വിവരണം – Naru Narayan Kt.
‘കാശ്മീര്‍’, പത്രക്കെട്ടുകളിലും വാര്‍ത്താമാധ്യമങ്ങളിലും എന്നും നിറഞ്ഞുനില്ക്കുന്ന പേരുകളില്‍ ഒന്ന്. മഞ്ഞുപെയ്യുന്ന നഗരത്തേക്കാള്‍ അക്രമപരമ്പരകളുടെ നഗരം എന്ന വിശേഷണം, കാലം ചാര്‍ത്തികൊടുത്ത സ്ഥലം. ഭരണ അസ്ഥിരതയും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍, ഭീകരവാദികള്‍ മുതലെടുക്കുന്നതുകൊണ്ടാവാം കശ്മീര്‍ ഇന്നും ശാന്തമായി നിലകൊള്ളാത്തത്.
കശ്മീര്‍ ജനതയില്‍ ഭൂരിഭാഗവും മുസ്ലിംകളാണ് എന്നതിനാല്‍ കാശ്മീര്‍ തങ്ങളുടെ ഭാഗമാണ് എന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാനും ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍കൊണ്ട് കാശ്മീര്‍ ഞങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന ഇന്ത്യയും ഒരു തരത്തില്‍ കാശ്മീരിനെ കളിപ്പാവയാക്കുകയാണ്. കാരണം ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് അവിടെ താമസിക്കുന്ന പാവം ജനങ്ങളാണ്.
‘പുതു വെള്ളൈ മഴൈ ഇങ്ക് പൊഴികിന്രത്’ എന്ന മണിരത്നം ഗാനപശ്ചാത്തലത്തിലൂടെയാകാം കാശ്മീരിനെ പലരും ആദ്യമായി അറിയുന്നത്. നായികാനായകന്മാര് തങ്ങളുടെ അനുരാഗനിമിഷങ്ങള്‍, വെള്ളപ്പരവതാനി വിരിച്ച മലയടിവാരങ്ങളില്‍ പങ്കുവയ്ക്കുന്ന ദൃശ്യം പലരിലും അസൂയ ജനിപ്പിച്ചിട്ടുണ്ടാകാം. അന്ന് വെളുത്ത നൂലുകളായ് പെയ്തിറങ്ങുന്ന മഴയുടെ കാഴ്ചകളെ നോക്കി, വാപൊളിച്ച ഓര്‍മ്മകള്‍ ഇന്നും എന്നിലെ മോഹക്കൂട്ടില്‍ ഭദ്രമായി കിടപ്പുണ്ട്. മഞ്ഞുമലകള്‍ കാണുമ്പോള്‍ അമ്പരപ്പോടെ ചുറ്റുപാടും നോക്കുന്ന നായികയിലൂടെ ഞാനും അന്നാദ്യമായി കാശ്മീരിനെ കണ്ടു. വെള്ള പൂശിയ മലനിരകളും വെള്ളയുടുപ്പിട്ട മരങ്ങളും നായികയുടെ മഞ്ഞില്‍ കിടന്നുള്ള ആസ്വാദനവും അവരുടെ ഓടിക്കളിയും അങ്ങനെ ഓരോ രംഗവും ഉള്ളില്‍ പതിഞ്ഞുകിടന്നിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം തോളില്‍ ഒരു മാറാപ്പുസഞ്ചിയുമായി പോയകാലത്തിന്റെ ഓര്‍മ്മയിലൂടെ നടന്നുനീങ്ങിയപ്പോള്‍, മഞ്ഞുപെയ്ത കിനാവുകള്‍ ഓരോന്നായി ഞാന്‍ നേരില്‍ കണ്ടനുഭവിച്ചു. മാറ്റങ്ങള്‍ക്ക് വിധേയമായി കാലം സഞ്ചരിച്ചതിന്റെ ഫലം! ‘എവിടേയും പോകാന്‍ വേണ്ടി ഞാന്‍ യാത്ര ചെയ്യുന്നില്ല. യാത്രക്കായി ഞാന്‍ സഞ്ചരിക്കുകയാണ്..!’ “യാത്രയാണ് ആനന്ദം.”
മണാലിയിലെ മഞ്ഞുകാലം ഒരു മോഹമായി മാറിയിട്ട് ശ്ശി നാളുകളായി. പലരും പലതരത്തില്‍ ആഘോഷിക്കുന്നത്, ചിത്രങ്ങളിലൂടെ കണ്ടുനിന്ന ഒരു നാട്ടിന്പുറത്തുകാരന്, താന്‍ മഞ്ഞിനെ പുണരുന്ന സ്വപ്നങ്ങള്‍ പലതവണ നെയ്ത്കൂട്ടിയിരുന്നു. എങ്കിലും ഗണപതിക്കല്യാണം പോലെ നാളെയും നീളെയുമായി അത് നീണ്ടുനീണ്ടുപോയി എന്ന് മാത്രം. “എടോ നമുക്ക് മണാലി പോയാലോ” എന്ന ചോദ്യവുമായി ബിബിന്‍ വരുന്നതോടെയാണ് ഈ യാത്ര ജനിക്കുന്നത്. “എല്ലാരും മഞ്ഞില്‍ കിടന്ന് കളിക്കാ, കണ്ടിട്ട് കൊതിയാവുന്നു. നമുക്ക് പോയാലോ?” നീണ്ട ആലോചനയൊന്നും വേണ്ടി വന്നില്ല. ഞാന്‍ തയ്യാര്‍! അങ്ങനെ മണാലി ചര്‍ച്ചകളായി. അന്നേരം കോയിക്കോട്ടെ മുനീറും കൂട്ടരും മണാലിയില്‍ ഉണ്ടായിരുന്നു. അയാളെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നിരാശയായിരുന്നു മറുപടി. മഞ്ഞുകാലത്തിന് പരിസമാപ്തികുറിച്ചു എന്നും മഞ്ഞ് കാണാന്‍ ആണേല്‍ കശ്മീര്‍ പൊക്കോ എന്നുംകൂടി മുനീര്‍ പറഞ്ഞു.
ചര്‍ച്ചകള്‍ വീണ്ടും മാറിമറിഞ്ഞു. മണാലിയെ തട്ടി, കാശ്മീരിനെ അകത്തുകയറ്റി ഇരുത്തി. ചര്‍ച്ചകള്‍ പുരോഗമിച്ചു. യാത്രാവിവരണങ്ങള്‍, അനുഭവങ്ങള്‍ പലതും വായിച്ചുകൂട്ടി. ഒടുവില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. അതെ, ഭൂമിയുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവാന്‍ നമുക്ക് പോവാം എന്ന്! ആ ഊര്‍ജ്ജം കെടുന്നതിന് മുന്‍പേ വിമാനമാര്‍ഗ്ഗം രണ്ട് ടിക്കറ്റുകള്‍ തരപ്പെടുത്തിവച്ചു. ഇനി രണ്ടുമാസത്തെ കാത്തിരിപ്പ്. ആകാംക്ഷ കൂടുതല്‍ ഉള്ളതിനാല്‍ എന്നും എപ്പോഴും കാശ്മീര്‍ മാത്രമായിരുന്നു ഞങ്ങളുടെ സംസാരവിഷയം. യാതയെ കുറിച്ചുള്ള സംശയങ്ങള്‍ തീരുന്നതുമില്ല.
സാധാരണ ഒരു യാത്രയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സംശയങ്ങള്‍ക്കിടം കൊടുക്കാറില്ല. എവിടേക്കെങ്കിലും പോവുക, കാണാന്‍ കഴിയുന്നത് കാണുക, തിരിച്ചുപോരുക, ഇതേ നോക്കാറുള്ളൂ. മുന്‍കൂട്ടി നിശ്ചയിച്ച പല യാത്രകളും പാതിവഴിയില്‍ നൊമ്പരപ്പെടുത്തിയ അനുഭവമാകാം അതിനൊരു കാരണം. കാലേകൂട്ടി നിശ്ചയിച്ചുപോയ ആദ്യയാത്ര ലക്ഷദ്വീപിലേക്കാണ്. ശേഷം അങ്ങനെ ഒരു യാത്ര ഉണ്ടായിട്ടുമില്ല. യാത്ര എന്നത് പലര്‍ക്കും പലഭാവങ്ങളാണല്ലോ നല്‍കുന്നത്. മുന്‍വിധികള്‍ ഇല്ലാതെ പോകുന്ന യാത്രയിലാണ് ഞാനെന്റെ ആനന്ദം കണ്ടെത്തുന്നത്. ആ യാത്രകളില്‍ ഒരു സ്ഥലം കാണാന്‍ കഴിഞ്ഞില്ല എന്ന മനോവിഷമം നമുക്ക് വരികയില്ല എന്നതാണ് വാസ്തവം.!
നാളുകള്‍ നീങ്ങി, തയ്യാറെടുപ്പുകള്‍ ഒരു പരിധിവരെ കഴിഞ്ഞു. അതിനിടയില്‍ ഒരു ദിവസം അവന്- എടോ തനിക്ക് ഹിന്ദി അറിയ്വോ? കുച്ഛ് കുച്ഛ്. തനിക്കോ? ഞാനും കുച്ഛ് ആഹാ അടിപൊളി, മേരാ പ്യാരി സോനാരെ.. പിന്നീട് ഭാഷയായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം. എങ്കിലും പോകാന്‍ തന്നെയായിരുന്നു തീരുമാനം. അതിനിടയിലാണ് ഹാമിദലി മാഷിനെ ആകസ്മികമായി കണ്ടുമുട്ടുന്നത്.‘ നാരു, ഭാഷനോക്കിയിരുന്നാല് നമുക്ക് ഈ ഭൂമിയില്‍ എവിടേക്കും പോകാന്‍ കഴിയില്ല. നിങ്ങള്‍ ധൈര്യമായി പോവൂ, പത്തില്‍ പഠിച്ച ഹിന്ദിവരെ നിങ്ങള്‍ അറിയാതെ നിങ്ങളുടെ വായില്‍ വരും. കാരണം സംസാരിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് നിവൃത്തിയുണ്ടാകില്ല.’ ആ സംശയം തീര്‍ന്നു.
യാത്രയുടെ ദിനങ്ങള്‍ അടുത്തു. അതിനടയിലാണ് കാശ്മീരില്‍ ഒരു സഞ്ചാരി, കല്ലേറില്‍ മരണപ്പെടുന്നത്. അതുവരെ ശാന്തമായിരുന്ന വീട്ടുകാരും സുഹൃത്തുക്കളും ആ വാര്‍ത്തയോടെ ലേശം പരിഭ്രാന്തരായി. മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ എന്നതിനാല്‍ എനിക്കും ബിബിനും കൂടുതല്‍ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. പോവുക തന്നെ, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അവിടെ തീരട്ടെ ശരീരത്തിന്റെ നട്ടംതിരിയല്‍ എന്നുറപ്പിച്ചു. മെയ് 12 പുലര്‍ന്നു. പുത്തന്‍ കുപ്പായത്തിന്റെ പകിട്ടില്‍, തോളില്‍ ഒരു സഞ്ചിയുമായി, ഞാന്‍ കാശ്മീര്‍ സ്വപ്നത്തിലേക്ക് യാത്ര തിരിച്ചു. തൃശ്ശൂരിലെത്തി ഒരു ചുടു ചായയും അകത്താക്കി കോയമ്പത്തൂരിലേക്ക് വണ്ടി കയറി. കൊച്ചിയില്‍ നിന്നുള്ള വിമാന നിരക്കിനെ അപേക്ഷിച്ച്, കോയമ്പത്തൂരില്‍ നിന്നും നിരക്ക് വളരെ കുറവായിരുന്നു. അതിനാലാണ് യാത്ര ആ മണ്ണില്‍ നിന്ന് തുടങ്ങാം എന്ന് തീരുമാനിച്ചത്.
കോയമ്പത്തൂരില്‍ എത്തി, ടാക്സിയില്‍ കയറി വിമാനത്താവളം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് കണ്ണുകള്‍ പോയില്ല. യാത്ര തുടങ്ങിയതുമുതലുള്ള ആവേശവും ആകാംക്ഷയും ഞങ്ങളുടെ ചുണ്ടില്‍ പുഞ്ചിരിയായി പലപ്പോഴും വിടര്ന്നുവീണു. വിമാനത്താവളത്തില്‍ എത്തി, അകത്തു കയറിയ ഉടനെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ, കുട്ടിയുടുപ്പിട്ട സുന്ദരി ഞങ്ങളെ സഹായിക്കാനെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആ സുന്ദരിയോട് ലേശം കുശലവും പറഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
വിമാനത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും ഇരുന്നു. പലരും മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍ മുഴുകിയിരിക്കുന്നു. ചിലര്‍ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു. അമ്മയുടെ മടിയിലിരുന്ന് കളിക്കുന്ന ഒരു കുട്ടിയിലേക്ക് എന്റെ കണ്ണുകള്‍ ചെന്നുപതിച്ചു. അമ്മ തന്റെ രണ്ടുകൈകളും കൊണ്ട് കുട്ടിയെ പിടിച്ചുകെട്ടിയിരിക്കുന്നു. കുട്ടി അതില്‍നിന്നും കുതറിമാറി നിലത്ത് ഇറങ്ങുന്നു, ഓടിക്കളിക്കുന്നു. തെല്ലിട നേരം കഴിയുമ്പോള്‍ അമ്മ അവളെ എടുത്തുയര്‍ത്തി യഥാസ്ഥാനത്ത് വന്നിരിക്കുന്നു. കുട്ടി വീണ്ടും കുതറിയോടുന്നു . അമ്മയും മകളും തമ്മിലുള്ള ആ കളി എല്ലാരും നന്നേ ആസ്വദിക്കുന്നുണ്ടായിരുന്നു.
വിമാനത്തില്‍ കയറാനുള്ള വിളി മുഴങ്ങി. വരിവരിയായി ഞങ്ങള്‍ നടന്നു നീങ്ങി. കടുംനീല വേഷമണിഞ്ഞ പെണ്‍കൊടി എനിക്ക് സ്വാഗതം തന്നു. ചുണ്ടില്‍ ഘടിപ്പിച്ച പുഞ്ചിരിയുമായി, അവള് എന്നെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. അവളുടെ ചുവന്ന ചായം തേച്ച ചുണ്ടുകള്‍ക്കിടയില്‍ നിന്നും വിരിഞ്ഞുവീഴുന്ന പ്രകാശത്തിന്റെ അഴകില്‍, എന്റെ മനം മയങ്ങിവീണു. ആകശപ്പറവ, ഭൂമിയില്‍ നിന്നും കുതിച്ചുപൊങ്ങി. ഭക്ഷണപ്പൊതികള്‍ നിരത്തിയ തള്ളുവണ്ടിയുമായി അവള് വീണ്ടും എന്നരികില്‍ വന്നു. ചിരിച്ചുകൊണ്ട് അവള് നീട്ടിയ, ഒരു കോപ്പ വെള്ളം ഞാന്‍ കൈനീട്ടി സ്വീകരിച്ചു. ഇതൊന്നുമറിയാതെ എന്റെ അരികിലിരുന്ന യാത്രക്കാരന് കൂര്‍ക്കം വലിച്ചുകൊണ്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്കുള്ള യാത്രയും കാണാന്‍ പോകുന്ന കാഴ്ചകളും ആലോചിച്ച് ഞാനിരുന്നു. മഞ്ഞുപെയ്ത കിനാവുകള്‍ ഓരോന്നായി ഉള്ളില്‍ നിന്നും തികട്ടി വന്നു. കണ്ണുകളടച്ച് ഞാന്‍ വിശ്രമത്തിലേക്ക് നീങ്ങി.
ഈ യാത്രയില്‍ ഓരോ സ്ഥലവും കൃത്യമായി അടയാളപ്പെടുത്തി, ഒരു എക്സല്‍ ഷീറ്റില്‍ പോവേണ്ട സ്ഥലവും സമയവും അവിടങ്ങളിലെ പ്രധാന കാഴ്ചകളും അങ്ങനെയെല്ലാം തയ്യാറാക്കിത്തന്നത് Aby അണ്ണനാണ്. ഹിമാലയം- കാശ്മീര്‍ ഇവിടത്തെ ഓരോ സ്ഥലത്തേയും കുറിച്ച് ഏത് നട്ടപ്പാതിരയ്ക്ക് വിളിച്ച് ചോദിച്ചാലും ഉടനെ അണ്ണന് മറുപടി തരും. അതും അവിടെ നിന്ന് ഇങ്ങോട്ട് ഈ സമയത്ത് വണ്ടി കിട്ടും, അതുവഴി പോയാല്‍ ആ സ്ഥലം കാണാം അങ്ങനെ തുടങ്ങിയ മറുപടികള്‍. ഞങ്ങള്‍ നല്ല രീതിയില്‍ അബി അണ്ണനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കൂടാതെ ഈ രണ്ട് സംസ്ഥാനങ്ങള്‍ അരച്ച് കലക്കി കുടിച്ച മറ്റൊരു സഞ്ചാരി ഇവിടെയുണ്ടോ എന്നതും സംശയകരമാണ്. അതുപോലെ Shaan ഭായ്. കാശ്മീരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഷാന്‍ ഭായ് വഴി പല സഹായങ്ങളും കിട്ടും. ആശാനവിടെ മഞ്ഞുകാലം നോറ്റ കുതിരയായി ഓടി നടന്നിട്ടുണ്ട്. പിന്നെ മ്മടെ ഗഡി Anoop. ലവന് ഒരു ജിന്‍ ആയതോണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.
കൊച്ചിയില്‍ നിന്നും ഡല്‍ഹി, ശ്രീനഗര്‍ യാത്ര പോകുന്നവര്‍ എപ്പോഴും ടിക്കറ്റ് നിരക്ക് ഒന്ന് ശ്രദ്ധിക്കുക. കേരളത്തിനെ അപേക്ഷിച്ച് പലപ്പോഴും കോയമ്പത്തൂരില്‍ നിന്ന് ടിക്കറ്റ് നിരക്കില്‍ ഗണ്യമായ മാറ്റം കാണാന്‍ കഴിയും. ഞങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ കൊച്ചിയില്‍ നിന്ന് 5800 രൂപയും, കോയമ്പത്തൂരില്‍ നിന്ന് 4700 രൂപയും ആയിരുന്നു. അതാണ് യാത്ര അവിടെ നിന്നാക്കിയത്. ഈ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ പലരും മെസ്സേജ് വഴി എന്നോട് ചോദിച്ച ഒരു കാര്യം ആയിരുന്നു ഭാഷാപ്രശ്നം. അതൊരു പ്രശ്നമായി കാണാതിരുന്നാല്‍ നിങ്ങള്‍ക്ക് യാത്ര ആസ്വദിക്കാനാവും എന്നെ പറയുവാനുള്ളൂ. കാശ്മീര്‍ നിങ്ങളുടെ കണ്മുന്നില് തന്നെയുണ്ട്. ഒന്ന് തൊടാന്‍ കഴിയുന്ന ദൂരത്തിനടുത്ത്. ഭാണ്ഡം കെട്ടിവയ്ക്കു, പോവൂ.. ആ സ്വര്‍ഗ്ഗം നിങ്ങളുടേതാക്കൂ.!!!(തുടരും..)