പ്രണയം നിറഞ്ഞ ഫീവ തടാകം അടുത്തു കണ്ടപ്പോള്‍…

“തെളിഞ്ഞ ആകാശത്തിന്റെ നീലനിറം ആണ് ഫീവ തടാകത്തിനു. സാഹസികത മാത്രം അല്ല, ഹണിമൂൺ ആഘോഷിക്കാൻ നേപ്പാളിൽ എത്തുന്നവരുടെ ഇഷ്ടസ്ഥലം .. പ്രണയം ചാലിച്ച ഫീവ…”

ആകാശത്തിലൂടെ പറന്നു പറന്നു നടന്നത് ഒരുപാട് ആസ്വദിച്ചു എങ്കിലും മനസ്സിൽ രണ്ടാൾ വിമാനത്തിലെ യാത്ര നഷ്ടമായതിന്റെ എല്ലാവിഷമവും ഉണ്ടായിരുന്നു.. ഉര്മിക പൊഖ്‌റ എയര്പോര്ട്ടിലേക്കു പോയിരുക്കുകയാണ്. വരാൻ എന്തായാലും ലേറ്റ് ആകും. ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി, അപ്പോളേക്കും അരുണും എത്തിയിരുന്നു. ഞങ്ങൾ ലഞ്ച് വളരെ ലേറ്റ് ആയി കഴിച്ചു സുന്ദരിയായ ഫീവ ലേക്ക് കാണാൻ ഇറങ്ങി. താമസിക്കുന്ന ഹോട്ടലിന്റെ അടുത്തുനിന്നും വളരെ അടുത്താണ് മനോഹരിയായ ഫീവ.

തെളിഞ്ഞ ആകാശത്തിന്റെ നീലനിറം ആണ് ഫീവ തടാകത്തിനു. സാഹസികത മാത്രം അല്ല, ഹണിമൂൺ ആഘോഷിക്കാൻ നേപ്പാളിൽ എത്തുന്നവരുടെ ഇഷ്ടസ്ഥലം .. പ്രണയം ചാലിച്ച ഫീവ… മനോഹരമായി പെയിന്റ് അടിച്ച ചെറുവഞ്ചികൾ, നീലയും ചുവപ്പും നിറത്തിൽ.. ആ നിറങ്ങൾ ഈ തടാകത്തിന്റെ ഭംഗിയെ ഇരട്ടിയാക്കുന്നു. ഫീവ തടാകകരയിലൂടെ നടക്കുമ്പോൾ തെളിഞ്ഞ വെള്ളത്തിൽ ധാരാളം ചെറുവഞ്ചികൾ മുക്കി ഇട്ടതു കാണാം.. ഒരുവശത്തു അന്നപൂർണ.. മുകളിൽ നീലനിറത്തിൽ തെളിഞ്ഞ ആകാശം, താഴെ ശാന്തമായി സുന്ദരിയായി ഫീവ പതിയെ ഒഴുകുകയാണ്.

ഫീവ തടാകത്തിൽ ചുറ്റും വെള്ളത്തിൽ മനോഹരമായ ഒരു ക്ഷേത്രം ഉണ്ട്. വഞ്ചിയിൽ മാത്രമേ അങ്ങോട്ട് പോകാൻ സാധിക്കുകയുള്ളു. താൽ ഭാരതി ക്ഷേത്രം എന്നാണ് അവിടെ അറിയപ്പെടുന്നത്, തടാക ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഹിന്ദു ദേവതയായ ദുർഗയെആണ് ഇവിടെ ആരാധിക്കുന്നത്. ധാരാളം ഹിന്ദു ബുദ്ധ മതസ്ഥർ പ്രാർഥനക്കും ഹോമങ്ങൾക്കും ആയി അങ്ങോട്ട് പോകുന്നുണ്ട്. ഞാൻ അവിടെ എത്തിയപ്പോൾ അല്പം വൈകിയതിനാൽ അങ്ങോട്ടുള്ള ബോട്ട് സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

ഫീവക്കു ചുറ്റും മനോഹരമായ നടപ്പാതകൾ, വളരെ ഭംഗിയായി അലങ്കരിച്ച ഒരുപാട് ഹോട്ടലുകൾ, മങ്ങിയ മഞ്ഞവെളിച്ചം ആണ് അവിടെ.. ചില ഹോട്ടലുകളിൽ നിന്നും മനോഹരമായ നേപ്പാൾ ഫോക്ക് സംഗീതം ഒഴുകി വരുന്നു. രാത്രി ആണ് ഇവിടെ ഉള്ള എല്ലാ കടകൾക്കും ജീവൻ വക്കുന്നത്. നിരവധി യാത്രക്കാർ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നു. ഹോട്ടലുകളുടെ മുന്നിൽ ഗാനമേളകൾ.. അവിടെ ഹിന്ദി, ഉറുദു, നെൽപാളി മനോഹരമായ സംഗീതം.. വളരെ സ്നേഹത്തോടെ അവർ പാട്ടുകേൾക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്, കൂടെ പൈസ കൊടുത്താൽ വളരെ ചെറിയ രൂപയിൽ ബിയറും കുടിക്കാം.

സുഹൃത്ത് സുധീനാ അവിടെ പാട്ടിൽ ലയിച്ചു നിന്നപ്പോൾ എന്റെ കണ്ണിൽ ഉടക്കിയത് മറ്റൊന്നാണ്.. നേപ്പാളി ഫോക്ക് ഡാൻസ് 7 മണിമുതൽ ആരംഭിക്കുന്നു ആർക്കും കടന്നു വരാം. അടിപൊളി, എന്നാൽ ഫോക്ക് ഡാൻസ് കണ്ടിട്ട് തന്നെ കാര്യം.. ഒരു വലിയ ഹോട്ടൽ ആണ്. അവിടെ ഒരു വലിയ സ്റ്റേജ് ഉണ്ടാക്കി അതിൽ ആണ് പരിപാടികൾ, ആഹാരം കഴിക്കുന്നതിന്റെ കൂടെ നേപ്പാളിലെ മനോഹരമായ ഫോക്ക് ഡാൻസുകൾ കാണാനും അവസരം.

ഞങ്ങൾ ഹോട്ടലിൽ ഫുഡ് പറഞ്ഞതിനാൽ അവിടെന്നു എന്തായാലും കഴിക്കാൻ പറ്റില്ല. എന്നാലും നേപ്പാളിലെ ഫോക്ക് ഡാൻസുകളോടുള്ള ഒരു ആരാധനയിൽ ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു.. മനോഹരമായ, സുന്ദരികളുടെ നൃത്തം.. ഹോട്ടൽ ജീവനക്കാർ ഞങ്ങളോട് ഒന്നും പറയുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു 50 ചൈനീസ് വിദ്യാർത്ഥികൾ അങ്ങോട്ട് കയറിവന്നു.. അവർ നേരത്തെ ബുക്ക് ചെയ്‌തിട്ടുള്ളവർ ആണ്. ഞങ്ങൾ അവിടെ നിന്ന് പതിയെ പുറത്തോട്ടിറങ്ങി..

വഴിയിൽ എല്ലാം പല നിറങ്ങൾ.. ഒരുപാട് ചിത്രങ്ങൾ.. നേപ്പാൾ ട്രഡീഷണൽ വസ്ത്രങ്ങൾ.. കുറെ കടകളിൽ വെറുതെ കയറി ഇറങ്ങി.. നല്ല തണുപ്പ്.. സ്വെറ്റർ ഇടത്തെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.. പതുക്കെ ഡിന്നർ കഴിക്കാൻ ഞങ്ങൾ ഹോട്ടലിലേക്ക് കയറി.. ഇനി രണ്ടു ദിവസംകൂടിയെ ഈ മനോഹരമായ ദേവഭൂമിയിൽ ഞങ്ങൾ ഉളളൂ എന്ന ചെറിയ സങ്കടം എല്ലാവരിലേക്കും എത്തിത്തുടങ്ങി. ഈ 5 ദിവസങ്ങളിൽ ഞങ്ങൾ ഒരു കുടുംബം പോലെ ആയി കഴിഞ്ഞിരുന്നു.

ലോക സമാധാനത്തിന്റെ ചിഹ്നം ആയ ജാപ്പനീസ് ബുദ്ധനും അത്ഭുതങ്ങൾ ഒളിപ്പിച്ച ഗുപ്തേശ്വർ ഗുഹകളും.. ഹെബിസ് വെള്ളച്ചാട്ടത്തിലെ വിശേഷങ്ങളും അടുത്ത ഭാഗങ്ങളിൽ…

വിവരണം -ഗീതു മോഹന്‍ദാസ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply