കരിയത്തുംപാറയിലേക്കും കക്കയത്തേക്കും ഒരു യാത്ര പോകാം…

നിങ്ങള്‍ പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ ഇനി ചിന്തിക്കാന്‍ നില്‍ക്കേണ്ട വേഗം വിട്ടോളീം കരിയത്തുംപാറയിലേക്ക്…

പ്രിയ സുഹൃത്ത് ലാല്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് കക്കയത്തിനടുത്തുള്ള കരിയത്തുംപാറ എന്ന മനോഹരമായ സ്ഥലത്തേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം കരിയത്തുംപാറ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ കരിയത്തുംപാറയിലെത്തി. കുടുംബത്തോടൊപ്പമുള്ള യാത്ര പറ്റിയ സ്ഥലം. നീന്തല്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ശരീരം തണുപ്പിക്കാന്‍ തിളിര്‍മയാര്‍ന്ന വെളളവും.

പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമാണു കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ തന്നെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങള്‍ വെള്ളത്തിനടിയിലും പകുതി പുറത്തുമായൊക്കെയുണ്ട്. അതിമനോഹരമായ പുല്‍മേടുകള്‍. ഒറ്റ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടം തോന്നിയ സ്ഥലം. എനിക്ക് മാത്രമല്ല, കൂടെ വന്നവര്‍ക്ക് പെരുത്തിഷ്ടായി. സമയം ഉച്ചയായെങ്കിലും തണുത്ത കാറ്റു വീശുന്നു,പച്ചപുല്‍മേടുകളിലേക്ക് നോക്കിയിരിക്കാന്‍ ഒരു പ്രത്യേക സുഖം.

നല്ല തണുത്ത വെള്ളം. വെള്ളത്തിനടിയിലെ ഉരുളന്‍ കല്ലുകള്‍ക്കുമുകളിലൂടെയുള്ള നടത്തമാണ് ചെറുതായി പ്രയാസം തോന്നിയത്. കല്ല്യാണ വീഡിയോയെടുക്കാന്‍ വരുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണിവിടം. നല്ല തെളി നീരൊഴുകുന്ന അരുവിയില്‍ മുങ്ങികുളിക്കാന്‍ ഒരു തോര്‍ത്തുമുണ്ടുംകൂടെ കരുതാന്‍ മറക്കരുത്. ഇത്രയും മനോഹരമായ ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പ്രവേശന പാസോ മറ്റോ ഇല്ല എന്നതാണ് പ്രത്യേകത. ഇവിടെ തിളിര്‍മയാര്‍ വെള്ളത്തില്‍ നീരാടാം…ഇളം കാറ്റേറ്റ് മരത്തണലിലിരിക്കാം….പച്ച പുല്‍മേടുകളെ തഴുകി നടക്കാം….

ഉരുളന്‍ കല്ലിന്റെ മുകളിലൂടെ നടന്ന് ഒരു വിധം പച്ചപ്പുല്‍മേടുകളുടെ മുകളിലെത്തി. കുടുംബ സമേതം ഒട്ടേറെ യാത്രികരാണിവിടെ വന്നിട്ടുള്ളത്്. കാഴ്ചയ്ക്കു നിറം കൂട്ടുന്ന തരം മരങ്ങള്‍ അതി വിദഗ്ധനായ ഒരു ശില്‍പി ക്രമീകരിച്ചതു പോലെ തോന്നി. അത്രക്ക് മനോഹരം. വൈകുന്നേര സയങ്ങളിലാണിവിടെ കാഴ്ചക്ക് നിറം കൂട്ടുക.

ധ്വനി, കാറ്റത്തെ കിളിക്കൂട്, തിടമ്പ്, ഏയ് ഓട്ടോ, കാക്കി, പിന്‍ഗാമി, വ്യൂഹം ഇന്ത്യന്‍ റുപ്പി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ നിന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്. കരിയത്തുംപാറയില്‍ നിന്നും മടങ്ങുമ്പോള്‍ കക്കയം ഡാം, വയലട എന്നിവിടങ്ങളിലേക്കും പോകാന്‍ മറക്കരുത്. അവിടെയും ഉണ്ട് നിറമുള്ള ഒട്ടേറെ കാഴ്ചകള്‍…

കക്കയം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര മനോഹരമായ ഒരു അനുഭവമാണ്. പോകുന്ന വഴിയില്‍ ഭക്ഷണശാലയില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷന്‍ ഉറപ്പുവരുത്തുകയും വേണം.പോകുന്ന വഴിയിലൂടെയെല്ലാം ചെറിയ ചോലകളും മനോഹരമായ വ്യൂ പോയിന്റുകളുമുണ്ട്. ചെറിയ റോഡുകളായതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാന്‍. എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാന്‍ സാധിക്കില്ല.

ഡാമിലേക്കെത്തിയാല്‍ ഡാം റിസെര്‍വോയറിന്റെ ഒരു ഭാഗം മനോഹരമായ ഒരു തടാകം ആയി നമ്മുടെ മുന്നില്‍ കാണാം. തിളിര്‍മയാര്‍ന്ന കാറ്റേറ്റ് മരത്തടികള്‍ കൊണ്ടൊരുക്കിയ ബെഞ്ചുകളില്‍ ഇരിക്കാന്‍ ബഹു രസമാണ്. അഞ്ച് പേര്‍ക്ക് 900 രൂപ നിരക്കില്‍ അതി മനോഹരമായ ബോട്ട് സര്‍വീസുമുണ്ടിവിടെ. ദ്വീപിലൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നിപ്പിക്കുവിധമുള്ള ബോട്ട് യാത്ര.രാവിലെ 10.30ന് തുടങ്ങി വൈകീട്ട് നാലര വരെയാണ് ബോട്ട് സര്‍വീസ്. 15 മിനുട്ടേ ഉള്ളതെങ്കിലും യാത്രികര്‍ക്ക് മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.

വഴി: കോഴിക്കോട് ടു കരിയത്തുംപാറ: 50 കിലോമീറ്റര്‍. പെരിന്തല്‍മണ്ണ – കോഴിക്കോട്‌ – വെങ്ങളം – ബാലുശ്ശേരി – കരിയത്തുംപാറ.(ബാലുശ്ശേരിയില്‍ നിന്നും 25 കിലോ മീറ്റര്‍)
കക്കയം ഡാം: കരിയത്തുംപാറയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 17 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കക്കയം ഡാമിലേക്കെത്തും.

വിവരണം – ഫാറൂഖ് എടത്തറ.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply