്കു കയറിയാല്‍ ഇനിയുമുണ്ട് അനുഭവങ്ങള്‍. ഒരു മണ്ഡപത്തില്‍ ഉഴിച്ചില്‍ നടക്കുന്നു. നല്ലെണ്ണ ദേഹമാസകലം തേച്ച് ഒന്നാന്തരം മസാജ് ചെയ്തുതരും വിദഗ്ധരായ ഉഴിച്ചിലുകാര്‍. ഒരു മസാജിന് 150-200 രൂപ. നല്ല ധൈര്യമുള്ളവര്‍ക്ക് ഉഴിയാന്‍ ഇരിക്കാം. ഇതിന് നേതൃത്വം കൊടുക്കുന്നതിലും ഒരു മലയാളിയുണ്ട്, കേരള മണി എന്നറിയപ്പെടുന്ന മണികണ്ഠന്‍. പരമ്പരാഗതമായി കൈമാറി വരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണ ഉപയോഗിച്ച് ഇവിടെ മസാജിങ്ങ് നടത്താം. 15 മിനിറ്റ് നമ്മുടെ ശരീരം ഇവരെ ഏല്പിച്ചാല്‍ മെതിച്ച് കൈയില്‍തരും. മസാജ് കഴിഞ്ഞാല്‍ തൊട്ടടുത്ത് വേറൊരു വെള്ളച്ചാട്ടത്തില്‍ വിശാലമായ ഒരു കുളിയുമാവാം. നല്ല കുളിര്‍ത്ത തെളിവെള്ളത്തില്‍ കുളികഴിയുമ്പോഴേക്ക് ഉഴിച്ചിലിന്റെ ക്ഷീണം പമ്പകടക്കും. സമീപ പ്രദേശങ്ങളിലുള്ള മാലിഷ്-കരാന്‍സ് എന്നറിയപ്പെടുന്നവര്‍ നടത്തുന്ന മസാജിങ്ങും ഇവിടുത്തെ ഒരാകര്‍ഷണമാണ്.

Tips: കഴിവതും മസ്സാജ് ചെയ്യുവാനും കുളിക്കുവാനും ആവശ്യമായവ പുറത്തുനിന്നും വാങ്ങി കൊണ്ട്‌ പൊകുന്നതാണ് നല്ലത് കാരണം പഴയതും ഉപയോഗിച്ചതുമായ എണ്ണകൾ യഥേഷ്ടം ലഭിക്കുകയും മറ്റുള്ളവയ്ക്ക്‌‌ അധികം പണവും ചിലവാക്കേണ്ടി വരും.അറിയുന്നവരെ കൊണ്ട്‌ മസ്സാജ്‌ ചെയ്യിപ്പിക്കുക.ID cards ♦ ഉണ്ടാകും. original ആണോ എന്ന് ഉറപ്പ് വരുത്തുക. വിവരങ്ങളും റേറ്റും മുൻകൂട്ടി പറഞ്ഞുറപ്പിക്കുക.

പുഴക്കരയില്‍ മറ്റൊരനുഭവംകൂടി നമ്മെ കാത്തിരിപ്പുണ്ട്. കല്ലുമൂക്കുത്തിയണിഞ്ഞ തമിഴ് സ്ത്രീകള്‍ നമ്മള്‍ പറയുന്ന രീതിയില്‍ ഭക്ഷണമുണ്ടാക്കിത്തരും.പുഴയില്‍നിന്ന് പിടിച്ച പലതരം മീനുകള്‍ രുചികരമായ മസാല തേച്ച് റെഡിയാക്കി വെച്ചിട്ടുണ്ട്. ആവശ്യമുള്ളത് ചൂണ്ടിക്കാണിച്ചാല്‍ അവിടെയുള്ള സ്ത്രീകള്‍ അതെടുത്ത് പൊരിച്ചുതരും. നമുക്ക് സ്വയം പൊരിക്കുകയുമാവാം. നല്ല രുചിയുള്ള മീനിന് 25 രൂപമുതലാണ് വില. പിടയ്ക്കുന്ന പുഴമീന്‍കറിയും പുഴമീൻ ഫ്രൈയും പൊന്നിയരി ചോറും കൂട്ടി ഒരു ഗംഭീര ഭക്ഷണം. കേരളീയര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ത്തന്നെ മീന്‍കറിയും ചോറുമുണ്ടാക്കാന്‍ അവര്‍ക്കറിയാം. മുൻകൂട്ടി പറഞ്ഞേൽപ്പിക്കണം എന്ന് മാത്രം.

താമസ സൗകര്യങ്ങൾ – Middle Range ൽ ഉള്ള വളരെ കുറച്ച് ഹോട്ടലുകളേ ഇവിടെയുള്ളൂ എന്നത് പോരായ്മ തന്നെയാണ്. ഉള്ളവക്ക് അധികം വിലയും ഈടാക്കുന്നുണ്ട്. കഴിവതും വൈകുന്നതിന് മുൻപ് വന്ന് റൂമുകൾ എടുക്കുന്നതാണ് നല്ലത്‌. Online Rating നോക്കി തീരുമാനിക്കുകയെ വഴിയുള്ളു.

യാത്രാ മാർഗങ്ങൾ : ഹൊഗനക്കലിലെത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം റോഡാണ്. ബാംഗ്ലൂരില്‍ നിന്ന് 140 ഉം കോയമ്പത്തൂറിൽ നിന്നും 225 ഉം കൊച്ചിയിൽ നിന്നും 410 ഉം കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. TNSTC,KSRTC(Karnataka) ബസുകൾ ഉണ്ട്‌. നല്ല രീതിയില്‍ ഈ പ്രദേശം റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഹൊഗെനക്കലിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഏകദേശം ധർമ്മപുരി 50 km സേലം 110 കിലോമീറ്റര്‍ . അടുത്തുള്ള വിമാനത്താവളം 160 കിലോമീറ്റര്‍ദൂരത്തുള്ള ബാംഗ്ലൂരാണ്…

NB: കഴിവതും മഴക്കാലത്തും ഒരുപാട് വെള്ളം ഉള്ളപ്പോഴും ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply