ഐരാവതങ്ങൾ എത്തിയതോടെ ആനവണ്ടികൾക്കു നല്ലകാലം

ആനച്ചന്തത്തിൽ ആടിയുലഞ്ഞ് ഐരാവതം പോലെ ലോ ഫ്ലോർ ബസുകൾ എത്തിയതോടെ ആനവണ്ടിക്കു നല്ലകാലം. ലോ ഫ്ലോർ ബസുകൾ ഉള്ള ഡിപ്പോകൾ‌ക്കു പ്രതിദിന വരുമാനം 10 മുതൽ 30 ശതമാനം വരെ ഉയർന്നു. ചോരുന്ന പഴഞ്ചൻ ബസുകൾ മാറി കിടിലൻ ബസുകൾ എത്തിയതോടെ യാത്രക്കാർക്കും ആനവണ്ടിയോടാണു പ്രേമം. ആലപ്പുഴ, ചേർത്തല, മാവേലിക്കര. കായംകുളം, ചെങ്ങന്നൂർ ഡിപ്പോകൾക്കും രാജവാഹനത്തെക്കുറിച്ചു നല്ല വാക്കുകൾ മാത്രം. ലോ ഫ്ളോർ ബസുകളുടെ എണ്ണം കൂട്ടാനാണു ഡിപ്പോകളുടെ നീക്കം.

കെഎസ്ആർടിസി ആലപ്പുഴയിൽ നിന്നു ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചതോടെ വരുമാനം വർധിച്ചു. പത്തു ലക്ഷം രൂപയിൽ നിന്നു നിത്യ വരുമാനം 12 ലക്ഷം രൂപയായി ഉയർന്നു. ആകെ 11 ലോ ഫ്ലോർ ബസുകളാണ് ആരംഭിച്ചത്.

kurtc-kerala-low-floor-volvo-bus

ഇതിൽ മികച്ച വരുമാനം നൽകുന്നത് ആലപ്പുഴ–തിരുവനന്തപുരം–എറണാകുളം സർവീസാണ്. 30.000 രൂപ വരെ നിത്യ വരുമാനം ഉണ്ടാക്കുന്നു. ഹരിപ്പാട്, തിരുവല്ല, കോട്ടയം, പാലാ ബസുകളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ– പാലാ സർവീസ് തുടങ്ങിയത്. ആലപ്പുഴയിൽ നിന്നു ഹരിപ്പാട്– ചേർത്തല, ചെങ്ങന്നൂർ റൂട്ടിൽ രണ്ടു നോൺ എസി ബസുകൾ ഉൾപ്പെടെയാണ് 11 സർവീസ് നടത്തുന്നത്.

അതേസമയം മോശം വഴികളിൽ കൂടി ഓടുന്നതു ലോ ഫ്ലോർ ബസ് സർവീസ് നഷ്ടത്തിലാക്കുമെന്ന് അധികൃതർ പറഞ്ഞു. ഡിപ്പോയിൽ ആകെയുള്ള ഒരു നോൺ എസി ലോ ഫ്ലോർ ബസിനു പ്രതിദിനം 306 കിലോമീറ്റർ മാത്രമെ ഓടാൻ കഴിയുന്നൂള്ളൂവത്രേ. സാദാ ഫാസ്റ്റ് പാസഞ്ചർ ബസ് 450 നു മുകളിൽ ഓടുന്ന സ്ഥാനത്താണിതെന്നും ഡിപ്പോ അധികൃതർ പറയുന്നു. ഫാസ്റ്റ് പാസഞ്ചർ ബസിൽ പ്രതിദിനം പതിനയ്യായിരം രൂപയോളം കലക്‌ഷൻ കിട്ടുമ്പോൾ പതിനായിരം രൂപ മാത്രമാണു ലോ ഫ്ലോറിൽ നിന്നുള്ള വരുമാനം.

ചേർത്തല ഡിപ്പോയിൽ നിന്നു രണ്ടു നോൺ എസി ബസുകളാണു സർവീസ് നടത്തുന്നത്. ചേർത്തലയിൽ നിന്നു വൈറ്റിലയ്ക്കും ഇവിടെ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്കുമാണ് ഒരെണ്ണം സർവീസ് നടത്തുന്നത്. അടുത്തത് ആദ്യം വണ്ടാനം മെഡിക്കൽ കോളജിലേക്കും അവിടെ നിന്നു വൈറ്റിലയിലേക്കും തിരിച്ചുമാണ്. രാവിലെ 5.45നും ആറിനുമാണു സർവീസ് ആരംഭിക്കുന്നത്. നിലവിൽ 11,000 മുതൽ 12,000 രൂപ വരെയാണു ശരാശരി ഒരോ ബസിന്റെയും പ്രതിദിന വരുമാനം. കിലോമീറ്ററിന് 35–40 രൂപയാണു വരുമാനം കണക്കാക്കുന്നത്. സാധാരണ ബസുകൾക്കു ലഭിക്കുന്ന വരുമാനം മാത്രമെ ഇതിനും ലഭിക്കുന്നുള്ളൂവെന്നാണു സൂചന.

കായംകുളം ഡിപ്പോയിൽ ഒരു ലോ ഫ്ലോർ നോൺ എസി ബസ് മാത്രമാണുള്ളത്. കായംകുളം –ആലപ്പുഴ റൂട്ടിലോടുന്ന ബസ് ലാഭത്തിലാണ് ഇപ്പോൾ ഓടുന്നത്. ദിവസം ശരാശരി 15,000 രൂപയ്ക്കു മേൽ കലക്‌ഷൻ ലഭിക്കുന്നുണ്ട്. കരുനാഗപ്പള്ളി–ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ഒരു ലോ ഫ്ലോർ ജൻറം ബസ് സർവീസ് മാത്രമാണു മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഉള്ളത്. ദിവസേന ശരാശരി 10,000 രൂപ വരുമാനം ലഭിക്കുന്ന സർവീസ് ഓണക്കാലത്തു ശരാശരി 13,000 രൂപ പ്രതിദിനം വരുമാനം നൽകി. ഒരു ലോ ഫ്ലോർ ബസ് എങ്കിലും അനുവദിച്ചാൽ ഏറെ ഗുണകരമാകും.

അതേ സമയം കേരളത്തിലെ റോഡുകളിൽ ഈ ബസുകളുടെ ടയറിന് ആയുസ്സ് കുറയുന്നതും അറ്റകുറ്റപ്പണികളും പ്രശ്നം സൃഷ്ടിക്കുന്നതായി ഡിപ്പോ അധികൃതർ പറയുന്നു. നിരപ്പായ വഴികളിൽ കൂടി ഓടേണ്ട വണ്ടി കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ ഓടുമ്പോൾ സംഭവിക്കുന്നതാണിത്.

News: Manorama Online

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply