വിവരണം – വിനോദ് കെ.പി.
ഒരു ഡ്രൈവർ ആയ എനിക്ക് യാത്രകൾ എന്നത് വെറും ജീവിത മാർഗ്ഗം മാത്രമല്ല. ഒരിക്കലും മായാത്ത മനോഹരമായ കാഴ്ചകളുടെയും, എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന കുറെ നല്ല സൗഹൃദങ്ങളുടെയും സമ്പാദ്യം കൂടിയാണ്. എന്റെ ഓരോ യാത്രകൾക്കും ഓരോ കഥകൾ പറയുവാനുണ്ടാകും.
ഇന്നു ഞാൻ ഏവരോടും ഷെയർ ചെയ്യുവാൻ ആഗ്രഹിക്കുന്നതും അത്തരം ഒരു കഥയാണ്. എന്റെ “ഇതൾ” സമ്മാനിച്ച ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരു യാത്രയുടെ കഥ. ‘ഇതൾ’ എന്നാൽ ഞാൻ റൈഡ് ചെയ്യുന്ന ടെംപോ ട്രാവലറിന്റെ നാമമാണ്. കഴിഞ്ഞ മാസം എന്റെ നാടായ കൂത്തുപറമ്പിന്റെ ഹൃദയ ഭാഗമായ മാറോളി സ്ക്വയറിന്റെ സമീപത്തു നിന്നുമാണ് യാത്ര ആരംഭിച്ചത്. രാവിലെ 6:30 നു ഇവിടെ വന്നു ചേർന്നാൽ മതി. യാത്രികർ വാഹനത്തിനു സമീപം വരുമെന്നാണ് എനിക്കു ലഭിച്ച നിർദേശം. ആരാണ് യാത്രക്കാർ എന്നും എന്താണ് യാത്രയുടെ ലക്ഷ്യം എന്നും അറിയില്ലായിരുന്നു. അറിയാവുന്ന കാര്യം ഇത്ര മാത്രമായിരുന്നു, പോകേണ്ടത് കാത്തിരക്കൊല്ലി എന്ന സ്ഥലത്തേക്കാണെന്നും, പിറ്റെന്ന് വൈകുന്നേരം മാത്രമെ തിരിച്ചെത്തുകയുള്ളൂവെന്നും.

കൃത്യ സമയത്ത് തന്നെ ഞാൻ പിക്കപ്പ് പോയന്റിലെത്തി. വാഹനം കണ്ടതും രണ്ടു വ്യക്തികൾ വാഹനത്തിനു സമീപം വന്നു ചേർന്നു. അവർക്ക് വാഹനത്തിന്റെ നാമം അറിയാമായിരുന്നു. അവരിൽ നിന്നുമാണ് ഞാൻ മനസ്സിലാക്കിയത് യാത്രികർ ഏവരും ഫോട്ടോഗ്രാഫർമാരാണെന്നും അവർ A.K.P.A. (All Kerala Photographers Association) എന്ന സംഘടനയുടെ കൂത്തുപറമ്പ് യൂണിറ്റിലെ അംഗങ്ങളാണെന്നും മഴയാത്ര സീസൺ 2 എന്ന ക്യാംപിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചതെന്നും. ഫോട്ടോഗ്രാഫർമാർ എന്നു കേട്ടതും എനിക്കു ഏറെ സന്തോഷം അനുഭവപ്പെട്ടു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് ഫോട്ടോഗ്രഫി.
കനത്ത മഴ കാരണം എല്ലാവരും വന്നു ചേരുവാൻ വൈകിയതിനാൽ 8 മണിയായി യാത്ര ആരംഭിക്കുമ്പോൾ. 14 യാത്രികരാണ് ഇതിലുണ്ടായിരുന്നത്. ഇതിൽ അഞ്ചു വ്യക്തികളെ എനിക്ക് നേരിൽ പരിചയമുണ്ട്. ഇതിൽ തന്നെ രണ്ടു വ്യക്തികൾ എന്റെ സുഹൃത്തുക്കളാണ്. അതു കൊണ്ടു തന്നെ ഈ യാത്ര ഒരിക്കലും ബോറടിപ്പിക്കില്ലെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പ്രഭാത ഭക്ഷണം ഇരിട്ടിയിൽ വച്ചായിരുന്നു. യാത്രയിൽ വച്ചു തന്നെ ഏവരുമായി സൗഹൃദം സൃഷ്ടിക്കുവാൻ എനിക്കു സാധിച്ചു.
ഏകദേശം 11 മണി കഴിഞ്ഞ ഉടൻ തന്നെ ഞങ്ങൾ കാഞ്ഞിരക്കൊല്ലിയുടെ ടോപ്പിൽ ശശിപാറക്കു സമീപമെത്തി.
ഇവിടെ തങ്കച്ചൻ ചേട്ടന്റെ ഹോം സ്റ്റേയിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയത്. അഞ്ചോ ആറോ വർഷങ്ങൾക്കു മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അതും കാഞ്ഞിരക്കൊല്ലിയുടെ താഴ്ഭാഗമായ അളകാപുരി വെള്ളച്ചാട്ടം കാണുവാൻ. താഴെ നിന്നും ശശിപാറയിലേക്ക് ട്രാവലർ ഓടിച്ചു കയറ്റുമ്പോൾ ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കുകയായിരുന്നു “ഈശ്വരാ ഒരു വാഹനവും ഈ സമയത്ത് താഴേക്ക് ഇറങ്ങി വരല്ലെയെന്ന്.” മുകളിലേക്ക് കയറി പോകുന്ന റോഡിനു വീതി വളരെ കുറവാണ്.

ഇവിടെ വന്നു ചേർന്ന നിമിഷം ഞാൻ ചിന്തിച്ചത് ഇതു കൊടൈക്കനാലാണോ, കൂർഗാണോ എന്നാണ്. ചുറ്റും കോടയാൽ പുതച്ചു കിടക്കുന്നു. ഉച്ചയൂണിനു മുൻപ് ഫോട്ടോഗ്രാഫർ തമ്മിൽ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും, അനുഭവങ്ങളും പങ്കുവെക്കുന്ന ഒരു ക്ലാസ്സുണ്ടായിരുന്നു. താമസ സ്ഥലത്തിന്റെ സമീപമുള്ള ഒരു വലിയ ഷെഡ്ഡിനുള്ളിൽ വച്ചായിരുന്നു ക്ലാസ്സ്. ക്ലാസ്സിനു മുൻപ് ഏവരും അവരുടെ ഡി.എസ്.എൽ.ആർ. ക്യാമറകളിൽ കാഞ്ഞിരക്കൊല്ലിയുടെ സൗന്ദര്യം പകർത്തുന്നുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തിൽ മൊബൈലുമായി ഞാനും. നെറ്റിപട്ടം അണിഞ്ഞ ഗജവീരൻമാരുടെ ഇടയിൽ ഒരു പശുകിടാവ് നിന്നാൽ എങ്ങിനെയുണ്ടാകും എന്നു നിങ്ങൾക്ക് സങ്കല്പിച്ചു നോക്കു. അതായിരുന്നു എന്റെ അവസ്ഥ.
ഹോം സ്റ്റേയുടെ സമീപം തന്നെയാണ് തങ്കച്ചൻ ചേട്ടനും, കുടുംബവും താമസിക്കുന്നത്. തങ്കച്ചന്റെ ചേട്ടന്റെ വീട്ടിൽ നിന്നും ഞങ്ങൾക്ക് കഴിക്കുവാനുള്ള ഭക്ഷണം ഷെഡ്ഡിലേക്കു കൊണ്ടു വന്നു. കറികൾ വേണമെന്നില്ലായിരുന്നു, ഞങ്ങളുടെ നാട്ടിൽ വറവ് എന്നും ചിലയിടങ്ങളിൽ തോരൻ എന്നും പറയുന്ന വിഭവങ്ങൾ മാത്രം മതിയാകുമായിരുന്നു ആ ഊൺ കഴിക്കുവാൻ. അത്രയ്ക്കും സ്വാദ് നിറഞ്ഞതായിരുന്നു ഓരോ വിഭവങ്ങളും.
ഊണിനു ശേഷം അല്പം വിശ്രമം. അതിനു ശേഷം ശശി പാറയിലേക്ക് ഒരു നടത്തം. താമസ സ്ഥലത്തു നിന്നും പരമാവധി 500 മീറ്റർ. ആ പ്രദേശം കോട മൂടിയതിനാൽ വ്യൂ പോയന്റിൽ നിന്നും യാതൊരു കാഴ്ചകളും കാണുവാൻ സാധിച്ചില്ല. ശശി പാറയിൽ നിന്നും തിരിച്ചു വരുന്ന വഴി ഒരു ചെറിയ അരുവിയിലിറങ്ങി എല്ലാവരും തിമിർത്താടി.
അതിനു ശേഷം ഷട്ടിൽ കളിയും. നെറ്റിന്റെ ഒരു കുറവുണ്ടെന്നത് ഒഴിച്ചാൽ ആവേശകരമായിരുന്നു. അത്താഴവും അടിപൊളിയായിരുന്നു. അത്താഴത്തിനു ശേഷം കളി തമാശകളുമായി സമയം പോയതറിഞ്ഞതേയില്ല. എത്ര മണിക്കാണ് കിടന്നതെന്ന് ഓർമ്മയില്ല. രാവിലെ 9 മണി കഴിഞ്ഞു ഉറക്കമുണരുവാൻ. പ്രഭാത ഭക്ഷണവും കഴിഞ്ഞ് തങ്കച്ചൻ ചേട്ടനോടു യാത്രയും പറഞ്ഞ് ഇറങ്ങുമ്പോൾ സമയം 11 മണി കഴിഞ്ഞു. ഈ സമയം അത്രയും ആ പ്രദേശം കോടയാൽ പുതച്ചു കിടക്കുകയായിരുന്നു. താഴെ ഇറങ്ങിയതിനു ശേഷം ഞങ്ങൾ നേരെ പോയത് അളകാപുരി വെള്ളച്ചാട്ടം കാണുവാനായിരുന്നു. ആദ്യ കാഴ്ചയിൽ അളകാപുരി വെള്ളച്ചാട്ടത്തിനു കർണാടകയിലെ കൂർഗിലെ മടിക്കേരിയിലുള്ള അബ്ബിഫാൾസുമായി നല്ല സാദൃശ്യമുണ്ട്. ഇവിടെ നിന്നും ചിത്രങ്ങൾ പകർത്തിയതിനു ശേഷം നാട്ടിലേക്ക് തിരിച്ചു.

വെറും ഒരു ഡ്രൈവർ മാത്രമായി എന്നെ കാണാതെ നിങ്ങളുടെ കൂട്ടത്തിലെ ഒരു അംഗത്തിനു ലഭിക്കേണ്ട എല്ലാ വിധ പരിഗണനയും, സ്നേഹവും നല്കി ഒരു നല്ല യാത്ര എനിക്കു സമ്മാനിച്ചതിനു എല്ലാ ഫോട്ടോഗ്രാഫർമാരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു. കാഞ്ഞിരക്കൊല്ലി : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇക്കോ ടൂറിസം പ്രദേശമാണ് കാത്തിരക്കൊല്ലി. ശശി പാറയും, അളകാപുരി വെള്ളച്ചാട്ടവും ആണ് കാഞ്ഞിരക്കൊല്ലിയിലെ പ്രധാന ആകർഷണങ്ങൾ. കണ്ണൂർ ഡിവിഷനിന്റെ കീഴിൽ തളിപറമ്പ് റെയ്ഞ്ചിൽ ശ്രീകണ്ഠാപുരം സെക്ഷനിൽ ഉൾപ്പെടുന്ന പ്രദേശമാണ് കാഞ്ഞിരക്കൊല്ലി.
അളകാപുരി വെള്ളച്ചാട്ടം > പ്രവേശന സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ. ടിക്കറ്റ് നിരക്കുകൾ > 10 മുതൽ 15 വയസ്സ് വരെ : 10 രൂപ. 15 വയസ്സിനു മുകളിൽ : 20 രൂപ. വിദേശികൾ : 100 രൂപ. ക്യാമറ : 40 രൂപ. മൂവി ക്യാമറ : 225 രൂപ.
ശശി പാറ : രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവേശനം. കഴിഞ്ഞ മെയ് മാസം അവസാനം ശശി പാറയിൽ നിന്നും കമിതാക്കൾ താഴേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവം പരിസരവാസികളിൽ ഏറെ നടുക്കം സൃഷ്ടിച്ചിരുന്നു.
കാഞ്ഞിരക്കൊല്ലിയിലേക്ക് എത്തി ചേരുന്ന വിധം : കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്ന സ്ഥലത്തു നിന്നും ഇരിട്ടി ടൗൺ കഴിഞ്ഞ ഉടൻ തന്നെ ഒരു പാലം കാണാം. ഈ പാലം ക്രോസ്സ് ചെയ്ത ഉടൻ തന്നെ ഇsത്തോട്ട് കട്ട് ചെയ്തതിനു ശേഷം അല്പം ദൂരം പോയാൽ വലത്തോട്ട് ഒരു റോഡ് കാണാം. ഉളിക്കൽ എന്ന സ്ഥലത്തേക്ക് പോകുന്ന റോഡാണിത്. ഉളിക്കൽ ജംഗ്ഷനിൽ ചെന്ന ശേഷം ഇടതു ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ കൂടി നുച്യാട് വഴിയും, ഉളിക്കൽ ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ കൂടി വട്ട്യാംതോട് വഴിയും പോയാൽ മണിക്കടവ് എന്ന സ്ഥലത്ത് ചെന്നെത്തും. ഇവിടെ നിന്നുമാണ് കാഞ്ഞിരക്കൊല്ലിയിലേക്ക് പോകേണ്ടത്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog