25 വർഷം മുൻപ് കേരളക്കരയെ ഞെട്ടിച്ച ചമ്മനാട് ദുരന്തം – തിരിച്ചറിയാതെ ഇനിയും 3 പേർ..

കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ട റോഡപകടങ്ങൾ ധാരാളം നടന്നിട്ടുണ്ട്. അവയിൽ ചിലത് എല്ലാവരെയും ഞെട്ടിക്കുന്നതുമായിരുന്നു. അത്തരത്തിൽ ഇന്നും ആളുകളുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു ദുരന്തമാണ് ചമ്മനാട് അപകടം.

1994 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10 മണിയ്ക്ക് ശേഷമാണ് ദേശീയപാതയിൽ ആലപ്പുഴ ജില്ലയിലെ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്‌കൂളിനുസമീപം നാടിനെ നടുക്കിയ ആ അപകടം നടന്നത്. തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായെത്തിയ കെ.എസ്.ആര്‍.ടി.സി. ബസും ചകിരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 37 പേരാണ് അപകടത്തില്‍ മരിച്ചത്.

തൃശ്ശൂരിൽ നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും മധ്യപ്രദേശിലെ ഇൻഡോറിലേക്കു കയറുമായി പോകുകയായിരുന്ന ലോറിയും ആയിരുന്നു ഹൈവേയിൽ കൂട്ടിയിടിച്ചത്. ലോറിയുടെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാൽ ബസ്സിനു മുൻപിൽ പോയിരുന്ന സൈക്കിൾ യാത്രികനെ ബസ് ഡ്രൈവർ കണ്ടത് തൊട്ടടുത്തെത്തിയപ്പോഴായിരുന്നു. സൈക്കിളുകാരനെ രക്ഷിക്കുവാനായി ബസ് ഉടനെ വലത്തേക്ക് വെട്ടിച്ചു. ഇതോടെ ബസ് എതിരെ വരികയായിരുന്ന ലോറിയുടെ വശത്ത് ഇടിച്ചു.

ചിത്രം – മാതൃഭൂമി.

നിർഭാഗ്യവശാൽ ലോറിയുടെ ഡീസൽ ടാങ്കിലേക്കായിരുന്നു ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്താൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി അവിടമാകെ ഡീസൽ പരക്കുകയുമായിരുന്നു. ഒപ്പം തന്നെ ഇടിച്ചതിന്റെ ഫലമായി തീപ്പൊരി ഉണ്ടാകുകയും അതുമൂലം ഇരു വാഹനങ്ങളും കത്തുകയുമാണുണ്ടായത്. ലോറിയിലെ ലോഡ് കയർ ആയിരുന്നതിനാൽ തീ ആളിപ്പടരാൻ അതും ഒരു കാരണമായി.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും
ചമ്മനാട് ഇസിഇകെ യ‍ൂണിയൻ ഹൈസ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും അടുത്തുള്ള ദേവീക്ഷേതത്തിലെ ഉത്സവത്തിനു വന്നവരും ചേർന്നാണു രക്ഷാപ്രവർത്തനം തുടങ്ങിയത്. ബസിൽ നിന്നിറക്കിയവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എത്തിച്ചത് വ്യാപാരി വ്യവസായി അസോസിയേഷന്റെ പ്രകടനത്തിൽ പങ്കെടുത്തു മടങ്ങിയ ബസുകളിലായിരുന്നു. കൂടാതെ ആ സമയം തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഒരു കെഎസ്ആർടിസി എക്സ്പ്രസ്സ് ബസ് തിരിച്ചുവിട്ട് അതിൽ പരിക്കേറ്റ ചിലരെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ബസ് ഡ്രൈവർ ദിവാകരൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. എന്നാൽ പിന്നീട് ഇദ്ദേഹവും മരണത്തിനു കീഴടങ്ങി. മരിക്കുന്നതിനു മുൻപ് ഡ്രൈവർ ദിവാകരന്റെ മൊഴി രേഖപ്പെടുത്തുവാൻ പോലീസിനായി. അദ്ദേഹത്തിൻ്റെ മൊഴി ഇങ്ങനെ : “എല്ലാം ഞാൻ വ്യക്തമായി ഓർക്കുന്നു. കയർ ലോറി ഏതോ വാഹനത്തെ ഓവർടേക്ക് ചെയ്തു വരികയായിരുന്നു. രണ്ടു വണ്ടികളുടെയും പ്രകാശം ഒന്നിച്ചു കണ്ണിലടിച്ചത‍ുകൊണ്ട് മറ്റേ വാഹനം ഏതാണെന്നു കണ്ടില്ല. പെട്ടെന്നാണ് ബസിന്റെ മുന്നിൽ ഒരു സൈക്കിളുകാരൻ വന്നുപെട്ടത്. മറ്റൊന്നും ചെയ്യാനി‍ല്ലായിരുന്നു. അയാളെ രക്ഷിക്കാനായി ഞാൻ ബസിൽ ആഞ്ഞു ചവിട്ടി. അപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു. റോഡിന്റെ വലതുഭാഗത്തേക്കു തെന്നിമാറ‍ിയ വണ്ടിയും ലോറിയും ഏതാണ്ടു നേർക്കുനേരെന്നപോലെ കൂട്ടിയിടിച്ചു. പ‍ിന്നൊന്നും എനി‍ക്ക് ഓർമയില്ല.” (1994 ഫെബ്ര‍ുവരി 7ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്).

നൂറോളം യാത്രക്കാരുണ്ടായിരുന്ന ബസ്സിലെ 33 പേരും ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ഉൾപ്പെടെ മൊത്തം 35 ജീവനായിരുന്നു സംഭവസ്ഥലത്തു വെച്ച് ആ ഭീകരമായ ദുരന്തത്തിൽ പൊലിഞ്ഞത്. പിന്നീട് ചികിത്സയിലിരിക്കെ ബസ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 37 ആയി മാറി. മരിച്ചവരെല്ലാം കത്തിയമർന്നു കരിക്കട്ടകളായി. വളരെ ശ്രമിച്ചിട്ടാണ് 26പേരെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുശേഷം, തിരിച്ചറിയാനാകാത്ത ഒൻപതുപേരുടെ മൃതദേഹങ്ങൾ ചേർത്തല മുനിസിപ്പൽ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇതിൽ ആറുമാസത്തിനുള്ളിൽ ആറുപേരെക്കൂടി തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഇനിയും മൂന്നുപേർ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.

മൂന്നു ഘട്ടങ്ങളിലായി നടന്ന വിചാരണ പൂർത്തിയാക്കിയാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ  1997 സെപ്റ്റംബറിൽ നഷ്ടപരിഹാരം നിർദേശിച്ചത്. 101 കേസുകളിലായി ഏകദേശം 1.20 കോടി രൂപ നഷ്ടപര‍ിഹാരം അനുവദിച്ചു. അപകടം നടന്ന ദിവസം മുതലുള്ള 12% പലിശ ഉൾപ്പെടെ 1.75 കോടി രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇതിൽ 70% കെഎസ്ആർടിസിയും 30% യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും നൽകണമെന്നായിരുന്നു ഉത്തരവ്. ഈ തുക ഇതുവരെ പൂർണമായി നൽകിയിട്ടില്ല. നിലവിൽ രണ്ട്‌ കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വിവരങ്ങൾക്ക് കടപ്പാട് – മാതൃഭൂമി, മലയാള മനോരമ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply