‘സാൾട്ടർ’ : കെഎസ്ആർടിസിയുടെ രഹസ്യാന്വേഷണ വിഭാഗം…

കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായി ഇനി രഹസ്യാന്വേഷണ സംഘവും പ്രവര്‍ത്തിക്കും. പൊലീസ് ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മാതൃകയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സംഘത്തിന്റെ പ്രധാന ജോലി യൂണിറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് മാനേജിങ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ്. എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ഐഡിയയ്ക്ക് തുടക്കം കുറിച്ചത്.

സർവീസുകൾ മുടങ്ങുന്നതും ജീവനക്കാർ മുങ്ങുന്നതും സ്വകാര്യ ബസുകളുമായുള്ള നീക്കുപോക്കുകളും ഉൾപ്പെടെ അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുകയാണു ടീമിന്റെ ചുമതല. യാത്രാ സര്‍വീസുകളില്‍ വരുന്ന തടസ്സങ്ങളുടെ കാരണം, ജീവനക്കാരുടെ പ്രവര്‍ത്തനം, സ്വകാര്യ ബസ്സുകളുമായി വ്യവസ്ഥകളിലേര്‍പ്പെടുന്നുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ‘സാള്‍ട്ടര്‍’ എന്നു പേരിട്ടിരിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുക. വിവിധ യൂണിറ്റുകളിലെ 94 ഇൻസ്പെക്ടർമാരാണ് രഹസ്യാന്വേഷണ വിഭാഗമായ സാൾട്ടറിന്റെ ഭാഗമാകുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ആദ്യ രൂപമായ ട്രാൻവൻകൂർ ബസ് സർവീസ് തുടങ്ങിയ സാൾട്ടർ സായിപ്പിന്റെ സ്മരണയ്ക്കാണ് രഹസ്യാന്വേഷണ വിഭാഗത്തിന് പേരിട്ടത്. നിലവിലെ ചുമതലകൾക്ക് പുറമേയാണ് രഹസ്യവിവരശേഖരണവും.

ഡിപ്പോകളിൽനിന്നും മേൽതട്ടിലേക്ക് ലഭിക്കുന്ന വിവരങ്ങളിൽ കൃത്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു. വാട്സാപ്പിലൂടെയും റിപ്പോർട്ടുകൾ കൈമാറാം. ഇതിന്റെ അടിസ്ഥാനത്തിൽ എം.ഡി. നേരിട്ടോ അല്ലെങ്കിൽ വിജിലൻസ് വിഭാഗം വഴിയോ അന്വേഷണം നടത്തി നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനമികവും അതുവഴി വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

സ്ഥാപനത്തിന്റെ മധ്യനിര മാനേജ്മെന്റിൽ വീഴ്ചകൾ ഏറെയുണ്ടെന്ന് വിവിധ സമിതികൾ കണ്ടെത്തിയിരുന്നു. ഷെഡ്യൂളുകൾ, ഓടുന്ന ബസുകൾ, ഡ്യൂട്ടിയിലുള്ള ജീവനക്കാർ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ചീഫ് ഓഫീസിൽ നൽകാറില്ല. പലരും പരസ്പരം സഹായിച്ച് വീഴ്ചകൾ മറയ്ക്കും. ഇതുതടയാൻ രഹസ്യാന്വേഷണ വിഭാഗത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സാൾട്ടറിലുള്ള ഇൻസ്പെക്ടർമാരെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തി. താത്കാലിക ഡ്രൈവർമാരുടെ നിയമനത്തിനും നടപടി തുടങ്ങി. മുമ്പ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ട് നിയമനം ലഭിക്കാത്തവർക്കാണ് താത്കാലിക നിയമനം നൽകുന്നത്.

ഇത്തരമൊരു രഹസ്യ സ്വഭാവമുള്ള ടീമിന്റെ നോട്ടത്തിലാണ് തങ്ങളെന്ന ബോധം ജീവനക്കാർക്ക് ഉണ്ടാകുകയും തൽഫലമായി എല്ലാ ജീവനക്കാരും തങ്ങളുടെ ജോലികൾ കൃത്യമായി ചെയ്യുകയും ചെയ്യും. ഇതിൽ അലംഭാവം കാണിക്കുന്നവർക്ക് എംടിയുടെ വക നല്ല പണിയും കിട്ടാൻ സാധ്യതയുണ്ട് എന്നതിനാൽ എല്ലാവരും ഇനിയൊന്നു ശ്രദ്ധിക്കും എന്നുറപ്പാണ്. ടോമിൻ തച്ചങ്കരിയുടെ വരവോടെ കെഎസ്ആർടിസിയിൽ വമ്പൻ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. തലപ്പത്തിരിക്കുന്നത് ഒരു പോലീസ് മേധാവിയും കൂടിയായതിനാൽ യൂണിയൻകാരുടെ പ്രഹരങ്ങളും എംഡിയ്ക്ക് നിൽക്കുന്നില്ല. എന്തായാലും സ്ഥാപനത്തോട് കൂറുള്ള ജീവനക്കാർക്ക് തച്ചങ്കരി ഇന്ന് പ്രിയങ്കരനാണ്. വരുംകാലങ്ങളിൽ കൂടുതൽ പ്ലാനുകൾ തച്ചങ്കരിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിയിൽ വരുന്നുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply