ദുബായില്‍ നിന്നും വാരണാസിയിലേക്ക് വര്‍ണോല്‍സവം കാണുവാന്‍…

ഇന്ത്യ ആഘോഷങ്ങളുടെയും വിസ്മയങ്ങളുടെയും ഉത്സവങ്ങളുടെയും ഭൂമികയാണ് , ഇത്രയധികം വൈവിധ്യമാർന്ന ആഘോഷങ്ങളുള്ള മറ്റൊരു രാജ്യം കണ്ടുകിട്ടുക അസാധ്യമാണ് . സാംസകാരിക,സാമൂഹിക, മതപരമായ ആഘോഷങ്ങളിലുപരി പ്രാദേശികമായ എണ്ണിയാലൊടുങ്ങാത്ത ആഘോഷങ്ങൾ ഇന്ത്യയിൽ എന്നും കൊണ്ടാടുന്നു .

ഇന്ത്യ, മനുഷ്യ ഗോത്രത്തിൻ്റെ കളിത്തൊട്ടിലാണ്, മനുഷ്യ ഭാഷണത്തിൻ്റെ ജന്മസ്ഥലമാണ് …
ചരിത്രത്തിൻ്റെ അമ്മയാണ്.. ഇതിഹാസത്തിൻ്റെ മുത്തശ്ശിയാണ് .. ആചാരങ്ങളുടെ മുതുമുത്തശ്ശിയാണ് … -മാർക്ക് ട്വൈൻ.

പ്രധാന ആഘോഷവേളകൾ അതിനു പേരുകേട്ട സഥലങ്ങളിൽ പോയി അനുഭവിക്കുക്കാൻ ഞാൻ ഈയിടെയായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പോകുന്നിടത്തെല്ലാം അഭൂതമായ തിരക്കനുഭവപ്പെടുന്നത് ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം പരീക്ഷിക്കാവുന്നതാണ്.
ഹോളിയാഘോഷങ്ങള് ഇന്ത്യയിൽ പേരുകേട്ട സ്ഥലങ്ങളാണ് ഉത്തർപ്രദേശിലെ മതുര-വൃന്ദാവൻ-വാരാണസി,രാജസ്ഥാനിലെ പുഷ്കർ,ബംഗാളിലെ ശാന്തിനികേതൻ ,ഉത്തരാഖണ്ഡിലെ റിഷികേശ്‌ തുടങ്ങിയവ.

ഇന്ത്യയിലെ ഏറ്റവും വർണോജ്വലമായ ആഘോഷങ്ങളിൽ ഒന്നാണ് ഹോളി, കഴിഞ്ഞ തവണ ഹോളിയാഘോഷം നേരിട്ടനുഭവിച്ചത് മതുരയിലായിരുന്നതുകൊണ്ടുതന്നെ ഇത്തവണ ഹോളിയെത്താനായപ്പോൾ ഇരിപ്പുറക്കുന്നില്ല! ഹോളിയാഘോഷമാകട്ടെ ഉത്തരേന്ത്യയും ഇന്ത്യമുഴുവനും ഇന്ത്യക്കുപുറത്തും ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു.
ഹോളിയെക്കാൾ ‘കളർഫുൾ’ ആയ മറ്റൊരു ഉത്സവം വേറെയില്ല.

കൊറേക്കാലമായി വാരണാസി കാണണം എന്നാലോചിക്കുന്നു, ഹോളിയാഘോഷങ്ങൾക്കു പേരുകേട്ട സ്ഥലമാണ് വാരാണസി. ആവശ്യത്തിലധികം ആലോചിക്കുന്നതും പ്ലാൻചെയ്യുന്നതും യാത്രക്ക് ചേരുന്നതല്ല എന്നതുകൊണ്ട് കൂടുതൽ ആലോചിച്ചില്ല, യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. യാത്രചെയ്യാനുള്ള ആഗ്രഹം മനസ്സിൽ എരിഞ്ഞു തുടങ്ങിയാൽ പിന്നെ ചെയ്യുന്നതിലെല്ലാം യന്ത്രികമാകും ആ യാത്ര എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്നതാണ് അതിൽനിന്നുള്ള മോചനത്തിനുള്ള വഴി. ഓരോ അസ്തമയവും ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത ദിവസത്തിൻറെ സാക്ഷ്യപത്രമാണ്.

ദുബായിൽനിന്നുള്ള സ്‌പൈസ്‌ജെറ്റിന്റെ വിമാനം അർധരാത്രി പിന്നിട്ട ന്യൂ ഡൽഹി അന്താരാഷ്ട വിമാനാത്താവളത്തിൽ ലാൻ്റെ ചെയ്തു. അത്യാവശ്യം തിരക്ക് ഡൽഹി വിമാനത്തവാളത്തിൽ എപ്പോഴുമുണ്ടാകും. കണക്ഷൻ ഫ്ലൈറ്റ് ഉപയോഗിക്കുന്നവർ രണ്ടു വിമാനങ്ങൾക്കുമിടയിൽ രണ്ടു മണിക്കൂറിൻ്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കുക എന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കൂടാതിരിയ്ക്കാൻ സഹായിക്കും മാത്രമല്ല ഡൽഹിയിൽ പലവിമാനങ്ങളും വെത്യസഥ ടെര്മിനലുകളിൽനിന്നാണ് പുറപ്പെടുന്നത് പ്രത്യകിച്ച് ആഭ്യന്തര സർവ്വീസുകൾ.

എമിഗ്രെഷൻ കൗണ്ടറിലെ നീണ്ടനിരയിൽ അക്ഷമനായി നിന്ന് അവസാനം ഇന്ത്യയിലെത്തിയത് ഔദ്യോദികമായി പാസ്‌പോർട്ടിൽ വരവുവെച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നിരനിരയായി പ്രദർശിപ്പിച്ചിരിക്കുന്ന വൈൻ കുപ്പികൾക്കിടയിലൂടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യം അപ്പോഴാണ് എൻറെ ശ്രദ്ധയിൽപെട്ടത്. ഞാനിറങ്ങിയ വിമാനം ടെർമിനൽ മുന്നിലാണ്, വരണാസിയിലേക്കുള്ള വിമാനമാകട്ടെ ടെർമിനൽ ഒന്നിൽനിന്നും. പണികിട്ടി എന്ന് മനസ്സിൽ തോന്നിയെങ്കിലും അടുത്തവിമാനം മൂന്നു മണിക്കൂറ് കഴിഞ്ഞാണ് എന്നത് ആശ്വാസമായി.

പുറത്തിറങ്ങി ഓട്ടോവിളിക്കണോ ഊബറളിയനെ വിളിക്കണോ എന്നാലോചിക്കുമ്പോഴാണ് ടെർമിനൽ ഒന്നിലേക്ക് സൗജന്യ ബസ് സർവ്വീസുള്ളത് കാണാനിടയായത്. ഒരു തീവണ്ടിക്കുള്ള ആളുകൾ ബസ്‌കാത്തുനില്കുന്നു . എഴുതികാണിച്ചതിലും പതിനഞ്ചുമിനിറ്റ് വൈകി മുക്കാൽ മണിക്കൂർ കഴിഞ്ഞു അദ്ദേഹം ഒരു വരവ് വന്നു. ബസിൽ വലിഞ്ഞുകയറലും ,ജീപ്പിൽ തൂങ്ങിനിൽക്കലും ,ഹീറോ സൈക്കിളിൽ ചാടികയറലും പണ്ടേ പരിചയമുള്ളതുകൊണ്ടു കാര്യമായ പ്രയാസമില്ലാതെ ബസിനിരിപ്പിടത്തിലെത്തി.

രണ്ടു ടെര്മിനലുകൾക്കുമിടയിൽ അർധരാത്രി റോഡിൽ തിരക്കില്ലാതിരുന്നിട്ടുപോലും അരമണിക്കൂറെടുത്തു . ഇനിയും ഒരു മണിക്കൂർ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ. വാഷ്‌റൂമിൽ പോയി ബ്രഷ് ചെയുകയും , മുഖം കഴുകുകയും, അരയിലെ ബെൽറ്റ് ഒരു തുള ഒന്നൂടെ അടുത്തിടുകയും , മുടിയുടെ സ്റ്റയിൽ പോയിട്ടില്ല എന്നുറപ്പുവരുത്തുകയും ചെയ്തു. ഒന്നുറങ്ങാനുള്ള സമയമുണ്ട് പക്ഷെ ഈ ഉറക്കം പ്രശ്നാമാകും എന്നുള്ളതുകൊണ്ട് ആ ഉദ്യമത്തിന് മുതിർന്നില്ല. ഹോളിയായതുകൊണ്ടു തന്നെ ധാരാളവും യാത്രക്കാരുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്തവളമാകട്ടെ സേവനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. 63 ദശലക്ഷം യാത്രക്കാരാണ് 2017 ഇത് ഈ വിമാനത്താവളം ഉപയോഗിച്ച് യാത്രചെയ്തത്.

ഡല്ഹിയില്നിന്നും ഒന്നരമണിക്കൂറാണ് വിമാനമാർഗം വാരാണസിയിലെത്താനുള്ള സമയം, തീവണ്ടിയിലാകട്ടെ പതിനാലു മണിക്കൂറെടുക്കും , ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നെല്ലാം വാരാണസിയിലേക്കു തീവണ്ടികൾ ലഭ്യമാണ്. രാവിലെ എട്ടുമണിയോടുകൂടി ഞാൻ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലെത്തി, പുറത്തേക്കുള്ള കവാടം പിന്നിട്ടു നടന്നു നീങ്ങുമ്പോഴേക്ക് ഒത്തിരിപേർ ടാക്സി വേണോ എന്നചോദ്യവുമായി പുറകെകൂടി, ‘നഹീ ഭയ്യാ’ എന്നിടക്കിടെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങി പാർക്കിങ് ഏരിയയിലെത്തി കുറച്ചുനേരം ചുമ്മാതിരുന്നു. ഇത്തിരി കഴിഞ്ഞു ഒരു ഷെയറിങ് ടാക്സിയിൽ 200 രൂപ കൊടുത്ത് വാരണാസി റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി.

വാരണാസി ഇന്ത്യൻ ടൂറിസ-തീർതഥാടന ഭൂപടത്തിൽ കാര്യമായ സ്ഥാനം വഹിക്കുന്നുവെങ്കിലും റോഡിൻറെ അവസ്ഥ വളരെ ശോചനീയമാണ്. റെയിൽവേ സ്റ്റെഷൻ പരിസരത്തുനിന്നും നടന്നു നടന്നു ചോയ്ച്ച് ചോയ്ച്ച് ഞാൻ താമസം ബുക്ക്ചെയ്തിട്ടുള്ള സോസ്‌റ്റൽ വാരാണാസിയിലെത്തി. ചെറിയൊരു മയക്കത്തിനുശേഷം , കുളിച്ച് വൃത്തിയായി ഭക്ഷണം കഴിച്ച് വർണാസി കാണാനിറങ്ങി.

ഉത്തർപ്രദേശിലെ ഗംഗ നദിക്കരയിലെ വാരാണസി എന്നറിയപ്പെടുന്ന പ്രദേശം ബനാറസ് കാശി എന്നീ പേരുകളിലും അറിയപ്പെടുന്നു. അസി-വരുണ എന്നീ നാമങ്ങളിൽനിന്നാണ് വാരണാസി എന്ന പേരുണ്ടായത്. വരാണസിയും ബോജ്പൂരിയും ഹിന്ദിയും സംസാരിക്കുന്ന ഈ പ്രദേശം ഉത്തർപ്രദേശിലെ 72 ജില്ലകളിൽ ഒന്നാണ് , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്ലമെന്റിലെത്തിച്ച ലോകസഭാമണ്ഡലം കൂടിയാണ് വാരാണസി. 3200 വർഷങ്ങൾക്കുമുമ്പേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന വാരാണസി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി കാണക്കാക്കപെടുന്നു. ഹിന്ദു -ജൈന -ബുദ്ധ മതങ്ങളിലെ പുണ്യനഗരമായ വാരണാസിയിൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച പുരാതന ക്ഷേത്രങ്ങൾ ഉൾപ്പടെ ആയിരകണക്കിന് ക്ഷേത്രങ്ങൾ ഇന്നും നിലനിലൽക്കുന്നു..

ശിവന്റെ നഗരം എന്നറിയപ്പെടുന്ന കാശിയിലെ പ്രധാന തീർത്ഥാടന കേന്ദ്രം ‘കാശിവിശ്വനാഥ’ ക്ഷേത്രമാണ്. ഇവിടത്തെ ഏറ്റവും വലിയ ഉത്സവമാണ് മഹാശിവരാത്രി. കബീറും ,രവിദാസും ,തുളസീദാസും ആചാര്യ ഗൗരിയുമെല്ലാം വാരാണസിയിൽ ജീവിച്ചവരാണ് . മനുസ്മ്രിതി രചിച്ചതും തുളസീദാസ് രാമചരിതമാനസം എഴുതിയതും വാരണാസിയിൽ വെച്ചാണ്.
ചരിത്രപരമായി,ഇന്ത്യയിലെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ നെടുംതൂണായ വാരണാസി ലോകമെമ്പാടുമുള്ള വിഞ്ജാന കുതുകികളെ ആകർഷിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിൽ ഇരുപതിനായിരത്തിലധികം വിദ്യാർതിഥികൾ പഠിക്കുന്നു.

ഇന്ത്യയിലെ ഓരോ നഗരത്തിനും ഓരോ നാഗരികതയുടെ കഥകൾ പറയാനുണ്ട്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ അഭിമാനം ‘ഇന്ത്യയിൽ’ ജനിച്ചു എന്നതാണ്. ഇന്ത്യയുടെ മാഹാത്മ്യത്തെ കുറിച്ചറിയാൻ ഇന്ത്യയിലുടനീളം യാത്രചെയ്യുകയും ,ഇന്ത്യയ്‌ക്കു പുറത്ത് താമസിക്കുകയും , ഇന്ത്യയിൽ സഞ്ചരിക്കുന്ന വിദേശികളോട് സംസാരിക്കുകയും ചെയ്യുക.

ചെറിയൊരു ഉച്ചയുറക്കത്തിനുശേഷം മൂന്നുമണിയോട്കൂ വാരണാസി കാണാനിറങ്ങി, നാളെ ഹോളിയാണ് തെരുവ് മുഴുവൻ തിരക്കാണ് .നാട്ടുകാർ അവസാന നിമിഷ സാധങ്ങൾ വാങ്ങുന്ന തിരക്കിലാണ്. സൈക്കിളിൽ അതിവേഗത്തിൽ കുതിച്ചുപായുന്ന കുട്ടികളുടെ മുഖത്ത് പെരുന്നാളിന്റെ പൊൻപിറ കണ്ട സന്തോഷം. കടകളെല്ലാം റോടിലേക്കു തുറന്നുവെച്ച് നല്ലൊരു ഭാഗം കയ്യേറിയിരിക്കുന്നു . ഉച്ചത്തിലുള്ള സംഗീതം എല്ലാ ഷോപ്പുകളിൽനിന്നും മുഴങ്ങികേൾക്കുന്നു. മാലിന്യങ്ങൾകൊണ്ട് റോഡ് എത്രമാത്രം വൃത്തികേടാക്കാൻ പറ്റുമോ അത്രമേൽ വൃത്തികേടാക്കിയിരിക്കുന്നു. തെരുവുകച്ചവടക്കാരും കാല്നടക്കാരും സെക്കിൾറിക്ഷക്കാരും കൈക്കലാക്കിയതിന്റെ ബാക്കി ഭാഗം മൃഗങ്ങളും കയ്യടക്കിയിരിയ്ക്കുന്നു.

ഈ പൊടിയും തിരക്കും ചുറ്റുപാടുമെല്ലാം കേരളത്തിൽ നിന്ന് വരുന്ന നമുക്ക് അത്ര രസിക്കുന്ന സംഗതിയല്ലെങ്കിലും ഉത്തരേന്ത്യയിലിതൊക്കെ സർവസാധാരണമാണ്. റോഡിൽ വിവിധ നിറത്തിലുള്ള ചായങ്ങൾ വിൽക്കുന്നവരും വെള്ളം തൂറ്റിക്കാനുള്ള തോക്കുകൾ വിൽക്കുന്നവരും ധാരാളമുണ്ട്. റോഡിലൂടെ നടക്കുമ്പോൾ തന്നെ വാരണാസിയിലെ പ്രസിദ്ധമായ തെരുവുഭക്ഷണത്തിന്റെ മണം നാസാരന്ത്രങ്ങളിൽ നൃത്തം വെക്കുന്നു. റോഡിനിരുവശം ഒഴുകുന്ന അഴുക്കുചാലിൻ്റെ വശങ്ങളിൽ ജനങ്ങൾ പാർക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു. വൃത്തി ആരംഭിക്കേണ്ടത് വെക്തിയിൽനിന്നാണ്, രാജ്യം ജനങ്ങൾക്കെന്തുനൽകി എന്നതിനേക്കാൾ പ്രധാനം നിങ്ങൾ രാജ്യത്തിനെന്തു നൽകി എന്നതാണ്.

അരമണിക്കൂറോളം നടന്നു നടന്നു ഞാൻ ഗംഗാ തീരത്തിനടുത്തെത്തി. സമയം നാല് മണിയാകുന്നുവെങ്കിലും സാമാന്യം ചൂടുണ്ട്, മാർച്ച് ഉത്തരേന്ത്യയിൽ ചൂട് തുടങ്ങുന്ന കാലമാണ്.ഗംഗയോട് അടുക്കുമ്പോഴും തിരക്ക് കൂടുകയും പ്രായമായവരെയും നാട്ടുകാരേക്കാൾ കൂടുതൽ തീർഥാടകരെയും വിദേശികളെയും കാണാൻ കഴിയുന്നു. കുറച്ച് ഉള്ളിലേക്ക് നടന്ന് വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ദശാശ്വമേദ് ഘട്ടിന്റെ കല്പടവുകളിൽ ഗംഗയിലേക്ക് കണ്ണും നട്ടിരുന്നു.

കിഴക്കൻ ഹിമാലയത്തിലെ , ദേവപ്രയാഗിൽനിന്നും ഉത്ഭവിച്ച് ഇന്ത്യയിലെ പ്രസിദ്ധമായ പല നഗരങ്ങളിലെ രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്ററുകൾ ഒഴുകി ബംഗ്ലദേശും പിന്നിട്ട ഗംഗ ബംഗാൾ ഉൾക്കടലിൽ അലിഞ്ഞുചേരുന്നു ബംഗ്ളാദേശിലെത്തുമ്പോൾ ഗംഗ ‘പത്മ’ എന്ന പേരിലറിയപ്പെടുന്നു. ഗംഗാജലത്തിനു ആത്മശുദ്ധീകരണത്തിനും ,പാപ നശീകരണത്തിനും ശക്തിയുണ്ട് എന്ന് ഹിന്ദു ജൈന ബുദ്ധ മത വിശ്വസികൾ വിശ്വസിക്കുന്നു. നദിയുടെ നീളത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ പതിനഞ്ചാമതും ലോകത്തിൽ 39 ആം സ്ഥാനത്തുമാണ് ഗംഗ . ഉത്തരേന്ത്യയിലെ പല നഗരങ്ങളും പുണ്യ നഗരമായി അറിയപ്പെടാനുള്ള കാരണം ഗംഗയുടെ സാന്നിധ്യമാണ്, അതിൽ പ്രധാനമാണ് ഹരിദ്വാറും ഋഷികേശും. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ മലിനമായ നദികളിൽ അഞ്ചാം സ്ഥാനം ഗംഗക്കാണ് എന്നത് ദുഖകരമാണ് .

വാരണാസി നഗരത്തിൽ മരണം പുൽകിയാൽ മോക്ഷം ലഭിക്കുന്നു എന്ന് വിശ്വസിക്കുന്ന വിശ്വസികൾ ഗംഗയുടെ തീരത്ത് മരിക്കാനായി കാത്തിരിക്കുന്നു. ഗംഗയിലൊഴുക്കാനുള്ള പൂക്കൾ വിൽക്കുന്നവരും, തിരിതെളിയിക്കുന്ന മൺചിരാതുകൾ വിൽക്കുന്ന കുട്ടികളും , ധാരാളം വിദേശികളും , ഗംഗയിൽ മുങ്ങിത്താഴ്ന്ന് പാപങ്ങൾ കഴുകി ക്കളയുന്നവരും തോണിയിലൂടെ ഗംഗയിൽ ഒഴുകി നടക്കുന്നവരും , സന്യാസികളും , പൂജാരികളും ,അഘോരികളും, തീർഥാടകരും, പടം പിടിക്കുന്നവരും, പട്ടം പറത്തുന്നവരും എൻ്റെ ചുറ്റിലുമുണ്ട് . പൂക്കൾ വിൽക്കുന്ന ഒരു കുട്ടിയുമായി ഇത്തിരിനേരം സംസാരിച്ചു , കളറുകൾ വാങ്ങാൻ പൂക്കൾ വിറ്റു കാശുണ്ടാക്കുകയാണ് അവളുടെ ഉദ്ദേശം ,ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഞാനും സഹായിച്ചു.

ചുമ്മാ ഞാനിരിക്കുന്നത് കണ്ടു വെത്യസ്ഥ രജ്യങ്ങളിൽനിന്നു വന്ന മൂന്നു വിദേശികൾ എന്നോട് അവരുടെ ബോട്ടിൽ വരുന്നോ എന്ന് ചോദിച്ചു, ഞാനും കൂടെ കൂടി , സായം സന്ധ്യയിൽ ഞങ്ങൾ ഇന്ത്യയെ കുറിച്ച് കേരളത്തെ കുറിച്ച് , യാത്രകളെ കുറിച്ച് ഒത്തിരി സംസാരിക്കുകയും , ഗംഗയിൽ ഒഴുകിനടക്കുകയും ഒത്തിരി പുഷ്പദീപങ്ങൾ ഒഴുക്കിവിടുകയും ചെയ്തു.

തനിയെ യാത്ര ചെയ്യുന്നതിന്റെ ഏറ്റവും വലിയ സുഖം ഇതാണ് , മതിവരുവോളം ചുമ്മാതിരിക്കാം ,ആരുമായും കൂട്ടുകൂടാം, മനസ്സിൽ മരിക്കാതെ കിടക്കുന്ന പഴയ കൂതറകൾ പുറത്തെടുക്കാം , മനസ്സുമടുക്കുന്നതുവരെ സ്വപ്നങ്ങൾ കാണാം. ഇന്നലെകളിൽ മൺമറഞ്ഞുപോയ ഓർക്കാൻ ഇഷ്ടപെടുന്ന ഓർമകളിലേക്ക് തിരികെപോകാം, നിങ്ങളിലെ ‘നിങ്ങളെന്ന’ സുഹൃത്തിനെ കണ്ടുമുട്ടാം, ലോകത്തുള്ള ചില സ്ഥലങ്ങൾ തനിയെ മാത്രം പോയികാണേണ്ടതാണ് !

സൂര്യൻ ഇന്നേക്ക് യാത്രചോദിക്കാനുള്ള സമയമാകുന്നു ,ഒരു ലെമൺ ചായയും കുടിച്ച് ഇത്തിരി ദൂരത്തുള്ള അസിഘട്ട് ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി, ഇങ്ങനെയുള്ള 88 ഘട്ടുകൾ കൂടിച്ചേർന്ന് കിടക്കുന്നതാണ് വാരണാസി. നടക്കാൻ പ്രയാസമുള്ളവർക്ക് ചെറിയ തുകകൊടുത്ത് മിക്ക ഘട്ടുകളിലേക്കും ബോട്ടു സവാരി നടത്താവുന്നതാണ്. ദീപവലിക്കു ശേഷമുള്ള കാർത്തിക നാളിൽ ഇവിടെ ദേവ്-ദിവാലി ആഘോഷിക്കുന്നു .(Dev Diwali ) ദശലക്ഷക്കണക്കിന് മൺചിരാതുകൾ ഈ പടവുകളിൽ തിരിതെളിയിച്ച് വെച്ചിരിക്കുന്ന കാഴ്ച ഗംഗയിലൂടെ തോണിയിൽ ഒഴുകിനടന്നു കാണുന്ന ആസ്വദിക്കുന്ന സന്ദർഭം ജീവിതത്തിലെ അപൂർവ്വം നിമിഷങ്ങളിൽ ഒന്നാണ്.

ശവദാഹത്തിനു പേരുകേട്ട മണികർണിക് ഘട്ടിനടുത്തെത്തി . മാസം വെന്തുരുകുന്ന മണം മൂക്കിലെത്തുന്നത് ആദ്യമാണ്.മുളംതണ്ടിൽ പട്ടിൽപൊതിഞ്ഞു പൂക്കൾ ചാർത്തി മൃദദേഹങ്ങൾ ചുമലിൽ താങ്ങി ഗംഗയിലേക്കെടുക്കുന്നു. ആരുടെ മുഖത്തും ദുഃഖമില്ല , ആരും കരയുന്നില്ല .മോക്ഷം ലഭിക്കാൻ പോകുന്നവരെ കുറിച്ച് അവരെന്തിനു ദുഖിക്കണം . പലരുടെയും ജീവിതത്തിലെ അവസാന ആവശ്യമാണ് ഗംഗാതീരത്തെ നിമഞ്ജനം. വിറകും പട്ടും നെയ്യും ചന്ദനവും വിൽക്കുന്നതിനിടയിലൂടെ മരണമടഞ്ഞ മൃദദേഹങ്ങൾക്കു ആത്മാശാന്തി നേർന്നുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു .അസി ഘട്ടുവരെ നടന്നു ഇത്തിരിനേരം കൊതുകുകടിയും കൊണ്ട് ചുമ്മാതിരുന്നു അവസാനം യാത്ര തുടങ്ങിയ സ്ഥലത്തുതന്നെ തിരികെയെത്തി.

ഗംഗ ആരതി തുടങ്ങനുള്ള സമയമായി , പൂജാരികൾ കർമ്മങ്ങൾ ആരംഭിക്കാൻ തുടങ്ങി , ചുറ്റുപാടും ഭക്തിസാന്ദ്രമായി , കൈകൾ കൂപ്പിത്തുടങ്ങുകയും അന്തരീക്ഷം മുഴുവൻ പുകകൾ പരക്കുകയും തുടങ്ങി. ഋഷികേശിലും ഹരിദ്വാറിലും മുൻപേ പോയിട്ടുള്ളതുകൊണ്ട് പലകാഴ്ചകളും എനിക്ക് മുൻപേ കണ്ടതായിരുന്നു എന്നാലും ആൾക്കൂട്ടത്തിനിടയിൽ ചുറ്റും സസൂക്ഷമം വീക്ഷിച്ചു ഞാനും കൂടി. ആരതി അവസാനിക്കുന്നതിനു തൊട്ടുമുമ്പേ അവിടെനിന്നിറങ്ങി സോസ്‌റ്റൽ ലക്ഷ്യമാക്കി നടന്നു. മിക്കയിടത്തും ഹോളികകൾ കൂട്ടിയിട്ടിരിക്കുന്നു ,വഴിയിൽ നടക്കാൻ മാത്രം സ്ഥലമില്ല , എങ്ങും സംഗീതമയം. വരുന്ന വഴിയിൽ ഒരു വെളുത്ത വിലകുറഞ്ഞ പോളോ ഷർട്ടും ചെരിപ്പും വാങ്ങി , വീട്ടിൽനിന്നു വരുമ്പോൾ ഉപേക്ഷിക്കാനായ ഒരു പാന്റും ബാഗിൽ കരുതിയിരുന്നു , ഇതെല്ലാം കഴിഞ്ഞ ഹോളിക്ക്‌ പോയപ്പോൾ ഇട്ട പാന്റും ഷർട്ടും ഷൂവും ഉപേക്ഷിക്കേണ്ടിവന്ന അനുഭവത്തിൽനിന്നും ഉണ്ടായ ബോധമാണ് .

രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത് ഹോളിക ദഹനമുള്ളതറിഞ്ഞത്, ഹോളിക ദഹനത്തോടുകൂടിയാണ് ഹോളിയാഘോഷം തുടങ്ങുന്നത് . ഹോളിക കൂട്ടിയിട്ടു കത്തിക്കുന്ന തീകൂമ്പാരത്തിനു മുൻപിൽ മതപരമായ പ്രാർത്ഥനകളും ചടങ്ങുകളും നടത്തുന്നു . ഹോളികയെ പോലെ നമ്മുടെ ഉള്ളിലുള്ള തിന്മകളും പൈശാചിക പ്രവണതകളും എരിഞ്ഞൊടുങ്ങുമെന്നാണ് വിശാസം. ഞങ്ങൾ താമസിക്കുന്നതിന്റെ തൊട്ടടുത്തതായതുകൊണ്ടു തന്നെ ഞങ്ങളെല്ലാവരും ഇതുകാണാനായി പോയി.

നാളെ രംഗോളി ഹോളിയാണ് , നിറങ്ങളുടെ ഉത്സവം . പൂര ത്തിലെ സാമ്പിൾ വെടികെട്ടുപോലെ ആളുകൾ പരസ്പരം ഇപ്പോൾ തന്നെ നിറങ്ങൾ പൂശാൻ തുടങ്ങി. ഇതൊക്കെ ആഗ്രഹിച്ചു പ്രതീക്ഷിച്ചാണ് ഹോസ്റ്റലിലുള്ള മുഴുവൻ ആളുകളും വന്നതുകൊണ്ട് ഞങ്ങളിതു നന്നായി ആസ്വദിച്ചു . തിരികെ ഹോസ്റ്റലിൽവന്നു മൊബൈൽ ചാർജ്ജിനിട്ട് ഇരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽനിന്നും വന്ന അഭിനന്ദനെയും , കൽക്കട്ടയിൽ നിന്നും വന്ന കസൗനിയെയും മദ്യപ്രദേശിൽ നിന്ന് വന്ന തുഹീനയെയും പരിചയപ്പെടുന്നത് . ഇവരെല്ലാം ഇന്ത്യയിൽ മിക്ക സ്ഥലത്തും യാത്രചെയ്തവരാണ് , ഹോസ്റ്റലിൽ താമസിക്കുന്നതിന്റെ ഏറ്റവും നല്ല വശമാണ് ഈ പരിചയപെടലുകളും അനുഭവങ്ങളുടെ പങ്കുവെക്കലുകളും . ഓരോരുത്തരുടെ അനുഭവങ്ങളും വെത്യസ്ഥമാണ് നാം കണ്ടതല്ല കാണുന്നതല്ല മറ്റൊരാൾ കാണുക, തനിയെ യാത്ര ചെയുക എന്നതിനർത്ഥം നിങ്ങളെപ്പോഴും ഒറ്റക്കായിരിക്കും എന്നതല്ല. ചുറ്റും ആഘോഷങ്ങളും അര്മാദങ്ങളും തുടങ്ങിയിരിക്കുന്നു ഗസലും ചുരുട്ടും ബീഡിയും ചായയും ചുറ്റിലുമുണ്ട് , ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് മനസ്സ് പറയുന്നു.

മദ്ദളത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് രാവിലെ ഞാനുണർന്നത് , ഹോസ്റ്റലിന്റെ മട്ടുപ്പാവിൽ ആഘോഷം തുടങ്ങിയിരിക്കുന്നു , പെട്ടെന്ന് തന്നെ ഫ്രഷ് ആയി നേരത്തെ എടുത്തുവെച്ച വസ്ത്രമണിഞ്ഞു മുകളിലെത്തി , ഭക്ഷണം കഴിച്ച് എല്ലാവരും ഗ്രൂപ്പായി ഗംഗാ തീരത്തേക്കാണ് പോകുന്നത് . ഹോസ്റ്റലിന്റെ കവാടത്തിനു പുറത്തെത്തിയ ഞങ്ങളെ വരവേറ്റത് കളർ വെള്ളം തോക്കിന് കുഴലിലൂടെ തൂറ്റിക്കുന്ന ചെറിയ കുട്ടികളെയാണ് , സന്തോഷത്തോടെ അതെല്ലാം ഏറ്റുവാങ്ങി ഞങ്ങളെല്ലവരും തെരുവിലൂടെ ഗംഗയെ ലക്ഷ്യമാക്കി നടന്നു നീങ്ങി .

കെട്ടിടത്തിന്റെ മുകളിൽനിന്നും സ്ത്രീകൾ കളർ വെള്ളം കോരിയൊഴിക്കുന്നു , കുട്ടികൾ ബലൂണുകളിൽ വെള്ളം നിറച്ച് ഉന്നംപിടിച്ചെറിയുന്നു, മുതിർന്നവർ തലയിലും കവിളിലും ചായം പൂശുന്നു , ഓരോ അമ്പതു മീറ്ററിലും ഇതു തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു . എല്ലാവരും യാതൊരു എതിർപ്പുമില്ലാതെ ഇതെല്ലം ഏറ്റുവാങ്ങുന്നു , ഞങ്ങളുടെ കൂട്ടത്തിൽ ഏറിയ പങ്കും വിദേശികളായതിനാൽ നാട്ടുകാർ കാര്യമായ സ്വീകരണം ഞങ്ങൾക്ക് നൽകുന്നുണ്ട്. ഗംഗാ തീരത്ത് ഇങ്ങനെ നടന്നെത്തിയ വിവിധ ഗ്രൂപ്പുകൾ സംഗമിച്ചു ,വിദേശികളെല്ലാം വെളുത്ത കുർത്ത ധരിച്ചിരിക്കുന്നു, കിട്ടുന്ന കളർ പൂശലുകൾക്കു നന്നായി തന്നെ തിരിച്ചുകൊടുക്കുന്നുണ്ട്.

ഞങ്ങളെല്ലാവരും ഒരു തോണി വാടകക്കെടുത്ത് ഗംഗയുടെ എതിർ വശത്തെത്തി , ഇവിടെ മാലിന്യത്തിന്റെ തോതുകുറവായ കൊണ്ടു തന്നെ ഗംഗയിൽ മുങ്ങിതാഴാനുള്ളവർ ഇവിടെയെത്തുന്നു. ഈ ഭാഗത്തുനിന്നും നോക്കുമ്പോഴാണ് ഘട്ടുകളുടെ സൗന്ദര്യം ആഴത്തിൽ മനസ്സിൽ പതിയുക , അഭിയും കസൗനിയും തുഹീനയും ഗംഗയിൽ സ്നാനം ചെയ്തു , ഞാൻ അവരുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ അവർക്കുവേണ്ടി പകർത്തി. അവിടെയുണ്ടായിരുന്ന ചായക്കടയിൽ നിന്നും ചായയും ചൂടുള്ള വടയും കഴിച്ച് മതിവരുവോളം ഫോട്ടോകളെങ്ങെത്തും ഗംഗയുടെ സൗന്ദര്യത്തിൽ മുങ്ങിത്താഴ്ന്നും വന്ന തോണിയിലൂടെ തന്നെ തിരികെയെത്തി.

ഗംഗയെ എല്ലാവരും വളരെ പുണ്യമായി കാണുന്നതുകൊണ്ടു തന്നെ വലിച്ചുതീർന്ന സിഗരറ്റിൻ കുറ്റികൾപോലും ആളുകൾ അവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവന്നു. തിരികെ വിവിധ കെട്ടിടങ്ങുളുടെ ഇടവഴികളിലൂടെ വാരണാസി ലിസിയും കുടിച്ച് ഉച്ചയോടെ തിരിച്ചെത്തി, നല്ല ക്ഷീണം ഉള്ളതുകൊണ്ട് തന്നെ നല്ലൊരു ഉറക്കം പാസാക്കി.

രാത്രി തുടങ്ങിയപ്പോൾ വാരണാസിയിലെ തെരുവ് ഭക്ഷണം കഴിക്കാനായി ഞങ്ങൾ പുറപ്പെട്ടു.
വാരണാസിയിലെ തെരുവ് ഭക്ഷണത്തിൻറെ രുചി പ്രസിദ്ധമാണ് , രുചിക്കാനുള്ള വിഭവങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് തുഹീനയുടെ കയ്യിൽ , അതിൽ പ്രധാനമാണ് pizzeriyayile പിറ്റ്സയും ദീന ചൗക്കിലെ ടൊമാറ്റോ ചാട്ടും . തെരുവിൽ നിന്നും ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത ഞാൻ ഇവരുടെ കൂടെകൂടി കണ്ണില്കണ്ട എല്ലാ കടയിൽനിന്നും കിട്ടുന്നവിഭവമെല്ലാം രുചിച്ചറിഞ്ഞു.

ഓരോ വിഭവത്തിന്റെ രുചിയും വ്യത്യസ്തവും പറഞ്ഞറിയിക്കാൻ കഴിയാത്തതുമാണ്. ഈ നല്ല യാത്രക്കാരുമായി ഞാൻ പരിചയപെട്ടില്ലായിരുന്നുവെങ്കിൽ എനിക്കിത് രുചിക്കാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. കണ്ടുമുട്ടിയവരെല്ലാം സംസാരപ്രിയരും , മനസ്സ് തുറന്നു സംസാരിക്കുന്നവരും , ഒരു പാത്രത്തിൽനിന്നു ഒരു സ്പൂണുമായി പരസ്പരം കഴിക്കാൻ മടിയില്ലാത്തവരുമാണ്. എത്ര കഴിച്ചാലും അവസാനം കാശുകൊടുക്കാൻ നേരത്ത് സംഖ്യ മൂന്നക്കത്തിൽ എത്തുന്നില്ല എന്നത് പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യമാണ് . വിഭവങ്ങളുടെ ഫോട്ടോകൾ കൂടെ ചേർത്തിട്ടുണ്ട് . ദീർഘമായ ഭക്ഷണ നടത്തത്തിനുശേഷം ഗംഗയുടെ രാത്രികാഴ്ചകളിലൂടെ നടന്നുനീങ്ങി.

നാളെയുള്ള സഞ്ചാരം സാരാനാഥിലേക്കാണ് , വരണാസിയിൽനിന്നും പത്തുകിലോമീറ്റർ അകലത്തിലുള്ള സാരാനാഥിലെത്താൻ ഓട്ടോയിൽ അരമണിക്കൂർ എടുക്കും. തുഹീന സാരാനാഥിൽ മുൻപ് പോയിരുന്നതുകൊണ്ടു ഞങ്ങളുടെ കൂടെ കൂടിയില്ല , ഹോളി ഇന്നലെ ആയിരുന്നുവെങ്കിലും മിക്ക ഷോപ്പുകളും ഇന്നും തുറന്നിട്ടില്ല. നഗരം പൊതുവെ തിരക്ക് കുറവാണ് .

സാരാനാഥിലേക്കെത്തും തോറൂം വൃത്തികൂടിവന്നു ചുറ്റുപാടുകൾക്ക് . ബുദ്ധമത വിശാസികളുടെയും ജൈന മത വിശാസികളുടെയും തീർഥാടന കേന്ദ്രമാണ് സാരനാഥ്. BC രണ്ടാം നൂറ്റാണ്ടു മുതലുള്ള ബുദ്ധ പ്രതിമകളും , സ്തൂപങ്ങളും ,സ്മാരകങ്ങളും, ചരിത്ര ശേഷിപ്പുകളും സാരനാഥിൽ ഉടനീളം കാണപ്പെടുന്നു . ബുദ്ധമത അനുയായികളുടെയും ചരിത്രകാരന്മാരുടെയും സ്വപ്നഭൂമിയായ സാരനാഥ്‌ ലോകമെമ്പാടുമുള്ള വിശാസികളെ ആകർഷിക്കുന്നു. ബോധഗയയിൽ വെച്ച് ബുദ്ധന് ജ്ഞാനമാര്ഗം കൈവന്നതിനുശേഷം അദ്ദേഹം ആദ്യമായി സന്ദർശിച്ച സ്ഥലം സാരനാഥ് ആയിരുന്നെത്രെ. . പവിത്രമായതെന്ന് ബുദ്ധൻ നിർദേശിച്ച നാല് സ്ഥലങ്ങളിൽ ഒന്നാണ് സാരാനാഥ്‌.

വാരണാസിയിൽനിന്നും സാർനാഥിലേക്കു വരുമ്പോൾ ആദ്യം കണ്ണില്പെടുന്നതാണ് ചൗഖണ്ഡി സ്ടതൂപം. ശ്രീബുദ്ധൻ തന്റെ ശിഷ്യന്മാരുമായി സംവദിച്ചിരുന്ന സ്ഥലമായാണു ഇവിടം കരുതിപ്പോരുന്നത്. അഷ്ടമുഖമാതൃകയിലാണു ഈ സ്തൂപം നിർമ്മിച്ചിരിക്കുന്നത് AD നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയിലാണ് സ്തൂപം ഒന്ന് ചുറ്റിനടന്നു കണ്ട ഞങ്ങൾ അടുത്ത തായ് ബുദ്ധ വിഹാറിലെ ബുദ്ധ പ്രതിമ കാണാനായ് പുറപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമയാണ് സാരാനാഥിലെ തായ് ക്ഷേത്ര പരിസരത്തെ ബുദ്ധ പ്രതിമ എൺപത് അടി ഉയരത്തിൽ നിലനിൽക്കുന്ന ഈ പ്രതിമ മനോഹരമായ കലാസൃഷ്ടിയാണ് , രണ്ടര കോടി രൂപയിലധികം ചിലവഴിച്ച് വർഷങ്ങൾ എടുത്താണ് ഇത് നിർമിച്ചത്. രണ്ടായിരത്തി പതിനൊന്നിൽ പഴയ തായ് പ്രധാനമന്ത്രിയാണ് ഇത് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത് .

ഇതിനടുത്തായാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മ്യൂസിയം , അമൂല്യമായ ചരിത്ര ശേഷിപ്പുകളുടെ വിലമതിക്കാനാകാത്ത ശേഖരമുള്ളതുകൊണ്ടു തന്നെ പഴുതടച്ച സുരക്ഷാക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്, കയ്യിൽ ബാഗോ മൊബൈൽ ഫോണോ മറ്റൊന്നും കൂടെകൂട്ടാനാകില്ല . ഇവിടേക്ക് പ്രേവേശിക്കാൻ ഇന്ത്യക്കാർക്ക് പതിനഞ്ച് രൂപയാണ് ചാർജ്ജ്. വിശാലമായ മ്യൂസിയത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ആദ്യം തന്നെ നാം അശോക ചക്രം യാഥാർത്ത രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നത് കാണും എന്നാൽ ഇത് ഏകദേശം ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. .

ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽ ഏ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള വിവിധ പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശനത്തിനായി വച്ചിട്ടുണ്ട്. സ്തൂപങ്ങൾ, അലങ്കാര വസ്തുക്കൾ , ലോഹ ഉപകരണങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ബുദ്ധപ്രതിമകൾ തുടങ്ങിയവ ഇവിടെ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു . ഇതെല്ലാം നോക്കിക്കാണുന്ന ബുദ്ധമത വിശ്വാസികൾ വളരെ ഭവ്യതയോടും ബഹുമാനത്തോടും കൈക്കൂപ്പി നടന്നു പോകുന്നു. ബുദ്ധമതത്തെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു പ്രദേശമാണ് സാരാനാഥ് .

കഴ്ചകളെലാം കണ്ടിറങ്ങിയ ഞങ്ങളെ ഗൈഡ് സിൽക്കിൽ സാരിയുണ്ടാക്കുന്ന ഒരു ഷോപ്പിലേക്ക് കൊണ്ടുപോയി. ബനാറസ് സിൽക്കിന്റെ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യൻ ഗവൺമെൻറ് നികുതി ഒഴിവാക്കിയും സബ്‌സിഡി കൊടുത്തും ഈ വ്യവസായത്തെ സംരക്ഷിച്ചുപോരുന്നു . സിൽക്കിൽ ഒരാൾ സാരി ചെയ്തുകൊണ്ടിരിക്കുന്നു, കൈകൊണ്ടു സാവധാനം നനുത്ത സിൽക്കിന്റെ കോർത്തുവെച്ച് ചിത്ര പണികൾ ആലേഖനം ചെയ്തു സാരി നെയ്തെടുക്കുന്നത് കണ്ണെടുക്കാതെ നോക്കിനിന്നുപോകും .

പ്രിയതമക്ക് രണ്ടു സാരി വാങ്ങി, ഏറ്റവും നല്ലതു തിരഞ്ഞെടുക്കാൻ കൊസാനി എന്നെ സഹായിച്ചു . സ്നേഹം മനസ്സിൽ മാത്രമല്ല ഇടക്ക് സാരിയായി കൈമാറ്റം ചെയ്യുന്നത് നല്ല ദാമ്പത്യത്തിനു സഹായകരമാണ് . “പ്രിയേ ! നിനക്ക് സാരി വാങ്ങാനായാണു ഞാൻ സാരാനാഥിൽപോയത് “എന്ന് ഇടക്കിടെ ഓര്മിപ്പിച്ചുകൊണ്ടിരിക്കാം.. ശേഷം ഡീർ -പാർക്കും ചുറ്റിക്കണ്ടു ഉച്ചഭക്ഷണത്തിനുശേഷം ഞാൻ അഭിനന്ദിനോടും കൊസാനിയോടും യാത്ര പറഞ്ഞു സാരാനാഥിലെ ചില പ്രദേശങ്ങളിലൂടെ എയർപോർട്ട് ലക്ഷ്യമാക്കി യാത്ര ചെയ്തു.

കിട്ടിയ ഇടവേളയിൽ , ഹോളി വീണ്ടും അനുഭവിക്കാനുള്ള , ഒത്തിരി കാലമായി കാത്തിരിക്കുന്ന വാരണാസി സന്ദർശിക്കാനുള്ള ആഗ്രഹം കൊണ്ട് പെട്ടെന്ന് വന്നതാണ് , വാരാണസി ഒത്തിരി ദിവസങ്ങൾ എടുത്ത് കാണാനും പഠിയ്ക്കാനുമുള്ളതാണ്.
ചില ദിവസങ്ങളിൽ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വാരണാസിയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് സർവ്വീസ് നടത്തുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം എത്ര മാത്രം മനോഹരമാണ് എന്നത് ഈ വിമാനത്താവളം എന്നെ ഓർമപ്പെടുത്തുന്നു, എക്സ്പ്രസ്സിന്റെ കിളിവാതിലിലൂടെ ഗംഗയെ സാക്ഷിയാക്കി, കളിമൺ ഫാക്ടറികൾക്കു മുകളിലൂടെ , കൃഷിയിടങ്ങളുടെ മനോഹരമായ പച്ചപ്പും ആസ്വദിച്ച് നാളികേരത്തിന്റ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്നും മനസ്സിൽ ആശ്വസിച്ചു പറന്നകന്നു.

വിവരണവും ചിത്രങ്ങളും – മുഹമ്മദ്‌ ഷഫീര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply