പ്രൈവറ്റ് ബസ്സുകളിൽ ജി.പി.എസ്. സംവിധാനം നിർബന്ധമാക്കുന്നു..

കേരളത്തിൽ ഉടനീളമുള്ള പ്രൈവറ്റ് ബസ്സുകളിൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കുന്നു. 2019 ഏപ്രിൽ മാസം മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ബസ്സുകളുടെ അമിതവേഗത, റൂട്ട് മാറി സർവ്വീസ് നടത്തൽ, ട്രിപ്പ് മുടക്കൽ എന്നിവ അവസാനിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുമാണ് ഇത്തരമൊരു നടപടിയെടുക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റാണ് ബസ്സുകളിൽ ജിപിഎസ് ഉപകരണം സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധാനം ഉപയോഗിച്ച് ബസിലെ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി ബസ് റൂട്ടും വേഗതയുമെല്ലാം അറിയുന്നതിനും ആര്‍ടിഒ ഓഫീസിലും മറ്റും ബസ് സംബന്ധിച്ച വിവരം ലഭിക്കുന്നതിനു സഹായിക്കും.

Photo – Albin Manjalil.

സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും ആളുകള്‍ കയറുന്നതിനുമുമ്പ് വാഹനം എടുക്കുന്നതുമൊക്കെ തടയാന്‍ ജിപിഎസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളുമൊക്കെ കണ്ടുപിടിക്കാനും ഇതുമൂലം മോട്ടോര്‍വാഹന വകുപ്പിന് കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം സംസ്ഥാനത്തെ എല്ലാ സ്‍കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്കൂൾ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. 

ഇതോടൊപ്പം കേരളത്തിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ കാലാവധി 15 വർഷത്തിൽ നിന്നും 20 ആക്കി ഉയർത്തി. ഇത് കെഎസ്ആർടിസിയ്ക്കും ബാധകമാണ്. എന്നാൽ പതിനഞ്ചു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടാന്‍ അനുവദിക്കില്ല.

സംസ്ഥാനത്തെ ബസ് സർവീസുകളിൽ കാര്യമായ മാറ്റങ്ങൾ തന്നെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നത്. കളർകോഡ് മുതൽ ഇപ്പോഴിതാ ജിപിഎസ് വരെ. എന്തായാലും ബസ്സുകളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് യാത്രക്കാർക്കും വളരെ ഉപകാരമുള്ള കാര്യമാണ്.

വാർത്തയ്ക്ക്ക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply