അഞ്ചും ആറും പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാറുകളുടെ രാജ്യം..

ഇനിയും വര്‍ഷങ്ങളെത്ര കഴിഞ്ഞാലും മ്യാന്‍മറിലെ റോഡുകളില്‍ അഞ്ചും ആറും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബെന്‍സുകളുണ്ടാകും. വട്ടക്കണ്ണുകള്‍ പോലെയുള്ള ലൈറ്റുകളും ചതുരത്തിലുള്ള ബോണറ്റുമായി റോഡ് നിറഞ്ഞോടുന്ന ബെന്‍സുകള്‍ കണികണ്ടുണരുന്ന നഗരം ബര്‍മ പോലെ മറ്റൊന്നുണ്ടാകുമോ…? ഇല്ലെന്നു സമ്മതിച്ചു തരും ബെന്‍സ് കമ്പനിപോലും. യൂറോപ്യന്‍ കാറുകളുടേയും ജപ്പാന്‍റെ ആദ്യകാല ലക്ഷൂറിയസ് കാറുകളുടേയും എല്ലാ പാര്‍ട്സും റിപ്പയര്‍ ചെയ്യാന്‍ അറിയുന്ന മെക്കാനിക്കുകളുണ്ട് ബര്‍മയില്‍. സൈനിക ഭരണ കാലത്ത് കാറുകളുടെ ഇറക്കുമതിക്കുണ്ടായിരുന്ന നിരോധനം പഴഞ്ചന്‍ കാറുകളുടെ നഗരമാക്കി ബര്‍മയെ. ജനാധിപത്യം വന്നപ്പോള്‍ വിദേശ കാര്‍ കമ്പനി ഷോറൂമുകള്‍ ആരംഭിച്ചെങ്കിലും വാങ്ങാന്‍ ആളില്ല. ദിവസക്കൂലിക്കു ജോലി കിട്ടാനില്ല. ഈ സാഹചര്യത്തില്‍ ആരാണു കാര്‍ വാങ്ങുക…?

ബ്ലാക്ക് ആന്‍ഡ് വൈറ്റ് മലയാളം സിനിമകളിലെ നഗരങ്ങളുടെ കളര്‍ വെര്‍ഷനാണ് ബര്‍മയിലെ നഗരങ്ങള്‍. ക്ലാസിക് യൂറോപ്യന്‍ കാറുകള്‍ ഹോണ്‍ മുഴക്കി ഇരമ്പലോടെ കടന്നു പോകുന്ന കാഴ്ച. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാറുകളേയുള്ളൂ ഇവിടെ സാധാരണക്കാരിൽ കൂടുതലും ഉപയോഗിക്കുന്നവയിൽ. പുതിയ കാറുകള്‍ വാങ്ങാന്‍ അവസരമൊരുങ്ങിയെന്നു സര്‍ക്കാര്‍ അറിയിപ്പുകള്‍ എല്ലാവരും വായിക്കുന്നുണ്ട്. പഴയ കാറുകള്‍ വിറ്റ് പുതിയതു വാങ്ങാനുള്ള പ്രേരണ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുമുണ്ട്. പക്ഷേ കാശു വേണ്ടേ…? അമ്പത്തിരണ്ടുകാരന്‍ ടാന്‍ ഹാതേ തന്‍റെ മെഴ്സിഡസ് ബെന്‍സിലിരുന്ന് പറയുന്നു.

മിലിറ്ററി ഭരണകാലത്ത് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു ബര്‍മയില്‍. മെഴ്സിഡസ്, ഫെരാരി, ടൊയോട്ട കമ്പനികളുടെ കാറേ അവിടെയുള്ളൂ. ജനങ്ങള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ പുതിയ കാറുകള്‍ ഇറക്കുമതി ആരംഭിച്ചു. പുതിയ ഷോറൂമുകള്‍ തുറന്നു. ഒരു വീടോ കടയോ വിറ്റാല്‍ ഇരുപതിനായിരം ഡോളര്‍ കിട്ടും. ഇറക്കുമതി ചെയ്ത കാറിന് ഇരുപത്തയ്യായിരം ഡോളര്‍ വേണം. ഈ സാഹചര്യത്തില്‍ ആരാണു കാര്‍ വാങ്ങുക…?

നാല്‍പ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ വിറ്റില്ലെങ്കില്‍ പുതിയ കാറിന് പെര്‍മിറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു നിയമം പാസാക്കി. ഇറക്കുമതി ചെയ്ത യൂസ്ഡ് കാറിനുപോലും പതിനായിരം ഡോളര്‍ വേണം. അറുപതു മില്യന്‍ ദരിദ്രരുള്ള നാട്ടില്‍ നിയമം ആരും മൈന്‍ഡ് ചെയ്തില്ലെന്നു മാത്രമല്ല ഇംപോര്‍ട്ടഡ് കാറുകള്‍ ഷോറൂമുകളിലിരുന്നു പൊടിപിടിക്കുകയും ചെയ്തു. യൂസ്ഡ് കാറുകള്‍ വില്‍പ്പനയ്ക്ക് എന്ന പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല ബര്‍മയില്‍.

ജപ്പാന്‍ കമ്പനികളുടെ കാറുകളും ചൈനീസ് കമ്പനികളുടെ ചെറുകാറുകളും ഷോറൂമുകളില്‍ നിരത്തിവച്ചത് അതേപടി നില്‍ക്കുന്നു. യാങ്കോണ്‍ നഗരത്തിലുള്ളവര്‍ക്ക് അതു നോക്കിക്കാണുകയല്ലാതെ വാങ്ങാന്‍ നിവൃത്തിയില്ല. ഇംപോര്‍ട്ടഡ് കാറുകളുമായി നഗരത്തിലിറങ്ങുന്നവര്‍ ബര്‍മയിലെ വലിയ പണക്കാരാണ്. ഇറക്കുമതി ചെയ്ത കാറുകളിലേക്ക് അവരും തിരിഞ്ഞതോടെ ഓട്ടൊമൊബൈല്‍ ബിസിനസ് തകര്‍ന്നു. പഴയ മോഡലുകള്‍ വാങ്ങാന്‍ ആരുമെത്തുന്നില്ലെന്നു പറയുന്നു കാര്‍ കച്ചവടക്കാരനായ ബായിന്ത് നൗങ്.

ഓറഞ്ച് നിറമുള്ള മെഴ്സിഡസ് ബെന്‍സ് വില്‍ക്കണമെന്ന് ടാന്‍ ഹാത്തെ ആഗ്രഹിച്ചു തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ആരെങ്കിലും വാങ്ങാന്‍ വരണ്ടേ… എന്നാലും സ്വന്തം വണ്ടിയെക്കുറിച്ച് അഭിമാനമുണ്ട് ഹാത്തേയ്ക്ക്. പോര്‍ട്ട് സിറ്റിയായിരുന്ന കാലത്ത് ബര്‍മയിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്‍റേതായിരുന്നു ആ കാര്‍. വിദേശത്തേയ്ക്കു കയറ്റി അയച്ചാല്‍ ഇതിന്‍റെ ചരിത്രപ്രാധാന്യം കണക്കാക്കി വിലകിട്ടുമെന്നു പറയുന്നു കാത്തേ. ഒന്നര വര്‍ഷം മുമ്പ് വഴിയരികിലെ ഒരു ഗാരേജില്‍ നിന്നാണ് ഈ കാര്‍ വാങ്ങിയത്. പാര്‍ട്സ് നല്ലതായിരുന്നു. എന്‍ജിനില്‍ ഒഫിഷ്യല്‍ സീലുണ്ട്… ഹാത്തേ പറയുന്നു.

പുതിയ കാറുകള്‍ വാങ്ങുന്നില്ലെന്നു സര്‍ക്കാരിന്‍റെ വിഷമം. കാറുകള്‍ വില്‍ക്കാന്‍ പറ്റുന്നില്ലെന്ന് ഫോറിന്‍ കാര്‍ കമ്പനികളുടെ വിഷമം. കാര്‍ വാങ്ങാനാവുന്നില്ലെന്നു നാട്ടുകാരുടെ പരാതി…. ഒരുകൂട്ടം പ്രശ്നങ്ങള്‍ക്കിടയിലും മ്യാന്‍മറിന് അവകാശപ്പെടാം, ലണ്ടനില്‍ കോടികള്‍ക്കു ലേലം ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു കാറുകള്‍ ഞങ്ങളുടെ നാട്ടിലുണ്ടെന്ന്…

കടപ്പാട് – Samsakara Discussions.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply