കഴിഞ്ഞ ദിവസം (07-10-2016) ഉച്ചക്ക് 1.15 ന് മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന RPK 469 എന്ന സൂപ്പര്‍ഫാസ്റ്റ് (MDY) യാത്രക്കാരെ റോഡിൽ ഇറക്കി എടപ്പാൾ റീജ്യണല്‍ വര്‍ക്ക്ഷോപ്പിലേക്ക് ബ്രേക്ക് ഡൌണ്‍ ആയി എന്നുപറഞ്ഞ് കയറി. RW ൽ ബ്രേക്ക് ഡൌണ്‍ കേസ് എടുക്കേണ്ടതില്ല എന്ന നിയമം ഉള്ളതിനാൽ അവരോട് തൊട്ടടുത്ത പൊന്നാനി ഡിപ്പോയിൽ വിവരം അറിയിക്കാൻ അവിടത്തെ ജീവനക്കാര്‍ പറഞ്ഞു. ഇത് വക വെക്കാതെ ബസ് RW ലേക്ക് കയറ്റുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് അസഭ്യം പറയുകയും ചെയ്തു.
ഈ സമയം കണ്ടക്ടറുടെ അനുവാദത്തോടെ ഒരു യാത്രക്കാരൻ കാന്റീനില്‍ ഭക്ഷണം കഴിക്കുവാന്‍ കയറി. പിന്നീട് തിരിച്ചുവന്ന കണ്ടക്ടര്‍ RW ക്കാരോടുള്ള ദേഷ്യം മുഴുവന്‍ അയാളോട് തീര്‍ക്കുകയാണ് ഉണ്ടായത്. ഊണ് കഴിച്ചു പൂര്‍ത്തിയാകുന്നതിനു മുന്നേ ആ യാത്രക്കാരനോട് കണ്ടക്ടര്‍ കയര്‍ക്കുകയും “വേണമെങ്കിൽ കയറിക്കോ… വണ്ടി വിടാൻ പോകുകയാണ്” എന്നും പറഞ്ഞ് ആ പ്രായമുള്ള മനുഷ്യനെ ചോറു പോലും തിന്നാൻ അനുവദിക്കാതെ വണ്ടിയിൽ കയറി ഡബിൾ ബെൽ അടിച്ച് വിട്ടു.
ബ്രേക്ക് ഡൌണ്‍ ആയി എന്നുപറഞ്ഞ ബസ് യാതൊരു റിപ്പയറിംഗും നടത്താതെ ഇറക്കി നിർത്തിയ യാത്രക്കാരെ കയറ്റി സർവ്വീസ് തുടരുകയാണ് ഉണ്ടായത്.
അതിനാൽ ഈ വണ്ടിക്ക് യാതൊരു തകരാറും ഇല്ല എന്ന കാര്യം വ്യക്തമാണ്. മനപൂർവം സർവ്വീസ് പാതി വഴിക്ക് അവസാനിപ്പിക്കാൻ പ്രയോഗിച്ച തന്ത്രം ആണ് ഇത്. അല്ലെങ്കില്‍ യാത്രക്കാരെ വേറെ ബസ്സില്‍ കയറ്റിവിട്ട് പൊന്നാനി ഡിപ്പോയിലെ മെക്കാനിക്ക് വരുന്നതുവരെ അവര്‍ക്ക് അവിടെ കാത്തുനില്‍ക്കാമായിരുന്നു… പിന്നെയെന്തിനീ നാടകം കളിയെന്നാണ് ഒരു യാത്രക്കാരന് എന്ന നിലയില്‍ മനസ്സിലാകാത്തത്…
വിവരണം – പ്രസ്തുത ബസ്സിലെ ഒരു യാത്രക്കാരന്