കണ്ണൂരിലേക്കുള്ള ഓരോ യാത്രകളും വളരെ ആവേശം ആണ്, കാരണം മനസ്സുനിറഞ്ഞു സ്നേഹിക്കുന്ന ആളുകൾ ഉള്ള സ്ഥലം. പരിച്ചയപെടുന്ന സംസാരിക്കുന്ന ഓരോ കണ്ണൂരിലുകാരെയും ഒരിക്കലും മറക്കാൻ പറ്റില്ല. അങ്ങനെ ഒരുപാട് ആഗ്രഹിച്ച യാത്ര അതായിരുന്നു ജോസ് ഗിരി. വേനൽ കത്തി നിൽക്കുകയാണ് ഇപ്പോൾ അവിടേക്കു പോകാൻ പറ്റുന്ന സമയം അല്ല എന്ന് പലകൂട്ടുകാരും പറഞ്ഞു. ഈ യാത്രയുടെ എന്റെ ലക്ഷ്യം സ്ഥലം കാണുക എന്നതുമാത്രം അല്ലായിരുന്നു.. അവിടെ ഞാൻ കാണാൻ ആഗ്രഹിച്ച ഒരു വ്യക്തിതം കൂടി ഉണ്ട്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന അനി ചേട്ടൻ.
ജോസ് ഗിരിയിലെ പുകയൂന്നി ഫാം വെറുമൊരു താമസ കേന്ദ്രമോ റിസോർട്ടോ അല്ല. അറിവുകളുടെ അനുഭവങ്ങളുടെ ഒരായിരം കഥകൾ പറഞ്ഞു തരുന്ന ഒരു സ്ഥലം. 6 വർഷങ്ങൾ കൊണ്ട് ഒരു മനുഷ്യൻ നിർമ്മിച്ചെടുത്ത കാട്.. ആ കാട്ടിൽ നമ്മളെ അതദ്ഭുതപ്പെടുത്തുന്ന, പല രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങൾ.
വേനൽ കാലം ആയതിനാൽ എല്ലാത്തിലും ഫലങ്ങൾ. പുതിയ രുചികൾ ഞങ്ങളെ എത്തിച്ചത് മറ്റൊരു ലോകത്തിലേക്ക്.
എല്ലാവരും ആഗ്രഹിക്കുന്ന എന്നാൽ കുറച്ചു ആളുകൾക്ക് മാത്രം സാധ്യമാകുന്ന ഒരു ജീവിതം യുണൈറ്റഡ് നേഷൻസ് ( U N ) ന്റെ പ്രൊജക്റ്റ് എഞ്ചിനീയർ (എനർജി റിസോഴ്സ് )ആയി ബന്ധപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം വാങ്ങിയ ഒരു മനുഷ്യൻ ഇന്ന് കേരളത്തിലെ ഒരു ചെറു ഗ്രാമത്തിൽ തന്റേതായ ഒരു കാട് നിർമിച്ചു. അതിൽ 76 നു മുകളിൽ വ്യത്യസ്തതരം ഫലവൃക്ഷങ്ങൾ.
ഒരു മനുഷ്യന്റെ 6 വർഷത്തെ കഠിനാദ്ധ്വാനം.
ചുറ്റും ചൂടന്നെകിലും ഈ വേനലിലും തണുത്തുനില്കുകയാണ് പുകയൂന്നി ഫാം. അതിനു കാരണം അവിടെ വളർന്നിട്ടുള്ള ഓരോ മരങ്ങൾ ആണ്. ഇന്ന് എന്തിനും ഏതിനും മരങ്ങൾ വെട്ടിമാറ്റുന്ന ഓരോ മനുഷ്യരും ഇവിടെ വന്നു അനുഭവിച്ചറിയേണ്ടതാണ് മരങ്ങൾ നമുക്ക് നല്കുന്നത് എന്താണെന്ന്.
ചൂടിൽ ബാംഗ്ലൂർ കത്തുകയായിരുന്നു അന്ന്. വെളിയാഴ്ച ജോസ് ഗിരിക്ക് പുറപ്പെടാനുള്ള ബാഗ് എല്ലാം ആയി ഓഫീസിൽ എത്തിയത്. കൃത്യം ഇറങ്ങുന്ന സമയം ബാംഗ്ലൂരിനെ തണുപ്പിച്ചുകൊണ്ടു മഴയെത്തി. അതും കാറ്റും ഇടിവെട്ടും ആയി. പിന്നെ എല്ലാം ഒരു ഓട്ടം ആയിരുന്നു. മഴയൊക്കെ നല്ലതാണ് പക്ഷെ ബാംഗ്ളൂർ മഴപെയ്താൽ ഒടുക്കാത്ത ട്രാഫീക്ക് ബ്ലോക്ക് ആകും. എന്തായാലും ബസ് എത്തുന്നതിനു മുൻപേ ബസ്റ്റോപ്പിൽ എത്തി. കുട ഇല്ലാത്തതുകൊണ്ട് കുറെ മഴയും നനഞ്ഞു. പയ്യന്നുർക്കാണ് യാത്ര.
പയ്യന്നുർ ആണ് ജോസ് ഗിരിയിലേക്കെത്താൻ ഉള്ള അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ബാംഗ്ളൂറ്നിന്നും ഞങ്ങൾ പയ്യന്നൂർ ഇറങ്ങി, നേരം പര പരാ വെളുക്കുന്നേ ഉള്ളു, ബസ് സ്റ്റോപ്പിൽ തന്നെ പല്ലു തേച്ചു ബ്രേക്ക് ഫാസ്റ്റ് അടിച്ചു. അപ്പോളേക്കും രാജഗിരികുള്ള ksrtc ബസ് എത്തി. ചെറുപുഴ വഴി ആണ് യാത്ര. . തലേന്ന് മഴപെയ്തിട്ടുണ്ട് റോഡ് എല്ലാം നല്ല പച്ചപ്പ്. ഒന്നര മണിക്കൂർ സമയത്തിനുള്ളിൽ രാജ ഗിരി എത്തി. കൂടെ ഉള്ള ബാംഗ്ളൂർ കൂട്ടുകാരുടെ ആദ്യ കേരളം യാത്ര ആണ്. കാഴ്ചകൾ എല്ലാം അവർക്കു അത്ഭുതം ആയി തോന്നി.
രാജ ഗിരിയിൽ നിന്നും ജോസ് ഗിരിയിലേക്കു ഒരു 5 k m ദൂരം യാത്രയുണ്ട്, നല്ല കയറ്റം ആണ് റോഡ് പണിയും നടക്കുന്നുണ്ട്. ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ പുകയൂന്നി ഫാം എത്തി. മോഹരമായ വീട്.. ഒരുപാട് മരങ്ങൾ നിറഞ്ഞ വഴി കടന്നുവേണം വീടിലേക്കെത്താൻ, വീടിനു മുന്നിൽ വലിയ ഒരു അറേബിയൻ അത്തി മരം.. മരം നിറയെ അത്തി ആണ്. മുന്നിൽ ഞാൻ ഒരു പാട് കാണാൻ ആഗ്രഹിച്ച അനിൽ ചേട്ടനും . വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ. അനിൽ ചേട്ടന്റെ കൂടെ അടുത്തുള്ള സ്ഥലങ്ങൾ എല്ലാം ചുറ്റിക്കറങ്ങി. എല്ലാസ്ഥലങ്ങളിലും നിറയെ മാങ്ങയും ചക്കയും. ചക്കയൊക്കെ കിട്ടിയപാടെ നിലത്തിട്ടു പൊട്ടിച്ചും വലിച്ചുപറിക്കും എല്ലാവരും കൂടി കഴിച്ചു.
ഉച്ചക്ക് സ്പെഷ്യൽ ആയി ചേച്ചിയുടെ അത്തി തോരൻ ഞങ്ങൾ പാറിച്ച മാങ്ങാ അച്ചാർ, സാമ്പാര്. അത്തി തോരൻ ആദ്യം ആയി കഴിക്കുകയാണ്. അതിന്റെ രുചി ഇപ്പോളും മാറിയിട്ടില്ല. ഉച്ചയാകുമ്പോൾ തന്നെ ആകാശം ഇരുണ്ടിരുന്നു, നല്ല ഒരു മഴകുള്ള കോൾ ഉണ്ട് എന്തായാലും ഞങ്ങൾ കൊട്ടത്തലച്ചി മലയിലേക്കു ട്രെക്ക് ചെയ്യാൻ തീരുമാനിച്ചു. ബെന്നി ചേട്ടൻ ഗൈഡ് ആയി കൂടെ കൂടിയതോടെ പാട്ടായി ബഹളം ആയി. പിന്നെ മഴക്കാർ മൂടിയ വഴികളിലൂടെ യാത്ര ആരംഭിച്ചു കൊട്ട തലച്ചിയുടെ മുകളിലേക്ക്.. മൂന്നു കോട്ടകൾ കമഴ്ത്തിവെക്കുന്ന പോലെ അതാണ് കൊട്ടതലച്ചി മല. പോകുംവഴി മഴ ശക്തിപ്രാപിച്ചു.. എല്ലാവരും ആവേശത്തോടെ വേനൽ മഴയിൽ.. കാഴ്ചകൾ അവിടെ തീർക്കുന്നത്, വാക്കുകളിൽ പറയാൻ പറയാൻ സാധിക്കില്ല.
രാത്രി കവിതകളും ചർച്ചകയും നാടകങ്ങളും ആയി അനിൽ ചേട്ടനും ഞങ്ങളും.. പാട്ടു പാടുന്ന കൂട്ടത്തിൽ ഇനി വരുന്നൊരു തലമുറയ്ക്ക് കൂടി പാടിയപ്പോൾ അനിൽ ഏട്ടൻ ഉഷാർ ആയി. സമയം ഏകദേശം രാത്രി 11.45 ആയി കാണും. ഈ കവിതയുടെ എഴുത്തുകാരൻ ഇഞ്ചക്കാട് ബാലചന്ദ്രൻ സർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു. ഉറങ്ങിക്കിടന്ന അദ്ദേഹം തിരിച്ചു വിളിച്ചു ആ കവിത മുഴുവൻ ആ രാത്രി ഞങ്ങൾക്കായി ചൊല്ലി.. കവിമുഖത്തുനിന്നും ഇത്രക്കും അർത്ഥവത്തായ കവിത കേൾക്കുമ്പോൾ, ഈ രാത്രിയിലും ഉറക്കത്തിൽ നിന്നും എണീറ്റ് അത് പാടിത്തരാനും ഞങ്ങളോട് സംസാരിക്കാനും അദ്ദേഹം കാണിച്ച മനസ്സ്.. ഇന്ന് പല മനുഷ്യർക്കും ഇല്ലാത്തതാണ്. ഓരോ പാഠങ്ങൾ ആണ് ഓരോയാത്രയും.
രാവിലെ അനിൽ ഏട്ടൻ ഓരോ പഴങ്ങളെ കുറിച്ച് പറഞ്ഞു തന്നു.. എന്തിനെയും മധുരമാക്കി മാറ്റുന്ന മിറക്കിൾ ഫ്രൂട്ട്.. പച്ചമാങ്ങാ വരെ ആവേശത്തോടെ കടിച്ചുപറിച്ചു തിന്നു എന്റെ കൂട്ടുകാർ. പിന്നെ വിശപ്പുണ്ടാകുന്ന ലെമൺ വൈൻ, പഴത്തിനു മുകളിൽ ഇല വളരുന്ന സസ്യം, മംഗോസ്റ്റിന്, പെറുവിൽ നിന്നെത്തിയ ആക്കി ആപ്പിൾ, റംബൂട്ടാൻ, കോകം ഫ്രൂട്ട്, അബിയു, velvet ആപ്പിൾ, പാലിന്റെ അതെ രുചിയിൽ മിൽക്ക് ഫ്രൂട്ട് വള്ളിമുള, മൊസാംബി ഓറഞ്ച് അങ്ങനെ എല്ലാം അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്ക് പുതിയ അറിവിലേക്ക് അനിലേട്ടൻ ഞങ്ങളെ എത്തിച്ചു.
പാട്ടും ഡാൻസും ചർച്ചകളും കളികളും ആയി ഞങ്ങൾ ആ വീടിന്റെ ഒരു ഭാഗം ആയി മാറിയിരുന്നു. അവിടെന്നു ഇറങ്ങാൻ ആർക്കും താല്പര്യം ഉണ്ടായില്ല.. . വെറുതെ സ്ഥലങ്ങൾ കണ്ടുമടങ്ങാതെ അറിവുകളുടെ ഒരു കൂമ്പാരം ആക്കണം ഓരോ യാത്രയും. അത്തരത്തിൽ ഒരു യാത്രകൂടി എന്റെ ലിസ്റ്റിൽ ഇടം പിടിച്ചു . ഇന്നത്തെ യുവത്വത്തിന് എന്നും മാതൃക ആക്കാൻ കഴിയുന്ന ഒരു വലിയ മനുഷ്യൻ അനിൽ ഏട്ടനോട് വിടപറഞ്ഞു ഞങ്ങൾ ജോസ് ഗിരി ഇറങ്ങി. ജോസ് ഗിരിയിലേക്കും പുകയൂന്നി ഫാമിലേക്കും പോകാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം : അനിൽ ഏട്ടൻ 9446835631.
വിവരണം – ഗീതു മോഹന്ദാസ്.