കളഞ്ഞുകിട്ടിയ പേഴ്‌സിന്റെ ഉടമയെ കത്തെഴുതി കണ്ടെത്തിയ KSRTC കണ്ടക്ടർ…

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയിൽ പേഴ്‌സ് കളഞ്ഞുപോയാൽ, അത് ബസ്സിൽ നിന്നിറങ്ങിയ ശേഷമാണ് അറിയുന്നതെങ്കിൽ നമ്മൾ എന്ത് ചെയ്യും? എന്തു ചെയ്യാൻ അല്ലെ? ഡിപ്പോയിൽ വിളിച്ചു പരാതി പറയും. അത് തിരികെ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടാവുകയുമില്ല. എന്നാൽ ഇത്തരം പതിവു സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ ചില സംഭവങ്ങളും കെഎസ്ആർടിസിയിൽ അരങ്ങേറിയിട്ടുണ്ട്. ജീവനക്കാരുടെ മിടുക്ക് കൊണ്ടാണ് പലപ്പോഴും ഇത്തരത്തിൽ ഉടമസ്ഥന് നഷ്ടപ്പെട്ടവ തിരിച്ചു കിട്ടാറുള്ളത്. അത്തരമൊരു സംഭവം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്‌സിലെ വിലാസം പരിശോധിച്ച് അതിലേക്ക് കത്തെഴുതിയാണ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർ പിരപ്പൻകോട് ശ്രീവിനായകത്തിൽ ജയകുമാർ എന്ന ജയകുമാരൻ നായർ എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ഒാഗസ്റ്റ് 13-ന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിചെയ്യുകയായിരുന്നു ജയകുമാർ. സർവീസ് കഴിഞ്ഞ്‌ ബസ് പാർക്ക് ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സീറ്റിനടിയിൽ ഒരു പേഴ്‌സ് കിടക്കുന്നത് ജയകുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പേഴ്‌സ് എടുത്തു പരിശോധിച്ച ജയകുമാറിന് അതിനുള്ളിൽ നിരവധി രേഖകളും, ഇന്ത്യയിലെയും വിദേശത്തെയും കറൻസികളും, അക്കാമ, ഡ്രൈവിങ് ലൈസൻസ്, തൊഴിൽകാർഡ് എന്നിവയൊക്കെയുമാണ് കാണുവാനായത്. പക്ഷേ, പേഴ്‌സുടമയുടെ ഫോൺനമ്പർ മാത്രമില്ലായിരുന്നു.

തുടർന്ന് ജയകുമാർ ഡിപ്പോയിൽ എത്തി ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ ഈ പേഴ്സ് ഏൽപ്പിച്ചു. ഒപ്പം തന്നെ പോലീസിനെയും വിവരമറിയിച്ചു. കൂടാതെ താൻ അംഗമായിട്ടുള്ള വാട്‌സ് ആപ്പ് കൂട്ടായ്മകളിലും ജയകുമാർ സന്ദേശം അറിയിച്ചിരുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും ഉടമയെത്താതിരുന്നതിനെത്തുടർന്ന് ജയകുമാർ പേഴ്സിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസിലെ വിലാസത്തിലേക്ക് രജിസ്‌റ്റേഡായി കത്തയച്ചു. എറണാകുളം പിറവം സ്വദേശി അനൂപിന്റെതായിരുന്നു മേൽവിലാസം. അനൂപ്, പേഴ്‌സ് നഷ്ടപ്പെട്ട വിവരം തമ്പാനൂർ പോലീസിൽ പരാതിയും നൽകിയിരുന്നു. അക്കാമയില്ലാതെ വിദേശത്തു പോകാൻകഴിയാനാകില്ലെന്നതിനാൽ ആശങ്കയിലായിരുന്നു അനൂപ്.

കത്ത് കിട്ടിയ അനൂപ് അതുമായി വെഞ്ഞാറമൂട് ഡിപ്പോയിലേക്ക് എത്തുകയായിരുന്നു. എ.ടി.ഒ. ഷിജുവിന്റെ സാന്നിധ്യത്തിൽ ജയകുമാർ പേഴ്സ് കൈമാറി. ഒരു ചെറു സമ്മാനം അനൂപ് നൽകിെയങ്കിലും ജയകുമാർ സ്നേഹത്തോടെ നിരസിച്ചു. 15 വർഷമായി കണ്ടക്ടറായി ജോലിനോക്കുകയാണ് ജയകുമാർ. ഒരുമാസം മുൻപ്‌ രാത്രി മണ്ണന്തലയിൽെവച്ചു ദേഹാസ്വാസ്ഥ്യമുണ്ടായ ഒരു പെൺകുട്ടിയെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് അഭിനനന്ദനങ്ങൾ ഏറ്റുവാങ്ങിയ ചരിത്രം കൂടിയുണ്ട് ജയകുമാറിന്.

എന്തൊക്കെയായാലും ഇത്തരം സംഭവങ്ങൾ കെഎസ്ആർടിസിയെ കൂടുതലായി ജനങ്ങളിലേക്ക് അടുപ്പിക്കും എന്നുറപ്പാണ്. “സർക്കാർ വേണ്ടിയല്ലേ, ആരോട് ചോദിക്കാനാ.. പോയാൽ പോയി..” എന്നൊക്കെയുള്ള മുൻ ആത്മഗതങ്ങൾക്ക് ഒരു പരിധിവരെ അറുതി വരുത്തുകയാണ് ജയകുമാറിനെപ്പോലുള്ള നല്ല ജീവനക്കാരുടെ പ്രവർത്തികൾ. ഈ സംഭവം എല്ലാ കെഎസ്ആർടിസി ജീവനക്കാരും അറിയണം. എല്ലാവരും ജയകുമാറിനെപ്പോലുള്ളവരെ മാതൃകയാക്കുകയും വേണം. കാരണം കെഎസ്ആർടിസി ബസ്സിൽ കയറുന്ന ഒരു യാത്രക്കാരൻ നിങ്ങളുടെ സംരക്ഷണം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് യാത്ര ചെയ്യുന്നത്. ആ ചിന്ത എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ.

വാർത്തയ്ക്ക് കടപ്പാട് – മാതൃഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply