‘ബര്‍മുഡ ട്രയാങ്കിള്‍’ എന്ന ദുരൂഹമായ രഹസ്യങ്ങളുടെ കലവറ…

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മിക്കവയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് പറയപ്പെടുന്നുവെങ്കിലും ഇതിലെ നിഗൂഢത ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല.

കപ്പലുകൾ, മുങ്ങിക്കപ്പലുകൽ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നുവേണ്ട ബർമുഡ ട്രയാംഗിൾ എന്ന് ദുരൂഹമായ കടല്പരപ്പിനു മുകളിൽ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ ബർമുഡ ട്രയാംഗിൾ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങൽക്കും മേലെ ചോദ്യചിഹ്നം ഉയർത്തി നിൽക്കുന്നു. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിൻറെയയും അനന്ത വിശാലമായ കടലാഴി. ഡെവിൾസ് ട്രയാംഗിൾ, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും വ്യാമ, നാവിക പഥങ്ങളിൽ വിലക്കപ്പെട്ട പാതയാണ്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈൽ വിസ്താരത്തിൽ പടർന്നുകിടക്കുന്ന സാങ്കൽപ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബർമുഡ ട്രയാംഗിൾ. വാസ്തവത്തിൽ ഇങ്ങനെ ഒന്ന് ശാസ്ത്രലോകമോ മനുഷ്യ സൃഷ്ടികളായ സാങ്കേതിക വിദ്യകളോ തെളിയിച്ചിട്ടില്ല. എന്നാൽ ഇവയെല്ലാം ഈ മേഖലകളിൽ പരാജയപ്പെടുന്നതായി തെളിവുകൾ ഉണ്ടുതാനും.

വടക്കൻ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ, പ്യൂട്ടോ റിക്കോ, ബർമുഡ ദ്വീപുകൾ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പരന്നുകിടക്കുന്ന ഈ പ്രദേശതത്ത് അറിഞ്ഞതും അറിയാതെ പോയതുമായ നിരവധി കപ്പലുകൾ ഒളിഞ്ഞുകിടക്കുന്നു. കണ്ടുകിട്ടിയവയിൽ അപകടങ്ങളുടെ യാതൊരു തുമ്പുകളും അവശേഷിച്ചിട്ടുമില്ല. ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്കൻ തീരത്തിനു സമീപമുള്ള ബഹാമാസ് ദ്വീപിലെത്തിയ ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളിൽ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചിരുന്നില്ല.

അതേസമയം 1918 മാർച്ചിൽ അമേരിക്കൻ നേവിയുടെ യു‌എസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പൽ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു. എന്നാൽ ഇതിനെന്തു സംഭവിച്ചു എന്ന് ആർക്കും മനസിലായില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടുമില്ല. ഫ്‌ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞുപോയ അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങൾ ദുരൂഹസാഹചര്യത്തിൽ പ്രത്യക്ഷമായതോടെയാണ് ഈ ‘നിഗൂഢതയെ’ കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില് 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല. 1945 ഡിസംബർ 5നാണ് സംഭവം. കഴിഞ്ഞ 100 വർഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകൾ ബർമുഡ ത്രികോണം എടുത്തിട്ടുണ്ട്. എല്ലാം നിഗൂഢ കാരണങ്ങളാലല്ല കാണാതായത്. എങ്കിലും കടൽയാത്ര സുഖകരമായ പ്രദേശമല്ല ഈ ഭാഗമെന്ന് തെളിയിക്കുന്നു.

ബർമുഡ ത്രികോണത്തിന്റെ ഭാഗം, വ്യാപ്തി ഇവയൊന്നും കൃത്യമായി ആർക്കുമറിയില്ല എന്നതാണ് ഏറ്റവും രസകരം. ബർമുഡ ട്രയാങ്കിൾ ബെർമുഡ, ഫ്‌ലോറിഡ, പ്യൂർട്ടാ റികോ എന്നീ ദ്വീപുകൾക്കിടയിലെ ഭാഗമാണെന്ന് പറയപ്പെടുന്നു. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ഇതിനെ കുറിച്ച് വ്യക്തമായി ആർക്കും അറിയില്ല. ബർമുഡയുടെ അഗാധതയിൽ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആർക്കുമറിയില്ല. പായ്കപ്പലുകൾ മുതൽ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ അവയിൽ പെടും. കാരണമെന്തെന്ന് ആർക്കും വ്യക്തമല്ല. ഒരു കാര്യം മാത്രം എല്ലാവർക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണ് എന്നത്. ഇതിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവർ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാൽ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവർത്തന രഹിതമാവുകയും, തങ്ങൾ കടലിൻറെ ആഴങ്ങളിലേക്ക്‌ ആകർഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്.

ഇതിനേക്കുറിച്ച് പുറത്തുവന്ന അവിശ്വസനീയമായ റിപ്പോർട്ട് തന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റിന്റേതാണ്. അത് ഇപ്രകാരമാണ്. ബ്രൂസ്‌ ജൂനിയറും പിതാവും 1970 ഡിസെംബർ 4നു ആന്ദ്രൊസ്‌ വിമാനത്താവളത്തിൽ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാൺസ A36 എന്ന ചെറു വിമാനത്തിൽ പറന്നുയർന്നു. സഞ്ചാരപഥം ബെർമുഡ ത്രികോണത്തിനകത്തു കൂടിയാണ്‌. പറന്നുയർന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നിൽക്കുന്നതു ബ്രൂസിൻറെ ശ്രദ്ധയിൽ പെട്ടു. ഇത്രയും ഭൂമിയോടു ചേർന്നു ഒരു മേഘ സഞ്ചയം ബ്രൂസ്‌ ആദ്യമായി കാണുകയയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടർന്നു അവരുടെ ചെറു വിമാനം കൂടുതൽ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ്‌ മേഘമായി (വലിയ കാർമേഘ ശ്രേണിയിലുള്ളത്‌) മാറുന്നതു അവർ ശ്രിദ്ധിച്ചു. ഇടക്കു അവർ ഈ മേഘത്തിനുള്ളിൽ പെട്ടു പോയെങ്കിലും 11500 അടി മുകളിൽ വച്ചു , അതിൽ നിന്നും പുറത്തു കടന്നു. തെളിഞ്ഞ ആകാശം അവരെ സ്വാഗതം ചെയ്തു.

പെട്ടെന്നാണ്‌ കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞതു. അപ്പോൾ ബ്രൂസും മറ്റും പ്ളെയിനിൻറെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറിൽ 195 മൈലിൽ പറക്കുകയാണ്‌. അവരുടെ മുന്നിൽ കറുത്തിരുണ്ട മറ്റൊരു ബ്രഹിത്‌ മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിൻറെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്‌, വിമാനം 135 ഡിഗ്രീയിൽ വെട്ടി തിരിച്ചു, അതിൽ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ്‌ മനസ്സിലാവുന്നതു, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിൻറെ രണ്ടു അതിരുകളായിരുന്നു. അവരുടെ വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു. പേടിച്ചു പൊയ ബ്രൂസ്‌ ചുറ്റും നോക്കിയപ്പോൾ ആ മേഘ മോതിരത്തിനുള്ളിൽ ഒരു ടണൽ മാതൃകയിൽ ചെറിയ ഒരു തുള. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്‌. അതിൻറെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്‌.

അവർ പരമാവധി വേഗത്തിൽ ഇതിൽ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു.ടണലിനുള്ളിലൂടെ പൊകുമ്പോൾ വിമാനത്തിൻറെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നതു ബ്രൂസിൻറെ ശ്രദ്ധയിൽപ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും. ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20 സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തിൽ അവർ മോതിര രൂപത്തിലുള്ള ബ്രഹത്ത്‌ മേഘ പാളിയിൽ നിന്നു പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങൽ കാണിച്ചു തുടങ്ങി. കോമ്പസ്സ്‌ വട്ടത്തിൽ കറങ്ങിക്കൊണ്ടിരുന്നു. സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകൾക്കു മുകളിലെത്തി എന്ന വിചാരത്തിൽ ബ്രൂസ്‌ മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യർത്ഥന നടത്തി.

എന്നാൽ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ടു, വിമാനത്താവളത്തിൽ നിന്നുള്ള സന്ദേശം വന്നു. അവർ ഇപ്പോൾ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ്‌ പറക്കുന്നതെന്ന്‌. പുറപ്പെട്ടു വെറും മുക്കാൽ മണിക്കൂറിനുള്ളിൽ തന്നെ അവരുടെ ചെറു വിമാനം 250 മെയിൽ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാൽ, ഉദ്ദേശം 300 മൈലിൽ കൂടുതൽ ദൂരം, വിമാനം മുക്കാൽ മണിക്കൂറിൽ സഞ്ചരിച്ചിട്ടുണ്ട്‌. അതും പരമാവധി വേഗം മണിക്കൂറിൽ 190 മയിൽ മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതിൽ നിന്നും മിയാമിയിൽ വിമാനം എത്താനെടുക്കുന്നതിൻറെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി.

അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്.  പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് . മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരൾച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലിൽ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകൾ കടൽ യാത്രക്കാർക്ക് പേടി സ്വപ്നമാണ്. ഇവയെ മങ്ങിയ വെളിച്ചത്തിൽ മറ്റുകപ്പലുകളിൽ നിന്ന് നോക്കിയാൽ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടന്ന് ഇരുട്ടിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്. 1935 ൽ ഇങ്ങനെ കണ്ടത്തിയ പ്രേതകപ്പലാണ് “ലാ ദഹാമ”. ഇതേപോലെ തന്നെ 1872 ൽ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ൽ “കൊനെമാറ” എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു.

1921 ൽ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോൾ ഡിയറിംഗ്” എന്ന കപ്പലിൽ കോസ്റ്റ് ഗാർഡ് പരിശോധന നടത്തിയപ്പോൾ മനുഷ്യർ ആരുമില്ലാതെ ശൂന്യവും നിശബ്ദവും ആയിരുന്നു അതിൻറെ ഉൾവശം മുഴുവൻ. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയിൽ അവശിഷ്ടങ്ങൾ പാത്രങ്ങളിൽ ഇരിക്കുന്നു. ഇന്നത്തെ അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ പകുതിയിലാണ് ബർമുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ബർമുഡ മേഖലയിൽ കാന്തിക ശക്തി കൂടുതലായാതിനാൽ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകർഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തികൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തത്തിൽ പെടുന്നു. കൂടാതെ വെള്ളത്തിൻറെ സാന്ദ്രത കുറയ്ക്കുന്ന വൻതോതിലുള്ള മീഥേൻ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് നിഗൂഢതയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേർന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വൻതോതിൽ പതഞ്ഞുയർന്നാൽ കപ്പൽ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കപ്പലിൻറെ എൻജിനു കേടുവരുത്താനും മീഥേൻ വാതകത്തിന് ചില അവസ്ഥകളിൽ സാധിക്കും. വൻതോതിലുള്ള സമുദ്രഗതാഗതവും ശക്തമായ ഗൾഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകൾ അപ്രത്യക്ഷമാകുന്നതിൽ അദ്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്.

കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിൻറെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങൾ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങൾ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു. 1947 ജൂൺ 25 നു, കെന്നത്ത്‌ ആർനോൾഡ്‌ എന്ന പൈലെറ്റ്‌ ഇവിടെ പറക്കും തളികകളെ കണ്ടു എന്ന്‌ റിപ്പോര്ട്ട് ‌ ചെയ്തത് ഏലിയൻ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. ബർമുഡ ട്രയാംഗിളിനു സമീപത്തായി കണ്ടെത്തിയ കൂറ്റൻ പിരമിഡാണ് പുതിയ വിസ്മയം. സമുദ്രനിരപ്പിൽനിന്ന് 2000 മീ. താഴെ 800 മീ. നീളവും 200 മീ. ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. പിരമിഡിന്റെ ഉൽഭവത്തെപ്പറ്റി തർക്കങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഈയിടെ കണ്ടുപിടിച്ച രണ്ടു പിരമിഡുകളാണ് ഏറെ കൗതുകകരം. ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാൾ വലിപ്പമുണ്ട്. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം അതിശ്കതമായി ഒഴുകുന്നതായും സമുദ്രനിരപ്പിൽ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിരമിഡുകൾതന്നെയാണോ ബർമുഡയ്ക്കും ഫ്‌ളോറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കമിടയിലുള്ള സമുദ്ര ഭാഗത്തും കാണുന്നത് എന്നതാണ് ഇപ്പോൾ ശാസ്ത്രഞ്ജരെ കുഴക്കുന്നത്. ആണെങ്കിൽ ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകർഷിക്കാനും ആവുമത്രെ. ഇതു തന്നെയാണോ വർഷങ്ങളായി കണ്ടുപിടിക്കാൻ സാധിക്കാത്ത, ബർമുഡ ട്രയാംഗിളിന്റെ ആകർഷണ രഹസ്യം എന്നും ശാസ്ത്രജ്ഞൻമാർ സംശയിക്കുന്നു.

എന്തായാലും ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയുമായി ബർമുഡ ട്രയാംഗിൾ ഇന്നും അനേകം ഗവേഷകർക്ക് പഠനവിഷയമാണ്. പോയ നൂറ്റാണ്ടിൽ അപ്രത്യക്ഷമായത് ബർമുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതിൽ ഭൂരിപക്ഷത്തിൻറെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങൾ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങൾ മനസിലാക്കാനും കഴിയില്ല. കഥകൾ പലതും വിശ്വസിക്കാൻ ശാസ്ത്രം അനുവദിക്കുന്നില്ല. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്ന് ആശ്വസിക്കാം. അതുവരെ അന്യഗ്രഹ ജീവികൾ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങൾ നിലനിൽക്കുകയും ചെയ്യും. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി നിഗൂഡമായിത്തന്നെ ബർമുഡ അങ്ങനെ എന്നും നിലനില്ക്കും.! അടുത്ത ഇരയെയും കാത്ത്..

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply