ഗതാഗതമന്ത്രിയുടെ നാട്ടില്‍ മിന്നല്‍ ഇല്ല.. മിന്നലിനായുള്ള മുറവിളി തുടരുന്നു..

ഗതാഗത മന്ത്രിയുടെ നാട്ടില്‍ മിന്നലിനായുള്ള മുറവിളി ശക്തമാകുന്നു. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയായ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വിരലിലെണ്ണാവുന്ന ദീര്‍ഘദൂര ബസ്സുകള്‍ മാത്രമെ ആലപ്പുഴയില്‍ നിന്നുള്ളൂ. ട്രെയിനുകളുടെ കാര്യവും സമാനമാണ്. ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളും ദീര്‍ഘ ദൂര സ്വകാര്യ ബസ്സുകളും കുറവായതിനാല്‍ത്തന്നെ യാത്രക്ലേശം അനുഭവിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പുതിയ ആവശ്യം ഉന്നയിച്ചു മുന്നോട്ട് വന്നിട്ടുള്ളത്. യാത്രാക്ലേശം അനുഭവിക്കുന്ന തങ്ങള്‍ക്ക് മിന്നല്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയും ഇവര്‍ പ്രകടിപ്പിക്കുന്നു.

ദീര്‍ഘ ദൂര യാത്രയ്ക്കായി ആവശ്യത്തിന് ട്രെയിനുകളും സ്വകാര്യ ബസ്സുകളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ആലപ്പുഴക്കാര്‍ക്ക് മിന്നല്‍ സഹായ പ്രദമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങളുടെ യാത്രക്ലേശത്തിന് മിന്നലിലൂടെ പരിഹാരമാവുമെന്ന പ്രത്യാശയിലാണ് ഇവര്‍

കൊച്ചി, കൊല്ലം , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിത്യേന പോയി വരുന്നവര്‍ ഇടിവെച്ചാണ് ബസ്സുകളില്‍ കയറിപ്പറ്റുന്നത്. പലപ്പോഴും നിന്നു യാത്ര ചെയ്യുന്ന ഇവര്‍ക്ക് ഇടിയില്‍ നിന്നും മോചനമാവാനും മിന്നലിലൂടെ കഴിയുമെന്ന പ്രത്യാശയും നാട്ടുകാര്‍ പങ്കുവെക്കുന്നു.

സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായ ആലപ്പുഴയില്‍ അനുമതിയില്ലാതെ നിരവധി സ്വകാര്യ ടുറിസ്റ്റ് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ വ്യാപകമായിരുന്നു. പരസ്യമായി ബോര്‍ഡുകള്‍ വെക്കാതെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തിയും മറ്റുമാണ് ഇത്തരം സര്‍വീസുകള്‍ നടത്തുന്നത്. ഇത് കെഎസ്ആര്‍ടിസിയുടെ വരവിനെ കാര്യമായി ബാധിക്കുന്നു.

ഗതാഗത മന്ത്രിയുടെ നാട്ടില്‍ മിന്നല്‍ സര്‍വീസ് സൗകര്യം തുടങ്ങണമെന്നുള്ള ആവശ്യം ശക്തമായി വരികയാണ്. ടൂറിസ്റ്റുകള്‍ക്കും പ്രദേശ വാസികള്‍ക്കും മിന്നല്‍ ഉപയോഗപ്രദമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഈ ആവശ്യവുമായി മന്ത്രിയെ കാണാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Source – http://malayalam.oneindia.com/news/kerala/need-of-minnal-service-in-alappuzha/articlecontent-pf163843-178210.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply