നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ സമ്മര്‍ സ്‌പെഷ്യല്‍ സര്‍വീസ്..

ട്രെയിന്‍ യാത്ര എന്നാല്‍ പലര്‍ക്കും വിരസമായ അനുഭവമായിരിക്കും. വേഗത തീരെയില്ലാത്ത ഒരു ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ലോകത്തിലെ തന്നെ വേഗതകുറഞ്ഞ ഒരു ട്രെയിനില്‍ കയറി ഒരു ഉല്ലാസ യാത്ര നടത്തിയാലോ. നെറ്റി ചുളുക്കേണ്ട. ഇതിനേക്കുറിച്ച് അറിവുള്ള ചില അറിവന്‍മാര്‍ക്ക് പഞ്ഞ് വരുന്നത് എന്താണെന്ന് പിടികിട്ടിയിരിക്കും. മേട്ടുപ്പാളയം – ഊട്ടി യാത്രയെക്കുറിച്ചാണ് ഇത്രയും നേരം ചുറ്റിവളച്ച് പറയാന്‍ തുടങ്ങിയത്.

നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ കൂനൂര്‍-മേട്ടുപാളയം റൂട്ടിലും തിരിച്ചും ജൂണ്‍ 24 വരെ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. സാധാരണ സര്‍വീസില്‍ നിന്ന് വ്യത്യസ്തമായി സ്‌പെഷ്യല്‍ യാത്രയുടെ ഭാഗമാവുന്നവര്‍ക്ക് വെല്‍ക്കം കിറ്റ്, സുവനീര്‍, ഓണ്‍ ബോര്‍ഡ് റിഫ്രഷ്‌മെന്‍റ് തുടങ്ങിയ സേവനങ്ങള്‍ ട്രെയിനിനകത്ത് സൗജന്യമായി ലഭിക്കും.

മുഖം മിനുക്കിയ മൂന്ന് കോച്ചുകളാണ് ഈ സര്‍വീസിന്‍റെ പ്രത്യേകത. തുരുമ്പ് പിടിക്കലിനെ പ്രതിരോധിക്കുന്ന മെറ്റാലിക് സ്‌പ്രേ പെയിന്‍റിങ്, വിനൈല്‍ റാപ്പിങ്, സോഫ ക്ലോത്ത് കൊണ്ടുള്ള സീറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ഇതില്‍ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് കോച്ചുകളും ഒരെണ്ണം സെക്കന്‍റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുമായിരിക്കും. 32 ഫസ്റ്റ് ക്ലാസ് സീറ്റുകളടക്കം ആകെ 132 സീറ്റുകളാണുള്ളത്.

2012ന് ശേഷം ആദ്യമായാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേസ് സമ്മര്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. ഇതിന്‍റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ബുക്കിംഗിന് www.irctc.co.in/eticke-tin-g എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മുന്‍കൂട്ടി റിസര്‍വ് ചെയ്ത് വേണം ഈ ട്രെയിനിലെ യാത്ര. മേട്ടുപാളയം-കൂനൂര്‍ രണ്ട് ഭാഗത്തേക്കുമുള്ള യാത്രക്ക് മുതിര്‍ന്നവര്‍ക്ക് ഒന്നാം ക്ലാസിന് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 650 രൂപ മതി. രണ്ടാം ക്ലാസ് യാത്രക്ക് മുതിര്‍ന്നവര്‍ 800 രൂപയും കുട്ടികള്‍ 500 രൂപയും നല്‍കണം. ജിഎസ്ടി, റിസര്‍വേഷന്‍ ചാര്‍ജ്ജ് എന്നിവ കൂടുമ്പോള്‍ നിരക്കില്‍ ചെറിയ മാറ്റമുണ്ടാവും. രണ്ടാം ക്ലാസ് യാത്രക്ക് ജിഎസ്ടി ബാധകമല്ല.

മേട്ടുപാളയം-കൂനൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06171) രാവിലെ 9.10ന് മേട്ടുപാളയത്ത് നിന്ന് യാത്ര തിരിക്കും. ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂര്‍-മേട്ടുപാളയം സ്‌പെഷ്യല്‍ ട്രെയിന്‍(06172) ഉച്ചക്ക് 1.30ന് കൂനൂരില്‍ നിന്ന് യാത്ര തിരിക്കും.വൈകിട്ട് 4.20ന് മേട്ടുപാളയത്തെത്തും.

കടപ്പാട് – ജനയുഗം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply