15 മണിക്കൂർ ട്രെക്കിങ്, കാട്ടിൽ ഒരു രാത്രി താമസം, 28 കി.മീ. ദൂരം.. കുമാരപര്‍വ്വത കാഴ്ചകള്‍…

15 മണിക്കൂർ ട്രെക്കിങ് , കാട്ടിൽ ഒരു രാത്രി താമസം , നടന്നത് 28 കിലോമീറ്റർ ദൂരം … പറയാൻ പോകുന്നത് 5700 അടി ഉയരത്തിൽ പോയി കണ്ട “കുമാരപർവ്വത_കാഴ്ചകൾ ” How far from here to buttermana ?? , നടന്നുനീങ്ങുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രെക്കിങ്ങ് പാത്തിലൂടെയാണ് എന്ന് അറിയുമെങ്കിലും ഈ ചോദ്യം ചോദിക്കേണ്ട എന്ന് കരുതിയിരുന്നതായിരുന്നു. എന്നാൽ മുകളിൽ നിന്ന് ഇറങ്ങിവരുന്ന കർണാടക സഞ്ചാരികളോടും വിദേശി ടൂറിസ്റ്റുകളോടും ഇടക്കിടക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം , രാവിലെ 7 മണിക്ക് തുടങ്ങിയ നടത്തത്തിന് 9.30 കഴിഞ്ഞിട്ടും ആദ്യ ലക്ഷ്യസ്ഥാനമായ ബട്ടർമന കാണാൻ കഴിഞ്ഞിട്ടില്ല.

കല്ലുകളും വേരുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ കാനനപാത കിലോമീറ്ററോളം പിന്നിട്ടപ്പോയേക്കും കാലുകൾ രണ്ടും കുഴഞ്ഞിട്ടുണ്ട്. കുക്കു സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്നും 7 km നടന്നാൽ ബട്ടർമന എത്തും എന്ന് അറിയാമെങ്കിലും ആ നടത്തത്തിന് ഇത്രക്ക് സമയം വേണ്ടി വരുമെന്നോ , ഇത്രക്ക് ക്ഷീണം ഉണ്ടാകുമെന്നോ അറിയില്ലായിരുന്നു..

കുമാരപർവ്വതം കയറുന്നവരുടെ ഏക ഭക്ഷണ ആശ്രമ കേന്ദ്രമാണ് ബട്ടർമന. 7 km ഉള്ളിലായി ഈ കൊടുംകാട്ടിൽ ഈ വീട് എങ്ങനെ വന്നു എന്നത് അത്ഭുതമാണ്. ഇവിടേക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നവർ വലിയ ഭാരം തലയിൽ വെച്ചും , തോളിൽ തുണി കെട്ടി അതിൽ വലിയ കാനിൽ വെള്ളം നിറച്ചും ഞങ്ങൾക്ക് മുന്നേ നടന്നുനീങ്ങുന്നത് മൂക്കത്ത് വിരൽ വെച്ച് നോക്കിനിൽകാനേ കഴിഞ്ഞുള്ളൂ.


കാടിന്റെ വന്യതയിൽ നിന്ന് വഴികൾ വെളിച്ചത്തിലേക്ക് കടന്നിരിക്കുന്നു , മുന്നിൽ സഹ്യന്റെ തലയെടുപ്പ് സിരകൾക് ഉത്തേജകം നൽകി.  11 മണിക്ക് മുമ്പായി ഫോറസ്റ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്താലേ സഹ്യനെ പുണരാൻ പറ്റൂ എന്ന പേടി ഹൃദയമിടിപ്പിനോടൊപ്പം ആകാംക്ഷയും കൂട്ടി. നടത്തത്തിന് കഴിയുന്ന വേഗത കൊടുത്ത് ആദ്യ ലക്ഷ്യസ്ഥാനം 10.30 ന് എത്തി. കൊടും കാടിന് നടുവിൽ ഓട് വിരിച്ച മേല്കൂരയാൽ തലയുയർത്തി നിൽകുന്ന ബട്ടരുടെ മന!!! , സമയം വൈകും എന്ന കാരണത്താൽ അവിടം കയറാതെ നേരെ ഫോറസ്റ്റ് ഓഫീസിലേക്ക്…

ആദ്യം തന്നെ ബാഗ് മുഴുവൻ തുറന്ന് കാണിച്ച് കൊടുത്തു. കുപ്പി , സിഗരറ്റ് എന്നിവ ഉണ്ടോ എന്ന് നോക്കിയതാണ്. ശേഷം പേരും അഡ്രസ്സും എഴുതികൊടുത്ത് 350 ₹ ഒരാൾക്ക് ഫീയും കൊടുത്ത് ( 70 രൂപ എന്ന് അവരുടെ സൈറ്റിലും , 200 മതി എന്ന് മുമ്പ് പോയവർ പറഞ്ഞിരുന്നു എങ്കിലും 350 കൊടുക്കേണ്ടി വന്നു ) ബാഗ് അവിടെ സൂക്ഷിച്ച് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ക്യാമറയും എടുത്ത് ട്രെക്കിങ് പാത്തിലൂടെ നടന്നു…

” സ്വർഗത്തിലേക്കുള്ള പാതകൾ കല്ലും മുള്ളും നിറഞ്ഞതാണ് ” , അല്ല അച്ചോ… ആ പാതയിൽ കല്ലുകൾക്കും മുള്ളുകൾക്കും പുറമെ കുഴികളും , മരങ്ങളും , വേരുകളും ചിലപ്പോൾ പാമ്പുകളും ഉണ്ട്. പാപം ചെയ്യാത്തവർ ഇവ വകച്ചുമാറ്റി പോകുന്നപോലെ ഈ കുഞ്ഞാടുകളും സ്വർഗത്തിലേക്കുള്ള വഴി തെളിയിച്ച് മുന്നോട്ട് നീങ്ങി.. ഇനി കാലുകൾ മുന്നോട്ട് വെക്കണമെങ്കിൽ വിശ്രമം കൂടിയേ തീരൂ.. ‘ , എല്ലാവർക്കും ഈ അഭിപ്രായം ആയിരുന്നു. ബാഗിൽ കരുതിയിരുന്ന ആപ്പിളും ബ്രഡ്ഡും ജാമും ക്ഷീണത്തിന് കുറച്ച് ആശ്വാസം നൽകിയതിനാൽ മുന്നിൽ കാണുന്ന വഴിയിലൂടെ ദാസേട്ടന്റെയും , ചിത്രചേച്ചിയുടെയും , ശ്രീകുമാറേട്ടന്റെയും എല്ലാം കൂടെ ആടിപ്പാടി നടന്നു.

6 കസേരകൾ പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമം കൊതിച്ചെത്തുന്നവർക്ക് വേണ്ടി ആരോ പണിത് വെച്ചിരിക്കുന്നു.. അന്നേരം അവിടെ ഇരിക്കുന്നതിന്റെ ഒരു ഫീൽ അനുഭവിച്ച് തന്നെ അറിയണം. ഇവിടുന്ന് 2 KM ദൂരമുണ്ട് കൽമണ്ഡപത്തിലേക്ക്. മുന്നിലെ വഴികളിൽ ഇനി വൻമരങ്ങൾ ഇല്ലെങ്കിലും 60° – 70° കുത്തനെയുള്ള കയറ്റങ്ങളാണ് ഉള്ളത്. ചിലപ്പോയൊക്കെ മുന്നിലെ ആളുകൾ പ്രതിമപോലെ നില്കുന്നത് താഴെനിന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും അവിടം എത്തിയപ്പോൾ കുറച്ച് നേരം ഇങ്ങനെ നിവർന്ന് നിന്ന് വിശ്രമിച്ചെ മുന്നോട്ട് നീങ്ങാൻ പറ്റൂ ( ഇരിക്കാൻ ഉള്ള സ്ഥലം ഇല്ല ) എന്നത് ഞങ്ങൾക്കും മനസ്സിലായി.

കൂടുതൽ അടുക്കുന്തോറും മുന്നിൽ കണ്ടിരുന്ന സഹ്യനിരകൾക്ക് കറുത്തിരുണ്ട മുഖഭാവം കൈവരുന്നു… അടുത്തെത്തിയപ്പോയാണ് മനസ്സിലായത് നമ്മുടെ ‘ ചെമ്പ്ര ‘ ക്ക് സംഭവിച്ചപോലെ ഇവിടെയും സംഭവിച്ചിരിക്കുന്നു..  ഒരു ആശ്രദ്ധയിൽ നിന്നുണ്ടായ തീനാളമാകാം , അല്ലെങ്കിൽ പ്രകൃതിയുടെ വികൃതിയാവാം പച്ചപ്പുൽനാമ്പുകൾ ചെറുചാരമായി കണ്ണുനീർ പൊഴിച്ചിരിക്കുന്നു.

കൽമണ്ഡപം – ചുറ്റിലും കാണുന്ന കറുപ്പിലും കാഴ്ചകൾക്ക് ഏഴഴക് തീർക്കാൻ നാല് കരിങ്കൽ തൂണിനാൽ ഉയർന്ന് നിൽക്കുന്ന ചെറിയ വിശ്രമകേന്ദ്രം. ദൂരെ ഈ കാഴ്ച കണ്ണിൽ പതിഞ്ഞതോടെ മനസ്സ് വീണ്ടും ഒരു വിശ്രമത്തിന് കൊതിച്ചു. നടത്തത്തിന്റെ വേഗതകൂട്ടാൻ കഴിയുന്നില്ലെങ്കിലും ആവുംവിധം കാലുകൾ മുന്നോട്ട് നീക്കി.

ട്രെക്കിങ്ങിന്റെ ക്ഷീണം എത്രത്തോളം ഉണ്ട് എന്നത് ഞങ്ങളെയും മുമ്പേ മനസ്സിലാക്കി അവിടെ വിശ്രമിച്ചവർ ഞങ്ങൾക്ക് വേണ്ടി സ്ഥലം ഒഴിവാക്കി തന്ന് അവർ മുന്നോട്ട് നീങ്ങി. നീണ്ട് നിവർന്ന് കുറച്ച് സമയം കിടന്നും , കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് കഴിച്ചും , വെള്ളം കുടിച്ചും അവിടെ 15 മിനിറ്റ് ചിലവഴിച്ചു. സമയം 12.30 കഴിഞ്ഞിരിക്കുന്നു എന്നും ഇനിയും വൈകിയാൽ മുഴുവൻ കയറാൻ സമയം കിട്ടില്ല എന്നും ഫൈറൂ ഓർമ്മപ്പെടുത്തിയപ്പോൾ കയറിവരുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാൻ സ്ഥലം കൊടുത്ത് മുകളിലേക്ക് നടന്നു.

പിന്നിടുന്ന വഴിയുടെ സ്വഭാവം പതുക്കെ മാറിക്കൊണ്ടിരിക്കുന്നു.. കയറ്റങ്ങൾക് ഡിഗ്രിയുടെ അളവുകൾ കൂടിക്കൊണ്ടിരിക്കുന്നു എന്നത് കാലുകളുടെ വേദനയും നെഞ്ചിടിപ്പും കൂടുന്നതിനനുസരിച്ച് മനസ്സിലാക്കാൻ സാധിച്ചു.

3 ബോട്ടിലുകളിലായി 4 പേർക്ക് 6 ലിറ്റർ വെള്ളം കൊണ്ടുവന്നതിൽ 4 ലിറ്റർ തീർന്നത് വെറും 2.5 KM ആയപ്പോയെക്കും ആണ് എന്നത് അറിയുമ്പോൾ ഈ ട്രെക്കിങ് ന്റെ കാഠിന്യം ഊഹിക്കാമല്ലോ.. കാലിയായ 2 കുപ്പി വെള്ളം നിറച്ചത് കൽമണ്ഡപം കഴിഞ്ഞ ഉടനെ മുകളിൽ നിന്ന് പാറകളിലൂടെ ഒഴുകിവരുന്ന തണുത്ത വെള്ളമാണ്.. ഈ വഴികളിലെ വെള്ളത്തിനുള്ള ഏക ആശ്രയവും ഇവിടെയാണ്.  വെള്ളം നന്നേ കുറവാണ് ഇപ്പോൾ , ഇലകൾ കൂട്ടി വെച്ച് അതിൽ നിന്ന് കുപ്പിയിലേക്ക് നിറച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ലക്ഷ്യം പകുതിവെച്ച് നിർത്തേണ്ടിയിരുന്നു.

” ശേഷപർവ്വത” , മുന്നിൽ തെളിഞ്ഞ തീ നാമ്പുകൾ നക്കിതുടച്ച മറ്റൊരു മല കണ്ടപ്പോൾ അറിയാതെ പറഞ്ഞുപോയി.. കാൽമണ്ഡപത്തിൽ നിന്ന് 3 KM കഴിഞ്ഞിട്ടുള്ള അടുത്ത ലക്ഷ്യസ്ഥാനം ശേഷപർവ്വതമാണ്. ഈ 3KM ആണ് ഈ യാത്രയിലെ ഏറ്റവും ദുർഘടം പിടിച്ച പാതയും. വലതുഭാഗത്ത് കൂറ്റൻ പാറയോട് കൂടിയ മലനിരയും 4000 അടിയിലേറെ താഴ്ചയുള്ള അഘാത കുഴിയും , ഇടത് ഭാഗത്ത് ചെങ്കുത്തായ ഇറക്കവും.. മുന്നിൽ കാണുന്ന 2 അടി വഴിയിലൂടെ മാത്രം മുന്നോട്ട് നീങ്ങുക , ഇറങ്ങിവരുന്നവർക്ക് സൂക്ഷിച്ച് വഴിമാറി കൊടുക്കുക.
കൂടുതൽ നേരം അവിടെ നോക്കിനിൽകാൻ കഴിയാത്തത് കൊണ്ട് പലരും തെളിച്ച വഴിയിലൂടെ വീണ്ടും മുന്നോട്ട്….

‘ This is sheshaparvatha ? ‘ ഒരു സൂചനാ ബോർഡും കാണാത്തത് കൊണ്ട് ഒരു മനസ്സുഖം കിട്ടാൻ അവിടെ വിശ്രമിക്കുന്ന സഞ്ചാരിയോട് ചോദിച്ചതാ… ” No , not this.. this is …… ( എന്തോ ഒരു പേര് പറഞ്ഞു ) , that is sheshaparvatha !! ” എന്ന് പറഞ്ഞു മൂപ്പര് വീണ്ടും മുകളിലേക്ക് വിരൽ ചൂണ്ടിയപ്പോൾ തല കറങ്ങുന്ന പോലെ തോന്നി… ” ദൈവമേ…. ഞാൻ ഇല്ല , നിങ്ങൾ പൊയ്‌ക്കോളൂ ” എന്ന് കൂടെ ഉള്ളവരോട് പറഞ്ഞ് കിട്ടിയ സ്ഥലത്ത് സൂര്യനെ പല്ലിറുക്കി കാണിച്ച് കിടന്നു..
ആപ്പിളും , ചോക്ലേറ്റും ആദ്യമേ തീർന്നത് കൊണ്ട് അതിന്റെ കാര്യത്തിലും ഒരു തീരുമാനം ആയിരുന്നു..

5 മിനിറ്റ് കിടന്നിട്ടില്ല , അപ്പോയേക്കും അശ്വതിക്ക് എങ്ങുനിന്നോ ഊർജ്ജം കിട്ടിയിരുന്നു..
” ഇത്രെയും വന്നിട്ട് നമ്മൾ കുമാരപർവ്വതം കയറിയില്ലെങ്കിൽ മാനക്കേടാ , ഞാൻ ഏതായാലും കയറും, വേറെ ആരാ ഉള്ളെ ” എന്ന് ചോദിച്ചപ്പോൾ ഫൈറൂ ഉം കട്ട സപ്പോർട്ട്..
ഒരു ആണ് ആയിപ്പോയില്ലേ… പെണ്ണിന്റെ മുമ്പിൽ തോറ്റ് പിന്മാറാൻ പറ്റില്ലല്ലോ.. മനസ്സില്ലാ മനസ്സോടെ എണീറ്റു. പിറകിലായി കിളിപോയ പോലെ അഭിരാമിയും ഞങ്ങളെ അനുഗമിക്കുന്നുണ്ട്.

പ്രകൃതിയുടെ വികൃതിക്കോ , നരന്റെ നായാട്ടിനോ ഇരയാകാത്ത പച്ചപ്പുല്ലുകൾ നിറഞ്ഞ മറ്റൊരു മല കണ്ണിൽ തെളിഞ്ഞ് വരുന്നു.. അതെ , ശേഷപർവ്വതം. കഴിഞ്ഞ 2 മണിക്കൂർ ചിലവഴിച്ചത് ഈ 3 KM പിന്നിടുവാൻ ആണെന്ന സത്യം മനസ്സിലാക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി.

രാവിലെ തുടങ്ങിയ യാത്രയുടെ ലക്ഷ്യസ്ഥാനത്തിലേക്ക് ഇനി ബാക്കിയുള്ളത് 2 KM. 11 കിലോമീറ്ററും 7 മണിക്കൂറും പിന്നിട്ടപ്പോൾ ഞങ്ങൾ എത്തി നിൽക്കുന്നത് ശേഷപർവ്വതത്തിൽ. കൈവിട്ടുപോയ ഊർജ്ജം സിരകളിലേക്ക് തിരിച്ചെത്തിയോ എന്നൊരു തോന്നൽ. ഉള്ളിലെവിടെയോ അഹങ്കാരം തളിർക്കുന്നുവോ എന്നൊരു തോന്നൽ..

‘എല്ലാം ഓരോ തോന്നാലുകളല്ലേ പത്രോസേ ‘ എന്ന് നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച ‘ ചാർളി ‘ പറഞ്ഞിട്ടുണ്ടെങ്കിലും ഈ തോന്നലുകൾ ശരിക്കും ഉള്ളതാ ന്റെ സാറേ… , അല്ലെങ്കിലും ഇവിടെ എത്തിയാൽ ഇതൊക്കെ ആർക്കും തോന്നുന്നത് സ്വാഭാവികം.

ഇരുട്ടും മുമ്പ് മല ഇറങ്ങാൻ ഉള്ളതാ.. വീണ്ടും ഓർമ്മപ്പെടുത്തലുകൾ… 1 KM പിന്നിട്ട് എത്തിയത്
” പുഷ്പഗിരി പീക്ക് – 1 KM ” എന്ന ബോർഡിന് മുന്നിൽ. പിന്നീട് ബാക്കിയുള്ള 1 km നടക്കാനുള്ളത് കൊടും കൂട്ടിലൂടെയാണ്.  വൻമരങ്ങളും , വേരുകളും വഴികൾക്ക് തടസ്സം സൃഷ്ടിച്ചുവെങ്കിലും ” ഇതല്ല , ഇതിനപ്പുറവും ചാടി കടന്നവനാണീ നൗഫൽ കാരാട്ട് ” എന്ന് വിളിച്ച് പറഞ്ഞ് മുന്നോട്ട് നടന്നു.

കാട് അവസാനിക്കുന്നത് ഒരു കൂറ്റൻ പാറയുടെ തുടക്കത്തിലാണ്. ഇതാണത്രെ അവസാന പരീക്ഷണം. കയറിൽ പിടിച്ച് മുന്നിലുള്ളവർ കയറുന്നത് അന്തം വിട്ട് നോക്കി നിൽക്കാനേ നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ… അവസാന പരീക്ഷണം , തോറ്റ് പിന്മാറാൻ മനസ്സ് സമ്മതിക്കുന്നില്ല.. ” പടച്ചോനെ.. ങ്ങള് കാത്തോളീ… ” ന്നും പറഞ്ഞ് താഴോട്ട് നോക്കാതെ പാറയിലും കല്ലുകളിലും അള്ളിപ്പിടിച്ച് ഒറ്റ കയറ്റം. സംഭവം കളറായി എങ്കിലും കയ്യിൽ കല്ലുകൾ കോറി കൈ ചുവന്നിരുന്നു. ഇതുപോലെ തന്നെ എല്ലാവരും മുകളിൽ കയറി അവസാന പരീക്ഷണവും വിജയിച്ചു.

ഇളം കാറ്റിൽ ഇവിടെ ആടാൻ തേങ്ങാകുലകൾ ഇല്ലാത്തത് കൊണ്ട് പുഷ്പഗിരി പീക്ക് ( കുമാരപർവ്വതം ) ന്റെ ഏറ്റവും മുകളിലെ ആ ഓറഞ്ച് കൊടികൾ പാറുന്നത് ഒരു വിജയക്കൊടി പോലെ തോന്നിച്ചു. അല്ല , അത് അവിടേക്ക് വരുന്ന ഏതൊരു സഞ്ചാരിയുടെയും വിജയക്കൊടി തന്നെയാണ്.

അവസാന ദൂരവും പിന്നിട്ട് പുഷ്പഗിരി പീക്ക് 0 km എന്ന ബോർഡിൽ നോക്കി ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന ശ്വാസവും പുറത്തേക്ക് വിട്ട് 4 മണിയുടെ ഇളം വെയിലേറ്റ് 10 മിനിറ്റോളം ആരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ മലർന്ന് കിടന്നു..

മനസ്സ് ശാന്തമായിരിക്കുന്നു. ഹൃദയമിടിപ്പ് കുറഞ്ഞിരിക്കുന്നു , തണുത്ത കാറ്റ് ചോർന്നുപോയ ഊർജ്ജത്തെ വീണ്ടും ഉത്തേജിപ്പിക്കുന്നു , കാലുകളുടെ പിണക്കത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. എങ്ങനെ പിണങ്ങാതിരിക്കും.. മുട്ടൻ പണിയല്ലേ ഇന്ന് അങ്ങേർക്ക് കൊടുത്തത്.

കുമാരപർവ്വതത്തിന്റെ ഏറ്റവും മുകളിൽ ഒരു ചെറിയ ക്ഷേത്രമാണ് സ്ഥിതിചെയ്യുന്നത്. ഐതിഹ്യം ഒന്നും അറിയില്ലെങ്കിലും ഇതിന് പിന്നിൽ വലിയ ചരിത്രമുണ്ട് എന്നത് കണ്ടാൽ തന്നെ മനസ്സിലാകും. കരിങ്കൽപാളികൾ അടുക്കിവെച്ച് ശ്രദ്ധാപൂർവ്വം ഉണ്ടാക്കിയ ആ ക്ഷേത്രത്തിന് ചുറ്റും ഇതുപോലെ ഒരുപാട് നിർമ്മിതികൾ കാണാൻ കഴിയും. അവിടേക്ക് വരുന്ന ഓരോ സഞ്ചാരിയും ഉണ്ടാക്കിയതാണ് അവയൊക്കെ എന്ന് മനസ്സിലാക്കി ഞങ്ങളും ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ നിർമ്മിതി ഉണ്ടാക്കി.

‘ ഗിരിഗഡ്ഢി – ബീഡഹള്ളി – 7km ‘ എന്ന ബോർഡ് കണ്ട് വന്നവഴി മാറ്റിപ്പിടിക്കാം എന്ന് കരുതി വലത് സൈഡിലൂടെ കാടിറങ്ങി. സമയം 5 ആയിരിക്കുന്നു. കാട്ടിൽ സൂര്യകിരണങ്ങളുടെ ഒളിച്ച്കളി തുടങ്ങിയിരിക്കുന്നു . ഇരുട്ട് പാകിയ വഴിയിലൂടെ 1 കിലോമീറ്റർ പിന്നിട്ടപ്പോയേക്കും പിറകിൽ നിന്നുള്ള വിളി യാത്രക്ക് തടസ്സം സൃഷ്ടിച്ചു.

” Where are you going ?? ” ചോദ്യം കാക്കി പാന്റ് ധരിച്ച ഒരു തൊപ്പിക്കാരന്റെതാണ്. ” we are going to buttermana ” എന്ന് പറഞ്ഞ് ഒപ്പിച്ചപ്പോൾ ” നിങ്ങൾക്ക് വഴി തെറ്റി എന്നും , ഇത് സോംവാര്‍പേട്ട് ലേക്ക് ഉള്ള വഴി ആണ് . നിങ്ങൾ വന്ന വഴിയിലൂടെ തന്നെ തിരിച്ച് പോകണം ” എന്നും പറന്നു.

( ഈ റൂട്ട് സോംവാര്‍പേട്ട് വഴി വരുന്ന റൈഡർമാർക്ക് ഉള്ളതാണ്. ഇതിലൂടെ കുമാരപർവ്വതം വരികയാണെങ്കിൽ 7 km മാത്രമേ ട്രെക്കിങ് ഉള്ളൂ , എന്നാൽ ഏറ്റവും അപകടം പിടിച്ച കാട് ആണ് ഇവിടം. കാട്ടിയും , പാമ്പുകളും , മുള്ളൻപന്നികളും ഒരുപാട് ഉള്ള സ്ഥലം. ഒറ്റക്ക് ഇതിലൂടെ പ്രവേശിക്കാറില്ല എന്നൊക്കെ അതിലൂടെ വന്ന ഒരു ബാംഗ്ലൂർ മലയാളി പറഞ്ഞ് തന്നു )
ഇതെല്ലാം കേട്ടപ്പോൾ ആ മനുഷ്യനെ അങ്ങോട്ട് അപ്പോൾ അയച്ച ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് തോന്നി. അന്ന് ആ വഴി ഞങ്ങൾ ഇറങ്ങി എങ്കിൽ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത , വെറുക്കപ്പെടുന്ന ഒരു രാത്രി ആയിരുന്നേനെ…!!!!!

തിരിച്ചുകിട്ടിയ ജീവനും എടുത്ത് തിരിച്ച് നടന്നു , ചിവന്നുതുടത്ത സൂര്യൻ താഴേക്ക് പതിക്കാൻ സമയം കാത്തിരിക്കുന്നു. എങ്ങും ഇരുട്ടും ചുവന്ന സൂര്യ കിരണങ്ങളും കാഴ്ചകൾക്ക് മങ്ങലേല്പിക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന 2 ഫോണുകളിൽ ഒന്നിൽ ചാർജ് തീരാനായിരിക്കുന്നു. ഇരുട്ട് ശക്തമായാൽ 4 പേർക്കും ഒരു ഫോണിന്റെ വെട്ടത്തിൽ താഴെ ഇറങ്ങേണ്ടി വരും..
പേടികൊണ്ട് കൈകാലുകൾ വിറക്കുന്നുണ്ട് , നടത്തത്തിന്റെ സ്പീഡ് കൂട്ടി ഓടാൻ ശ്രമിച്ചു. വന്ന വഴി എത്തി അതിലൂടെ താഴെ ഇറങ്ങുന്ന സഞ്ചാരികളെ കാണുന്നത് വരെ ഓട്ടം തുടർന്നു. ഞങ്ങൾ ഏറ്റവും അവസാനം ആണ് എന്നത് വ്യക്തമായിരുന്നു. കാരണം ഞങ്ങളെ പിറകിൽ കണ്ടതോടെ മുന്നിൽ കണ്ടവർ ഞങ്ങൾ എവിടെയായിരുന്നു എന്ന കാര്യം തിരക്കാതിരിന്നില്ല.

സമയം 6 ആയിരിക്കുന്നു. ശേഷപർവ്വതത്തിൽ അസ്തമയം കാണാൻ ആദ്യമേ സ്ഥാനം പിടിച്ചവരുടെ അടുത്ത് നിന്നും തെല്ല് മാറി ഞങ്ങളും ആ യാമങ്ങൾക്ക് കാത്തിരുന്നു.
പച്ചപ്പുതപ്പണിഞ്ഞ സഹ്യൻ സ്വർണപ്പട്ടണിയുന്ന യാമങ്ങൾക്ക് സ്വർണകിരണങ്ങളുടെയും തണുത്ത കാറ്റിന്റെയും തൊട്ടുതലോടലുകൾ കൊണ്ട് നയനസുന്ദരമായിരുന്നു.. ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയേറിയ അസ്തമയം 4000 അടി മുകളിൽ നിന്ന് കൺകുളിർക്കെ കണ്ട് തിരിച്ചിറങ്ങി.

അസ്തമയം കണ്ട് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളോടൊപ്പം ഒരുപാട് പേരുണ്ടായിരുന്നു എങ്കിലും മലയാളികളായി ഞങ്ങൾ 4 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ടോർച്ച് കയ്യിൽ കരുതിയവർ അതിന്റെ വെട്ടത്തിലും ചിലർ മൊബൈൽ ഫ്ലാഷ് ന്റെ വെളിച്ചത്തിലും കുന്നിറങ്ങിയപ്പോൾ ഞങ്ങൾക്ക് പിറകിലായി പുഞ്ചിരിതൂകി പതിനാലാം രാവിന്റെ ചന്ദ്രശോഭയിൽ ചന്ദ്രനും വഴികൾ കണ്ടെത്താൻ വെളിച്ചം തരുന്നുണ്ടായിരുന്നു.

ആരും തമ്മിൽ തമ്മിൽ സംസാരിക്കാതെ കുന്നിറങ്ങുന്നത് സാഹിക്കാഞ്ഞിട്ട് ആണോ , അവർക്കിട്ട് പണി കൊടുക്കാനാണോ എന്നറിയില്ല , അച്ചുവിന്റെ കലാ ഹൃദയം ഉണർന്നത് പെട്ടെന്നായിരുന്നു. ശ്രുതിയും , സംഗതിയും മല കയാറാൻ കൂടെ വരാത്തത് കൊണ്ട് അവൾ ഒറ്റക്ക് പാടിയപ്പോൾ കൂടെ പാടാൻ ഞങ്ങളെ ഉണ്ടായിരുന്നുള്ളൂ..

മലയാളവും , തമിഴും കഴിഞ്ഞ് ഹിന്ദി പാട്ടിലേക്ക് കടന്നപ്പോൾ തൊട്ട് പിറകിലുണ്ടായിരുന്ന ആൾ ആ പാട്ട് മൊബൈലിൽ പ്ലേ ചെയ്തത് “ഇനിയെങ്കിലും ഒന്ന് നിർത്തോ ” എന്ന ചോദ്യ ഭാവത്തോടെയാണ് എന്ന് മനസ്സിലായി എങ്കിലും ഞങ്ങൾ പാട്ട് തുടർന്നു. ചിരിച്ചും , പാട്ടുകൾ പാടിയും 8 മണിക്ക് ഫോറസ്റ്റ് ഓഫീസിൽ എത്തുമ്പോയേക്കും എല്ലാരും നല്ല കമ്പനി ആയിരുന്നു.

കാലുകൾ നിലത്ത് കുത്തിനിൽകാൻ കഴിയാത്ത അവസ്ഥ , വിശപ്പ് കൊണ്ട് കണ്ണ് കാണാനും വയ്യ. എങ്കിലും ഒരുവിധം ടെന്റ് വലിച്ചുകെട്ടി നേരെ അതിനുള്ളിലേക്ക് ഊളിയിട്ടു.
പറഞ്ഞറിയിക്കാനാകാത്ത സുഖം ശരീരത്തിന് തോന്നുന്നു.. ചെറുതായി മയങ്ങി ഫൈറു തട്ടിവിളിച്ചപ്പോഴാണ് എണീറ്റത്. ബ്രെഡ്ഡും ജാമും ബാക്കി പഴവും കഴിച്ച് വെള്ളവും കുടിച്ച് പിന്നെയും നിദ്രയിലേക്ക്.. ഇതിനിടയിൽ അച്ചുവും അഭിയും അവരുടെ ടെന്റ് റെഡിയാക്കിയിരുന്നു.

സൂര്യോദയം കാണണം എന്ന അതിതായ ആഗ്രഹം ക്ഷീണം കൊണ്ട് ഇല്ലാതാക്കുമോ എന്ന പേടി കിടന്നപ്പോൾ തോന്നിയത് കൊണ്ട് 5 മണിക്ക് അലാറം വെച്ചായിരുന്നു കിടന്നിരുന്നത്. 5 മണിക്ക് അലാറം അടിച്ചെങ്കിലും കൈകാലുകൾ ഉയർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാലും കാണേണ്ട കാഴ്ചകളെ മനസ്സിലോർത്തപ്പോൾ എണീക്കാതിരിക്കാൻ കഴിഞ്ഞില്ല. 6 മണി ആയപ്പോൾ ടെന്റിൽനിന്നിറങ്ങി നേരെ വീണ്ടും മുകളിലേക്ക് നടന്നു.

പൊട്ടക്കിണറ്റിലെ തവളകളെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. കണ്ടാൽ തോന്നും നിൽക്കുന്നത് ഏറ്റവും മുകളിലാണെന്ന്… പക്ഷെ , മുന്നിൽ ഇനിയും നാലഞ്ച് സഹ്യ ശിഖിരങ്ങൾ തലയുയർത്തി നില്കുന്നത് കൊണ്ട് ഉദായസൂര്യനെ മനസ്സിൽ ആഗ്രഹിച്ചപോലെ കാണാൻ കഴിഞ്ഞില്ല..  തിരിച്ച് ടെന്റിലേക്ക് നടക്കാൻ തുടങ്ങിയപ്പോയേക്കും തലേന്ന് വൈകീട്ട് അവിടെ എത്തി താമസിച്ചിരുന്ന സഞ്ചാരികൾ മുകളിലേക്ക് കയറുന്ന തിരക്കിലായിരുന്നു.

ഫോറസ്റ്റ് ഓഫീസിൽ എത്തി കയ്യും മുഖവും കഴുകി ബാഗ് എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങി. വരുമ്പോൾ അവിടിവിടങ്ങളിലായി പല കളറുകളിൽ ടെന്റുകൾ വലിച്ചുകെട്ടിയത് കാണാമായിരുന്നു. ബട്ടർമനയിൽ രാവിലെ ചായ കുടിക്കുന്ന തിരക്കിലാണ് അവിടെയുള്ളവർ.
ഓർഡർ ചെയ്യാത്തത് കൊണ്ട് ഞങ്ങൾ രാവിലെ ബാക്കിയുള്ള ബ്രെഡ്ഡും ജാമും കഴിച്ചാണ് ടെന്റിൽ നിന്ന് ഇറങ്ങിയിരുന്നത്.  തിരിച്ചിറങ്ങുന്ന ഞങ്ങളെ നോക്കി ആശ്ചര്യത്തോടെയും സാഹതാപത്തോടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ സന്തോഷപൂർവ്വം മുകളിലേക്ക് യാത്രയാക്കി വന്ന വഴിയിലൂടെ പടിയിറങ്ങി. തിരിച്ചിറങ്ങുമ്പോൾ ചിലപ്പോയൊക്കെ ചില ഇടറിയ വാക്കുകൾ കാതിൽ പതിക്കുന്നുണ്ടായിരുന്നു.. ” How far from here to buttermana ???!!!! ”

By: Noufal Karat

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply