ദുരിതത്തിൻ്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ?

ഈ ലേഖനം തയ്യാറാക്കിയത് – Prasad Amore (Licensed R.Psychologist Director).

Prasad Amore.

ദുരിതത്തിന്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ? ഇതര ജീവിവർഗ്ഗങ്ങളുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ചു് മനുഷ്യ ശിശുക്കൾ ദുര്ബലരാണ്‌.ഒരു കുട്ടി സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവുള്ള ആളായി തീരുന്നതിന് മനുഷ്യ സമൂഹത്തിന്റെ നീണ്ട വർഷത്തെ കരുതലുകൾ ആവശ്യമുണ്ട്.എന്നാൽ മറ്റ് ജീവികളുടെ അതിജീവനത്തിന് സഹായിക്കുന്ന സ്വാഭാവികമായ പെരുമാറ്റ മാതൃകകൾ ജന്മസിദ്ധമാണ്. മനുഷ്യ ശിശുവിലാകട്ടെ അവൾ സമൂഹത്തോട് ഇണങ്ങിച്ചേരുന്നത് പ്രധാനമായും അറിഞ്ഞറിഞ്ഞു മുന്നേറിയാണ്.പരിണാമം മനുഷ്യന്റെ ശൈശവ ബാല്യത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചു.

അമിതമായി സംരക്ഷിക്കപ്പെടുന്ന കുട്ടികളാണ് നമ്മുടേത്.പരിസരത്തിന്റെ സ്വാധീനത്തിലൂടെയാണ് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെയും പേശികളുടെയും അന്ത:സ്രാവ വ്യവസ്ഥയുടെയും വളർച്ച സംഭവിക്കുന്നത്. അതിനാൽ അപ്രതീക്ഷിതമായുണ്ടാകുന്ന ദുരിതങ്ങൾ കൂട്ടികളുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസത്തെ പ്രതികൂലമായി ബാധിക്കും.കൂട്ടികൾ പരിസരവുമായുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കുന്ന ശേഷികൾ ദുദ്രഗതിയിൽ നടക്കുന്നത് ശൈശവത്തിലാണ്.ആ സമയത്തു് ശരിയായ അനുഭവങ്ങൾ ശരിയായ രീതിയിൽ ലഭിക്കേണ്ടതുണ്ട്. ചുറ്റുപാടുകളിൽ നിന്ന് വിവരങ്ങൾ പാകപ്പെടുത്തിയെടുത്താണ് മഷ്തിഷ്‌കം സാമാന്യ ബോധവും അതിജീവന ശേഷിയും വികസിപ്പിച്ചെടുക്കുന്നത്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം വേഗത്തിൽ നടക്കുന്ന സമയമായ ശൈശവത്തിലും കുട്ടിക്കാലത്തിന്റെ പ്രാരംഭഘട്ടത്തിലും ഏല്ക്കുന്ന ആഘാതങ്ങൾ അവരുടെ മനസ്സിന്റെ സ്വാഭാവികമായ വളർച്ച തടസ്സപ്പെടുത്തും. അത് അവരുടെ വ്യക്തിത്വത്തെ മുരടിപ്പിക്കും. അതിജീവന ശേഷിയെ ദുർബലമാകും. അതിനാൽ ദുരിതമനുഭവിച്ച മുതിർന്നവരെ പരിഗണിക്കുന്ന രീതിയിൽ കുട്ടികളെ സമീപിക്കരുത്.

ദുരിതത്തെ തുടർന്ന് മനോവ്യഥ അനുഭവിക്കുന്ന കുട്ടികൾക്ക് മുതിർന്നവരെ പോലെ തങ്ങളുടെ പ്രയാസങ്ങൾ, അവസ്ഥകൾ ഒക്കെ വിശദീകരിക്കാൻ കഴിയണമെന്നില്ല. അവരുടെ നൊമ്പരങ്ങളും ചിന്തകളും വെളിപ്പെടുത്താൻ തന്നെ അവർ അശക്തരായിരിക്കും.എല്ലാം നഷ്ടപെട്ടവരാണവർ. അതിനാൽ ശാസ്ത്രീയമായ അറിവുകളെ അടിസ്ഥാനപ്പെടുത്തി സൂഷ്മനിരീക്ഷണം നടത്തി നമുക്ക് മുന്നോട്ട് പോകേണ്ടിവരും.അത് വളരെ ശ്രമകരമാണ്. ജാഗ്രതയോടെ ചെയ്യേണ്ടതാണ്.

ഗുരുതരമായ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.മനോരോഗം ഉണ്ടാകുന്നതിന് ജീവശാസ്ത്രപരമായ സാധ്യതകൾ കൂടുതലുള്ള കുട്ടികൾ ദുരിതങ്ങൾക്ക് വിധേയരാകുമ്പോൾ അവരുടെ അവസ്ഥ അതില്ലാത്ത മറ്റുകുട്ടികളേക്കാൾ ഭീകരമായിരിക്കും.ജാഗ്രതയോടെ നമുക്ക് അവരെ വേർതിരിച്ചറിയാൻ കഴിയും.

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ശാരീരിക മാനസിക ലക്ഷണങ്ങൾ…… വയറുവേദന, ഛർദി, വയറിളക്കം, തളർച്ച, തലചുറ്റൽ, കൈകൾ വിറയൽ, വേദന, മനംപുരട്ടൽ,ഭക്ഷണത്തിനോട് വിരക്തി,എന്നിവ ഉണ്ടോ എന്ന് അറിയാൻ ശ്രമിക്കുക. അകാരണമായ വ്യാകുലതകൾ,സംഘർഷം ,പ്രത്യേയ്ക വസ്തുക്കളോടുള്ള ഭയം -സാമൂഹ്യ ഇടപെഴകലിനോടുള്ള ഭയം,ഇരുട്ടിനോടുള്ള ഭയം,അടച്ചിട്ട സ്ഥലങ്ങളോടുള്ള ഭീതി എന്നിവ. ഉറക്കത്തിൽ തുടർച്ചയായി ദുസ്വപ്നങ്ങൾ കണ്ട് നിലവിളിക്കുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അവർക്ക് ഉറക്ക അസ്വസ്ഥ രോഗം (sleep terror disorder)ഉണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളിൽ ഭയം, വിരക്തി, സ്കൂളിൽ പോകാൻ മടി. വിഷാദം,ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാൻ പേടി,തന്റെയും മറ്റുള്ളവരുടെയും സുരക്ഷയെപ്പറ്റി എപ്പോഴും ആധി തുടങ്ങിയ പ്രശ്‍നങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. മനോരോഗവിദഗ്‌ദ്ധർ,മനഃശാസ്ത്രജ്ഞർ, ശിശുരോഗ വിദഗ്ധർ,സാമൂഹ്യപ്രവർത്തകർ, അധ്യാപകർ എന്നിവരടങ്ങുന്ന ഒരു സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നമുക്ക് ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയുക.

കുട്ടികളുടെ പ്രകൃതത്തെ – അവരുടെ വളർച്ചയെക്കുറിച്ചുള്ള ശാസ്‌ത്രീയ ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങൾ ഇവിടെ കുറിക്കുകയാണ് .കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുഴുകുന്നവർക്ക് അത് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികൾക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന പ്രവൃത്തികൾ നാം നീരീക്ഷിക്കണം.നിങ്ങൾ ഇടപെഴകുന്ന കുട്ടികളുടെ പ്രതികരണത്തിന്റെ വ്യത്യാസങ്ങൾ അനുസരിച്ചു് നിങ്ങളുടെ സമീപനം അവർക്ക് രുചിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കി അതനുസരിച്ചു നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ കഴിയണം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയിൽ നാം അവരോട് പെരുമാറാൻ ബോധപൂർവം ശ്രമിക്കുക.

ദുരിതത്തിന്റെ ആഘാതം നേരിടുന്ന കുട്ടികളെ ഒരിക്കലും മനോരോഗികളായി കണക്കാക്കി പെരുമാറരുത്. അവരുടെ പ്രശ്നങ്ങളെ കുറവുകളായി കാണുന്നതിന് പകരം അവരുടെ ചില ആവശ്യങ്ങൾ/ സവിശേഷതകൾ എന്നിങ്ങനെയായി കണ്ട് പരിഗണിക്കുക.മാനസികാരോഗ്യ സേവനം വേണ്ടവർ മാത്രമാണവർ. കുട്ടികളോട് സൗമ്യമായി സംസാരിക്കുക.കൂടുതൽ ചോദ്യങ്ങളുമായി അവരെ ആശയകുഴപ്പത്തിൽ പെടുത്തരുത്.കുട്ടികൾക്ക് വേണ്ടത് ഉപദേശങ്ങളല്ല.പ്രവർത്തനങ്ങളാണ്.എല്ലാം അവർ പ്രായോഗികമായി നേടണം.അവരെ ബാഹ്യലോകവും സമൂഹവുമായുള്ള ബന്ധത്തിന് ശരീരത്തെയും മനസ്സിനെയും തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് നമ്മൾ ആസൂത്രണം ചെയ്യേണ്ടത് .

കളികളും, പാട്ടുകളും, ചൊല്ലുകളും, കഥകളും, ചിത്രങ്ങളുമായി നടത്തുന്ന പ്രവർത്തനങ്ങൾ നമുക്ക് അത്യാവശ്യമാണ്.മാജിക്കും വേണം. ചാട്ടങ്ങളിലുടെയും നൃത്തങ്ങളിലൂടെയും കുട്ടികൾക്ക് ചടുലത കണ്ടെത്താൻ കഴിയും.കളികളും കൂട്ടായ്മകളുമെല്ലാം കായികവും മാനസികവുമായ രൂപങ്ങളാണ്.അതിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് കുട്ടികൾക്ക് നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുകയുള്ളു.കുട്ടികളുടെ വികാസം എന്നത് അവരുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസമാണ്.അതാകട്ടെ സമൂഹവുമായുള്ള പ്രതിപ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുക്കുന്നതാണ്.കുട്ടികളെല്ലാം ഒത്തുചേരുകയും സംവദിക്കുകയും കളികളിൽ ഏർപ്പെടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പൊതു ഇടങ്ങൾ നാം സൃഷ്ടിച്ചെടുക്കണം.ആ അന്തരീക്ഷം ചലനാത്മമായിരിക്കണം.

സാമൂഹ്യമായ ചുറ്റുപാടുകളിൽ കുട്ടികളുമായി അടുപ്പമുള്ളവർ സംസാരിക്കുന്ന രീതിയാണ് നല്ല സമീപനം. മെച്ചപ്പെട്ട സാമൂഹ്യാനുഭവം സൃഷ്ടിക്കലാണ് നമ്മുടെ കർത്തവ്യം.സമൂഹത്തിൽ നിന്ന് ഒറ്റപെട്ടു പോകുന്ന കുട്ടികളെക്കുറിച്ചു് നാം ജാഗരൂകരാകേണ്ടതുണ്ട്. ദാരുണമായ സംഭവങ്ങൾ, തകർച്ചകൾ,വേണ്ടപ്പെട്ടവരുടെ വേർപാട് എന്നിവ ഉണ്ടായ കുട്ടികൾക്ക് ത്രീവ്രമായ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ അത് ലോകവുമായുള്ള അവരുടെ ബന്ധത്തെ തടസ്സപ്പെടുത്തും.സ്നേഹിതന്മാരുമായുള്ള അവരുടെ ഇടപെടലുകളെ ദോഷകരമായി ബാധിക്കും. ഒരു സാമൂഹ്യപ്രശ്നമാണിത്.അത് പരിഹരിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അത്തരം കുട്ടികളെ അവരുടെ കുറവിന്റെ പേരിൽ നാം കൂടുതൽ ശ്രദ്ധിച്ചു് അവരിൽ അക്കാര്യത്തെക്കുറിച്ചു് ബോധമുണ്ടാക്കേണ്ടതില്ല .അത് ആ കുട്ടികൾക്ക് പരിസരവുമായുള്ള ബന്ധം സാധാരണ കുട്ടികളിൽ നിന്ന് വ്യത്യസ്തമാക്കും.അവരുടെ സാമൂഹ്യ വിനിമയം പന്തികേടുള്ളതായി തീരും.അതിനാൽ മറ്റു കുട്ടികൾക്ക് കിട്ടുന്നതുപോലുള്ള സാമൂഹ്യ സാംസ്‌കാരിക അനുഭവമാണ് അവർക്കും ഉറപ്പുവരുത്തേണ്ടത്.

നമ്മുടെ പരിഗണനകൾ അവളുടെ സ്വാഭാവിക പെരുമാറ്റത്തിന് അനുയോജ്യമായിരിക്കണം.മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന കുട്ടികളെ മറ്റ് കുട്ടികളിൽ നിന്ന് മാറ്റിനിർത്തുക വഴി സാമൂഹ്യ കഴിവുകൾ പലതും ആ കുട്ടികൾക്ക് നഷ്ടമാകും.അത് അവരിൽ പിന്നോക്കാവസ്ഥയും ഉൾവലിയലും സൃഷ്ടിക്കും. കുട്ടികളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാതിരിക്കുക.അവരുടെ മനസ്സിന്റെ വളർച്ചയ്ക്ക് നമ്മൾ സഹായികളാവുക മാത്രമേ ചെയ്യാവൂ.അവർ ചെയ്യുന്ന പ്രവൃത്തികൾ അത് കളികളാകാം ,ചിത്രരചനയാകാം, എഴുത്താകാം എന്തുതന്നെയായാലും അതിലെ തെറ്റുകളെകുറിച്ചോ, ഭംഗിയെക്കുറിച്ചോ നിങ്ങൾ വേവലാതിപെടാതിരിക്കണം. അവരെ ആത്മവിശ്വാസത്തോടെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

കുട്ടികളുമായി നാം ചെയ്യുന്ന ഓരോ പ്രക്രിയകളിലും എല്ലാം കുട്ടികളുടെയും നേതൃത്വപരമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്.ഓരോരുത്തരും നേതൃത്വം മാറിമാറി ഏറ്റെടുക്കട്ടെ.എല്ലാവർക്കും അവസരം വേണം എല്ലാവരും കണ്ണികളാകണം.ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ചു മികവുനേടാനുള്ള അവസരമാണ് നാം ഒരുക്കേണ്ടത്. അവർ അനുഭവിക്കുന്ന സംഘർഷങ്ങളോട് നാം ബുദ്ധിപരമായാണ് പ്രതികരിക്കേണ്ടത്.അവർക്ക് വൈകാരികമായ പിൻബലം നൽകുക. നമ്മൾ സൃഷ്ടിക്കുന്ന താളാത്മകമായ പരിസരം അനൗപചാരികവും സഹകരണ മനോഭാവമുള്ളതുമായിരിക്കണം.കുട്ടികളുടെ തലത്തിൽ നിന്ന് കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിയാൻ അവരെ സഹായിക്കുകയാണ് വേണ്ടത്.അവരുടെ താല്പര്യങ്ങൾ കണക്കിലെടുത്തു് നാം സംവദിക്കണം.നമ്മുടെ അറിവുകൾ ആശയങ്ങൾ എല്ലാം കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കരുത്.കുട്ടികൾ യഥാർത്ഥ ഭാവത്തിൽ ചെയ്യുന്ന കായികവും സർഗാത്മകവുമായ ആവിഷ്കാരങ്ങൾ അവരുടെ വേഗതകൾ ,ചലനാത്മകതകൾ എല്ലാം ഉണ്ടാവട്ടെ. അവിടെ വിലക്കുകൾ അന്യമായിരിക്കണം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply