രണ്ടു പ്രവാസികളുടെ വയനാടൻ യാത്രയും കരിന്തണ്ടൻ്റെ കഥയും…

ഈ യാത്രാവിവരണം നമുക്കായി എഴുതി തയ്യാറാക്കി പങ്കുവെച്ചത് – Haris M Zaid‎.

ഒരു വയനാടൻ യാത്ര……. പ്രവാസജീവിതത്തിൽ നിന്നും ഒരു ചെറിയ ഇടവേളയ്ക്ക് നാട്ടിൽ എത്തിയിട്ട് 3 ദിവസമേ ആയുള്ളൂ. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ പിന്നിൽ നിന്നും ഒരു അപസ്വരം…… മച്ചാനെ നീ എന്നാട വന്നെന്ന് തിരിഞ്ഞു നോക്കിയപ്പോ ദേ നിൽക്കുന്നു ലവൻ ……. സ്കൂളിൽ പത്താം ക്‌ളാസ് വരെ തോളോട്‌ ചേർന്നിരുന്നു എല്ലാ അലംബിനും മുന്നിൽ നിന്ന സലാഹുദ്ദീൻ എന്ന സല്ലു…… അവനും വിദേശത്താണ് അവധിക്ക് വന്നിട്ട് അധികം ആയിട്ടില്ല .രണ്ടാളും നേരെ വിട്ടു പുഴയോരത്തേക്ക് വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു പറയാൻ…. അങ്ങനെ സംസാരിച്ചു പിരിയാൻ നേരം അവൻ ഒരു ചോദ്യം മച്ചാനെ എങ്ങോട്ടേലും ഒരു യാത്ര പോയാലൊന്ന്….. ഗൾഫിൽ നിന്നും വന്നിട്ട് 2 ദിവസേ ആയിട്ടുള്ളു അതുകൊണ്ടു തന്നെ ലോങ്ങ് യാത്ര ഒന്നും പോവാൻ വീട്ടിൽ നിന്നും സമ്മതിക്കില്ല …എന്തായാലും അവനോട് രാവിലെ ഏഴു മണി ആവുമ്പോയേക്കും റെഡി ആയി നിക്കാൻ പറഞ്ഞു..

രാവിലെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണർന്നത്. സല്ലു ആണ്. സമയം നോക്കിയപ്പോ ആറര കഴിഞ്ഞിരിക്കുന്നു …വേഗം റെഡി ആയി ചില കൂട്ടുകാരെ കാണാൻ ഉണ്ടെന്നും പറഞ്ഞു ബുള്ളെറ്റ് ചെക്കനെയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി. സൗദിയിലേക്ക് പോകുമ്പോ സാധാരണയായി ബുള്ളെറ്റ് പെട്രോൾ ഒക്കെ ഊറ്റി ഓയിൽ അടിച്ചു ഫുൾ മൂടി വച്ചിട്ടാണ് പോകാറുള്ളത്. ഇന്നലെ ആണ് ഇവനെ കൂട്ടിൽ നിന്നും ഇറക്കിയത്…സത്യം പറഞ്ഞാൽ ഇപ്പഴത്തെ കണ്ടീഷൻ എന്താണെന്ന് അറിയില്ല എന്തായാലും അവനെയും കൂട്ടി ഇറങ്ങി സല്ലുനേയും പിക് ചെയ്തു യാത്ര തുടങ്ങി. അന്നും ഇന്നും നമ്മുടെ ഫേവറിറ്റ് ആയ വയനാട് ആണ് ലക്ഷ്യം. അങ്ങനെ തമാശയൊക്കെ പറഞ്ഞു ബൈപാസിലോട്ടു കയറി. രാമനാട്ടുകര കഴിഞ്ഞപ്പോ ദേ നിക്കുന്നു കാക്കിയിട്ടിയ എമാന്മാർ. അപ്പോഴാണ് ഒരു കാര്യം ഓർത്തത് എന്റെ തലയിൽ കിടക്കേണ്ട ഹെൽമറ്റ് ദേ സല്ലുവിന്റെ കയ്യിൽ ഇരിക്കുന്നു. ഇനി ഇട്ടിട്ടും കാര്യം ഇല്ല സാറന്മാർ കണ്ടു കഴിഞ്ഞു.

രാവിലെ തന്നെ ഖജനാവിലേക്ക് ഒരു 100 രൂപ സംഭാവന കൊടുത്തേക്കാം എന്നും കരുതി ഇറങ്ങിയപ്പോ SI യുടെ വക ഓർഡർ – എല്ലാ പേപ്പറും കാണിക്കണം. ലൈസൻസും RC ബുക്കും ഇൻഷുറൻസ് പേപ്പറും എടുത്തു ചെന്നപ്പോ അടുത്ത ചോദ്യം പൊല്യൂഷൻ സെർട്ടിഫികറ്റ് എവിടെന്ന് (ഹ ഹാ കിളിപോയി). ഉള്ളത് പറഞ്ഞാൽ ഞാൻ ആദ്യം ആയിട്ടാണ് ബൈക്ക്നു പോഹ ചെക്ക് ചെയ്യണം എന്ന് അറിയുന്നത് … സിറിച്ചോണ്ടു സർ നോട് പറഞ്ഞു അത് ഇല്ലല്ലോ സാറേന്നു ദേ കിടക്കണ് 500 ഫൈൻ… സകല ധൈവങ്ങളെയും മനസിൽ വിചാരിച്ചോണ്ട് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ മൊത്തത്തിൽ പ്രാകി പെറ്റിയും അടിച്ചോണ്ടു നേരെ വണ്ടി വിട്ടു ….. സല്ലുവിന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു ആഴ്ചയെ ആയിട്ടുള്ളു കല്യാണത്തിന്റെ വിശേഷം ഒക്കെ പറഞ്ഞു അടിവാരം എത്തിയത് അറിഞ്ഞില്ല. കോഴിക്കോട് നിന്നും ബത്തേരി റോട്ടിൽ ഏകദേശം 50 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിപ്പെടാൻ സാധിക്കും.

ചെറിയ മഴ ചാറ്റൽ ഉണ്ട് അദ് അല്ലേലും അങ്ങനാ വയനാട് എന്നും ചാറ്റൽ മഴയോട് കൂടിയേ നമ്മളെ വരവേറ്റിട്ടുള്ളൂ….. ചെറിയ ചാറ്റൽ മഴയും കൊണ്ടു ഞങ്ങൾ ചുരം കയറാൻ തുടങ്ങി…..കാഴ്ചയുടെ പറുദീസയായ വയനാടിന്റെ, പടിപ്പുര ആയി പ്രകൃതി ഒരുക്കിയ അത്ഭുതമാണ് ഈ ചുരം… …..അടിവാരം മുതൽ, ലക്കിടി വരെ, ഏകദേശം 13കിലോമീറ്റർ ദൂരത്തിൽ, 9 ഹെയർ പിൻ വളവുകളോടെ വേറിട്ടു നിൽക്കുന്ന ചുരം എന്നും ഒരു അത്ഭുതം തന്നെയാണ്…. ഈ ചുരത്തെ ചുറ്റി പറ്റി ഒരുപാട് കഥകളും കേട്ടിട്ടുണ്ട്. അതൊക്കെ സല്ലുന് വിവരിച്ചു കൊടുത്തുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. മൂന്നാം വളവിലെത്തിയപ്പോൾ ഞാൻ നമ്മുടെ കാക്കന്റെ കടയിലേക്ക് ഒന്നു പാളി നോക്കി ..ഈ കട എപ്പോഴും വയനാട് വന്നാൽ ആദ്യം കയറുന്ന ഒരു സ്ഥലമാണ്. മൂപ്പരുടെ ഒരു സ്‌പെഷ്യൽ ഐറ്റം ഉണ്ട് കാട മുട്ട നല്ല പച്ച മുളക് അരച്ച ചമ്മന്തിയിൽ മിക്സ് ചെയ്ത ഒരു സാധനം. ഒടുക്കത്തെ ടെസ്റ്റ് ആണ് അതിന്..

നോമ്പ് ആയത് കൊണ്ട് തൽക്കാലം അവിടെ വണ്ടി നിറുതാണ്ട് മുകളിലേക്കുള്ള കയറ്റം തുടർന്നു 9ആം വളവിലുള്ള വ്യൂ പോയിന്റ് ആണ് ആദ്യ ലക്ഷ്യം.. എല്ലാ വ്യൂ പോയിന്റുകളിലും കുറെയേറെ കുരങ്ങൻ മാരെ കാണാം… കാഴ്ചകൾ കണ്ടു വണ്ടിയോടിക്കുമ്പോൾ ഞാൻ ശരിക്കും ചിന്തിക്കുകയായിരുന്നു മുൻപൊക്കെ ചുരം കയറി തുടങ്ങിയാൽ നല്ല കോടയും തണുപ്പും ഒക്കെ ഉണ്ടാവാറുണ്ടായിരുന്നു. പക്ഷെ ഇപ്പൊ മഴയുണ്ടായിട്ടു പോലും കോടയൊന്നും കാണാനില്ല . റോഡ് മുഴുവൻ പൊട്ടിപൊളിഞ്ഞു കിടക്കാണ്. അതുകൊണ്ടു തന്നെ ചെറിയ രീതിയിൽ ബ്ലോക് ഉണ്ട്. ബൈക്ക് ആയതു കൊണ്ട് കുത്തിക്കയറ്റി അങ്ങനെ ചുരത്തിനു മുകളിലുള്ള വ്യൂ പോയിന്റിൽ എത്തി.വണ്ടി സൈഡാക്കി ഇറങ്ങി. ഇവിടെ നിന്നു താഴേക്ക് നോക്കിയാൽ ചുരം കയറി വരുന്ന ആനവണ്ടികളെ കാണാം അതൊരു കാഴ്ച തന്നെ ആണ്…..

മഴ ചാറുന്നുണ്ടെങ്കിലും കുറെ ആളുകളുണ്ട്. ആളുകൾക്കിടയിൽ കുറേ വാനാരന്മാരെയും കണ്ടു .പലരും എന്തോ വലിയ സൽകർമം ചെയ്യുന്ന രീതിയിൽ കുരങ്ങാൻമാർക്ക് ലയ്‌സും ബിസ്കറ്റും ഒക്കെ കൊടുക്കുന്നത് കണ്ടു. സ്നേഹത്തോടെ ചെയ്യുന്ന ഈ പ്രവർത്തികൾ അവർക്കുണ്ടാക്കുന്ന ദോഷം വളരെ വലുതാണ് അത് ആരും മനസിലാക്കുന്നില്ല…. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു….. ഇവിടെ നിന്നും ഏകദേശം ഒരു 500 മീറ്റർ കഴിഞ്ഞാൽ റോഡിന്റെ ഇടത് വശത്ത് ആയിട്ട് ഒരു മരത്തിൽ ഒരു ചങ്ങല തൂങ്ങി കിടക്കുന്നത് കാണാം. അതാണ് നമ്മുടെ കരിന്തണ്ടനെ ബന്ധിച്ചിരിക്കുന്ന ചങ്ങല മരം. ഈ മരത്തിന്റെ കഥ മുൻപ് വയനാട് താമസക്കാരനായ ഒരു സുഹൃത്ത് ആണ് എനിക്ക് പറഞ്ഞു തരുന്നത് അത് ഞാൻ സല്ലുന് വിവരിച്ചു കൊടുത്തു ആ കഥ ഞാൻ പറയാം ..

17)0 നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വയനാട് ചുരത്തിന്റെ അടിവാരത്തു താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകനാണ് കരിന്തണ്ടൻ. കേരളത്തിലെ മലബാർ മേഖലയെയും കർണാടകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ….താമരശ്ശേരി ചുരം നിർമാണത്തിന്റെ…. പുറകിലെ ബുദ്ധികേന്ദ്രം കരിന്തണ്ടൻ ആണെന്നാണ് പറയപ്പെടുന്നത്
താമരശ്ശേരി ചുരം നിൽക്കുന്നത് മൂന്നു മലകളിലായാണ് ……അതിന്റെ അടിവാരത്തു ചിപ്പിളത്തോടു ഭാഗത്തായിരുന്നു പണിയാകുടുംബത്തിൽ ജനിച്ച കരിന്തണ്ടന്റെ വീട് .

മൈസൂരിൽ പോയി ടിപ്പുവിനെ ഒതുക്കാൻ മലകളെ തമ്മിൽ ബന്ധിപ്പിച്ച ഒരു പാത വെട്ടി കോഴിക്കോടുനിന്നും സേനയെ മൈസൂരിലെത്തിക്കാൻ ബ്രിട്ടീഷുകാർ പഠിച്ച പണി പതിനെട്ടും നോക്കി . എന്നാൽ റോഡിനുവേണ്ടി സർവേ നടത്താൻ അവരുടെ എഞ്ചിനീയർമാർക്ക് മലകൾ തടസ്സമായിരുന്നു . പലരും പാമ്പുകടി കൊണ്ടും വന്യജീവികളുടെ ആക്രമണത്തിലും കാലപുരിക്കെത്തി . അങ്ങനെ ബ്രിട്ടീഷുകാർ അന്തം വിട്ടു മലയടിവാരത്തു നിൽക്കവെയാണ് എന്നും ഒരു കറുത്തവൻ സുഖമായി മൃഗങ്ങളെ മേച്ചുകൊണ്ടു മലമുകളിലേക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്നത് അവരുടെ ശ്രെദ്ധയിൽ പെട്ടത്. ഇരുചെവിയറിയാതെ അവർ കരിന്തണ്ടന്റെ സഹായം തേടി .

വളരെ വിചിത്രവും കൗതുകവുമുള്ളതായിരുന്നു കരിന്തണ്ടൻ കാഴ്ചവെച്ച രീതി .അയാൾ വന്യമൃഗങ്ങളെ പേടിപ്പിച്ചു ഓടിച്ചു . മൃഗങ്ങൾ വളരെപ്പെട്ടന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതുമായ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി .ദിവസങ്ങൾക്കുള്ളിൽ പാത വെട്ടാനുള്ള മാർക്കിങ് വിദ്യാസമ്പന്നരായ എഞ്ചിനീയർമാരെ ലജ്ജിപ്പിച്ചുകൊണ്ടു കരിന്തണ്ടൻ പൂർത്തിയാക്കി.  അടിവാരത്തുനിന്നും ലക്കിടിയിലേക്കു നിസ്സാരമായ സമയം കൊണ്ട് റോഡുവെട്ടാൻ ഒരു കറുകറുത്ത ഇന്ത്യകാരൻ മാർക്ക് ചെയ്തത് ബ്രിട്ടീഷ് എൻജിനിയർമാർക്കും കൂടെവന്ന ശിങ്കിടികൾക്കും നാടൻ എൻജിനിയർമാർക്കും വല്ലാത്ത ക്ഷീണമായി .
തങ്ങൾ പരാജയപെട്ട സ്ഥലത്തു ഒരു നാടൻ ആദിവാസി നിസ്സാരമായി ജയിച്ചത് അവരെ നാണം കെടുത്തി. കരിന്തണ്ടനാണ് വഴി മാർക്ക് ചെയ്തതെന്നു നാളെ പുറംലോകമറിയുന്നതു ഒഴിവാക്കാൻ അവർ കരിന്തണ്ടനെ ഒഴിവാക്കാൻ തീരുമാനിച്ചു.

എന്നാൽ നേർക്കുനേരെ കരിന്തണ്ടനെ എതിർക്കാൻ ധൈര്യമുള്ളവർ ആരും ആ കൂട്ടത്തിലില്ലായിരുന്നു .
അതിനാൽ കരിന്തണ്ടനെ ചതിയിൽ വകവരുത്താൻ ഉള്ള വഴികൾ സായിപ്പന്മാർ ആലോചിച്ചു .അങ്ങനെ ഒരു വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടൻ അടിവാരത്തേക്കു തിരിച്ചുപോകുന്നത് ഒഴിവാക്കാൻ അദ്ദേഹം കാട്ടുചോലയിൽ കുളിക്കാൻ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടൻ അഴിച്ചു വെച്ച ആചാരവള സായിപ്പിന്റെ നിർദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവർ കണക്കുകൂട്ടിയപോലെ വളയില്ലാതെ സമുദായ അംഗങ്ങളുടെ മുന്നിൽ….. പോകാൻ പറ്റാതെ കരിന്തണ്ടൻ നഷ്ട്ടപെട്ട വളയും തിരഞ്ഞു കാടുമുഴുവൻ അലഞ്ഞു. ഇതിനിടയിൽ രാത്രിയുടെ മറവുപറ്റി സായിപ്പു എഞ്ചിനീയർമാരുടെ കള്ളത്തോക്കും ആ ധീരന്റെ ജീവൻ കവർന്നു .

പതുക്കെപ്പതുക്കെ നാട്ടുകാരായ തൊഴിലാളികളിൽ നിന്നും ജനം ആ സത്യമറിഞ്ഞു .എന്നാൽ പിന്നോക്കകാരായ പണിയവിഭാഗത്തിന് അന്നത്തെകാലത്തെ ബ്രിട്ടീഷുകാരോട് എന്തു ചെയ്യാൻ കഴിയും? കടുത്ത ജാതിചിന്തയും അനാചാരവും കെട്ടിവാണിരുന്ന കാലമായതുകൊണ്ടു മറ്റുനാട്ടുകാരും കരിന്തണ്ടന് വേണ്ടി സംസാരിച്ചില്ല .
പതുക്കെ പതുക്കെ കരിന്തണ്ടനും വിസ്‌മൃതിയിലാണ്ടു. ഇടക്കിടെ താമരശ്ശേരി ചുരത്തിലുണ്ടാകുന്ന കുന്നിടിച്ചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്റെ ആത്മാവ് കോപിച്ചതാണെന്നു ഭയന്ന് ലക്കിടിയിൽ കരിന്തണ്ടന്റെ ആത്മാവ് ആവാഹിച്ചു ഒരു ചങ്ങലയിൽ മരത്തിൽ ബന്ധിച്ചു. ആ മരമാണ് ചെയിൻ ട്രീ എന്നറിയപ്പെടുന്ന പ്രശസ്തമായ ഈ മരം…. കരിന്തണ്ടന്റെ കഥയും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply