സിക്കിം യാത്ര – എൻ്റെ ഏറെ നാളത്തെ ആഗ്രഹവും ആവേശവും..

“ഓർമയിൽ മായാതെ മഞ്ഞു ചിത്രങ്ങൾ.. പോര്‍ട്ടിക്കൊവിനു പുറത്തെ പടവുകളിലൊന്നിൽ ഇരുന്നു അമര്‍ സിംഗ് ഹുക്ക വലിക്കുകയാണ്‌. കാലിൽ്‍ ചെരുപ്പില്ല. കാക്കി കാലുറയും മുഷിഞ്ഞു അഴുക്കിന്റെ നിറമായ മുട്ടോളം എത്തുന്ന ഷര്‍ട്ടും. ധാരാളം തുളകള്‍ വീണ സ്വെറ്റര്‍ തുറന്നിട്ടിരിക്കുന്നു. “അമര്‍ സിംഗ് ഞാന്‍ പുറത്തു പോകുന്നു’’ –മഞ്ഞ് –എം ടി വാസുദേവന്‍‌ നായർ.”

നിധിൻ എന്ന മലയാളി സഞ്ചാരി സിക്കിമിലേക്ക് നടത്തിയ സാഹസിക യാത്രയുടെ ഗംഭീര വിവരണമാണി ഇനി താഴെ നിങ്ങൾ വായിക്കുവാൻ പോകുന്നത്.

പ്രതീക്ഷിച്ചതിലും ഒരുപാടു താമസിച്ചാണ് ഡാര്‍ജലിംഗ് മെയിൽ സിലിഗുരി എത്തിയത്. സമയം 9 മണി ആകുന്നു. RAC ടിക്കറ്റില്‍ അസുഖകരമായ യാത്രയുടെ ആലസ്യം ഞങ്ങൾ നാല് പേരുടെയും മുഖത്തുണ്ട്‌.. മുൻ്‍ഗാമികൾ അനുഭവഛായങ്ങളാൽ കോറിയിട്ട മഞ്ഞിന്റെ ചിത്രം മനസ്സിൽ.. യാത്ര കുറച്ചേറെ ഉണ്ടെന്നു അറിയാമെങ്കിലും ,സിക്കിം-നാഥുല ഏറെ നാളത്തെ ആഗ്രഹവും ആവേശവുമായി മനസ്സില്‍ ഉറഞ്ഞു കിടന്നു. മഞ്ഞു താഴ്‌വര കടന്നു , മഞ്ഞു പർവതങ്ങളിലൂടെ മഞ്ഞുമല തുമ്പ് വരെ… മഞ്ഞ്… മഞ്ഞു മാത്രം.

റെയിൽവേ സ്റ്റേഷന്‍ അടുത്ത് തന്നെ അനവധി ട്രാവല്‍ ഏജന്‍സികളും ടൂര് ഏജന്‍സികളും ഒക്കെ ഉണ്ട്. ഇവിടെ നിന്ന് ഗാങ്ങ്ടോക് യാത്ര, താമസം, നാഥുല പെര്മിഷൻ എല്ലാം അവര്‍ ചെയ്തു തരും. പക്ഷെ പറയുന്ന റേറ്റ് കുറച്ചു അധികം ആണ്. വളഞ്ഞിട്ട് പാക്കേജ് എടുക്കാന്‍ നിര്‍ബന്ധിച്ച അവരിൽ നിന്ന് രക്ഷപെടാൻ കുറച്ചൊന്നു ബുദ്ധിമുട്ടി..സിക്കിം തലസ്ഥാനം ആണ് gangtok . ടൂറിസത്തെ ഒരു ഒരുപാട് ആശ്രയിക്കുന്ന ഒരു സിറ്റി. സിലിഗുരിയില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരമുണ്ട്. സര്‍ക്കാര്‍ ബസോ ജീപ്പ്ടാക്സിയോ ആവും യാത്രക്ക് ് അഭികാമ്യം.

തരക്കേടില്ലാത്ത നിരക്കില്‍ ഷെയർ ടാക്സി തരമായപ്പോൾ പിന്നെ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ബംഗാളിന്റെ അതിര്‍ത്തിപട്ടണമായ കലിബോഗ് വഴിയാണ് യാത്ര. ഇന്ത്യന്‍ പട്ടാളത്തിന്റെ മിലിട്ടറി ക്യാമ്പുകളും ട്രെയിനിഗ് സെന്റർ്‍‍കളും ഒക്കെയുള്ള സ്ഥലമാണ്‌ കലിബോഗ്. പട്ടിന്റെയും കംബിളിയുടെയും ഇന്‍ഡോടിബറ്റ്‌ വാണിജ്യത്തില്‍ ചരിത്രത്തില്‍ തന്നെ അടയാളപെടുത്തുന്ന ഇടം. അറുപത്തി രണ്ടിലെ യുദ്ധകാലചരിത്രം പങ്കു വെച്ചു സുഹൃത് അജീഷ് . മലമ്പാതകളും ചുരങ്ങളും കടന്നു പോകെ വലതു വശത്ത് കടുംപച്ചനിറത്തില്‍ ടീസ്ട നദി ഒഴുകുന്നുണ്ട്. ഹിമാലയത്തില്‍ ഉത്ഭവിക്കുന്ന നദി സിക്കിമിലൂടെയും പശ്ചിമ ബെഗാളിലൂടെയും ഒഴുകി ബെഗ്ലാദേശില്‍ എത്തി കടലിലിൽ ്‍ ചേരുന്നു. ചിലപ്പോള്‍ ഇളകി മറിഞ്ഞു പതഞ്ഞു മറ്റു ചിലപ്പോള്‍ ഒഴുകി പരന്നു ശാന്തമായി. ഉച്ചഭക്ഷണത്തിന്റെ ചെറിയ ഇടവേളയിലാണ് നടുവ് നിവർത്തുന്നത്. ചപ്പാത്തിക്കും ചിക്കൻ കറിക്കും നല്ല രുചി. വിലയും കുറവ്.

തുരങ്കങ്ങളും ഡാമുകളും പിന്നിലാക്കി പിന്നെയും യാത്ര. വന്മലകളെ അരിഞ്ഞു പാതകൾ ചില സ്ഥലങ്ങളില്‍ വീതി കുറവാണ്. വൈകുന്നേരത്തോടെ ഗാങ് ടോക് എത്തുമ്പോള്‍ നാല് പേരും യാത്ര ചെയ്തു ക്ഷീണിച്ചിരുന്നു. ഓണലൈൻ്‍ വഴി ബുക്ക്‌ ചെയ്ത ഹോട്ടല്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. ഗാങ്ങ്ടോകിലെ പ്രധാന ഷോപ്പിംഗ്‌ തെരുവായ എം ജി മാര്‍ഗ്. അതിനടുത്താണ് ഹോട്ടല്‍. റൂമില്‍ എത്തി ഫ്രഷ്‌ ആയി. പിറ്റേന്നത്തെ നാഥുല യാത്ര പെര്‍മിഷൻ ശരിയാക്കാനും കാഴ്ച കാണാനും , ചിത്രങ്ങൾ എടുക്കാനും ക്യാമറയും തൂക്കി ഇറങ്ങുമ്പോള്‍ വഴി വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു.

സിറ്റിക്ക് വല്ലാത്തൊരു സൌന്ദര്യം തോന്നി. ഒരു യുറോപ്യൻ്‍ സ്ട്രീറ്റില്‍ എത്തിയ പ്രതീതി. ടുറിസ്റ്റുുകളെ കൊണ്ട് നിറഞ്ഞ നടപ്പാതയുടെ ഇരു വശങ്ങളിലും കടകളും ഹോട്ടെലുകളും ട്രാവല്‍ എജന്‍സികളും. അവിടെ വെച്ച് പരിചയപെട്ട ഏജന്റിന്റെ ഓഫീസിലേക് അയാള്‍ കൂട്ടികൊണ്ട് പോയി. സംസാരിച്ചു തുടങ്ങ,ി പ്ലാനുകള്‍ പറഞ്ഞു. പക്ഷെ ഏറെ കാലം ഉള്ളില്‍ കൊണ്ട്നടന്ന മഞ്ഞു ചിത്രം ഒറ്റ ഡയലോഗിൽ മായ്ച്ചു അയാൾ.. കനത്ത മഞ്ഞ് വീഴ്ചകൊണ്ട് ഏകദേശം ഒരാഴ്ച ആയി നാഥുല അടച്ചിട്ടിരിക്കുകയാണ്… പെർ്‍മിഷന്‍ കൊടുക്കുകയോ സന്ദര്‍ശകരെ കടത്തി വിടുകയോ ചെയ്യുന്നില്ല….

സിക്കിം…ഭാഗം ..2 – കൊതിച്ചു മനസ്സിൽ്‍ കൊണ്ട്നടന്ന നാഥുല എന്ന സ്വപ്നം അവസാനിക്കുകയാണ്. കഴിഞ്ഞ വാരം മഞ്ഞില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ സൈന്യം രക്ഷപെടുത്തിയ കഥകൂടി എജന്റ്റ് പറഞ്ഞു കേട്ടപ്പോള്‍ പൂർണമായി. അയാളോട് കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി ഞങ്ങള്‍ വെറുതെ നടക്കാന്‍ തീരുമാനിച്ചു. രണ്ടു പേര്‍ അവസാന വട്ട സാദ്ധ്യതകള്‍ അറിയാന്‍ മറ്റൊരു ട്രാവല്‍ ഏജന്‍സി നോക്കി പോയി.. പ്രതീക്ഷകള്‍ തന്ന വല്ലാത്തൊരു ഭാരത്തില്‍ ആയിരുന്നു ഞാന്‍. ചില സമയങ്ങളില്‍ ഇങ്ങനെയാണ്. കിനാവുകള്‍ കടലാസ് കൊട്ടാരം പോലെയാവും തകരുക. ഇനിയുള്ള മൂന്ന് ദിവസത്തെ യാത്ര കൂടുതല്‍ പ്ലാന്‍ ചെയണം. എന്ത് ? എങ്ങോട്ട് ? എങ്ങനെ ?

എം ജി മാര്‍ഗ് വളരെ നീളമുള്ള ഒരു സ്ട്രീറ്റ് ആണ്. ലോക്കല്‍ ആളുകൾ ,്‍ വിദേശികളെ പോലെയുണ്ട് കാഴ്ചയിൽ. അവരില്‍ നേപ്പാളികളും ബുദ്ധസന്യാസിമാരും ഉണ്ട്. മറ്റൊരു നാട്ടില്‍ എത്തിയ പ്രതീതി. ഇരുട്ടി തുടങ്ങിയിരുന്നു. ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു ആംബിയന്‍സ് എന്ന് തോന്നി കുറെ ചിത്രങ്ങള്‍ പകര്‍ത്തി. ചെറിയൊരു ചാറ്റല്‍ മഴയില്‍ ചൈനീസ്‌ മാര്ർക്കെറ്റിന്റെ ഓരത്ത് കയറി നിന്നപോഴാണ് കോട്ടയം അച്ചായന്‍ ഫാമിലീസിനെ പരിചയപെട്ടത്‌. അവര്‍ ഒരാഴ്ചയായി സിക്കിം കറങ്ങുന്നു. നാഥുല പോകാതിരിക്കുകയാണ് നല്ലതെന്ന് അവരും പറഞ്ഞു. ‘’പറ്റിയാല്‍ നോര്‍ത്ത് സിക്കിം പോവുക. അടിപൊളി സ്ഥലം ആണ്’’ പ്ലാനിംഗ് ന്‍റെ സമയത്ത് ഓര്‍ത്തിരുന്നു പക്ഷെ ഒരുപാടു ദൂരമുണ്ട് ആറേഴു മണിക്കൂര്‍ യാത്ര , നൂറു കിലോമീറ്ററില്‍ ഏറെ ദൂരം. പോയികണ്ടു തിരിച്ചെത്താന്‍ രണ്ടു ദിവസം.

ട്രാവല്‍ ഏജന്റിനെ കാണാന്‍ പോയവർ തിരിച്ചെത്തി. നാഥുല കാണാന്‍ സാധ്യതയുടെ ചെറിയൊരു വഴി മുന്നില്‍ മിന്നി. പെര്‍മിഷന്‍ എടുത്ത് ചാങ്കു ലേക്കും(chanku lake / tsogmo lake), നാഥുലയും കാണാന്‍ അവര്‍ കൊണ്ട്പോകും. പക്ഷെ മഞ്ഞു വീഴ്ച കൂടിയ്ല്‍ പോക്ക് മുടങ്ങും ഒരു ദിവസം നഷ്ടപെടും. നാഥുല കാണാതെ lake മാത്രം കണ്ടു തിരിച്ചു പോരേണ്ടി വരും ചിലപ്പോള്‍. ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ ചിന്തിച്ചു, കുറച്ചു നേരം. അവര്‍ അറിയിച്ച മറ്റൊരു പ്ലാന്‍ നോര്‍ത്ത് സിക്കിം ആണ്.. കുറച്ചു മുന്‍പ് കണ്ട അച്ചായന്‍സ് പറഞ്ഞതോര്‍ത്തു.. എന്ത് വേണം ?

കണ്‍ഫ്യുഷന്‍ വിശപ്പിനു വഴിമാറി, ചപ്പാത്തിയും ചിക്കനും വീണ്ടും നിരന്നു. എവിടെയോ വായിച്ച ലോക്കല്‍ വൈൻ ഓര്‍മയില്‍ കിടപ്പുണ്ട്. കടക്കാരനോട് തിരക്കി. പ്രധാനയിടങ്ങളില്‍ മദ്യം നിരോധിച്ചു. ഇത് മദ്യമല്ല സഹോ.. കൂടുതല്‍ വിശദമാക്കാന്‍ അറിവില്ല.. ഒരു മുളംകുഴലില്‍ ആണ് കിട്ടുക ഓര്‍മയില്‍ തപ്പി. ആൾ്‍ക് സംഭവം പിടികിട്ടി ചാഗ്.(chaang). കിട്ടുന്ന സ്ഥലം പറഞ്ഞു തന്നു. ഉള്ളിൽ രുചി ശേഷിപ്പിക്കാതെ പോകുന്നതെങ്ങനെ? വാചിപ റസ്റ്റോരന്റ്റ് അടുത്ത് തന്നെ ആയിരുന്നു. ഓര്‍ഡര്‍ ചെയ്തു പേ ചെയ്യുന്നതിനിടെ ദീദി യോട് ചോദിച്ചു. ഞങ്ങള്‍ ഇത് ആദ്യമായാണ് കഴിക്കുന്നത്‌, കുഴപ്പമാകുവോ ? പേടിക്കണ്ട ബീറിന്റെ രുചിയാ. ദീദി തന്ന ധൈര്യത്തില്‍ കാത്തിരുന്നു് . ചര്‍ച്ച പുരോഗമിച്ചു.

നോർത്ത് സിക്കിം എത്താൻ, ഗാങ്ങ്ടോക് സിറ്റിയില്‍ നിന്ന് ഏഴു മണിക്കൂറോളം യാത്ര ഉണ്ട്. നൂറ്റിരുപതോളം കിലോമീറ്റർ .്‍.സാഹസികവും അപകടം നിറഞ്ഞതും ആണ് യാത്ര. ജീപുകളും ബോലെരോ പോലുള്ള വാഹനങ്ങളും ആണ് സഞ്ചാരികളെ കൊണ്ട് പോവുക. മഞ്ഞു വീഴ്ച, മഴ , മണ്ണിടിച്ചിൽ്‍ , ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിബന്ധങ്ങള്‍ ഉണ്ടാവാം.രാവിലെ പത്തു മണിക്ക് പുറപ്പെടുന്ന യാത്ര അവസാനിക്കുക ലാച്ചുങ്ങ് എന്ന താഴ്വര ഗ്രാമത്തിലാണ്.അവിടെ താമസം. പിറ്റേന്ന് രാവിലെ യാത്ര yumthang valley. 12000 ft ഉയരത്തിൽ ഹിമവാന്റെ മടിത്തട്ടിൽ താഴ് വര തണുത്തുറഞ്ഞ് കിടക്കും…ഇതൊക്കെയാണ് ഏകദേശ പ്ലാൻ . മഞ്ഞു വീണ വഴികളും താഴ്വാരങ്ങളും കണ്മുന്നിൽ്‍ കളങ്ങളില്‍ നിരന്നു. ഗൂഗിൾ തന്ന അഴകറിവുകളിൽ സംഭവം കൊള്ളാം..

ചര്‍ച്ചക്കിടെ ചാഗ് എത്തി. 2 litr കുപ്പിയുടെ വലിപ്പമുള്ള മുളം കുഴൽ കോപ്പയില്‍ മുക്കാലോളം മുത്താറി കുറുംപുല്ലു പോലെയൊരു ധാന്യം. പകരാന്‍ സ്റ്റീല്‍ ജഗില്‍ ഇളം ചൂട് വെള്ളം ഉണ്ട്. ധാന്യം നിറച്ച മുളങ്കോപ്പയിലെക്ക് വെള്ളമൊഴിച്ച് ചെറിയ ഈറ്റകുഴല്‍ വെച്ച് വലിച്ചു കുടിക്കുന്നതാണ് രീതി. നാവിൽ രസമുകുളങ്ങൾ്‍ തുരന്നുകയറുന്ന രുചിക്ക് കള്ളിനോടും ബീയറിനോടും വീഞ്ഞിനോടും സാമ്യമുണ്ട്‌. ചിറ്റുമുള്ളിടങ്ങളിൽ ആണ്‍ പെൺ് ഭേദമന്യേ ചാങ്ങും മദ്യവും സേവിക്കുന്നു. വസ്ത്രധാരണത്തില്‍, പെരുമാറ്റത്തില്‍, സ്വഭാവത്തില്‍, സ്വാതന്ത്യം കൊണ്ടാടുന്ന ജനത. വായുവില്‍ പുകയുടെയും മദ്യത്തിന്റെയും ഒക്കെ മിശ്ര ഗന്ധം. വലിയൊരു കൂട്ടം ആർത്തിരമ്പി ആഘോഷിക്കുന്നു. പുറത്തു വഴിയുറങ്ങി തുടങ്ങിയിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി.

എജന്റ്റ് ഞങ്ങളുടെ തീരുമാനത്തിനായി വീണ്ടും വിളിച്ചു. സമ്മതമാണെങ്കില്‍ നോർ്‍ത്ത് സിക്കിം പോവാന്‍ പെര്മിഷൻ എടുക്കണം ,ഫോട്ടോ, ഐഡി ഇവയൊക്കെ കൊടുക്കണം. തളരുമ്പോൾ ചായാൻ തോളുകളും
കിതക്കുമ്പോൾ,്‍ ചേര്‍ത്ത് പിടിക്കാന്‍ കൈകളും ഉണ്ടെങ്കിൽ്‍ എത്ര വലിയ ദൂരവും നമ്മുക്ക് ചെറുതാണ്…… ഇപ്പൊ ഇല്ലെങ്കില്‍പിന്നെ എപ്പോ ? ഞങ്ങൾ്‍ ഫോട്ടോയും ഐ ഡി കാര്‍ഡും നീട്ടി…..

സിക്കിം- ഭാഗം 3 – തണുപ്പില്‍ നിന്ന് അതിഭീകര തണുപ്പിലേക്ക്. മാനസികമായി ഒരു വലിയ യാത്രയ്ക്ക് തയാറെടുത്തു തന്നെ, രാവിലെ 10 മണിയോടെ ഞങ്ങള്‍ അടുത്തുള്ള ബസ്‌ സ്റ്റാന്‍ഡില്‍ എത്തി, പൊതിഞ്ഞെടുത്ത ബ്രഡും മുട്ടയും കഴിച്ചു. ഒരുപാടു ഉപാധികളോടെ ആണ് യാത്ര. 8 പേര്‍ക്ക് കയറാവുന്ന ടാറ്റാ സുമോയില്‍ ഞങ്ങളെ കുടാതെ ഒരു ചെറിയ ഫാമിലിയും മറ്റു രണ്ടു യാത്രക്കാരും ഉണ്ട്. 11 മണിക്ക് പുറപ്പെട്ട് 6-7 മണിയോടെ ലാച്ചുഗ് എത്തും. ഉച്ചഭക്ഷണത്തിനും, യാത്രക്കിടെ കാഴ്ചകള്‍ക്കും ആയി 20-25 min നിര്‍ത്തും. വഴിയില്‍ രണ്ടു, മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. താമസവും രാത്രി ഭക്ഷണവും ലാച്ചുങ്ങില്‍ ആണ്. പിറ്റേന്ന് രാവിലെ യുംതഗ് വാലി.. യാത്ര കൊണ്ടോ, ഓക്സിജന്‍ കുറവ് കൊണ്ടോ കൂട്ടത്തില്‍ ആർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവിടെ വെച്ച് പരിപാടി നിര്‍ത്തും. നോര്‍ത്ത് സിക്കിമിലെ ഏറ്റവും ഉയരം കുടിയ പ്രദേശങ്ങളില്‍ ഒന്നായ സീറോ പോയിന്റ്‌ പോകണമെങ്കില്‍ കൂടുതല്‍ പണം നല്‍കണം. അതും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ മാത്രം. സഹയാത്രികരെ കണ്ടപ്പോ ശെരിക്കും ഞെട്ടി , ഫാമിലിയില്‍ പത്തു വയസ്സുകാരി ഉണ്ട്. മഞ്ഞു മലയിലേക്കുള്ള യാത്ര അവളെ ആശ്രയിച്ചിരിക്കും എന്ന് സാരം.

ആദ്യ മണിക്കൂറിൽ്‍ തന്നെ ഞങ്ങളുടെ നെഞ്ച്പിടച്ചു തുടങ്ങി. കണ്ണെത്താ പൊക്കത്തില്‍ ഉയര്‍ന്ന മലയുടെ അരികുകൾ ചെത്തി ഉണ്ടാക്കിയ വഴിയിൽ പലയിടത്തും ടാറിംഗ് ഇല്ല. മണ്ണിടിഞ്ഞ്‌ അടഞ്ഞ വഴി ആർ്‍മി പണിഞ്ഞെടുതിരിക്കുന്നു പലയിടത്തും ഇടതു വശത്തെ അഗാധമായ കൊക്കയിൽ്‍ ഒരു നൂലരുവി പതഞ്ഞ് ഒഴുകുന്നുണ്ട്. കണ്ണിനു മുന്നില്‍ വന്മലകൾ മാത്രം. ചുരം കയറിയും ഇറങ്ങിയും, ഒരു മലയില്‍ നിന്ന് അടുത്ത മലയിലേക് പാലം കയറിയും ഉള്ള യാത്ര ഒരു ചെറു വെള്ള ചാട്ടത്തില്‍ ഒന്ന് നിന്നു. #longexposurephotography ഒരു സ്വപ്നമായിരുന്നു അത് വരെ. കിട്ടിയ ഇടവേളയില്‍ ND ഫിൽ്‍റ്റര്‍ മാറ്റിമാറ്റിയിട്ടു വെള്ളച്ചാട്ടത്തിന്റെ കുറെ ചിത്രങ്ങൾ എടുത്തു. തുടര്‍ന്ന സഞ്ചാരത്തിനിടെ്‍, വീണ്ടും വെള്ളചാട്ടങ്ങൾ. കൊൽക്കട്ടക്കാരി കുഞ്ഞു സുന്ദരി ക്യാമറ കണ്ട്‌ അടുത്ത് കൂടി , പേര്-സ്വികൃതി ബാൽ- അവൾ്‍ക്ക് കേരള അങ്കിൾമാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണം.
പിന്നെന്താ..എടുക്കാല്ലോ. വാ..

ചിത്രങ്ങൾ പകർത്തു്ന്നതിനിടെ അവളോട്‌ പറഞ്ഞു. രണ്ടുണ്ട് മോളെ കാര്യം. ഒന്ന്- കുഞ്ഞ് വെറുതെ ഉടക്ക് വെച്ച് സീറോ പോയിന്റ്‌ യാത്ര പൊളിക്കരുത്..ഇത് അമ്മയോടും പറയണം. ഞങ്ങള്‍ അങ്ങ് കേരളത്തീന്നു മഞ്ഞുമല കാണാന്‍ വന്നതല്ലേ. രണ്ട്- ഞങ്ങള്‍ അങ്കിളുമാരൊന്നും ആയിട്ടില്ല. ചേട്ടാനു വിളിച്ചോ അല്ലെങ്കില്‍ ദാദ എന്ന്.
പാവം സ്വിക്രിതിക്ക് ഒന്നും മനസ്സിലായില്ല.

പറഞ്ഞതിലും നേരത്തെ ലാച്ചുഗ് എത്തിയെങ്കിലും അടിവാരം ഇരുട്ടി തുടങ്ങിയിരുന്നു.ചെറിയൊരു സിറ്റി. കടകളും മറ്റും അടഞ്ഞു കിടക്കുന്നു. മഞ്ഞു പുതച്ച വീടുകളില്‍ മങ്ങിയ പ്രകാശത്തിന്റെ മഞ്ഞപ്പ് മാത്രം. .ഫോണ്‍ സ്ക്രീനില്‍, bsnl റേഞ്ച് കുറ്റികള്‍ രണ്ടു-മൂന്നെണ്ണം ഉണ്ട്. സ്വെറ്റരിനുള്ളിലേക്ക് തണുപ്പ് തല നീട്ടുന്നു. വണ്ടിയില്‍ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെ പിറ്റേന്നത്തെ യാത്രയെ കുറിച്ച് ഡ്രൈവെറോട് ചോദിച്ചു..പറഞ്ഞ പ്രകാരം തന്നെ. സീറോ പോയിന്റ്‌ പോകാന്‍ എക്സ് ട്രാ പണം വേണം, പക്ഷേ ഇപോ, നേരത്തെ പറഞ്ഞതിലും കൂടുതല്‍ ആണ് ആശാൻ ചോദിക്കുന്നത്. കുറെ നേരം തർ്‍ക്കിച്ചു.ഒടുവില്‍ സ്വിക്രിതിയുടെ പപ്പയാണ്‌ മറ്റൊരാശയം മുന്നോട്ടു വെച്ചത്.പണം തരാം. പക്ഷെ ഒരിടം കൂടികൊണ്ട് പോകണം. കട്ടാവോ.(KATAO) അപ്പോഴാണ് അങ്ങനെയൊന്നു കേൾക്കുന്നത് തന്നെ. സാധാരണ ടൂർ്‍ പാക്കേജുകളില്‍ ഉൾപ്പെടാത്ത സ്ഥലമാണിത്. യാത്രക്കാര്‍ക്ക് താല്പര്യമെങ്കില്‍ കൊണ്ട് പോകും. സിക്കിമിലെ സ്വിററ്സർ്‍ലാൻ്‍ഡ്‌ എന്നാണ് അറിയപ്പെടുന്നത്. ഡ്രൈവര്‍ കാര്യങ്ങള്‍ ഒരുവിധം സമ്മതിച്ചു.രാവിലെ 5 മണി കഴിയുമ്പോള്‍ അയാള്‍ വരും . എല്ലാവരും തയാറായി നില്കണം.

യാത്രയുടെ ക്ഷീണം കൊണ്ട് , തണുപ്പ് കൊണ്ട്, എന്തിന് കമ്പിളിയുടെ ഭാരം കൊണ്ട് പോലും തളരുകയാണ് ശരീരം ,കഴിച്ചെന്നു വരുത്തി കിടന്നു. ജനലിന്റെ നെല്ലിടയിലൂടെയും തണുപ്പ് അടിച്ചു കയറുന്നുണ്ട്. രാവിലെ എഴുന്നേല്‍ക്കണം മടി പിടിച്ചു ചുരുണ്ട് കിടന്നാല്‍ നഷടപെടുക, എന്റെ കാഴ്ചകൾ തന്നെയാണ്. അലാറം വെച്ചു. ഉണർ്‍ന്നത് അതിശൈത്യത്തിലേക്ക്. സന്ധികൾ തണുപ്പിനോട് സന്ധി ചെയ്യാതെ പിണങ്ങി നില്‍ക്കുകയാണ്. പുറത്തു നല്ല വെളിച്ചം. നേരം ഒരുപാട് താമസിച്ചിരിക്കുന്നു. ഏതോ ധൈര്യത്തില്‍ ജനല്‍പ്പാളി തുറന്നു. ഹോ ..ചില കാഴ്ചകൾ വിവരിക്കാൻ കഴിയില്ല….ഞാന്‍ എടുത്തു ചാടി ക്യാമറ കയ്യിലാക്കി ജനല്‍ വാതിലിലൂടെ നൂണ്ടു പുറത്തുകടന്നു…

സിക്കിം 4 – ലാച്ചുഗ് വിസ്മയ വാലി- മഞ്ഞു കാഴ്ചകളുടെ തുടക്കം. ചില കാഴ്ചകള്‍ നമ്മുക്ക് പറഞ്ഞു വിവരിക്കാനോ, എഴുതിവര്‍ണിക്കനോ പറ്റുന്നതിലും അധികമാണ്. അത് പോലൊരു കാഴ്ചയിലേക്കാണ് ഞാന്‍ കണ്ണുചിമ്മി തുറന്നത്. കട്ടികമ്പിളി ഉടുപ്പിനിടയിലേക്ക് തണുപ്പ് അരിച്ചു കയറുന്നുണ്ട്. മുന്നില്‍ വെണ്മഞ്ഞു പുതച്ചു ഹിമാലയം. മഞ്ഞ് ഉരുകി പടര്‍ന്നിരിക്കുന്നതുകാണാം. അറ്റമില്ലാത്ത മഹാപര്‍വതത്തിന്റെ താഴ്വരയിലേക്ക് പതിക്കുന്ന ഒരു വലിയ വെള്ളച്ചാട്ടം കുറച്ചു ദൂരെയുണ്ട്. മുന്നിലും വശങ്ങളിലും മഞ്ഞുമലയുടെ കാഴ്ചകള്‍ മാത്രം. ലാച്ചുഗ് എന്ന ചെറിയ സിറ്റിയില്‍ വെയില്‍ വന്നു തുടങ്ങുന്നതെ ഉള്ളു. കുറച്ചപ്പുറത്ത്‌ ഒരു ടാക്സി ഡ്രൈവര്‍ തന്‍റെ വണ്ടി കഴുകി തുടക്കുന്നുണ്ട്. അയാളാണ് പിന്നിലേക്ക്‌ നോക്കാന്‍ പറഞ്ഞത്‌. പിന്‍തിരിഞ്ഞു നോക്കി. ഒരു നിമിഷം ഞാന്‍ സ്വപ്നത്തിലാണോ എന്നു പോലും ചിന്തിച്ചു. കുറച്ചു ദൂരെ ഒരു ചെറു മലനിരയ്ക്കു പിന്നില്‍ തുടുത്ത സ്വര്‍ണവര്‍ണ്ണത്തില്‍ ഹിമാലയ നിരകള്‍ . കിഴക്കുദിച്ച വെട്ടത്തില്‍ മിന്നി തിളങ്ങി നില്‍കുന്ന കാഞ്ചന പർവതങ്ങള്‍ക്കു നിമിഷംപ്രതി തങ്കനിറം കൂടിയും കുറഞ്ഞും വരുന്നുണ്ട്.പ്രകാശ രശ്മികള്‍ തീര്‍ക്കുന്ന വിസ്മയ കാഴ്ചകള്‍ ഉൾകൊള്ളാന്‍ സമയമെടുത്തു. പിന്നെ, കണ്‍കണ്ട കാഴ്ചകള്‍ പകര്‍ത്താന്‍ തുടങ്ങി. അടുത്ത്, പേരറിയാത്ത ഒരു പൂമരം മഞ്ഞണിഞ്ഞു നില്‍പ്പുണ്ടായിരുന്നു. കണ്ടു മറന്ന ഏതോ ഇംഗ്ലിഷ് സിനിമയിലെ ഫ്രേമാണ് ഓര്‍മ വന്നത്. കൊടിയ തണുപ്പില്‍ എന്‍റെ നികോണ്‍ ഷട്ടറുകള്‍ അതിവേഗം തുറന്നടഞ്ഞു.

പ്രാതല്‍ ചൂടാറിയ പാൽചായയില്‍ ഒതുക്കി കട്ടോവോ കാണാന്‍ മല കയറുമ്പോള്‍ 6 മണി കഴിഞ്ഞിരുന്നു. ചുരത്തിലെ വളവുകളില്‍ നിന്ന് വളവുകളിലേക്ക് കയറും തോറും താഴെ ലാച്ചുഗ് വാലി ചെറുതായി വന്നു. വെയിലുറച്ചു. പൊട്ടിപൊളിഞ്ഞ റോഡില്‍ യാക്കുകള്‍ അലഞ്ഞു നടക്കുന്നുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് കട്ടാവോ എത്തുമ്പോ ചുറ്റിലും വെള്ളിവെളിച്ചം വീശി മലകള്‍ തിളങ്ങി നിന്നിരുന്നു. മിലിടറി ചെക്പോസ്റ്റ് ഉണ്ട് .അതിനപ്പുറം പോകാന്‍ അനുവാദമില്ല. കുറച്ചു മുകളില്‍ ചൈനയുടെ അതിര്‍ത്തി സേനയും ഉണ്ട്. ഐസ് കുറവാണു. ഉള്ള മഞ്ഞില്‍ ഉരുണ്ടു കിടന്നു നിരങ്ങിയും ചിത്രങ്ങള്‍ എടുക്കുന്ന തിരക്കില്‍ ആണ് എല്ലാവരും. കൂടുതല്‍ സമയം അവിടെ തങ്ങിയാല്‍ നഷ്ടം നമ്മുക്ക് തന്നെ എന്ന് ഡ്രൈവര്‍ ഓര്‍മിപ്പിച്ചു. മലയിറങ്ങി.

ലാച്ചുഗ് വാലിയില്‍ തിരിച്ചെത്തി വേണം യുംതാഗ് വാലി പോകാന്‍. വിശപ്പ്‌ വിളിക്കുന്നുണ്ട്. സമയം 10 കഴിഞ്ഞിരിന്നു. അടിവാരത്ത് നിന്ന് ബ്രെഡും ജാമും കുറച്ചു ബിസ്കറ്റും വാങ്ങി. . പോകെ പോകെ വഴി കൂടുതല്‍ മോശമായി. മലയിടിഞ്ഞ്‌ മണ്ണും, കല്ലും പടര്‍ന്ന റോഡിലുടെ ആണ് യാത്ര. ഇനിയുള്ള 20 കിലോമീറ്റര്‍ ഇങ്ങനെ തന്നെ ആണ്. തണുപ്പ് കാലത്ത് മഞ്ഞു വീഴ്ചയും ഉരുള്‍പൊട്ടലും സ്ഥിരം കാഴ്ചകളാണ് പ്രദേശവാസികള്‍ക്ക്. യുംതാഗ് എത്തുമ്പോള്‍ ഉച്ച ആയി. ചെറുതായി മഞ്ഞു പെയുന്നുണ്ട്. പച്ച പൈന്‍ മരങ്ങള്‍ മഞ്ഞില്‍ മൂടുറപ്പിച്ചു നില്‍കുന്നു. വിശപ്പിനു ബ്രെഡും ജാമും നല്‍കി താഴ്വാരം തേടി ഇറങ്ങി. നോര്‍ത്ത് സിക്കിമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് യുംതാഗ്. ഹിമാലയന്‍ നിരകളാല്‍ ചുറ്റപെട്ട താഴ്വാരത്തിനു ഓരത്ത് കൂടി ടീസ്ട ഒഴുകി തുടങ്ങുന്നു. ഉരുളന്‍ കല്ലുകള്‍ അടിതട്ടില്‍ കാണാം. നദിക്കു ചെറിയ ഒഴുക്കുണ്ട് വെള്ളത്തിന്‌ നല്ല തണുപ്പും. മഞ്ഞു കൊണ്ടും കാഴ്ച കണ്ടും അവിടെ കുറച്ചു നേരം.

ചെറിയ ശ്വാസംമുട്ടല്‍ തോന്നിയത് കൊണ്ട് കുറച്ചു നേരം പൈമരങ്ങള്‍ നിറഞ്ഞ താഴ്‌വരയില്‍ കിടന്നു. സഹയാത്രികര്‍ക്ക് കുഴപ്പങ്ങളൊന്നും ഇല്ല. അടുത്ത ലക്‌ഷ്യം ആണ് സുപ്രധാനം. സീറോ പോയിന്റ്‌. സഞ്ചരിക്കേണ്ടത് 20 കിലോമീറ്ററോളം. കുത്തനെ മല കയറ്റം. വഴിക്ക് നന്നേ വീതി കുറവാണു. മഞ്ഞില്‍ ഇറങ്ങാന്‍ ഷൂസും ജാക്കെറ്റും ഗ്ലൌസും മറ്റും വാടകയ്ക്ക് എടുക്കണം. 15000 അടിക്കു മുകളില്‍ ഒക്സിജെന്‍ കുറവാണു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാം. കനത്ത മഞ്ഞു വീഴ്ചയില്‍ വഴി മൂടാം, യാത്ര മുടങ്ങാം. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പറയാം. നേപ്പാളി ഡ്രൈവര്‍ ഞങ്ങളുടെ ഉത്തരത്തിനായി കാത്തു. ആരും ഒന്നും പറഞ്ഞില്ല വണ്ടി മുന്നോട്ടു നീങ്ങി.

കുറച്ചു ദൂരം യാത്ര താഴ് വാരത്ത് കുടി ആണ്. മഞ്ഞു പെയ്യുന്നില്ല. ജനാല ചില്ലിലൂടെ തലയും ക്യാമറയും പുറത്തേക്കിട്ടു ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. നല്ല തണുപ്പുണ്ട്. ചുരം കയറി തുടങ്ങി. നാല് ചുറ്റിലും മഞ്ഞു മൂടിയ മലകള്‍ മാത്രം. ചെല്ലും തോറും ചെറിയ വഴി മഞ്ഞു മൂടി വന്നു. ചക്രപാടുകൾ പിന്നില്‍ അടയാളങ്ങൾ അവശേഷിപ്പിച്ചു. സീറോ പോയിന്റ്‌ അടുക്കുന്നു. അപ്രതീക്ഷിതമായി മഴ പെയ്തു തുടങ്ങി.കാമറ നനയാതിരിക്കാന്‍ ചില്ലടച്ചു. വിശദമായ അടുത്ത നോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലായ ഞങ്ങള്‍ ശരിക്കും ഞെട്ടി. മഞ്ഞ്. മൂടി വന്ന മുൻ്‍ചില്ലില്‍ പെയുന്നത് മുഴുവന്‍ മഞ്ഞ്. ആവേശംമൂത്ത ഞങ്ങള്‍ ഗ്ലാസ്സ് താഴ്ത്തി. വണ്ടിക്കുള്ളില്‍ അടിച്ചു കയറുന്ന മഞ്ഞു തരികൾ. തെർമോകോള്‍ തരികൾ പോലെ. സീറോ പൊയന്റിലെ കനത്ത മഞ്ഞു മഴയില്‍ വണ്ടി നിന്നു.

പുറത്തെ വിസ്മയ കാഴ്ച്ചയിൽ നാലാം പുറംചട്ടക്കുള്ളിലും നെഞ്ച് വിറ കൊണ്ട്. ചിട്ടിലും മഞ്ഞിന്റെ വെള്ള മാത്രം. ശക്തമായ കാറ്റില്‍ മഞ്ഞു വീഴ്ചയില്‍ കണ്ണു നേരെ തുറക്കാന്‍ പോലും ബുദ്ധിമുട്ടാണ്.. നിങ്ങളൊരു ഫോട്ടോഗ്രാഫർ ആണെങ്കില്‍ നിങ്ങളുടെ കാമറയെ ഒരു കുഞ്ഞിനെ പോലെ നോക്കുക.പുറം ലോകം കാണിക്കാതെ. മൊബൈല്‍ എടുക്കുക..നടന്നു കാണാന്‍ ഏറെ ഉണ്ട്. മഞ്ഞില്‍ ആരോ തീര്‍ത്ത കൃഷ്ണ വിഗ്രഹം. കാലില്‍ ഇറുകിയ ബൂട്ടും കവിഞ്ഞു മുട്ടോളം എത്തി തണുപ്പിച്ചു മഞ്ഞ്.. അടി വെക്കാൻ പാട് പെട്ടു, താണ്ടി എത്തുന്ന മഞ്ഞു പാളികള്‍ക്ക് മരപോക്കം. ശക്തമായ കാല്‍വെയ്പ്പില്‍ ശിഖരതുമ്പുകള്‍ തൊട്ടറിയാം. തലനീട്ടുന്ന ഇലകാഴ്ചകൾ കാണാം. ആള്‍ പൊക്കമുള്ള ഐസുപാളിയില്‍ വലിഞ്ഞുകയറി, അലറി വിളിച്ചു…. “I am the happiest person in the world”.

കണ്ടതൊക്കെ കണ്ണടച്ചാലും കണ്ണിലുണ്ട്. തിരികെ ഇറങ്ങാന്‍ സമയമായി. വൈകിയാല്‍ ലാച്ചുങ്ങില്‍ പെടും. ഗ്യങ്ങ്ടോക്കിലെക്കുള്ള മടക്കം പിന്നെ നാളെയെ നടക്കൂ. ഡ്രൈവര്‍ ഓര്‍മിപ്പിച്ചു. അല്ലെങ്കില്‍ തന്നെ ഇനിയും താമസിക്കുന്നത് അഹങ്കാരമാണ്. കണ്ണും മനസ്സുംനിറച്ച കാഴ്ചകളുമായി തിരികെയെത്തി. മടക്കം, നീണ്ട 5 മണിക്കൂര്‍. നാട്ടിലേക്കുള്ള മടക്കം പിറ്റേന്നാണ്.. ഉച്ചക്ക് രണ്ടു മണിക്ക് ഗ്യങ്ങ്ടോക് വിട്ടാലേ 6 മണിക്കെങ്കിലും സിലിഗുരി എത്തു. പിറ്റേന്ന് കാണാന്‍ ബാക്കി വെച്ചത് അടുത്ത് തന്നെ ഉള്ള ഒരു ബുദ്ധ ആശ്രമം ആണ് ( rumtek monastery ). ആശ്രമം, എന്നതിലുപരി ടിബറ്റൻ ബുദ്ധിസത്തിന്റെ സ്കൂൾ കൂടിയാണ് ഇവിടം. 17 ആം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഒരു മണിക്കൂര്‍ കൊണ്ട് ആശ്രമം കണ്ടു തീര്‍ത്തു. തികച്ചും വ്യത്യസ്തമായ ഒരനുഭവം. ഉച്ചക്ക് തന്നെ തിരിച്ചു സിലിഗുരിക്കുള്ള ബസില്‍ ടിക്കറ്റെടുത്ത് കയറി. ആടി ഉലഞ്ഞു മെല്ലെ മെല്ലെ ടീസ്ടക്ക് ഒപ്പം ഞങ്ങളും തിരികെ ഒഴുകി. തിരക്കുകളിലേക്ക്. ഒരുപാട്കാലം ഉള്ളില്‍ സൂക്ഷിക്കാന്‍ മഞ്ഞു ചിത്രങ്ങൾ്‍ തന്ന് സിക്കിം…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply