കടുവകൾ വാഴുന്ന ‘കലക്കട്ട് മുണ്ടൻതുറൈ’ ടൈഗർ റിസർവിലേയ്ക്കു ഒരു യാത്ര

വിവരണം  – പ്രശാന്ത്_കൃഷ്ണ.

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരു യാത്ര പോകാൻ ഒരുങ്ങി അധികമാരും പറഞ്ഞു കേൾക്കാത്ത ഒരിടത്തേക്ക് പോകണംഎന്നായിരുന്നു ആഗ്രഹം , ഒരു ദിവസം കൊണ്ട് പോയി വരുകയും വേണം, പൊതുവെ വനയാത്രകളോട് ഉള്ള താല്പര്യം കാരണം ഞങ്ങൾ ഇത്തവണ തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ ഒരു കടുവാ സംരക്ഷണ കേന്ദ്രമായിരുന്നു. കലക്കട്ട് – മുണ്ടൻതുറൈ കടുവാസംരക്ഷണ കേന്ദ്രം (KMTR). തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ സംരക്ഷിത പ്രേദേശം. തിരുവനന്തപുരത്തുനിന്നും ഏകദേശം 155 km ദൂരമുണ്ട് ഇവിടെയെത്താൻ തെങ്കാശി – തിരുനെൽവേലി റോഡിൽ പാപനാശം എന്ന സ്ഥലത്താണ് KMTR.
തൃശ്ശൂരിൽ Psc പരീക്ഷ ഉള്ളതിനാൽ പതിവ് സഹയാത്രികൻ അനന്ദു എത്തില്ല എന്ന് അറിയിച്ചിരുന്നു. എന്നാലും യാത്ര പ്ലാൻ ചെയ്തപ്പോൾ അവൻ രാവിലെ എത്താൻ നോക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ KMTR ലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു.

രാവിലെ 4 മണിയ്ക്ക് തന്നെ എണീറ്റ് എല്ലാരേയും വിളിച്ചു എല്ലാവരും കൃത്യം 5 മണിക്ക് തന്നെ എത്തിച്ചേർന്നു. മനു, രാഹുൽ പിന്നെ ഇടുക്കി യാത്രയ്ക്ക് ശേഷം ഞങ്ങളുടെ എല്ലാ യാത്രകളിൽ നിന്നും മുങ്ങി നടന്നിരുന്ന സുബാഷും (എന്റെ ശല്യം സഹിക്കാതെ വന്നതാണ് പാവം ). പക്ഷെ രാവിലെ തൃശ്ശൂരിൽ നിന്നും എത്താമെന്നേറ്റ അനന്ദുവും സൂരജുമെത്തിയില്ല. അവിടെ മഴകാരണം സമയത്തു എത്തിച്ചേരാനായില്ല. കുറെ നേരം അവരെ നോക്കി നിന്നു ഫോൺ ഓഫും ആയിരുന്നു ഒടുവിൽ ഞങ്ങൾ യാത്ര ആരംഭിച്ചു. പാലോട് – കുളത്തുപ്പുഴ -തെന്മല- ആര്യങ്കാവും പിന്നിട്ടു ഞങ്ങൾ തമിഴ്‌നാട്ടിലേക്ക് കടന്നു . ആര്യങ്കാവിലെത്തിയപ്പോൾ മഴ അല്പസമയം ഞങ്ങളുടെ വഴിമുടക്കാൻ എത്തിയെങ്കിലും പെട്ടന്ന് തന്നെ മഴ മാറി.

തമിഴ്‍നാട്ടിലേയ്ക്ക് കടന്നപ്പോൾ തന്നെ തനത് ഗ്രാമീണ ഭംഗിയും കൃഷിസ്ഥലങ്ങളും കണ്ണിനു കുളിരേകി. കഴിഞ്ഞ യാത്രയിൽ വിളവെടുപ്പു കഴിഞ്ഞു കിടക്കുന്ന കൃഷിസ്ഥലങ്ങളാണ് കാണാൻ കഴിഞ്ഞത് ഇപ്പൊ എങ്ങും പച്ചപ്പുമാത്രം…. കുറച്ചു ഫോട്ടോസും എടുത്ത് നേരെ യാത്ര തുടർന്നു. രാവിലെ തന്നെ തിരിച്ചതിനാൽ എല്ലാർക്കും നല്ല വിശപ്പുണ്ടായിരുന്നു അടുത്ത ജംഗ്ഷനിൽ കണ്ട ഒരു കടയിൽ കയറി ഭക്ഷണം കഴിച്ചു എന്നുവരുത്തി യാത്ര തുടർന്നു. പിന്നീടങ്ങോട്ട് തമിഴ്‌നാടിന്റെ സൗന്ദര്യവും ആസ്വദിച്ചായി യാത്ര, സ്വസ്ഥമായി വാഹനമോടിക്കാൻ പറ്റുന്ന റോഡുകൾ, പറയാതെ വയ്യ ഒരു ഗ്രാമീണ പാതപോലും വളരെ നല്ലരീതിയിൽ ടാർ ചെയ്തിരിക്കുന്നു, കുണ്ടും കുഴികളും കാണാനേ ഇല്ല. കേരളത്തിൽ നമുക്ക് എന്ന് കാണാനാകും ഇതുപോലുള്ള റോഡുകൾ ??

തിരുനെൽവേലി – തെങ്കാശി റോഡിൽ നിന്ന് വലതു വശത്തേയ്ക്ക് തിരിഞ്ഞു വേണം പാപനാശം ക്ഷേത്രത്തിനടുത്തെത്താൻ. ക്ഷേത്രം കഴിഞ്ഞു അല്പം മുന്നോട്ടുപോകുമ്പോൾ KMTR ന്റെ ഒരു വലിയ കവാടം കാണാം, വലിയ വാഹനങ്ങൾക്ക് അവിടെ പാസ്സ് എടുക്കണം ഞങ്ങൾ ബൈക്കിൽ ആയതിനാൽ മുകളിലുള്ള ചെക്‌പോസ്റ്റിൽ നിന്ന് പാസ്സ് എടുത്താൽമതി. ചെക്‌പോസ്റ് എത്തുംമുമ്പ് ഒരു വെള്ളച്ചാട്ടമുണ്ട് അഗസ്ത്യർഫാൾസ്‌. റോഡിൽനിന്ന് വെള്ളച്ചാട്ടത്തിലേക്ക് നല്ല വ്യൂ ആണ് പാറകളും ഇടയ്ക്കു പച്ചപ്പും ചേർന്ന വനപ്രദേശം. ഇടതുവശത്തേയ്ക്കുള്ള റോഡ് വഴി വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു തിരിച്ചു. നീരൊഴുക്ക് വളരെ കുറവാണു എങ്കിലും തിരക്കിന് ഒട്ടും കുറവില്ല എല്ലാം തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ്. എല്ലാരും കുളിക്കുന്ന തിരക്കിലാണ് ഞങ്ങളും കുളിക്കാനുള്ള തയാറെടുപ്പിലാണ് പോയത് എങ്കിലും അവിടുത്തെ ചുറ്റുപാട് ഞങ്ങളെ പിന്തിരിപ്പിച്ചു. വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളുമെടുത്തു നേരെ ചെക്‌പോസ്റ് ലക്ഷ്യമാക്കി നീങ്ങി.

കുറച്ചു കൂടി മുകളിൽ തന്നെയാണ് ചെക്‌പോസ്റ് അവിടെ നിന്ന് ഞങ്ങൾക്കും ക്യാമെറയ്ക്കും പാസും എടുത്ത് കാനനയാത്ര തുടർന്നു. ഒരാൾക്ക് 30 രൂപ ഒരു ബൈക്കിനു 20 രൂപ, ക്യാമറയ്ക്കു 50 രൂപയുമാണ് പാസ്സിനായി നൽകേണ്ടത്. ഒരു കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ രൂപഭാവമില്ലാത്ത വനപ്രദേശം. നല്ല തിരക്കാണ് വാഹനങ്ങളുടെ നീണ്ടനിര ഇവിടെങ്ങനെയാണ് ഇത്രയും വാഹനങ്ങൾ എന്ന് തിരക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ടത്രെ അവിടേക്കുപോകുന്ന ആളുകളാണ് കാറിലും മിനി വാനിലും വലിയ ബസുകളിലുമെല്ലാം അവിടേയ്ക്കു ആളുകളുടെ പ്രവാഹമാണ്. വാഹനങ്ങളുടെ ഉച്ചത്തിലുള്ള ഹോൺ നമുക്ക് തന്നെ അലോസരമുണ്ടാക്കുന്നു പിന്നെയാണ് പാവം മൃഗങ്ങളുടെ കാര്യം.

റോഡിലുടനീളം കടുവയുടെ ചിത്രം പതിച്ച ബോർഡുകളല്ലാതെ ഒരു മാനിനെപ്പോലും കാണാനില്ല എങ്ങനെ കാണാനാണ് അത്രയ്ക്ക് ബഹളമാണ് ആ കാട്ടിനുള്ളിൽ. വളരെയധികം ദേഷ്യം തോന്നി അതൊക്കെ കണ്ടപ്പോൾ വളരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടേണ്ട ഒരു പ്രേദേശത്തെ ഇങ്ങനെ ഭക്തിയുടെ പേരിൽ നശിപ്പിക്കുന്നതോർത്തു. ഞങ്ങൾ ആ ക്ഷേത്രത്തിനടുത്തേയ്ക്കുപോയി എന്താണ് അവിടേയ്ക്കു ഇത്ര ആൾക്കാരെ ആകർഷിക്കുന്നത് എന്നറിയാൻ സത്യം പറയാമല്ലോ അടുത്തുപോലും പോകാൻ കഴിഞ്ഞില്ല വൃത്തിഹീനമായ അന്തരീക്ഷം അവിടെ തന്നെ ആളുകൾ ആഹാരമുണ്ടാക്കി കഴിക്കുന്നു അവിടെത്തന്നെ കിടക്കുന്നു.

ഞങ്ങൾ പെട്ടന്നുതന്നെ അവിടെനിന്നും തിരിച്ചു. മുകളിൽ ഒരു ഡാം ഉണ്ട് കരയാർ ഡാം (താമ്രപർണി ), നേരെ അങ്ങോട്ടുവിട്ടു ഡാമിനടുത്തേയ്ക്കു വാഹനങ്ങൾ പോകില്ല ആളുകൾ നന്നേ കുറവ്. ബൈക്ക് ഒതുക്കിവെച്ചു അവിടെനിന്നും ഒരു 500 മീറ്റർ നടന്നാൽ ഡാമിലെത്താം… ഏതൊരു ഡാമിനെയും പോലെ മനോഹരമാണ് ഇവിടെനിന്നുള്ള വ്യൂ. അൽപനേരം അവിടെ വിശ്രമിച്ച ശേഷം മടക്കയാത്ര ആരംഭിച്ചു. കാനനഭംഗി ആവോളം ആസ്വദിച്ചു എങ്കിലും അവിടുത്തെ തിരക്ക് എന്നെ ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിച്ചു. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്. കേരളത്തിലെ വനങ്ങൾ ഇപ്പോഴും നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നതിൽ കേരളം വനംവകുപ്പിന്റെ പങ്ക് എത്രമാത്രമാണെന്നു ഓർമിപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ ഈ യാത്ര….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply