അനുജന്‍റെ കസ്റ്റഡിമരണം; നീതി തേടി ശ്രീജിത്തിന്‍റെ സമരം 760 ദിവസം പിന്നിട്ടു

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് നടത്തുന്ന സത്യാഗ്രഹ സമരം 760 ദിവസം പിന്നിട്ടിരിക്കുന്നു. ഈ ദിവസങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രീജിത്ത് നടത്തിയത് നിരാഹാര സമരങ്ങളായിരുന്നു. രോഗബാധിതനായും മറ്റും ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്ന നിരാഹാര സമരങ്ങളില്‍ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ 31 ദിവസമായി.

ഭക്ഷണമില്ലാതെ, കാലാവസ്ഥയെ പോലും കണക്കാക്കാതെ നടത്തുന്ന നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി കുടിവെള്ളം പോലുമില്ലാതെ തുടര്‍ന്ന സമരം ഇദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് ശ്രീജിത്ത് പറയുന്നു. കൂടാതെ ഒരു വര്‍ഷം മുമ്പ് വരെ കേസിലെ ഓരോ തിയതികളും കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്ന ശ്രീജിത്തിന് ഇപ്പോള്‍ ഓര്‍മ്മയ്ക്കും പ്രശ്‌നമുണ്ട്. പലപ്പോഴും ചിന്തകള്‍ ശൂന്യമായി പോകുന്നത് പോലെ തോന്നുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ശ്രീജിത്തിനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങാതെ നീതിക്കായി തന്റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്. ശ്രീജിത്തിന്റെ സമരം മൂലം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ഇനിയും ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. കേസ് സിബിഐ അന്വേഷിച്ച് പ്രതികളായ പോലീസുകാര്‍ക്കെല്ലാം ശിക്ഷ ഉറപ്പാക്കുകയാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം.

പ്രതികള്‍ ഉന്നത സ്വാധീനമുള്ള പോലീസുകാരാണെന്നതിനാല്‍ തന്നെ തനിക്ക് നീതി കിട്ടുമോയെന്ന ആശങ്കയാണ് ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച ഈ ചെറുപ്പക്കാരനെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഫുട്പാത്തില്‍ ഇന്നും കിടത്തിയിരിക്കുന്നത്. ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കിലും ആയിരക്കണക്കിന് പേര്‍ ദിനംപ്രതി കടന്നുപോകുന്ന ഈ ഫുട്പാത്തില്‍ ഒരുദിവസം ഇയാളുടെ മൃതദേഹമായിരിക്കും കാണാനാകുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഴിമുഖത്തിലും മറ്റ് മാധ്യമങ്ങളിലും തുടര്‍ച്ചയായി വന്ന റിപ്പോര്‍ട്ടുകളുടെ ഫലമായി പിസി ജോര്‍ജ്ജ് എംഎല്‍എ ശ്രീജിത്തിന്റെ സമരം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 14ന് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എട്ട് മാസമായിട്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതിനാലാണ് ശ്രീജിത്ത് ഇപ്പോഴും നിരാഹാര സമരം തുടരുന്നത്.

2014 മെയ് 19നാണ് മോഷണക്കുറ്റം ആരോപിച്ച് ശ്രീജിത്തിന്റെ ഇളയ സഹോദരന്‍ ശ്രീജീവിനെ പാറശാല പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 21ന് മെഡിക്കല്‍ കോളേജില്‍ വച്ച് ഇയാള്‍ മരിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശ്രീജീവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഇതേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഒരുവര്‍ഷം മുമ്പ് നടന്ന മോഷണക്കേസില്‍ ശ്രീജീവിനെ അറസ്റ്റ് ചെയ്തത് കെട്ടുകഥയുണ്ടാക്കിയാണെന്ന് പിന്നീട് തെളിഞ്ഞു.

ശ്രീജീവും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് പോലീസിനെ ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തിയിലേക്ക് എത്തിച്ചതെന്നാണ് വ്യക്തമായത്. ശ്രീജീവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടി പൂവാര്‍ സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവാണ്. ശ്രീജീവ് അറസ്റ്റിലായതിന് പിറ്റേദിവസം പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ബലമായി വിവാഹം ഉറപ്പിച്ചെങ്കിലും രണ്ട് പേരും ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ശ്രീജീവ് വിവാഹവേദിയിലെത്തി പ്രശ്നമുണ്ടാക്കുമെന്നോ വീട്ടുകാര്‍ ഭയന്നിരുന്നു. ഈ സംശയമാണ് നീചമായ ഈ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം ഉയര്‍ന്നത്.

മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു. ശ്രീജിത്തിന്റെയും ബന്ധുക്കളുടെയും സംശയങ്ങള്‍ സത്യമാണെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ശ്രീജീവിന്റെ ശരീരത്തില്‍ ഇടിച്ചു ചതച്ച പാടുകളും വൃഷണങ്ങള്‍ പഴുത്ത് നീരുവന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് ഇയാളെക്കൊണ്ട് ബലമായി വിഷം കഴിപ്പിച്ചതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ശ്രീജീഷിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരുടെ സഹായം ലഭിച്ചുവെന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തി. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്‌സര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും തെളിഞ്ഞു. ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് കൂടാതെ ശ്രീജീവിന്റെ മാതാവിനും പരാതിക്കാരനായ സഹോദരനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അനുസരിക്കാന്‍ കേരള പോലീസ് തയ്യാറായില്ല. കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ അപ്പോഴും സര്‍വീസില്‍ തുടര്‍ന്നു.

പോലീസുകാര്‍ തന്നെ പ്രതികളായ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ആരംഭിച്ചത്. പണം തന്നാല്‍ കേസിലെ പ്രതികള്‍ക്കെതിരായ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്നും താന്‍ പിന്മാറുമെന്നാണ് എല്ലാവരും കരുതിയതെന്ന് ശ്രീജിത്ത് പറഞ്ഞു. എന്നാല്‍ പണം കൊണ്ട് നഷ്ടമായത് നികത്താന്‍ ആര്‍ക്കാണ് സാധിക്കുന്നത്. അങ്ങനെ പിന്‍വാങ്ങിയാല്‍ ഇത്തരം കേസുകള്‍ ഈ സമൂഹത്തില്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

നന്നേ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച മൂന്ന് ആണ്‍മക്കളെയും ഒരു മകളെയും വളരെ കഷ്ടപ്പെട്ടാണ് ശ്രീജിത്തിന്റെ അമ്മ രമണി വളര്‍ത്തിയത്. ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി അധികം താമസിക്കാതെ ഇവരുടെ മൂത്തമകന്‍ ശ്രീജുവിനെ ഒരു ടിപ്പര്‍ ഇടിച്ച് തെറിപ്പിച്ചിരുന്നു. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് മൂലം പ്രതീക്ഷയായുള്ള ഏക മകനെയും നഷ്ടമാകുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഈ അമ്മ.

കടപ്പാട് – അരുണ്‍ ടി വിജയന്‍

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply