പൊള്ളാച്ചിയിലെ തെങ്ങിൻ തോപ്പിൽ യാത്രികരുടെ ഒരു ഒത്തുചേരൽ..

വിവരണം – Rahim Dce.

ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പായ YallaGo യുടെ നാലാമത് ഇവന്റ് അനൗൺസ് ചെയ്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ സീറ്റ് എല്ലാം ഫില്ലായിരുന്നു ,എത്രെയും പെട്ടന്ന് 26- ആം തിയ്യതി ആകാൻ വേണ്ടിയുള്ള കട്ട കാത്തിരിപ്പായി പിന്നെ..അങ്ങനെ പൊള്ളാച്ചിയിലെ ആ പൂരം കൊടിയേറുന്ന നാൾ വന്നെത്തി !!!. കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ നല്ല തണുപ്പും ഏറ്റു വാങ്ങി കൊണ്ട് ഞാനും സൽമാനും ഈരാറ്റുപേട്ടയിൽ നിന്നും കോട മൂടിയ വഴികളിലൂടെ ചാലക്കുടി ലക്ഷ്യമാക്കിയുള്ള യാത്രക്ക് ഇറങ്ങി . യാത്ര വഴി മദ്ധ്യേ കുമ്പനും ഫാമിലിയും ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു .

ഞാനും സൽമാനും കുമ്പനും ഫാമിലിയും ഒരുമിച്ചു യാത്ര തുടർന്നു. കൂടെ ഇവന്റിൽ പങ്കെടുക്കാനുള്ള ബാക്കിയുള്ളവർ ട്രാവലറിലും കാറിലുമായി പെട്ടെന്ന് തന്നെ ചാലക്കുടി എത്തി.. 36 പേരിൽ പകുതി ആളുകളും മുമ്പുള്ള ട്രിപ്പുകളിൽ Yallago യുടെ കൂടെ വന്നിട്ടുള്ള കുടുംബാങ്കങ്ങൾ ആയത് കൊണ്ട് കൂടുതൽ വിശേഷങ്ങൾ ആരായാതെ കൂട്ടത്തിലെ പുതിയ ആളുകളെ പരിച്ചയപ്പെട്ടിട്ട് നേരെ ഇന്ത്യൻ കോഫി ഹൌസിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചതിനു ശേഷം പിന്നീടങ്ങോട്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ചു പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു . ” ചലോ പൊള്ളാച്ചി ” എന്ന് പറഞ്ഞപ്പഴേക്കും ഞങ്ങടെ പുലികുട്ടി വാഗനാർ കുതിച്ചു പായാൻ തുടങ്ങി..

പോകുന്ന വഴിക്ക് സിൽവർ സ്റ്റോമിൽ ഒന്ന് നിറുത്തി ചങ്കത്തി ഗോപുസ്‌ നേയും കണ്ടിട്ട് അവിടുന്ന് അതിരപ്പള്ളി ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. കേരളത്തിന്റെ ജോഗ് വാട്ടർഫാൾസ് എന്ന വിശേഷണമുള്ള മനോഹരമായ അതിരപ്പള്ളി വെള്ളച്ചാട്ടവും കണ്ടു കൊണ്ട്. കൂടെ സ്ഥിരം ക്ലേഷയായ കുറച്ച് കത്തി അടിയുമായി മുന്നോട്ട് പോയി. പിന്നീട് വാഴച്ചാൽ മലക്കപ്പറ റൂട്ടിലെ കാനന ഭംഗിയും ആസ്വദിച്ചു കൊണ്ടായി യാത്ര.

വാൽപാറ എത്താറായപ്പോൾ കത്തി കൂടിയത് കൊണ്ടാണോ എന്നറിയില്ല ഉച്ച വിശപ്പും വല്ലാണ്ട് തുടങ്ങിയിട്ടുണ്ടായിരുന്നു. വണ്ടി ഒന്ന് ഒതുക്കി നിറുത്തിയിട്ട് സിന്ധു ചേച്ചി റെഡിയാക്കി കൊണ്ട് വന്ന കോഴിക്കോടൻ ബിരിയാണി എടുത്തു ഒരു കീറു കീറി… കിടിലൻ ബിരിയാണി .വയറും മനസ്സും ഒരുപോലെ നിറഞ്ഞു . ചളിയടിക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് തേയിലക്കാടുകൾ മാടി വിളിക്കുന്ന വളഞ്ഞു പുളഞ്ഞു കിടക്കുന്ന തമിഴ് സുന്ദരിയെ കാണാൻ ഇതിനോടകം വണ്ടിയുടെ ഫസ്റ്റ് ഗിയർ വീണിട്ടുണ്ടായിരുന്നു. അങ്ങിനെ വാൾ പാറയിലെ 41 ഹെയർ പിൻ വളവുകൾ ഇറങ്ങിയും കയറിയും തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു കൊണ്ടും പോകുന്ന വഴിയിൽ മങ്കി ഫാൾസിലേക്കുള്ള ബോർഡും കണ്ടു.

ആളിയാറിന്റെ മനോഹരമായ ദൃശ്യ ഭംഗി കാണുന്ന ചുരം പോയിന്റിൽ സ്വൽപ്പനേരം ഇറങ്ങി നിന്നു…. ചുരങ്ങൾ താണ്ടി വരുന്ന സഹ്യന്റെ ഇളം തെന്നലേറ്റു കൊണ്ട് വീണ്ടും യാത്ര തുടർന്നു. ആകാശ സീമയിൽ മേഘവലയങ്ങൾ തീർത്ത കോടമഞ്ഞിനും ഏതൊരു യാത്രയുടെയും അനുഭൂതി നുകർന്നു നൽകുന്ന വശ്യസുന്ദരമായ കാഴ്ചകൾക്കും ഇനി അല്പായുസ്സ് മാത്രം.. ഇരുൾ മുറ്റിയ വഴിയികളിലെ യാത്രയുടെ ഭയാനതകളെ അകറ്റി നിർത്തുവാൻ സംഗീത സാന്ദ്രമായ ഒരിടം ഞങ്ങൾക്കു വേണ്ടി കാത്തിരിപ്പുണ്ട്. എത്രെയും പെട്ടന്ന് അവിടം എത്തേണ്ടതുണ്ട്…. അവിടെയാണ് പീലിയേഴും വീശുന്ന വിത്യസ്തയുള്ള ഫാം ഹൌസ് ഉള്ളത്.

അവിടേക്ക് പോകുന്നതിനു മുൻപ് ചെറിയൊരു കലാ പരിപാടി കൂടി ബാക്കി കിടപ്പുണ്ട്….. നേരം ഇരുളും മുൻപ് എത്രെയും പെട്ടന്ന് ആളിയാറിലെ cascade ൽ എത്തണം അതു കഴിഞ്ഞിട്ടു വേണം അങ്ങോട്ടേക്ക് തിരിക്കാൻ. അങ്ങിനെ ആളിയാറിലെ കാസ്കേഡിൻ മുൻപിൽ എത്തി. ശാന്ത സുന്ദരമാം വിശാലതയിലൂടെ കള-കളാരവമൊഴുകി വരുന്ന ജലധാരയിലേക്ക് ആർത്തു ഉല്ലസിക്കാൻ എല്ലാവരും തിടുക്കം കാണിച്ചു… ഓരോരുത്തരായി എടുത്തു ചാടി . കുറച്ചു സമയം അവിടെ ചിലവഴിച്ചു. സായം സന്ധ്യയോടടുക്കുന്ന നിമിഷങ്ങളിലെ അംഗസ്നാനം അതൊന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു . എങ്ങും ഇരുൾ പടർന്നു തുടങ്ങിയിരിക്കുന്നു.

കാഴ്ചകൾ മറയുന്നിടത്തു കൂടുതൽ സമയം ചിലവഴിക്കാതെ പൊള്ളാച്ചിയിലെ പ്രകാശ് നടരാജന്റെ തെങ്ങിൻ തോപ്പ്‌ ലക്ഷ്യമാക്കി നീങ്ങി . ഏക്കർ കണക്കിന് തെങ്ങിൻ തോപ്പുകൾക്ക് ഇടയിൽ നിൽക്കുന്ന ഒരു ഫാം ഹൌസിലാണ് ഞങ്ങൾക്കു താമസം തന്നിരിക്കുന്നത് അതും ടെന്റിൽ .. രാത്രി ആയതിനാൽ ഫാം ഹൗസിന്റെ ഭംഗിയൊന്നും ആസ്വദിക്കാൻ കഴിഞില്ല . പിന്നീട് അങ്ങോട്ട് സെൽഫ് കുക്കിംഗ് ആരംഭിച്ചു എല്ലാവരും ചേർന്ന് ഒരു പാചക കസർത്തു നടത്തി. എന്താ പറയാ ഗഡികളെ കുടുംബത്തിലെ ഒരു കല്യാണത്തിന് അടുക്കളയിൽ കയറിയ പോലെ ഒരു ഫീൽ. പാചക റാണി റിൻസി ഇത്ത ബിരിയാണി ഉണ്ടാക്കാൻ ഉള്ള തയാറെടുപ്പുകൾ തുടങ്ങി വെച്ചു. കുറച്ചു പേർ സവാള ഗിരി ഗിരി അരിയലും ബാക്കി ഉള്ളവരിൽ കുറച്ചു പേർ റിൻസി ഇത്തയുടെ കൂടെ ഒപ്പം ചേർന്നു.

എല്ലാവർക്കും സൊറ പറഞ്ഞു ഒത്തൊരുമിക്കാനുള്ള സ്ഥലങ്ങൾ ഞങ്ങൾ കുറച്ചു പേർ ദീപാ അലങ്കാരത്തിൽ പ്രകാശിപ്പിക്കാൻ ശ്രമിച്ചു . ആയിരം കഥകൾ പറഞ്ഞിരിക്കാനുള്ള ഇടത്തിൽ എങ്ങും പ്രകാശം കത്തി ജ്വലിക്കട്ടെ !!. അങ്ങിനെ ദീപാലകൃതമായ തെങ്ങിൻ തോപ്പിൻ രാത്രിയെ പ്രകാശപൂരിതമാക്കുന്ന നക്ഷത്രങ്ങളെ സാക്ഷി നിറുത്തി എല്ലാവരും പരസ്പരം പരിചയപ്പെടാൻ തുടങ്ങി….. കൂടെ ഓരോ യാത്ര അനുഭവങ്ങളും ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളും പങ്കുവെക്കുന്നതോടൊപ്പം തന്നെ മുൻപ് സംഭവിച്ച അമളികളും തള്ള് കഥകളുമായി സെക്കന്റുകളെ പിൻതള്ളി മിനുട്ട് സൂചിക പായുമ്പോൾ അതിനേക്കാൾ സ്പീഡിൽ ഉസൈൻ ബോൾട്ടെന്ന മണിക്കൂർ കുതിക്കുന്നുണ്ടായിരുന്നു . അടുത്ത സെക്ഷൻ ക്യാമ്പ് ഫയറും പാട്ടും തുടങ്ങി.. പാപ്പനും പിള്ളേരും ആട്ടത്തിൽ മതി മറന്നു .

അപ്പോ റിൻസി ഇത്തയുടെ ബിരിയാണി റെഡി ആയെന്നുള്ള സന്ദേശം എത്തി. ഒട്ടും വൈകിയില്ല ആട്ടും, പാട്ടും കഥകളും പങ്കുവെച്ച സ്ഥലം ഒരു യുദ്ധഭൂമിയായി മാറി. ദേ ബിരിയാണി ചെമ്പും കാലിയായി .. ബിരിയാണിയുടെ ദമ്മും പാതി രാത്രിയുടെ നിശബ്ദതയും എന്തോ എല്ലാവരെയും അവരുടെ റെന്റിനുള്ളിൽ അന്തി ഉറങ്ങാൻ പ്രേരിപ്പിച്ചു . പതിയെ എല്ലാവരും ഉറക്കിലേക്ക് വഴുതി വീണു . മയിലിന്റെ കൂവൽ കേട്ടാണ് എല്ലാവരും ഉണർന്നത്. നോക്കുമ്പോൾ സമയം ആറു മണി ആകുന്നേ ഉള്ളൂ. ഞങ്ങൾ ടെന്റിൽ നിന്നും എണീറ്റ്.അപ്പുറത്തുള്ള പറമ്പിൽ നോക്കിയപ്പോൾ മയിലിന്റെ കൂട്ടം ഏഴു പീലിയും വീശി ആട്ടം തുടങ്ങിയിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും എണീറ്റു വരാൻ തുടങ്ങി.. കുറച്ചു സമയം അതൊക്കെ കണ്ടു ഒരു പൊള്ളാച്ചി ചായയും കുടിച്ചു ഫാം ഒന്ന് ചുറ്റി കണ്ടു . ഓരോരുത്തർ ഓരോരോ കളികളിൽ പങ്കു ചേർന്നു .ക്രിക്കറ്റും ബോളിബോളും ഷെട്ടിലുമായി അങ്ങനെ അങ്ങനെ ..ഊഞ്ഞാലാട്ടവും സീസോയും ആയി കുറച്ചു പേർ.. കാലത്തെ മയിലാട്ടവും മറ്റും കഴിഞ്ഞു വീണ്ടും ആളിയാറിലെ cascadeൽ കുളിക്കാൻ പോകാനായി എല്ലാരും റെഡി ആയി പെട്ടെന്ന് തന്നെ ഇറങ്ങി. പിന്നെ എല്ലാരും ജലധാരയിൽ നീരാടാൻ തുടങ്ങി .കൂടെ ഫോട്ടോ ഷൂട്ടും. കിലോമീറ്ററുകൾ നീണ്ടു കിടക്കുവാണ് ഈ ജലധാര.. ഇതിലെ കുളി എല്ലാവർക്കും പുതിയ ഒരു അനുഭവമായി .കുറെ നേരം നീന്തിയും നീരാടിയും അവിടെ കൂടി.

അടുത്ത സ്വീകരണ സ്ഥലത്തേക്ക് ഉടൻ പോകേണ്ടത് ഉള്ളതിനാൽ ഫാമിൽ എത്തി ബ്രേക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങി..നല്ല പാലക്കാടൻ ഇടലിയും ദോശയും .കൂടെ ചിക്കനും ചേർന്ന് പൊളപ്പൻ ബ്രേക് ഫാസ്റ്റ് തട്ടി .പെട്ടെന്ന് തന്നെ എല്ലാവരും റെഡി ആയി പറമ്പിക്കുളം ലക്ഷ്യമാക്കി നീങ്ങി.. പറമ്പിക്കുളത്തേക്കുള്ള യാത്ര കിടിലൻ ആയിരുന്നു. രാത്രിയിൽ മുടങ്ങിപ്പോയ അന്ത്യക്ഷരി കളി ബസിൽ വെച്ച് ആക്കി..ഓരോരുത്തരും പാടി പാടി തകർത്തു..റിൻസി ഇത്തയും ലീലാമ്മയും മത്സരിച്ചു പാടി.. അപ്പോയത്തെക്കും ആനമല റീസെർവേയോർ എത്തി.. പിന്നെ കാടിന് ഉള്ളിലേക്ക് കയറി.

ഉച്ചയ്ക്ക് 2 മണി ആയപ്പഴേക്കും പറമ്പിക്കുളം എത്തി. ടൈഗർ റിസർവിന്റെ കവാടം ആയ തൂണാക്കടവ് നിന്നും നല്ല നാടൻ ഊണും ഓംലെറ്റും കഴിച്ചു എല്ലാരും വിഷപ്പടക്കി..കാടിന്റെ ഉള്ളിലേക്ക് കയറി..പിന്നെ അങ്ങോട്ട് കാടിന്റെ കാഴ്‌ചകളിലേക്ക് ഊളിയിട്ടു. മയിലും കുരങ്ങും (സിംഹ വാലൻ , കരിങ്കുരങ്ങൻ ,സാധാ കുരങ്ങൻ) പന്നിയും മാനും പോകുന്ന വഴി കാഴ്ചയേകി..കാനന ഭംഗിയിൽ മതി മറന്നും ഓരോരോ മൃഗങ്ങളെ കണ്ടും ഗൈഡ്ന്റെ നിർദ്ദേശ പ്രകാരം യാത്ര തുടർന്നു.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന തേക്ക് ആയ കണ്ണിമര തേക്ക് കാണാൻ പോയി നല്ല വലിപ്പവും വണ്ണവും ഉണ്ട്..5 തടി മാടന്മാർ വേണം കൈ കൊണ്ട് ആ കന്യകയെ വലയം ചെയ്യാൻ..ഈ മരം മുറിക്കാൻ ശ്രമിക്കുന്നതിനിടെ ചോര പുറത്തു വന്നു എന്ന് ആദിവാസികൾ വിശ്വസിക്കുന്നു.. അങ്ങനെ ആണ് ഇതിനു കന്നി മരം (Virgin Tree ) എന്ന പേര് വീണത്..

പിന്നെ നേരെ ഡാമിലേക്ക് പോയി..പറമ്പിക്കുളം ഡാമിലേക്ക്.. അവിടുത്തെ നയന മനോഹര കാഴ്ചകളും കണ്ടു മതി മറന്നു ഞങ്ങൾ തിരിച്ചിറങ്ങി. അപ്പോയത്തേക്കും സമയം രാത്രി 7 മണി കഴിഞ്ഞിരുന്നു.. കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ദേശങ്ങളിൽ നിന്നും ഒത്തൊരുമിച്ച 36 പേർ രണ്ടു നാൾ ഒരു കുടുംബം പോലെ സൗഹൃദം പങ്കു വെച്ചപ്പോൾ പിരിയാൻ സമയം എല്ലാവരുടെയും മുഖത്ത് സന്തോഷം വിടരുന്നുണ്ടായിരുന്നു.

അവർക്കാർക്കും പിരിയുന്നതിൽ ഒട്ടു വിഷമമില്ല. കാരണം Yallago യുടെ കുടുംബത്തിൽ പുതിയ അതിഥികളുമായി അടുത്ത ഇവെന്റിലും ഒരിക്കൽ കൂടെ കൂട്ട് കൂടാൻ കഴിയുമെന്ന പ്രതീക്ഷയോടെ താത്കാലികമായി പരസ്പരം യാത്രാ മൊഴികൾ നേർന്നു. ഓർമ്മയിലെന്നും ശൂക്ഷിക്കാവുന്ന ഒരു അവിസ്മരണീയ ട്രിപ്പ് കിട്ടിയ സന്തോഷത്തിൽ എല്ലാരും അവരവരുടെ നാട്ടിലേക്ക് തിരിച്ചു .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply