ഇടുക്കിയിലെ കന്യകയെ തേടി ഒരു യാത്ര..!!

മണ്ഡലകാലമായതിനാലാവണം റെയിൽവേ സ്‌റ്റേഷനിൽ പതിവിൽക്കവിഞ്ഞ തിരക്കും, ബഹളവും.ടിക്കറ്റെടുക്കാനുള്ള നീണ്ട നിരയുടെ പിറകിലായി സ്ഥാനം പിടിക്കുമ്പോഴെ ഉറപ്പായിരുന്നു എന്നതായാലും ഇന്നത്തെ നാട്ടിൽ പോക്ക് വെള്ളത്തിലാക്കുമെന്ന്..കിട്ടിയ സമയത്ത് ഫോണെടുത്ത് പാലാക്കാരൻ ശ്രീകേഷേട്ടന്റെ നമ്പർ ഡയൽ ചെയ്തു.മറുതലയ്ക്കൽ ഫോണെടുത്തെന്ന് ഉറപ്പായതും ഒറ്റ ശ്വാസത്തിൽ നെടുനീളൻ ഡയലോഗ് കാച്ചി, ” ഞാൻ ദേ കോട്ടയത്തുണ്ട്, നാളെ ഞയറാഴ്ചയല്ലേ? എന്നതാ പരിപാടി.ഫ്രീയാണോ ? അങ്ങേ തലയ്ക്ക് നിന്നും ചിരിച്ച് കൊണ്ട് മറുപടി. “എന്നാ പരിപാടിയാടാ ഉവ്വേ..ഫുൾ ഫ്രീ..നീ ഇങ്ങ് പാലയ്ക്ക് പോരെ…” വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും പാൽ, അതായി അവസ്ഥ… കോളും കട്ട് ചെയ്ത് ക്യൂവിൽ നിന്നും നൂഴ്ന്ന് ഇറങ്ങാനുള്ള പരാക്രമമായി പിന്നിട്.

കോട്ടയം ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സമയം അഞ്ച് കഴിഞ്ഞു..റെയിൽവേ സ്റ്റേഷനിലെ തിരക്കിനോട് കിടപിടിക്കുന്ന ഒന്നാം ക്ലാസ് തിരക്ക് തന്നെ ഇവിടെയും. പാലയ്ക്കുള്ള ബസ് ഒന്നും വരുന്നതുമില്ല..രാവിലെ മുതലുള്ള അലച്ചിലിന്റെ ദേഷ്യവും ,നേരമിത്രയായിട്ടും ഭക്ഷണം കഴിക്കാൻ പറ്റാത്തതിലുമുളള അമർഷവും അവിടുത്തെ ഓരോ മിനിറ്റും ഓരോ മണിക്കൂറായി തോന്നിച്ചു .. ക്ഷമയുടെ നെല്ലിപ്പലകയുടെ അവസാന ആണിയും ഊരിയെടുക്കും മുൻപ് പാല വഴി എറണാകുളം പോവുന്ന ശബരി ഡീലക്സ് ബസ് എത്തിച്ചേർന്നു.

ബസിൽ കയറി പുഷ്ബാക്ക് സീറ്റിൽ നിവർന്നിരുന്നപ്പോൾ സ്വർഗം ലഭിച്ച ഫീലിംഗ്.. സീറ്റുകൾ ഏറെയും കാലിയായതിനാലാവണം ആത്മാർത്ഥമുള്ള ജീവനക്കാരൻ എറണാകുളം പോകാൻ നിന്ന ബംഗാളി പയ്യൻമാരെ വിളിച്ച് കേറ്റുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശബരിയിൽ നിരക്ക് കൂടുതലെന്ന് പാവം പയ്യൻമാർക്ക് അറിയില്ലല്ലോ .. എന്തായാലും 6 മണിയോടെ ന്യൂ ജെൻ ആനവണ്ടി പാല ലക്ഷ്യമാക്കി പ്രയാണം തുടങ്ങി.. ഏറ്റുമാനൂരിലെ ബ്ലോക്കും താണ്ടി, മീനച്ചിലാറ്റിൻ കരയിലൂടെ 7 .30 ഓടെ വണ്ടി കൊട്ടാരമറ്റം സ്റ്റാൻഡിലെത്തിച്ചേർന്നു.

മുൻപ് പറഞ്ഞുറപ്പിച്ച പ്രകാരം ശ്രീകേഷേട്ടൻ എന്നെയും കാത്ത് സ്റ്റാൻഡിന്റെ ഒരു വശത്ത് നിൽപ്പുണ്ടായിരുന്നു. കക്ഷിയോടൊപ്പം റൂമിലെത്തി ഫ്രഷ് അപ്പിന് ശേഷം പാല നഗരത്തിന്റെ രാത്രി കാല കാഴ്ചകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണത്തിനുള്ള തയാറെടുപ്പിലായി ഞങ്ങൾ..ഒപ്പം ഭക്ഷണവും..സമയം പത്ത് മണി അടുപ്പിച്ചായി, നിരത്തുകളിലെ തിരക്കൊഴിഞ്ഞ് തുടങ്ങുന്നു. ചെറിയ ആലസ്യത്തിലേക്ക് മയങ്ങി വീഴുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കപ്പലണ്ടിയും കൊറിച്ച് നടന്ന എന്നോട് പാലാപ്പള്ളിയേപ്പറ്റിയും, അവിടുത്തെ പെരുനാളിനെപ്പറ്റിയും, നഗരത്തിൽ കൂടി ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിൽ മഴക്കാലത്ത് ജലനിരപ്പുയരുന്ന കഥകളും പറഞ്ഞ് ആകെ നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്തു കക്ഷി. കുറഞ്ഞ സമയം കൊണ്ട് കൊല്ലംകാരനായ ശ്രീകേഷേട്ടൻ പാലായുടെ ചരിത്രവും ,സംസ്കാരവും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചപ്പോൾ അത്ഭുതം തോന്നി..4 വർഷം കൊണ്ട് കക്ഷിയും ഒരു ചെറിയ പാലാക്കാരനായി മാറിയ പോലെ…

മറന്നിരുന്ന വിശപ്പ് വീണ്ടും തലപൊക്കി തുടങ്ങി. കളളപ്പവും ബീഫും പ്രതീക്ഷിച്ച് വന്ന എന്നെ നല്ല നാടൻ പറോട്ടയും കോഴിക്കറിയും കൊണ്ട് തോൽപിച്ചു കളഞ്ഞു പാലായിലെ തട്ടുകട ചേട്ടൻ.. ഫുഡും കഴിഞ്ഞ് റൂമിലെത്തി ഫാനിന്റെ കീഴിൽ മലർക്കെ കിടന്നപ്പോഴാണ് ശ്രീകേഷേട്ടന്റെ വക സർപ്രെസ്.. പാർക്കിംഗ് ഏറിയ വരെ പോയി നോക്കു നമുക്കൊരു വിസിറ്റർ ഉണ്ടെന്ന്.. താഴെ എത്തിയ എന്നെ വരവേറ്റത് കൊട്ടാരക്കരക്കാരൻ ഹരിയേട്ടനാണ്.. എട്ട് മണിക്ക് നാട്ടിൽ നിന്ന് തിരിച്ചതാണ് കക്ഷി.. വല്ലാത്ത ജാതി സർപ്രെസ്… സഞ്ചാരി വഴി കിട്ടിയ നല്ല സൗഹൃദവലയത്തിലെ ഒരാളാണ് കൊല്ലം യൂണിറ്റിലെ ഹരിനന്ദൻ… കക്ഷിയും കക്ഷിയുടെ കവിതകളും ഞങ്ങൾക്കിടയിലെ സംസാരത്തിന് ഒരു ഓളം കൊണ്ടുവന്നു..

നാളെ എന്താണ് നമ്മുടെ ശരിക്കുമുള്ള പ്ലാൻ എന്ന ചോദ്യത്തിന് മറുപടി നൽകിയത് ശ്രീകേഷേട്ടനാണ്.. രാവിലെ എങ്ങോട്ട് തോന്നുന്നുവോ അങ്ങോട്ടേക്ക്..ആ പറഞ്ഞ ഉത്തരം എന്നെ സംബന്ധിച്ച് നൂറു ശതമാനം തൃപ്തികരമായിരുന്നു. കാരണം പലപ്പോഴും തീരുമാനിച്ച് പ്ലാൻ ചെയ്ത് പോയ യാത്രകൾ പലതും വേണ്ടത്ര സംതൃപ്തി നൽകിയിട്ടില്ലായിരുന്നു.. പക്ഷേ പ്ലാനിങ് എന്ന ആഡംബരമില്ലാത്ത ചെറു യാത്രകൾ നൽകിയ അനുഭവങ്ങളും കാഴ്ചകളും പറഞ്ഞറിയിക്കാൻ പാടാണ്. എന്നതായാലും പുലർച്ചെ 4.30 ന് എണീക്കാം എന്ന ലക്ഷ്യത്തിൽ ഏകദേശം രണ്ട് മണിയോടെ ബെഡിലേക്കമർന്നു.

രാവിലെ ശ്രീകേഷേട്ടന്റെ പൂരപ്പാട്ട് കേട്ടാണ് കണ്ണു തുറന്നത്. സമയം 5 മണി..ലേറ്റായിരിക്കുന്നു…. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു..പതിനഞ്ച് മിനിറ്റുകൊണ്ട് എല്ലാവരും സെറ്റ്. നല്ലൊരു പാലാ കട്ടനുമടിച്ച് 5.30 ഓടെ പാലായോട് യാത്ര പറഞ്ഞ് തൊടുപുഴ ലക്ഷ്യമാക്കി വണ്ടിയെടുത്തു. പോകുന്ന സ്ഥലം ഏതെന്ന് ശ്രീകേഷേട്ടന് മാത്രമറിയാം. എന്നതായാലും മോശമാവില്ലെന്ന് ഉറപ്പാണ്… നല്ല റബ്ബറൈസ്ഡ് ടാറിങ്ങ് ചെയ്ത് ,തിരക്കൊഴിഞ്ഞ് വിരിഞ്ഞ് നീണ്ട് കിടക്കുന്ന റോഡിൽ ബുള്ളുവിന്റെ സ്പീഡോമീറ്ററിലെ സൂചി 100 കടക്കാൻ അധിക സമയം വേണ്ടി വന്നില്ല. ചെറിയ മഞ്ഞും ,തണുത്തകാറ്റും ഏറ്റുള്ള ആ യാത്ര അവസാനിച്ചത് തൊടുപുഴ മൂലമറ്റം റൂട്ടിൽ ,തൊടുപുഴ ടൗൺ നിന്നും മൂന്ന് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒളമറ്റം എന്ന ചെറു ഗ്രാമത്തിലെ ഉറവപ്പാറ എന്ന ക്ഷേത്രത്തിന് താഴെയായാണ്.

ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം/മലയാളപ്പഴനി. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന, മലയാളപ്പഴനി എന്ന പേരിൽ പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രമാണ് ഉറപ്പാറ ..സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. പഞ്ചപാണ്ഡവരിൽ ഒരാളായ യുധിഷ്ടിരനാൽ അരാധന ചെയ്യപ്പെട്ടു എന്ന് കരുതുന്ന ഇവിടുത്തെ സ്വയംഭൂ പ്രതിഷ്ടയ്ക്ക് ഏകദേശം നാലായിരം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഐതിഹ്യപ്രകാരം ഒരേ സമയം ദേവന്മാരാലും ,സിദ്ധാത്മാക്കളാലും, ബ്രാഹ്മണൻമാരാലും പൂജ ചെയ്യപ്പെടുന്ന കേരളത്തിലെ അപുർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.കൊടുംവേനലിലും വറ്റാത്ത മലമുകളിലെ നീരുറവയാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കാൻ കാരണം.

താഴെ വണ്ടി പാർക്ക് ചെയ്ത് മല കയറാൻ തുടങ്ങിയപ്പോഴേക്കും സുര്യോദയം കഴിഞ്ഞിരുന്നു.. ഏകദേശം ഒരു കിലോമീറ്ററോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. മുകളിലെത്തിയ ശേഷം കണ്ട കാഴ്ചകൾ വാക്കുകൾക്കും അതീതമായിരുന്നു.. മൂടൽമഞ്ഞിന്റെ മൂടുപടമണിഞ്ഞ് നിൽക്കുന്ന തൊടുപുഴ ടൗണും ,പ്രാന്തപ്രദേശങ്ങളും. കൃഷിയിടങ്ങളും…അങ്ങ് അകലെ പ്രഭാത കിരണങ്ങളാൽ പുഞ്ചിരി തൂകുന്ന സൂര്യനും. ഏകദേശം അഞ്ച് മണിയോടെ ഇവിടെ എത്തിച്ചേരുന്നവർക്ക് നല്ല ഒരു സൂര്യോദയം ദർശിക്കാൻ കഴിയും എന്നതിൽ സംശയമില്ല.. ഇരുവശവും അഗാധമായ ഗർത്തമായതിനാൽ ആ ഭാഗങ്ങളിലെല്ലാം കമ്പിവേലി ഒരുക്കി സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.. പാറ മുകളിൽ കുറച്ച് സമയം ആകാശവും നോക്കി കിടന്നപ്പോൾ തന്നെ മനസിലെ ഭൂരിഭാഗം ടെൻഷൻസും നിർവീര്യമായ തോന്നൽ..സൂര്യരശ്മികൾക്ക് തീവ്രത കൂടാൻ തുടങ്ങിയതോടെ കിടത്തം മതിയാക്കി ക്ഷേത്ര ദർശനത്തിന് ശേഷം ,ക്ഷേത്രത്തിന് പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉറവയിലേക്ക് നടന്നു.

താമര പൂവുകളാൽ നിറഞ്ഞ് നിൽക്കുന്ന മനോഹരമായ നീരുറവ..കൊടിയ വേനലിലും ജലസമൃദ്ധമായ ഉറവ അതിശയത്തേക്കാളുപരി കൗതുകമാണുണ്ടാക്കിയത്.. ക്ഷേത്രത്തിന് താഴെയായി പ്രദേശവാസികളുടെ കൃഷിയിടങ്ങളും,ചെറിയ വീടുകളും കേരളത്തിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന തനതായ ഗ്രാമീണ കാഴ്ചകളുടെ വാതായനങ്ങൾ നമുക്കായി തുറന്നിടുന്നു. ഉറവപ്പാറയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച ശേഷം മലയിറങ്ങി ബൈക്ക് പാർക്ക് ചെയ്ത സ്ഥലമെത്തിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്, അവിടെ അടുത്തുള്ള കിണറും ചെറു വീടും എവിടെയോ കണ്ട നല്ല പരിചയം…. അവിടെയും ശ്രീകേഷ് ഭായി യുടെ സഹായം ,എബി സിനിമയുടെ പ്രധാന ലൊക്കേഷൻ ഇതായിരുന്നെന്നും., സുരാജേട്ടന്റെ വീടും അതിന് മുന്നിലെ കിണറും ഇതായിരുന്നെന്നും അറിയാൻ കഴിഞ്ഞു. എന്നതായാലും സംഭവം കിടുക്കി.. ഉറവപ്പാറ ക്ഷേത്രത്തിന്റെ യുട്യൂബിൽ ലഭ്യമാക്കുന്ന ആകാശ ദൃശ്യം – https://www.youtube.com/watch?v=9aLn3BXcgzg

സമയം എട്ട് മണി കഴിഞ്ഞതിനാൽ ഫുഡ് കഴിഞ്ഞിട്ടാകാം യാത്ര എന്ന് തീരുമാനിച്ച് ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരും വഴിയുള്ള കവലയിലെ ഒരു ഹോട്ടലിൽ കയറി.. കാണാൻ തന്നെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെറിയ ഹോട്ടൽ.. ഭക്ഷണവും തരക്കേടില്ല .. നല്ല അപ്പവും മുട്ടക്കറിയും വയറുനിറച്ച് കഴിച്ച ശേഷം പൈനാവ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

കുളമാവ് ഡാമും കണ്ട് കുറച്ച് മുന്നോട്ട് എത്തിയപ്പോഴേക്കും കണ്ണുകളിൽ ഉറക്കം കയറും പോലെ… തലേ ദിവസത്തെ യാത്രയുടെ ക്ഷീണം നന്നായിട്ടുണ്ട്…. ഫോറസ്റ്റ് ഡിവിഷനിലേക്ക് പ്രവേശിക്കും മുൻപ് അടിവാരത്ത് വണ്ടിയൊതുക്കി റോഡരുകിൽ ബെഡ്ഷീറ്റും വിരിച്ച് ഒരു ഉറക്കം പാസാക്കി…ആ സമയവും ഇടുക്കിക്കാരനായ ചായക്കടക്കാരൻ ചേട്ടനോട് കുശലാന്വേഷണം നടത്തുന്ന തിരക്കിലായിരുന്നു ശ്രീകേഷേട്ടൻ.. അര മണികൂർ ഉറക്കത്തിന് ശേഷം നല്ല ഒരു ചായയും കുടിച്ച് ഹെയർ പിൻ വളവുകൾ താണ്ടി യാത്ര പുനരാരംഭിച്ചു…

ഇടുക്കി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രദേശത്തെ റോഡിൽ കൂടി 18 ഓളം കിമി യാത്ര ചെയ്ത് വേണം പൈനാവെത്താൻ.. ഇടതുർന്ന മരങ്ങൾക്കിടയിലൂടെ കാടിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടുള്ള യാത്ര ഇതുവരെയുള്ള ക്ഷീണത്തെ അതിജീവിക്കാനുള്ള എനർജി ഡ്രിങ്കായി മാറി.

പൈനാവ് : നീണ്ട ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം പൈനാവ് എത്തിയ ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ സഞ്ചാരി കൊല്ലം യൂണിറ്റ് മെമ്പറായ ജുവൽ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഒരു ചെറിയ വെള്ളച്ചാട്ടത്തിലേക്കായിരുന്നു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ കക്ഷിയുടെ ഹോസ്റ്റലിന് സമീപത്താണ് ഈ സ്ഥലം. ജുവലിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കക്ഷി നിലവിൽ സ്ഥലത്ത് ഇല്ലെന്നും സഹായത്തിന് ഒരു സുഹൃത്തിനെ ഏർപ്പാടാക്കാമെന്നും അറിയിച്ചതിനെ തുടർന്ന് ഹോസ്റ്റലിലെത്തിയ ഞങ്ങളുടെ കിളി പോയി… പുൽമേടുകൾക്ക് നടുവിൽ പ്രകൃതി രമണിയമായ നാടൻ ഹോം സ്റ്റേകളെ അനുസ്മരിപ്പിക്കും വിധം നല്ല കിടിലം ഹോസ്റ്റൽ..നാട്ടിൽ 4 നിലകളിൽ പട്ടിക്കൂട് പോലെ പണിഞ്ഞ് തീർക്കുന്ന കോൺക്രീറ്റ് സൗധങ്ങളെ എടുത്ത് കിണറ്റിലിടാൻ തോന്നിയ നിമിഷം.. എന്നതായാലും ജുവലിന്റ സുഹൃത്തിന്റെ നിർദേശാനുസരണം അവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ ഞങ്ങളെ കാത്തിരിക്കുന്ന ആ ചെറിയ ജലപാതത്തിലേക്ക് കല്ലും ,മണ്ണും, വളവും ,തിരിവും നിറഞ്ഞ നാടൻ വഴികളിലൂടെ യാത്രയാരംഭിച്ചു.

ഇടുക്കിയിൽ ഇന്നും സഞ്ചാരികളുടെ നേത്രങ്ങളിൽ നിന്നൊളിച്ച് കന്യകാത്വം കാത്തു സൂക്ഷിക്കുന്ന ഇത്തരം ധാരാളം സ്ഥലങ്ങൾ ഉണ്ടാക്കുമെന്നുറപ്പ്…. ഇത് വരെയുള്ള യാത്രയിൽ നിന്നും ഞാനറിഞ്ഞ ഇടുക്കിയുടെ വ്യത്യസ്തമായ രൂപം ഒന്നുമതി അവളെ മനസിലേക്കാവാഹിച്ച് താലോലിക്കാൻ തുടങ്ങാൻ.. ജുവലിന്റെ സുഹൃത്ത് പറഞ്ഞ വഴികൾ പിന്നിട്ട് അവസാനം ആ ചെറിയ ജലപാതം ഞങ്ങളുടെ കണ്ണുകൾക്ക് ദർശനം നൽകി… തികച്ചും ഏകാന്തമായ മലമ്പ്രദേശത്തെ മറ്റു ശല്യങ്ങളൊന്നുമില്ലാത്ത ഈ വെള്ളച്ചാട്ടത്തിൽ കുറച്ച് സമയം ചിലവിടാൻ സാധിച്ചത് തന്നെയായിരുന്നു ഞങ്ങളുടെ യാത്രയിലെ പ്രധാന ആകർഷണവും.

മരങ്ങൾക്കും വളളിപ്പടർപ്പുകൾക്കുമിടയിലൂടെ വഴുക്കലുള്ള പാറകൾ സൂക്ഷ്മതയോടെ താണ്ടി അവിടെയെത്തുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു..പോരാത്തതിന് അട്ടയുടെ ശല്യവും. എത്തിയ ഉടനെ ബാഗും ഡ്രസും പാറപ്പുറത്ത് വയ്ച്ച് ഞാനും ഹരിയേട്ടനും ഇടുക്കിയുടെ വിരിമാറിലുടെ ഒഴുകുന്ന തണുത്ത ജലത്തിൽ നല്ലൊരു കുളി നടത്തി.. മറ്റ് ശബ്ദകോലാഹലങ്ങൾ ഇല്ലാതെ പ്രകിതിയോടിണങ്ങി കുറച്ച് സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ നല്ല സ്ഥലം വേറെ കിട്ടാനിടയില്ല….. അപ്പോഴും പാറപ്പുറത്തിരുന്ന് മൗനമായി അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതിൽ വ്യാപൃതനായിരുന്നു ശ്രി കേഷേട്ടൻ..

ഒരു മണിയോടെ തികച്ചും ഉന്മേഷത്തോടെ ഇടുക്കിയിലെ പിള്ളേർക്ക് നന്ദിയും പറഞ്ഞ് ഉച്ചഭക്ഷണത്തിനുള്ള സ്ഥലം അന്വേഷിക്കലായി ഞങ്ങൾ.. അങ്ങനെ പൈനാവ് കവലയിലെ ഒരു ഹോട്ടലിൽ കയറി ഉച്ചയൂണ് വട്ടം കൂട്ടി… 50 രൂപ നിരക്കിൽ നല്ല ചുട് കുത്തരിച്ചോറും നാടൻ കറികളുമായി ഇടുക്കിക്കാർ വീണ്ടും മനസ് നിറച്ചു… ഭക്ഷണശേഷം രണ്ട് മണിയോടെ ചെറുതോണി വഴി ഡാം സൈറ്റിലേക്ക് യാത്ര തിരിച്ചു.

പോകും വഴി നമ്മുടെ മഹേഷേട്ടനും, ജിംമ്സണും അടിപിടി നടക്കുന്ന ഗ്രൗണ്ട് എത്തിയപ്പോഴേക്കും ഡാമിന്റെ നല്ല വ്യൂ ലഭിച്ചു.. അവിടെ നിന്നും ഇടറോട് വഴി ഒരു കിമി സഞ്ചരിച്ചാൽ ഡാമിന്റെ താഴെ ഭാഗത്തെത്താം..പക്ഷേ നിലവിൽ അങ്ങോട്ടുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്… പുറമെയുള്ള ഗേറ്റ് വരെ പ്രവേശനമുണ്ട്.. അവിടെ നിന്നാൽ കുറവൻ മലയ്ക്കും കുറത്തി മലയ്ക്കും നടുവിൽ വെള്ള ചായവും പൂശി തല ഉയർത്തി നിൽക്കുന്ന ഇടുക്കിക്കാരുടെ അഭിമാനത്തെ പൂർണ രൂപത്തിൽ കാണാം.. അതിന്റെ കീഴേ പോയി ഭിത്തിയോട് ചെവി ചേർത്ത് വയ്ച്ച് കുറച്ച് സമയം നിന്നാൽ എന്നാ ഫീലാടാ ഉവ്വേ എന്ന ശ്രീകേഷേട്ടന്റെ സ്വപ്ന തുല്യമായ കമന്റും കേട്ട് കാൽവരി മാണ്ടിലേക്ക് അടുത്ത യാത്ര ആരംഭിച്ചു..

കാൽവരി മൗണ്ട് : ഇടുക്കി ഡാമിന്റെ റിസർവോയറിന്റെ മനോഹരമായ വ്യൂ കിട്ടുന്ന സ്ഥലമാണ് കാൽവരി മൗണ്ട്.. മൂലമറ്റം പവർഹൗസും ,കുളമാവ് ചെറുതോണി അണക്കെട്ടും ,കാൽവരി മൗണ്ടിൽ നിന്നുമുള്ള കാഴ്ചകൾ കൂടി ചേർന്നാലെ ഇടുക്കി ഡാം അതിന്റെ പൂർണതയിൽ കണ്ടു എന്ന് പറയാൻ സാധിക്കുകയുള്ളു.

ഏതാണ്ട് 3 മണിയോടെ ഞങ്ങൾ കാൽവരി കുന്നുകളിൽ എത്തിച്ചേർന്നു.. ബൈക്കിനും,ചെറിയ ഫോർ വീലറുകൾക്കും മുകളിൽ പാർക്കിംഗ് സൗകര്യമുണ്ട്… നിശ്ചിത തുക ഒടുക്കണമെന്ന് മാത്രം.. വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിനും പാസ്സുണ്ട്.. ധാരാളം സഞ്ചാരികൾ ദിവസവും ഇവിടേയ്ക്ക് എത്തുന്നുണ്ട്. വെയിലിന് സാമാന്യം ചൂടുണ്ടെങ്കിലും നട്ടുനനയ്ച്ച് മനോഹരമാക്കിക്കൊണ്ട് വരുന്ന പൂന്തോട്ടത്തിന് നടുവിലൂടെ മന്ദമാരുതന്റെ അകമ്പടിയോടെ ഞങ്ങൾ നടന്നു. ഭാവിയിൽ കാൽവരി മൗണ്ട് നല്ലൊരു ടൂറിസം ഡെസ്റ്റിനേഷൻ അക്കാനുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങൾ ഇവിടെ കാണാൻ സാധിക്കും.. ആവശ്യക്കാർക്ക് 2500 രൂപ നിരക്കിൽ കോട്ടേജ് സ്റ്റേയും ലഭിക്കും.. വ്യൂ പോയിന്റിൽ നിന്നാൽ ഡാം റിസർവോയറിന്റെ അതിമനോഹരമായ പനോരമ ദൃശ്യമാണ് കാണാൻ സാധിക്കുക… ജലത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെറു ദ്വീപുകളും, ഗിരിശൃംഗങ്ങളും അവയെ തൊട്ട് തലോടി നിൽക്കുന്ന നീലമേഘപാളികൾ…തികച്ചും അവർണനീയമായ അനുഭവം.. അതിരാവിലെയുള്ള കാഴ്ചയായിരിക്കും ഇതിനേക്കാൾ മനോഹരം… അടുത്ത വരവ് ആപ്രഭാത ഭംഗി തേടി ആവണം എന്ന ആഗ്രഹം മനസിൽ കോറിയിട്ടു കൊണ്ട് മടക്കയാത്ര ആരംഭിച്ചു..

കാൽവരിയുടെ സായാഹ്ന സൗന്ദര്യം ആസ്വദിക്കാൻ അപ്പോഴും സഞ്ചാരികളുടെ തിരക്ക് തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു… ഏകദേശം നാല് മണിയോടെ കാൽവരി മൗണ്ടിൽ നിന്നും അയ്യപ്പൻകോവിലിലേക്ക് യാത്രയാരംഭിച്ചു.

അയ്യപ്പൻകോവിൽ :  ഏലക്കാടുകളും ,കുരുമുളക് കൊടികളും നിറഞ്ഞ സുഗന്ധപൂരിതമായ നാട്ട് വഴികൾ താണ്ടി അഞ്ച് മണിയോടെ അയ്യപ്പൻകോവിൽ എത്തിച്ചേർന്നു. വരുന്ന വഴിയിൽ പുല്ലു വളർന്ന് നിൽക്കുന്ന നിരവധി താഴ്ന്ന പ്രദേശങ്ങൾ ശ്രദ്ധയിൽ പെട്ടിരിന്നു.. ഡാം അതിന്റെ പൂർണ സംഭരണ ശേഷി കൈവരിക്കുമ്പോൾ വെള്ളം നിറയുന്ന പ്രദേശങ്ങളാണ് അവയെന്ന് ശ്രീകേഷേട്ടനിൽ നിന്നും അറിയാൻ കഴിഞ്ഞു.. പെരിയാർ നദിക്ക് കുറുകെയുള്ള തൂക്ക് പാലവും അതു കടന്ന് ചെല്ലുന്ന അയ്യപ്പക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം..

വണ്ടി പാർക്ക് ചെയ്ത് ബ്രിഡ്ജിലൂടെ ഒന്ന് നടന്ന ശേഷം ,ജലസമൃദ്ധമായ പെരിയാറിൻ തീരത്ത് സൂര്യന് അഭിമുഖമായി അസ്തമയ ഭംഗി ആസ്വദിച്ചിരുന്ന ഞങ്ങളുടെ മുഖത്ത് മറക്കാനാവാത്ത നല്ല കുറേ അനുഭവങ്ങൾ പങ്കിട്ടതിന്റെ സംതൃപ്തിയുണ്ടായിരുന്നു.. പെരിയാറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരികെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി…

ഏലപ്പാറ വഴി കുട്ടിക്കാനം :  ഏലപ്പാറ – കുട്ടിക്കാനം റൂട്ടിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള യാത്രയും ,അതിനിടയ്ക്ക് നല്ല ചൂട് ചായയും എല്ലാം ചേർന്ന് നല്ലൊരു യാത്രയയപ്പാണ് ഇടുക്കിയെന്ന മിടുമിടുക്കി ഞങ്ങൾക്ക് നൽകിയത് . വീണ്ടും കാണാമെന്ന ഉറപ്പിൻമേൽ യാത്ര പറഞ്ഞ് കുട്ടിക്കാനം എത്തിയപ്പോഴേക്കും സമയം ഏഴ് കഴിഞ്ഞിരുന്നു… റോഡിലാകെ കോടമഞ്ഞിറങ്ങി കാഴ്ച മറയുന്ന അവസ്ഥ.. നിരനിരയായി നിരങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള അശ്രദ്ധമായ ഡ്രൈവിങ്ങ് വലിയ അപകടത്തിലേക്ക് വഴിതെളിക്കാം. .. വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും കടന്ന് മുണ്ടക്കയം എത്തിയതോടെ ശ്രീ കേഷേട്ടേനോട് യാത്ര പറയണ്ട സമയമായി.. കക്ഷി തിരികെ പാലായ്ക്ക്, ഞാനും ഹരിയേട്ടനും നാട്ടിലേക്കും… അങ്ങനെ ഈ യാത്ര വിചാരിച്ചതിലും മനോഹരമാക്കിയ പാലാക്കാരൻ പട്ടര് യാത്ര പറഞ്ഞ് പിരിഞ്ഞു.

കേവലം ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ സാധിക്കുന്ന ഒരു ഡെസ്റ്റിനേഷനല്ല ഇടുക്കി.. മിനിമം ഒരു മാസത്തിൽ കുറയാതെ കാണാനുള്ള കാഴ്ചകളുടെ അക്ഷയ പാത്രമാണ് ഇടുക്കി…. വ്യത്യസ്തമായ ഭൂപ്രകൃതിയാലും, സംസ്കാരത്താലും, രുചികളാലും ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൊച്ചൊരു സ്വർഗം.. ഇന്നോളം ചെയ്ത യാത്രകളിൽ കേവലം മണികൂറുകൾ കൊണ്ട് ഒരു സ്ഥലത്തോട് പ്രണയം തോന്നിയെങ്കിൽ അതിവളോട് മാത്രമായിരിക്കും.

മഴയേയും വെയിലിനേയും ഒരു വിളിപ്പാടകലെ നിർത്തി നല്ലൊരു കാലാവസ്ഥ പ്രദാനം ചെയ്ത പ്രക്രിതിയോടും വളരെയധികം കടപ്പെട്ട ഞങ്ങളുടെ യാത്ര അതിന്റെ പാരമ്യതയിൽ നിന്നും തിരികെ എരുമേലി റാന്നി വഴി കൊട്ടാരക്കരയിൽ അവസാനിച്ചു.

എത്തിച്ചേരുന്ന സ്ഥലങ്ങളെപ്പോലെ തന്നെ അവിടേക്ക് നമ്മെനയിച്ച കാരണവും ,എത്തിച്ചേരാൻ സ്വീകരിച്ച മാർഗവും ,യാത്രയിക്കിടയിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള മനസും ,അതോടൊപ്പം സമാന ചിന്താഗതിക്കാരോട് ഒരുമിച്ചുള്ള യാത്രയും എല്ലാം തരുന്ന ഒരു ആത്മ സംത്യപ്തിയുണ്ട് അതാണ് ഓരോ യാത്രയുടേയും വിജയം..

കടപ്പാട് –  അതുൽ രാജ്.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply